മെഹന്തി എന്നത് വെറും ഒരു അലങ്കാരമല്ല, അതു അഴകിന്റെയും ആചാരത്തിന്റെയും മനോഹരമായ കലാ ആവിഷ്കാരമാണ്. മെഹന്തി ഇന്ന് വിവാഹങ്ങൾ, പാർട്ടികൾ തുടങ്ങി എല്ലാ ആഘോഷ വേളകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയ ഉപയോഗിച്ച് തങ്ങളുടെ കഴിവുകൾ ലോകമെമ്പാടും പങ്കിടുകയാണ് ഇന്ന് മെഹന്തി ആർട്ടിസ്റ്റുകൾ. മെഹന്തി എന്ന ചെറിയ കല ഇന്നൊരു കരിയറായും മികച്ച വരുമാന മാർഗമായും വളർന്നിരിക്കുന്നു. മെഹന്തി കലയുടെ മനോഹര ലോകം ഒരു മികച്ച വരുമാന മാർഗ്ഗമായി മാറ്റിയ കലാകാരിയാണ് റാഷിദ.
നന്നായി വരയ്ക്കാൻ താല്പര്യം ഉണ്ടായിരുന്ന റാഷിദ മൊബൈലിൽ ഉള്ള ഡിസൈനുകൾ നോക്കി വരച്ചു ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. ആ തീരുമാനം ഏറ്റവും മികച്ച ഒന്നാകുമോ, ഇതൊരു കരിയറായി മാറുമെന്നോ അന്ന് വിചാരിച്ചിരുന്നില്ല.
ആദ്യമായി ഒരു കൂട്ടുകാരിയുടെ കല്യാണത്തിന് ബ്രൈഡൽ മെഹന്തി ഇട്ട് കൊടുക്കാൻ അവസരം കിട്ടി. അതിനിടയിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റുമായി പരിചയപ്പെടാൻ ഇടയായി. അതായിരുന്നു വഴിത്തിരിവ്. അവർ വഴിയാണ് കൂടുതൽ അവസരങ്ങൾ കിട്ടി തുടങ്ങിയത്. വീട്ടിൽ നിന്ന് ചെയ്യാൻ തുടങ്ങി, പക്ഷേ അതിനപ്പുറം എന്ത് ചെയ്യുമെന്നറിയില്ലായിരുന്നു. അവിടെനിന്നാണ് ബിസിനസ് കൂടുതൽ ഉയർത്താൻ വേണ്ടി ഇൻസ്റ്റാഗ്രാം തുടങ്ങാൻ തീരുമാനിച്ചത് .
ഒരു അക്കൗണ്ട് തുടങ്ങി, ആദ്യത്തെ ആറുമാസത്തിനുള്ളിൽ തന്നെ മികച്ച റെസ്പോൺസ് ലഭിച്ചു. കോളേബൊറേഷൻസ്, ചെയ്തു വേഗം തന്നെ കൂടുതൽ ക്ലയന്റുകളെ കിട്ടി.
ഇന്ത്യൻ, അറബിക്, മോറോക്കൻ, പാകിസ്ഥാനി തുടങ്ങി നിരവധി തരം ഹെന്ന ഡിസൈനുകൾ നിലവിൽ ഉണ്ട്. എന്നാൽ മെയിൻ ആയി ഇന്ത്യൻ, അറബിക് മെഹന്തി സ്റ്റൈലിലാണ് റാഷിദ കൂടുതൽ ശ്രദ്ധിക്കുന്നത്, ബിസിനസ് അങ്ങനെ കേരളം മറികടന്ന് ചെന്നൈയിലേക്കും എത്തി.
ഇത് ഒരു വലിയ ഇൻവെസ്റ്റ്മെന്റുള്ള ബിസിനസ് അല്ല. ഒരു ബ്രൈഡിന് മെഹന്തി ഇട്ടാൽ, ശരാശരി 5000 രൂപയാണ് ചാർജ്. അതിനായി വേണ്ട ചെലവ് വെറും 250-300 രൂപയുടെ കോണുകൾ മാത്രം. ബാക്കി എല്ലാം കഠിനാധ്വാനവും കഴിവും ആണ് ! അതുകൊണ്ടുതന്നെ, ഈ രംഗം ലാഭകരമാണെന്ന് അവർ മനസ്സിലാക്കി.
ഇന്ന് കോമ്പറ്റിഷൻ കഠിനമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ചിലർ മാത്രം ചെയ്തിരുന്നതാണ് ഇന്ന് ആയിരക്കണക്കിന് ആളുകൾ ചെയ്യുന്നത്. അതുകൊണ്ടു തന്നെ, സോഷ്യൽ മീഡിയ ആക്റ്റീവ് ആക്കി വെക്കേണ്ടത് അനിവാര്യമായി. സ്ഥിരമായി പോസ്റ്റുകൾ ഇടണം, പുതിയ ട്രെൻഡുകൾ ഫോളോ ചെയ്യണം. അതിലൂടെയാണ് കൂടുതൽ ക്ലയന്റുകൾ കിട്ടുന്നത്.
റാഷിദ ഒറ്റയ്ക്കാണ് മെഹന്തി ഇട്ടുകൊടുക്കുന്നത്. പക്ഷേ, പാർട്ടി ഹെന്ന പോലെയുള്ള വലിയ ഓർഡറുകൾ വരുമ്പോൾ ഒരു സുഹൃത്തിനെയും കൂട്ടിപ്പോകാറുണ്ട്. കാരണം ഒരാളിന് മാത്രം അത് ഹാൻഡിൽ ചെയ്യാൻ പറ്റില്ല.
ഈ ബിസിനസ് റാഷിദ ബോധപൂർവം തുടങ്ങിയ ഒന്നെല്ല. പക്ഷേ, അവസരോചിതമായി, സാധ്യതകൾ മനസ്സിലാക്കി വളർത്തിയപ്പോൾ ഇത് ഏറ്റവും മികച്ച വരുമാന സ്രോതസ്സായി മാറി.