വളരെ സ്വാദിഷ്ടമായ ഒരു ഭക്ഷണമാണ് കൂണ്‍. കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ പറ്റിയ ഒന്നാണ് കൂണുകൾ . പ്രകൃതി ദത്തമായ ഇൻസുലിൻ അടങ്ങി ഇരിക്കുന്നതിനാൽ പ്രമേഹം രോഗികൾക്ക് ഏറ്റവും ഉത്തമമാണ് കൂണുകൾ കഴിക്കുന്നത് . കൂടാതെ രോഗ പ്രതിരോധ ശേഷിയും പോഷകമൂലവും ഉള്ളതിനാൽ മാരക രോഗങ്ങളെ പോലും പ്രതിരോധിക്കാനുള്ള ശേഷിയും കൂണുകൾക്കുണ്ട് എന്നത് കൂൺ കൃഷി വ്യാപകമായി പ്രചരിച്ചു വരുന്നതിന് കാരണമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഇടവക്കോട് ഗ്രാമത്തിലെ 28വയസുകാരനായ രാഹുൽ കൂൺ കൃഷി എന്നത് ഒരു മികച്ച വരുമാന മാർഗ്ഗം ആണെന്ന് സ്വയം തെളിയിച്ചു കഴിഞ്ഞു. ഒരു എം ബി എ ബിരുധാനന്തര ബിരുധദാരിയായ രാഹുൽ പഠന ശേഷം ക്യാമ്പസ് റിക്രൂട്മെന്റ് വഴി ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്യവേ കോവിഡ് വന്ന് വീട്ടിൽ ഇരിപ്പായപ്പോൾ മുതൽ ആയിരുന്നു കൂൺ കൃഷിയിലേക്ക് കടന്നു വരുന്നത് . വീട്ടിലെ തന്നെ ചെറിയ ഒരു ഷെഡ്‌ഡിൽ ആയിരുന്നു ആദ്യം കൃഷി തുടങ്ങിയത്.

+91 8075531921
Founder Chef’s Food Products
കുടുംബപരമായി യാതൊരു ബിസിനസ്സ് പരിചയവും ഇല്ലാത്തതുകൊണ്ട് ഇതൊരു പുതിയ മേഖല ആയതിനാലും കുടുംബത്തിൽ നിന്നുമുള്ള പിന്തുണ കുറവായിരുന്നു. ക്രമേണ മേഖലയെ കുറിച്ച് തുടർച്ചയായി പഠനം നടത്തി സാധ്യതകൾ മനസ്സിലാക്കി ആദായം ലഭിച്ചു തുടങ്ങിയപ്പോൾ എതിർപ്പുകൾ കുറയുകയും എല്ലാവരും പിന്തുണയ്ക്കുകയും ചെയ്തു. നിലവിൽ നാലു വർഷങ്ങൾ കൊണ്ട് പല ഘട്ടങ്ങളായാണ് രാഹുൽ കൃഷി ചെയ്ത് വരുന്നത്. ഇതിനു വേണ്ട പരിപാലനവും മറ്റു കാര്യങ്ങളും എല്ലാം സ്വയം തന്നെയാണ് ചെയ്യുന്നത്.
കൂണുകളെ വളർത്തുമ്പോൾ അതിന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും ആവശ്യമുള്ളതും താപനിലയും ഈർപ്പവുമാണ്. ഇതിനു വേണ്ട അനുയോജ്യമായ താപനില 22 ഡിഗ്രി ആണ് ഏറ്റവും കൂടിയത് 32ഡിഗ്രി വരെ മാത്രമേ പാടുകയുള്ളു. എൺപതിനു മുകളിൽ ആണ് ഈർപ്പം ഉണ്ടാവേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വൃക്തിയാണ്, ആഴ്ചയിൽ ഒരിക്കലെങ്കിലും ഷെഡ് നന്നായി വൃക്തിയാക്കണം അല്ലാത്ത പക്ഷം വിവിധ രോഗങ്ങൾ കൂണുകളെ ബാധിക്കും. മാത്രമല്ല അധികം ആൾ പെരുമാറ്റം പാടില്ല, സെറ്റ് ചെയ്ത ബെഡ് എടുക്കുകയും ഇളക്കുന്നതും എല്ലാം അസുഖങ്ങൾ വരാൻ കാരണമാകും രാഹുൽ പറയുന്നു.
നിലവിൽ രാഹുലിന്റെ വില്പന ഓൺലൈൻ വഴിയാണ്. മറ്റു പച്ച കറികൾ പോലെ പറിച്ചു വെക്കാൻ കഴിയുന്ന ഒന്നെല്ല കൂണുകൾ അവ വളരെ ഫ്രഷ് ആയി തന്നെ നൽകണമെങ്കിൽ ഓർഡർ ലഭിച്ച അപ്പോൾ തന്നെ പറിച്ചു നൽകണം. മുൻകൂട്ടി പറിച്ചു വെച്ചാൽ വാടി പോവാനും കേടാവാനും ഉള്ള സാധ്യത കൂടുതലാണ്. കേടു കൂടാതെ രണ്ട് ദിവസത്തിൽ കൂടുതൽ കിട്ടാൻ പ്രയാസമുള്ള വിഭവമാണ് കൂണുകൾ. രാഹുലിന്റെ കൃഷിയിൽ മുഖ്യൻ ചിപ്പി കൂണുകളാണ്. നിലവിൽ കൂടുതൽ വിപണിയും സ്വന്തം ജില്ലയിൽ തന്നെയാണ് നടത്തി വരുന്നത് അതും നേരിട്ട് തന്നെയാണ് എത്തിച്ചു കൊടുക്കുന്നതും. ഒരു കിലോ കൂണിനു 300 മുതൽ 400 വരെ ആണ് വില. കോവിഡ് കാലത്തിനു ശേഷം ആളുകൾ വളരെ അധികം ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് കൂൺ കൃഷിയെ കൂടുതൽ ഡിമാൻഡ് ഉള്ള ഒരു മേഖല ആക്കി മാറ്റി. ഏതൊരു മീറ്റ് പ്രോഡക്റ്റിനും പകരം വെക്കാൻ കഴിയുന്ന ