പൊതുവെ മാനസിക സമ്മർദ്ദത്തിൽ ആയിരിക്കുമ്പോൾ അനിയന്ത്രിതമായ ലക്ഷക്കണക്കിന് ചിന്തകൾ നമ്മെ അലട്ടുകയും അത് നമ്മുടെ ജോലിയെയും ജീവിതത്തെയും മോശമായി ബാധിക്കുകയും ചെയ്യാറുള്ളതാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചിന്തകൾ മാറിക്കൊണ്ടിരിക്കുമ്പോൾ പിരിമുറുക്കം അനുഭവിക്കുന്നതും, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുന്നതും, മറവി ഒരു തലവേദന ആവുന്നതും, ഉറക്കം നഷ്ടപ്പെടുന്നതും, വിശപ്പ് കുറയുന്നതും, ദേഷ്യം സങ്കടം പോലെയുള്ള വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കഴിയാതെ വരികയും ഇത് ബുദ്ധിമുട്ട് ആവുകയും ചെയ്യുമ്പോൾ ഇനി ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ബോധ പൂർവ്വം ചില മാറ്റങ്ങൾ വരുത്തിയാൽ ഇവ മാറി കടക്കാൻ സാധിക്കുന്നതാണ്. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും ജീവിതത്തിൽ അത്രമേൽ പ്രാധാന്യം ഉണ്ട്.
ഒരു വെല്ലുവിളി നിറഞ്ഞ സംഭവത്തോടുള്ള ശാരീരികവും മാനസികവും വൈകാരികവുമായ യാന്ത്രിക പ്രതികരണമാണ് സമ്മർദ്ദം അല്ലെങ്കിൽ മാനസിക പിരിമുറുക്കം. വ്യക്തി ജീവിതത്തിലും തൊഴിൽ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത് അനുഭവിക്കാത്തവർ ചുരുക്കം മാത്രം. എല്ലാവരുടെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന സാധാരണമായതും, ഒന്ന് മനസ്സ് വെച്ചാൽ പരിഹരിക്കാൻ സാധിക്കുന്നതുമാണ് ഏറെക്കുറെ ഇവ.
സമ്മർദ്ദം അളവിൽ കവിഞ്ഞാലും ഒട്ടും തന്നെ ഇല്ലെങ്കിലും ജോലി ഉത്പാദനപ്രദമാക്കാൻ കഴിയാത്ത പക്ഷം റിസൾട്ട് മോശമായിത്തീരും. അത് കൊണ്ടുതന്നെ ചെറിയ തരത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടെങ്കിൽ നന്നായിട്ട് ജോലി ചെയ്യാനുള്ള പ്രചോദനമാവുകയും, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ജോലിയിലെ പ്രകടനം മെച്ചപ്പെടുത്തുകയും റിസൾട്ട് ഫലപ്രദം ആക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത.
മാനസിക സമ്മർദ്ദം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ പലതാണ്. ഉദാഹരണത്തിന് നമ്മുടെ ജീവിതത്തിൽ നിർണായകമായ നല്ലതോ ചീത്തയോ ആയ മാറ്റങ്ങൾ നേരിടുന്നത് സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. അത് പോലെ എന്തിനെയെങ്കിലും സംബന്ധിച്ചുള്ള ആശങ്ക, സാഹചര്യത്തിൻറെ കൺട്രോൾ നമ്മുടെ കൈകളിൽ നിന്ന് വിട്ടു പോവുമ്പോൾ, പേടിയുള്ള കാര്യങ്ങൾ അഭിമുഖീകരിക്കുമ്പോൾ, ചില ഭാരിച്ച ഉത്തരവാദിത്തങ്ങൾ വന്ന് ചേരുമ്പോൾ, പുതിയ രീതികൾ പരീക്ഷിക്കുമ്പോൾ, മറ്റുള്ളവർ ഒറ്റപ്പെടുത്തുമ്പോൾ, വിവേചനങ്ങൾ അനുഭവിക്കുമ്പോൾ, പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ അനിശ്ചിതത്വം കടന്നു വരുമ്പോൾ ഒക്കെ സമ്മർദ്ദത്തിൽ അകപ്പെടുന്നുണ്ട്. നിരന്തരമായുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അതിനു വേണ്ട പരിഹാര മാർഗ്ഗങ്ങൾ തേടുകയും ചെയ്തില്ലെങ്കിൽ സ്വാഭാവിക ജീവിതത്തെ ഇവ മോശമായി ബാധിച്ചേക്കാം.
ചുറ്റുപാടുകളിൽ നിന്നോ ചിന്തയിൽ നിന്നോ ശരീരത്തിൽ നിന്നോ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം, ഇത് അമിത വണ്ണം, ആസ്ത്മ, ദഹനപ്രശ്നം, ഹൃദ്രോഗം, മൈഗ്രൈൻ, പ്രമേഹം, ഓർമക്കുറവ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണം ആയി തീരാനുള്ള സാധ്യതയും ഉണ്ട്.
