ആരോഗ്യ കേരളം എന്ന് നമ്മൾ അഹങ്കാരം പറയുമ്പോഴും ആരോഗ്യ കാര്യത്തിൽ നമ്മുടെ യുവതലമുറ പോലും വളരെ അശ്രദ്ധലുക്കളാണ് . ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികാരോഗ്യം കൂടി ചേരുമ്പോഴെ ആരോഗ്യം എന്ന വാക്കിന്റെ അർഥം പൂർണ്ണമാവുന്നുള്ളൂ. ഇതിനായി നമ്മൾ പണ്ടുമുതലേ ചെയ്തു വരുന്ന കുറച്ചു കാര്യങ്ങളുണ്ട് വ്യായാമം, മെഡിറ്റേഷൻ, യോഗ തുടങ്ങിയവയിൽ ഏതെങ്കിലും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴുയൊരുക്കുമെന്നുള്ളത് സുനിശ്ചിതമാണ് . ചെറുപ്പം മുതലേ യോഗ അഭ്യസിച്ച് ഈ മേഖലയിൽ പ്രാവീണ്യം നേടി ഇതൊരു സംരംഭമാക്കിയ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നുള്ള രണ്ടു വനിതകൾ ആണ് ഷീമയും മാനവിയും . ഇവരുടെ കൂട്ടായ സംരംഭമാണ് മാനുഷി എന്ന യോഗ ഇൻസ്റ്റിറ്റ്യൂട്ട്.
കുടുംബത്തിൽ എല്ലാവരും പണ്ട് മുതലേ യോഗ ചെയ്യുന്നവരാണ് അതിനാൽ പാരമ്പര്യമായി ഇത് രക്തത്തിൽ അലിഞ്ഞുചേർന്നിരുന്നു എന്ന് നിസ്സംശയം പറയാം.
ഷീമ പത്ത് വയസ്സ് മുതലും മാനവി ആറു വയസ്സ് മുതലും യോഗ പരിശീലിക്കുവാൻ ആരംഭിച്ചിരുന്നു. പിന്നീട് ഇങ്ങോട്ടുള്ള കാലങ്ങളിൽ യോഗ ചെയ്യുകയും അത് പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് ഒരു നിത്യാഭ്യാസമായി ചെയ്തുപോന്നു.
പിതാവ് തന്നെയാണ് ഈ മേഖലയിൽ ഗുരുവായി പ്രവർത്തിച്ചിരുന്നത് കൂടെ ഗുരു യോഗാനന്ദ എന്നറിയപ്പെട്ടിരുന്ന ഫ്രാൻസിസ് മാഷും.
പിതാവ് ടി വി മുരളീധരൻ അദ്ദേഹത്തിന്റെ 20 വർഷത്തെ പരിജ്ഞാനം വെച്ച് “നിത്യേന നിയമേന യോഗ” എന്ന പുസ്തകം അടുത്തിടെ പുറത്തിറക്കിയിരുന്നു. യോഗ പണ്ടുമുതലേ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നതിനാൽ ഭക്ഷണകാര്യങ്ങൾ മുതലെല്ലാം അതിന്റെതായ ചിട്ടവട്ടങ്ങളിൽ തന്നെയായിരുന്നു.
അമ്മയും അമ്മുമ്മയും വല്യമ്മയും വരെ ശാരീരികമായും മാനസികമായും ആരോഗ്യത്തോടെ ഇരിക്കുന്നതിൽ യോഗയുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. അതിനാൽ തന്നെ യോഗയ്ക്ക് എന്തൊക്കെ ഗുണങ്ങൾ ഉണ്ട് എന്നുള്ളത് കുടുംബത്തിൽ നിന്നു തന്നെയാണ് കണ്ടുവളർന്നത്.
ഇതൊരു സംരംഭം ആക്കി തുടങ്ങിയപ്പോൾ വലിയ തരത്തിൽ മൂലധനം മുടക്കേണ്ട ആവശ്യമൊന്നും വന്നിരുന്നില്ല. ആകെ ആവശ്യമായി വന്നത് ഒരു വൈഫൈ കണക്ഷനും യോഗാമാറ്റും മാത്രമായിരുന്നു. ഓഫ് ലൈനിൽ നിന്നും ഓൺലൈനിലേക്ക് കൂടി വ്യാപിപ്പിക്കാൻ പറ്റിയത് കൊറോണ സമയത്തായിരുന്നു. കേരളത്തിലെ പല സെന്ററുകളിലും സ്കൂളുകളിലും യോഗ ക്ലാസുകൾ എടുക്കാൻ പറ്റിയത് ഒരു സാമ്പത്തിക നേട്ടം എന്നതിലുപരി മാനസികമായും ശാരീരികവുമായ ബുദ്ധിമുട്ടുകളെ മറികടക്കാൻ ഒരു പിന്തുണ നൽകാൻ മാനുഷി എന്ന യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുകൊണ്ട് പറ്റിയെന്നത് വിലമതിക്കാൻ പറ്റാത്ത ഒരു നേട്ടമായി കാണുന്നു.
നിലവിൽ ഇൻഡിവിജ്വൽ ആയിട്ടും ഗ്രൂപ്പ് സെക്ഷൻസ് ആയിട്ടും ഓൺലൈനായും ഓഫ് ലൈൻ ആയും ഹതയോഗ, വിന്യാസയോഗ, അഷ്ടാംഗ യോഗ, തെറാപ്പിയോട്ടിക് യോഗ, പ്രഗ്നൻസി റിലേറ്റഡ് യോഗ, പിന്നെ കുട്ടികൾക്കായുള്ള യോഗ അതുപോലെ 50 വയസ്സിന് മുകളിലുള്ളവർക്കും പ്രത്യേകമായി ചിട്ടപെടുത്തിയ യോഗകൾ തുടങ്ങിയവയും നൽകിവരുന്നു.
മാർക്കറ്റിംഗ് എന്ന രീതിയിൽ യാതൊരുവിധ കാര്യങ്ങളും ഇതുവരെ ചെയ്തിട്ടില്ലെന്നും മൗത്ത് പബ്ലിസിറ്റി തന്നെയായിരുന്നു ജനപ്രീതി നേടാൻ കാരണം.
ഈയടുത്ത കാലത്താണ് മാനുഷി എന്ന ബ്രാൻഡ് കുറച്ചുകൂടി വളരണം എന്ന നിലയിൽ മാർക്കറ്റിംഗ് ഏരിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. ഷീമയുടെയും മാനവിയുടെയും പേരിൽ നിന്നാണ് മാനുഷി എന്ന ബ്രാൻഡ് നെയിം പോലും പിറന്നത്.
നിലവിൽ കേരളത്തിനകത്തും പുറത്തും സ്റ്റുഡൻസ് ഉണ്ട്. ഓൺലൈൻ ക്ലാസുകൾ കേരളത്തിന് പുറത്തുള്ള മലയാളികളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത് .
ഈ സംരംഭം ഇനിയും പരിമിതികളും പരിധികളും ഇല്ലാതെ വ്യാപിപ്പിക്കുക എന്നൊരു സ്വപ്നം കൂടി നിലവിൽ ഇവർക്കുണ്ട് .