
വ്യത്യസ്തമായി തോന്നുന്ന ആശയങ്ങൾക്കു രൂപം കൊടുത്ത് മനോഹരമായ ഉൽപ്പന്നങ്ങൾ ആയി മാറ്റാൻ സാധിക്കുന്ന ഒരു കലയാണ് ക്രാഫ്റ്റിങ്ങ് . വീടുകൾക്കും ഓഫീസുകൾക്കും ശോഭയേകുന്ന ഡിസൈനുകൾ, ഫ്ലവർ അറേഞ്ച്‌മെന്റുകൾ, ഡെക്കറേറ്റീവ് പീസുകൾ എന്നിവയെ ആധുനിക രീതിയിലും ഗുണമേന്മയോടെയും രൂപപ്പെടുത്തിയാണ് ലീന അറിയപ്പെടാൻ തുടങ്ങിയത്. അതിജീവനത്തിൻറെയും കരുത്തിൻറെയും വഴികളിലൂടെ ജീവിതം നയിച്ച ലീനയുടെ കരങ്ങളിലൂടെയാണ് Ny’s Home Decor എന്ന മനോഹരമായ സംരംഭം രൂപം കൊണ്ടത്. കൈത്തറി ഉൽപ്പന്നങ്ങളെയും ക്രിയേറ്റീവ് ഡിസൈനുകളെയും ആസ്പദമാക്കി, ലീന സ്വന്തം കലാപ്രതിഭയിൽ മികവ് തെളിയിച്ച് ഒരു ബിസിനസ് രൂപപ്പെടുത്തുകയായിരുന്നു.
ലീനയുടെ ജീവിതം തന്നെയായിരുന്നു അവൾക്ക് എന്തെങ്കിലും നേടാൻ ഉള്ള ഇന്ധനം നൽകിയതും. ഭർത്താവിന്‍റെ എഞ്ചിനീയറിംഗ് കമ്പനിയിലായിരുന്നു ലീന ജോലി ചെയ്തിരുന്നത്. അവിടുത്തെ അഡ്മിനിസ്ട്രേഷൻ ജോലികൾ അവരുടെ ഉത്തരവാദിത്തം ആയിരുന്നു. ജീവിതം മുന്നോട്ട് പോകുമ്പോൾ ഒരു വലിയ തിരിച്ചടിയാണ് അവരെ കാത്തിരുന്നത്. ഭർത്താവിന് കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടി വന്നു. അപ്പോഴാണ്, ജീവിതം മുഴുവൻ മാറ്റിമറിച്ച അനുഭവം തുടങ്ങിയത്. ഭർത്താവിനൊപ്പം ആശുപത്രിയിലേക്കുള്ള നിരന്തര യാത്രകൾ, രണ്ട് വർഷക്കാലം ആശുപത്രി ആയിരുന്നു ലീനയുടെ പ്രധാന ഇടം. തുടർച്ചയായ ഈ മാനസിക-ശാരീരിക സമ്മർദം അവളെ തളർത്തി. ശരീരം അതൊന്നും സഹിക്കാനാകാതെ പൂർണ്ണമായും ക്ഷീണിച്ചു. ലീന പിന്നീട് മുഴുവൻ വിശ്രമത്തിലായിരുന്നു. പല ഡോക്ടർമാരെയും കണ്ടു, വിവിധ ചികിത്സകളും സ്വീകരിച്ചു. ഒടുവിൽ, ഒരു നിർദേശവുമായി ഡോക്ടർ മുന്നോട്ടു വന്നു, “നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്‌തുനോക്ക്” എന്നതായിരുന്നു അത്.
