മേക്കപ്പ് ആർട്ടിസ്റ്റാകാനുള്ള യാത്ര വളരെ രസകരവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. സൗന്ദര്യത്തിലും മേക്കപ്പിലും താല്പര്യം ഉള്ളവർക്ക് ഈ മേഖലയിൽ മികച്ചൊരു കരിയർ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. സുജനി എന്ന സംരംഭക മേക്കപ്പ് ആർട്ടിസ്റ്റായി കരിയർ ആരംഭിക്കാനുള്ള ആഗ്രഹം ഈ മേഖലയിലേക്ക് അവരെ ആകർഷിച്ചു.
2018-ലാണ് സുജനിയുടെ ജീവിതം പുതിയൊരു വഴിയിലേക്ക് തിരിഞ്ഞത്. മേക്കപ്പിനോട് എപ്പോഴുമുള്ള താൽപര്യം, അതിനെ പ്രൊഫഷണൽ ലോകത്തേക്ക് കൊണ്ടുപോകാനുള്ള ആത്മവിശ്വാസം എന്നിവയായിരുന്നു അവരുടെ മുതൽക്കൂട്ട്. ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ അവർ ഈ പാതയിലേക്ക് പ്രവേശിച്ചു.
ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റായി സുജനി പ്രവർത്തനം ആരംഭിച്ചു. എന്നാൽ ഇപ്പോൾ സുജനി ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയാണ് കൂടുതലായി അറിയപ്പെടുന്നത്. വിവാഹങ്ങൾ, ആഡ് ഷൂട്ടുകൾ, ക്യാമ്പെയ്നുകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്നെങ്കിലും, വലിയ പ്രൊജക്ടുകളിൽ മറ്റു മേക്കപ്പ് ആർട്ടിസ്റ്റുകളെ സഹായത്തിനായി കൂട്ടി ചേർക്കാറുണ്ട്. ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങുകൾ ആണ് സുജനി കൂടുതലായും ചെയ്യാറുള്ളത്.
മാർക്കറ്റിംഗിനായി സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നു. ഇൻസ്റ്റാഗ്രാമും ഗൂഗിളുമാണ് കൂടുതൽ ബുക്കിംഗുകൾ നേടാനുള്ള പ്രധാന വഴികൾ. കൂടാതെ, തന്റെ കഴിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ യൂട്യൂബിൽ ഷോർട്ട്സ് വീഡിയോകളും പോസ്റ്റ് ചെയ്യുന്നു. കേരളം മാത്രമല്ല, വിദേശത്തുനിന്നും വരെ മേക്കപ്പിനായി ബന്ധപ്പെടുന്നവരുണ്ട്.
സുജനിക്ക് ഈ മേഖലയിൽ കൂടുതൽ വളർച്ച നേടാനും, സെലിബ്രിറ്റി മേക്കപ്പിന്റെ പരിധി വിപുലീകരിക്കാനും ആഗ്രഹമുണ്ട്. കൂടാതെ, ഭാവിയിൽ ഒരു മേക്കപ്പ് സ്റ്റുഡിയോ തുടങ്ങി ബിസിനസ് വികസിപ്പിക്കാനുമാണ് ലക്ഷ്യം. കേരളത്തിലും മുംബൈയിലും ശാഖകൾ ആരംഭിക്കാനുള്ള ആലോചനയും നിലവിലുണ്ട്.
തുടക്കത്തിൽ കുടുംബ പിന്തുണ കുറവായിരുന്നു. പക്ഷെ ഈ മേഖലയുടെ പ്രൊഫഷണലിസവും ബിസിനസിന്റെ സാധ്യതകളും മനസിലാക്കിയതിന് ശേഷവും, ഇതിൽ നിന്ന് അത്യാവശ്യം വരുമാനം ലഭിക്കുമെന്ന് മനസിലാക്കിയപ്പോൾ കുടുംബം സുജനിയോടൊപ്പം നിന്നു. ആദ്യം ഫ്രീലാൻസ് ആയി സുജനി ബിസിനെസ്സ് തുടങ്ങിയപ്പോൾ ഒറ്റക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടതായി വന്നു. ഒരു പെൺകുട്ടി തനിച്ച് എങ്ങനെ ഇത്രയും യാത്രകൾ ചെയ്യും എന്നതായിരുന്നു സുജനിയുടെ കുടുംബത്തിന്റെ പേടി. ആദ്യ വർഷം കഴിഞ്ഞപ്പോൾ ബിസിനസിൽ വളർച്ച കാണിച്ചതോടെ കുടുംബത്തിന്റെ പിന്തുണ ലഭിച്ചു.
ഒരു ലക്ഷത്തോളം രൂപയുടെ ഗോൾഡ് പണയം വെച്ചാണ് സുജനി ഈ ബിസിനസ് ആരംഭിച്ചത്. എന്നാൽ, കഠിനാധ്വാനത്തിലൂടെ അവർ അതിനെ തിരിച്ചുപിടിച്ചു. മേക്കപ്പ് മേഖലയിൽ സീസണൽ ഡിമാൻഡ് കൂടുതലാണെങ്കിലും, ആ സമയത്ത് ആഡ് ഷൂട്ടുകൾ പോലെയുള്ള അവസരങ്ങൾ പിടിച്ച് മുന്നോട്ട് പോകുകയാണ് സുജനിയുടെ തന്ത്രം.
മിക്കവരും ഈ മേഖലയിൽ വന്നാൽ ഉടനെ പ്രശസ്തരാകുമെന്നും വലിയ വരുമാനം ലഭിക്കുമെന്നും കരുതുന്നു. പക്ഷേ, ദൈർഘ്യമേറിയ കരിയർ നേടാൻ പാഷൻ ആവശ്യമാണ്. തുടക്കത്തിൽ വലിയ മുന്നേറ്റം ഉണ്ടാവാത്തതുകൊണ്ടു വിട്ടുമാറാതെ കഠിനാധ്വാനത്തോടെ തുടരുന്നവർക്കാണ് ഈ മേഖലയിൽ വിജയം. സുജനി തന്റെ കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമായി ഒരു മികച്ച മേക്കപ്പ് ആർട്ടിസ്റ്റായി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.