ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പുരോഗതിയും സമാനാവകാശങ്ങൾക്കും പ്രധാന്യം നൽകി 1900 കളിലായിരുന്നു വനിതാ ദിനത്തിന്റെ തുടക്കം.
1900 കളിലെ സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, രാഷ്ട്രീയ ചുറ്റുപാടുകളിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇന്ന് സ്ത്രീകൾ കൈവരിച്ചിരിക്കുന്നു. എന്നിരുന്നാലും സമൂഹത്തിലും കുടുംബത്തിലും വിഭിന്നമായ പ്രശ്നങ്ങൾ ഇന്നും അഭിമുഖീകരിക്കേണ്ടതായി വരുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി വ്യത്യസ്തങ്ങളായ നിയമങ്ങൾ നിലവിൽ വന്നു.
2005 ലെ ഗാർഹിക പീഡന നിരോധനനിയമം, കുടുംബങ്ങളിൽ സ്ത്രീകൾ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങൾ തടയുന്നതിനായി നിലവിൽ വന്നിട്ടുള്ളതാണ്. സ്ത്രീകളുടെ സുരക്ഷയും, അവർക്ക് സാമ്പത്തിക സഹായവും അടക്കം താമസ സൗകര്യത്തിനുള്ള സഹായവും നിയമം നൽകുന്നു.
2017 ലെ വനിതാ ശിശുക്ഷേമ നിയമം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലവിൽ വന്നിട്ടുള്ളതാണ്. ഈ നിയമം സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച്ചയായി വർദ്ധിപ്പിക്കുകയും വർക്ക്‌ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയുന്നതിനുവേണ്ടി പ്രാധാന്യം നൽകുന്നു.

2013 ലെ Sexsual Harassment of Women at Workplace Act, തൊഴിലിടങ്ങളിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിലേക്ക് പ്രാധാന്യം നൽകുന്നു. പരാതികൾ സ്വീകരിക്കുവാൻ കമ്പനികളിൽ Internal Complaints Committee കളും നിയമം വഴി നിർബന്ധമാക്കിയിട്ടുള്ളതാണ്.
2023 ലെ Bharatiya Nyaya Sanhita യിലെ section 74 സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് 1 വർഷത്തിൽ കുറയാത്ത 5 വർഷം വരെ ശിക്ഷയും പിഴയും ലഭിച്ചേക്കാവുന്ന കുറ്റമായി കണക്കാക്കുന്നു.
Section 63 മുതൽ Section 99 വരെയുള്ള Bharatiya Nyaya Sanhita യിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നത്തിലേക്കായുള്ള നിയമങ്ങൾ ആണുള്ളത്.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലേക്കായി നിരവധി നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. അതിൽ ചിലത് മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. പലപ്പോഴും നിയമങ്ങളെ പറ്റിയുള്ള അവബോധമില്ലായ്മയും അതിക്രമങ്ങൾ നേരിട്ടാൽ അതിജീവതയെ ഒറ്റപ്പെടുത്തുന്ന പ്രവണതകളും ഇന്നും മാറ്റമില്ലാത്തതായി ചിലയിടങ്ങളിൽ എങ്കിലും കാണുന്നു. ജോലി സ്ഥലങ്ങളിൽ സംരക്ഷണത്തിനുള്ള നിയമം നിലനിൽക്കേ ഒന്ന് വിശ്രമിക്കാനോ, ശുചിമുറിയിൽ പോകുവാനോ പോലും സമയം ലഭിക്കാതെ ജോലി ചെയ്യുന്ന സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ പലർക്കും ‘ആർത്തവാവധി’ എന്നൊന്നിനെപ്പറ്റി അറിവുണ്ടാവണമെന്നില്ല.
അതിക്രമങ്ങൾ നേരിട്ടാൽ അക്കാര്യം പരാതിപ്പെടുകയും പ്രതികരിക്കാൻ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ ചാരിത്ര്യ ശുദ്ധിയുടെയും കന്യകാത്വത്തിന്റെയും വേലിക്കെട്ടുകളിൽ തളച്ചിടാൻ ശ്രമിക്കുന്ന ഒരു ലോകവും നമുക്ക് ചുറ്റുമുണ്ട്. ഇവിടെയൊക്കെയും നിശബ്‍ദരാവുന്ന സ്ത്രീകൾക്ക് ഇത്തരം നിയമങ്ങളെപ്പറ്റിയുള്ള അവബോധവും അവരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമാണ് നമുക്കാവശ്യം.