ലീനയ്ക്ക് എപ്പോഴും ഇന്റീരിയറിലും ക്രാഫ്റ്റിലും താല്പര്യം ഉണ്ടായിരുന്നു. അതിനാൽ, ചെറിയ രീതിയിൽ ക്രാഫ്റ്റ് ആർട്ട് ആരംഭിച്ചു. യൂട്യൂബ് വീഡിയോകൾ കാണുകയും അവയിൽ നിന്ന് പഠിച്ച് തനിക്കു കഴിയുന്നത്ര നന്നായി ക്രാഫ്റ്റ് ഉണ്ടാക്കാനും തുടങ്ങി. കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ അവയെ വിൽക്കാം എന്ന ചിന്ത വന്നു . അതിനാൽ, ആദ്യം എക്സിബിഷനുകളിൽ പങ്കെടുത്തു, സ്വന്തം സ്റ്റാളിൽ പ്രോഡക്റ്റുകൾ വെച്ച് വിൽക്കാൻ തുടങ്ങി. ഇതിനിടെ വിധി വീണ്ടും പരീക്ഷനവുമായി എത്തി – പാർക്കിൻസൺസ് രോഗം പിടിപെട്ടു. എക്സിബിഷനുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതെയായി. പക്ഷേ, ലീന തോറ്റു പിന്മാറാതെ, പുതിയ വഴി തേടി, ഓൺലൈനായി വിൽപന ആരംഭിച്ചു. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുമൊക്കെയാണ് പ്രധാന മാർക്കറ്റിംഗ് പ്ലാറ്റ്ഫോം. ഇൻഫ്ലുവൻസർമാർ വീഡിയോ എടുത്ത് ഷെയർ ചെയ്തപ്പോൾ കൂടുതൽ ആളുകൾ ഉൽപ്പന്നങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.
ഏതൊരു ഉൽപ്പന്നം ഉണ്ടാക്കിയാലും, അതിന്റെ പ്രധാന ഭാഗങ്ങൾ കൃത്യമായി പരിശോധിച്ചും, തനിക്ക് ഉണ്ടാക്കാൻ കഴിയും, വേണ്ട മെറ്റീരിയലുകൾ ലഭ്യമാണ്, ഫിനിഷിംഗ് പൂർണ്ണമായി വരും ഇതെല്ലാം ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഏത് ഉൽപ്പന്നവും നിർമിക്കാറുള്ളു. പഴയ സാധനങ്ങൾ എടുത്ത് അതിനെ പുതുക്കി ഉപയോഗപ്രദമാക്കാൻ ശ്രമിച്ചു. പല തരം മോഡേൺ ഡിസൈൻ ചെയ്തു നോക്കി . ഫ്ലവർ അറേഞ്ച്‌മെന്റുകളും ഡെക്കറേഷൻ സാമഗ്രികളും വീട്ടിലേക്കും ഓഫീസിലേക്കും ആളുകൾക്ക് ആവശ്യമുണ്ടെങ്കിൽ കസ്റ്റമൈസ് ചെയ്തു ഉണ്ടാക്കി നൽകും.
ലീനയുടെ ഈ ചെറിയ ബിസിനസിലൂടെ അവരുടെ ഉൽപ്പന്നങ്ങൾ, ഇന്ന് ഇന്ത്യ മുഴുവനും കൊറിയർ വഴി എത്തുന്നു. പക്ഷേ, ക്വാണ്ടിറ്റി കൂടുതലാക്കാൻ ലീനക്ക് താൽപ്പര്യമില്ല. എല്ലാം സ്വയം ചെയ്യുന്നു എന്നതിനാലാണ് പരിമിതമായ അളവിൽ നിർമ്മിക്കുന്നത്. കിട്ടുന്ന വരുമാനം മുഴുവൻ ചാരിറ്റിക്കായി മാറ്റിവെക്കുന്നു. ജീവിതം എത്ര വെല്ലുവിളികൾ തന്നാലും അവയെ അതിജീവിക്കാൻ കഴിയുമെന്ന് ലീനയുടെ കഥ തെളിയിക്കുന്നു. ഒരു ഇഷ്ടം ജീവിതം മാറ്റിമറിച്ച കഥ, സ്വന്തം ആത്മവിശ്വാസത്താൽ നിർമ്മിച്ച വിജയത്തിന്റെ കഥ, അതു തന്നെയാണ് ലീനക്ക് ഏവർക്കും സമർപ്പിക്കാനുള്ളത്.