സമ്മർദ്ദ നിയന്ത്രണം – എ ബി സി സ്ട്രാറ്റെജി
• അവബോധം (Awareness) – എന്താണ് യഥാർത്ഥത്തിൽ നമ്മുടെ സമ്മർദ്ദത്തിന്റെ കാരണം എന്നും അതിനോട് എങ്ങനെ ആണ് നമ്മൾ പ്രതികരിക്കുന്നതെന്നും സ്വയം തിരിച്ചറിയുക
• സന്തുലിതം (Balance) – എല്ലാ നല്ല അവസ്ഥക്കും ചീത്ത അവസ്ഥക്കും ഇടയിൽ ഉള്ള നല്ല നിലയിലുള്ള ക്ഷേമാവസ്ഥ (fineline) യിൽ നിന്ന് ചീത്ത അവസ്ഥയിലേക്ക് മനസ്സ് കുതിക്കുന്നതിനു മുൻപ് മനസ്സിനെ വഴി തിരിച്ചു വിടുക.
• നിയന്ത്രണം (Control) – സമ്മർദ്ദത്തിൻ്റെ പ്രതികൂല ഫലങ്ങളെ ചെറുക്കാൻ നിങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിൻറെ ഉത്തരം കണ്ടെത്തുക.
പരിഹാര – നിർദ്ദേശങ്ങൾ
• എന്നും കുറച്ചു സമയം മറ്റെന്തിനേക്കാളും നമുക്ക് മുൻഗണന നൽകികൊണ്ട് നമ്മുടേത് മാത്രമായി ചിലവഴിക്കാനും സന്തോഷം കണ്ടെത്താനും മാറ്റി വെക്കുക
• ജീവിത സാഹചര്യത്തിൽ ബോധപൂർവം മാറ്റങ്ങൾ കൊണ്ടു വരിക
• ശാരീരിക വ്യായാമം, നടത്തം എന്നിവ ശീലമാക്കുക
• ശ്വസനത്തിൽ വ്യായാമം ചെയ്യുക
• ലഹരിയുടെ ഉപയോഗം നിർത്തുക
• Mindfulness ശീലമാക്കുക
• വിശ്രമ വേളകൾ ആനന്ദകരമാക്കുക
• നന്നായി ഉറങ്ങുക , നല്ല ഭക്ഷണം കൃത്യ സമങ്ങളിൽ തന്നെ കഴിക്കുക
• കുടുംബത്തിനും സൗഹൃദങ്ങൾക്കും പങ്കാളിക്കും ഉള്ള സമയം ഫലപ്രദമായി വിനിയോഗിക്കുക
• കൃത്യമായ പ്രശ്നപരിഹാരത്തിനും ഫലപ്രദമായ തീരുമാനം എടുക്കുന്നതിലും ഉള്ള കഴിവ് മെച്ചപ്പെടുത്തുക
• വികാരങ്ങളെ നിയന്ത്രിക്കാൻ ഉള്ള ആത്മസംയമനം ആർജ്ജിച്ചെടുക്കുക
പ്രശ്നങ്ങൾ ഏതുമാവട്ടെ, അതിനോടുള്ള നമ്മുടെ മനോഭാവമാണ് അത് നല്ലതോ ചീത്തയോ എന്ന് നിർണയിക്കപ്പെടുന്നത്. അഥവാ പ്രശ്നങ്ങളോടുള്ള തുറന്ന സമീപനവും പോസിറ്റീവ് ആയ മനോഭാവവും മാനസിക സമ്മർദ്ദത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ കൂടുതൽ സന്തുലിതവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സാധിക്കും എന്നതിൽ സംശയം ഇല്ല. എന്നാൽ മനസ്സിൻറെ പ്രശ്നങ്ങൾ എത്ര ശ്രമിച്ചിട്ടും സ്വയം പരിഹരിക്കാൻ കഴിയാതെ വിഷമിക്കുന്നവരാണ് നിങ്ങൾ എങ്കിൽ തീർച്ചയായും മാനസികാരോഗൃ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കിയാട്രിസ്റ്റ്, സൈക്കിയാട്രിക് സോഷ്യൽ വർക്കർ (ക്ലിനിക്കൽ), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ സഹായം തേടേണ്ടതും ഉണ്ട്.
എത്ര തിരക്കുകളിൽ ആണെങ്കിലും മനസ്സിനെയും ശരീരത്തെയും ഒരുപോലെ സംരക്ഷിക്കുമ്പോൾ മാത്രമാണ് ആരോഗ്യം പൂർണമാവുന്നത്.
ജീവിതത്തിൽ നാം നേരിടുന്ന പ്രശ്നങ്ങളിൽ മുങ്ങിത്താഴണമോ, വെറുതെ ഒഴുക്കിനൊപ്പം തുഴഞ്ഞാൽ മതിയോ അതോ സാധ്യകൾ ഉപയോഗിച്ച് നീന്തി കര കയറണോ എന്നത് നമ്മുടെ മാത്രം തീരുമാനം ആണ്. അതിജീവിക്കുക .. വിജയിക്കുക .. മുന്നേറുക ..