
ഓരോ കേക്കും വെറും ഒരു വിഭവമല്ല, സ്നേഹത്തിന്റെ ഒരു നേർച്ചയാണ്. മധുരത്തിന്റെ സ്നേഹസ്പർശം മാത്രം അല്ല, നമുക്ക് അറിയാതെ മനസ്സിൽ ഇടംപിടിക്കുന്ന ഓർമ്മകളുടെയും ആഹ്ളാദത്തിന്റെയും ഒരു ചെറിയ വാതായനമാണ്. ഇന്ന് രാജ്യാതിർത്തികൾ കടന്ന് പിറംനാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഹൃദയങ്ങൾ വരെ ഈ രുചികൾ നിറയ്ക്കുന്നു. ഓരോ ഓർഡറിനും മനസ്സിനോട് ചേർന്ന് രൂപം നൽകുമ്പോൾ, അതിന്റെ ത്രില്ലും സന്തോഷവും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒരു ബാക്കിങ്ങ് സംരംഭകയാണ് ലിന്റ എന്ന അന്നാ Homemade കേക്കിന്റെ ഉടമ.
ലിന്റ ജീവിതത്തിൽ ഒരു വലിയ മാറ്റം വരുത്തേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ, അത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കണമെന്ന് അവർ മനസ്സിലാക്കി. കുട്ടികൾക്കായി മുൻപേ തന്നെ അവർ കേക്കുകൾ ഉണ്ടാക്കുമായിരുന്നു. എന്നാൽ, അത് ഒരു ബിസിനസ് ആകുമെന്നു ചിന്തിച്ചിട്ടില്ല.
കോവിഡ് വന്നപ്പോൾ ജോലിയിലെ ജീവിതം മാറി. കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകൾ, വീട്ടിലെ തിരക്കുകൾ, എല്ലാം കൂടിയപ്പോൾ ജോലിയിൽ നിന്ന് ലീവ് എടുത്തു. പിന്നീടത് ഉപേക്ഷിക്കേണ്ടിവന്നു. പതിയെ, മനസ്സിനെ ഈ ചിന്തകളിൽ നിന്ന് തിരിക്കാനായി അടുക്കളയിലേക്ക് തിരിഞ്ഞു. ഒരു ചെറിയ ബീറ്റർ വാങ്ങി, അതിന്റെ കൂടെ ഒരു അലൂമിനിയം പാത്രം. ആദ്യത്തെ കേക്ക് അതിൽ ഉണ്ടാക്കി. അതിനു ശേഷം, അതിനെ വിറ്റാലോ എന്നൊരു ചിന്ത.
ആദ്യം, രണ്ടോ മൂന്നോ ഓർഡറുകൾ. അതിനുശേഷം സുഹൃത്തുക്കളിലൂടെ കൂടുതൽ ആളുകൾ. അങ്ങനെ അന്നാസ് homemade cakes എന്നൊരു പേര് ഇട്ടു. മകളുടെ പേരു തന്നെയായിരുന്നു അതിനു ചേരുന്നത്. വീട്ടിൽ ഉണ്ടാക്കിയവയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരിക്കും, അതിന്റെ ശുദ്ധി, സ്‌നേഹം. അതിനാണു കൂടുതൽ ആളുകൾ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്നത്.
കുറച്ച് കാലത്തിനുശേഷം, ഓർഡറുകൾ വിദേശത്തേക്കും എത്തി. കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ ഇവിടങ്ങളിലെല്ലാം നേരിട്ട് ഡെലിവറി കൊടുക്കാറുണ്ടെങ്കിലും, യുകെയിലും ഇസ്രായേലിലും പോലും അന്നാസ് കേക്കുകൾ എത്തിയിട്ടുണ്ട്. അവിടെയുള്ളവർക്കായി കുടുംബത്തിനെ സന്തോഷിപ്പിക്കാൻ, ഓർമ്മകളെ പുതുക്കാൻ, പ്രിയപ്പെട്ടവർക്ക് രുചിക്കൂട്ടുകൾ സമ്മാനിക്കാനായി ആളുകൾ ഓർഡർ ചെയ്യുന്നു.
ഒരു കടയില്ല, ഒരു ബ്രാൻഡ് ഇല്ല, ഒരു വലിയ ബേക്കറി ഇല്ല. എന്നിരുന്നാലും, ഇതൊരു സംരംഭമാണ്. ഓരോ ചെറിയ മികവുകളും വലിയ വിജയങ്ങൾ ആകുന്നു.