മലയാള സിനിമാ ലോകത്ത് തന്റെ പ്രകടന വൈഭവത്തോടെ പ്രേക്ഷക ഹൃദയം കീഴടക്കിയ റീന ബഷീർ എന്ന പ്രതിഭയെ ഏവർക്കും സുപരിചിതമാണ്. എന്നാൽ നിശ്ചയദാർഢ്യത്തിന്റെയും ശ്രമത്തിന്റെയും ഫലമായി ബിസിനസ് രംഗത്ത് കയ്യൊപ്പ് ചാർത്തിയ വനിതാ സംരംഭക റീന ബഷീറിനെ എത്രപേർക്ക് അറിയാം! Temptations എന്ന തന്റെ കേക്ക് ഷോപ്പ് 14 വർഷത്തോളമായി 5 ഔട്ട് ലൈറ്റുകളും ആയി വിജയകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ സംരംഭക.
പാരമ്പര്യപരമായി എല്ലാവരും ബിസിനസ് മേഖലയിൽ തന്നെയായിരുന്നു. ഭർത്താവിനും ബിസിനസ് തന്നെയായിരുന്നു. അതിനാൽ തന്നെ ഈ ഒരു മേഖല സുപരിചിതമാണ് റീനാ ബഷീറിന്.

കൊറോണ സമയത്തുപോലും ലാഭം ഉണ്ടാക്കാൻ പറ്റി എന്നൊരു പ്രത്യേകതയുമുണ്ട് ഈ ഫുഡ് ബിസിനസിന്. ആ സമയം ഒരുപാട് പേർ വീട്ടിൽ തന്നെ ആയതിനാൽ സമയം മോശമാണെങ്കിൽ പോലും ഒത്തൊരുമയുടെ ആഘോഷവേളകൾ പലയിടങ്ങളിലും ഉണ്ടായിരുന്നു. ഇന്ന് എല്ലാം തന്നെ സെലിബ്രേഷൻ ആണ്. അതിനാൽ ആഘോഷവേളകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കേക്ക്. എല്ലാക്കാലത്തും ഡിമാൻഡ് ഉള്ള ഒരു ഉൽപ്പന്നം എന്ന പ്രത്യേകതയുണ്ട് കേക്കിന്.
Temptations ന്റെ അഞ്ച് ഔട്ട്ലെറ്റുകളും വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ മുന്നോട്ടു പോകുന്നു. തൊഴിലാളികളായി കൂടുതലും സ്ത്രീകൾ തന്നെയാണ്. ദൈവം സഹായിച്ച് ഒരുപാട് പേർക്ക് തൊഴിൽ നൽകുന്നതിലൂടെ അവരുടെ ജീവിതത്തിലെ വെളിച്ചം ആവാൻ സാധിച്ചു എന്നതിൽ സന്തോഷം മാത്രം.
പൊതുവേ കേക്ക് ഒരുപാട് അളവിൽ ഒന്നും ഉണ്ടാക്കി വയ്ക്കാറില്ല. കാരണം കേക്കിന്റെ പ്രത്യേകത തന്നെയാണ്. ഇത് മെൽറ്റ് ആവാതിരിക്കാനും കേടു വരാതിരിക്കാനും നിശ്ചിത തണുപ്പ് ആവശ്യമാണ്. അതിനാൽ ആവശ്യത്തിനനുസരിച്ച് മാത്രം നിർമ്മിക്കുന്നു. ഒരൊറ്റ കിച്ചണിൽ നിർമ്മിച്ച് വിവിധ ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കാരാന്ന് പതിവ്. ഇടവും വലവും ആയി മക്കൾ രണ്ടുപേരും സഹായത്തിനുണ്ട്.
പാരമ്പര്യമായി ബിസിനസ് കൈമാറുന്ന പോലെ temptations ന്റെ നിലനിൽപ്പിൽ ഉപരി ഇതിന്റെ ഭാവി മക്കളുടെ കൈകളിലാണ്. അവരുടെ താൽപര്യവും കരുതലും ആണ് പിന്നീടുള്ള temptations ന്റെ ബിസിനസ് യാത്ര തീരുമാനിക്കുന്നത്.
സിനിമയും ബിസിനസും ഒരുപോലെ ഇഷ്ടപ്പെടുന്ന ആളാണ് റീനാ ബഷീർ. ഇവ രണ്ടും ഒരു തുലാസിലിട്ട് അളക്കാൻ പാടില്ലെന്നും രണ്ടിനും അതിന്റെതായ പ്രാധാന്യവും വ്യത്യാസവും ഉണ്ടെന്നും അഭിപ്രായപ്പെടുന്നു. രണ്ടും രണ്ട് തരത്തിൽ സന്തോഷം തരുന്നവയാണ്. സിനിമയിലേക്ക് എത്താൻ കാരണം തന്റെ പാഷനും, ബിസിനസ് എന്നത് നേരത്തെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു പാരമ്പര്യ ഘടകമാണ്. അതിലുപരി ഉപജീവനത്തിനായി നമ്മൾ തൊഴിൽ ചെയ്തേ മതിയാകും. ഞാൻ ചെയ്യുന്ന തൊഴിൽ എനിക്ക് സന്തോഷം തരുന്നുണ്ട് ഇതെന്റെ അന്നവും ആണ്. ഇന്ന് എന്റെ സംരംഭത്തിലൂടെ എനിക്ക് സമ്പാദിക്കാനും, മറ്റു പലർക്കും ജീവിതമാർഗം ആവാനും സാധിക്കുന്നു എന്നതും ചാരിതാർത്ഥ്യം നൽകുന്നു എന്ന് റീന ബഷീർ പറയുന്നു.
ആദ്യമായി അഭിനയിച്ച സിനിമ ലാൽ ജോസ് സാറിന്റെ “മുല്ല” ആയിരുന്നു. 2017 ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചു. പോക്കുവെയിൽ എന്ന സീരിയലിലെ അഭിനയം പരിഗണിച്ചായിരുന്നു അത്.
നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക. അതിന് ആരെയും ആശ്രയിക്കാതിരിക്കുക, സ്വന്തമായി വരുമാനം ഉള്ളവരാകുക. പ്രത്യേകിച്ചും സ്ത്രീകൾ, നമ്മളെ നോക്കാൻ നമ്മൾ പ്രാപ്തരാവുക എന്നതാണ് പ്രഥമമായി ചെയ്യേണ്ട കാര്യം. ഇന്നത്തെ നമ്മുടെ പെൺകുട്ടികൾ ഈ കാര്യത്തിൽ മുന്നോട്ടുവരുന്നതായി കാണുന്നതിൽ സന്തോഷം ഉണ്ടെന്നും റീന ബഷീർ പറയുന്നു.