
നൂലിഴകളിലൂടെ വ്യത്യസ്ത രൂപങ്ങൾ തീർക്കുന്ന മനോഹര കലയാണ് ക്രോച്ചെറി. ഇത് വസ്ത്രങ്ങളിൽ നിന്ന് അലങ്കാര സാമാഗിരികളിലേക്കും, ഇപ്പോൾ കളിപ്പാട്ടങ്ങളിലേക്കും വികസിച്ചിരിക്കുന്നു. ഒരു ചെറിയ ഹുക്ക്, മനസ്സിലൊരു ചിന്ത, കൈകളിൽ കൃത്യത ഇവ മാത്രം ആണ് ഈ കരകൗശലത്തിന് ആവശ്യമുള്ളത്.
നൂലുകൾക്കിടയിൽ ഒരു സ്വപ്നം ഉയരുമ്പോൾ, അതിലേക്ക് ഏത്തപ്പെടുക ഏത് വഴിയിലൂടെയാണ്? ശ്രീജയുടെ ജീവിതത്തിൽ ഈ ചോദ്യത്തിന്റെ മറുപടി കണ്ടെത്തിയത് ക്രോച്ചെറി എന്ന കരകൗശല കലയിലൂടെയാണ്.
ശ്രീജയുടെ ചെറുപ്പക്കാലത്ത് കരകൗശല കലകൾ പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ കയ്യിൽ ഒരു ത്രെഡ്, ഒരു ഹുക്ക് കിട്ടിയാൽ അതിൽ അദ്ഭുതങ്ങൾ തീർക്കാമെന്നുള്ള വിശ്വാസം അവരിൽ നിറഞ്ഞിരുന്നു. ക്രോച്ചെറി എന്ന മനോഹര കലാരൂപം പഠിച്ചിട്ട് ഇരുപത് വർഷമാകുമ്പോഴേക്കും, അതിനോടുള്ള അവരുടെ സ്നേഹവും, നൂലുകൾ കൊണ്ട് ലോകം തീർക്കാനുള്ള ആഗ്രഹവും വലുതായി കൊണ്ടിരുന്നു.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെയും കടന്ന് ശ്രീജ പലതും പരീക്ഷിച്ചു. ബി എഡ് പഠിച്ച് ടീച്ചറായെങ്കിലും, ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതിനാൽ, സ്വന്തം കൈകളാൽ എന്തെങ്കിലും ഉണ്ടാക്കി ലോകത്തോട് പങ്കുവയ്ക്കണം എന്ന ആഗ്രഹം ഒരു സംരംഭം ആയി മാറിയപ്പോൾ, അതിന് നാമം നൽകി “Noolus Sree Crochetry”.
ആദ്യം ടേബിൾ മാറ്റുകളും വസ്ത്രങ്ങളും ഉണ്ടാക്കി. എന്നാൽ, കേരളത്തിലെ ചൂട് കാലാവസ്ഥ ഈ വസ്ത്രങ്ങൾക്ക് വലിയ ഡിമാൻഡ് ഉണ്ടാക്കില്ലെന്ന തിരിച്ചറിവ് തന്നു. അപ്പോൾ പുതിയൊരു ദിശ തേടി, ക്രോച്ചെറി ടോയ്സിന്റെ ലോകത്ത് കാൽവച്ചു. ഈ എക്കോ-ഫ്രണ്ട്ലി കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് ഗിഫ്റ്റായി നൽകാനും അനുയോജ്യമായതായിരുന്നു. പ്രത്യേകിച്ച്, കസ്റ്റമൈസ് ചെയ്ത “കപ്പിള്‍ ഡോൾസ്”, വിവാഹ സമ്മാനമായി നൽകാൻ ആളുകൾ കൂടുതലായി വന്നു തുടങ്ങി.
ഒരു ചെറിയ ശ്രമം വലിയൊരു മാർക്കറ്റിലേക്ക് മാറാൻ തുടങ്ങി. ശ്രീജയുടെ നിർമ്മിതികൾ കേരളത്തിന്റെ അതിരുകൾ കടന്ന് ഡൽഹിയിലും, വിദേശത്തുമെത്തി. U.S. ലേക്കും വിൽപ്പന നടക്കുന്നുണ്ട്, ഒരു മൾട്ടി-ബ്രാൻഡ് സ്റ്റോറിൽ വച്ച് ഈ ക്രോച്ചെറി കലയെ കൂടുതൽ വിപുലീകരിക്കണമെന്നുള്ള ആഗ്രഹം ശക്തമായി.
ഓൺലൈൻ മാർക്കറ്റിംഗിനായി ഇൻസ്റ്റാഗ്രാമിന് മുൻതൂക്കം നൽകി. ഓർഡറുകൾ കൊറിയർ വഴി ഡെലിവറി ചെയ്തു. വീട്ടിൽ നിന്ന് കുറഞ്ഞ ഇൻവെസ്റ്റ്മെന്റിൽ ആരംഭിച്ച ഈ ബിസിനസ്സിലൂടെ ഇന്ന് സ്വന്തം കാലുറപ്പിക്കാനും ഒരു വിജയ സംരംഭകയാവാനും ശ്രീജയെ സഹായിച്ചു .
ഈ നൂൽ കലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കായി അവളുടെ ഒരു ഉപദേശം “ഇത് വളരെ സമയമെടുക്കുന്ന ജോലിയാണ്, എന്നാൽ അതിന്റെ ഫലം വളരെ സംതൃപ്തി നൽകുന്ന ഒന്നാണ്. ഇഷ്ടത്തോടെയും, മനസ്സോടെയും ശ്രമിച്ചാൽ, ഈ കലയിൽ ഒരു ഭാവി ഉണ്ടാക്കാം.” കൈകളാലും സ്വപ്നങ്ങൾ നെയ്തെടുക്കാൻ കഴിയുമെന്ന് തെളിയിച്ച, ശ്രീജയുടെ യാത്ര ഇപ്പോഴും വിജയകരമായി തുടരുന്നു…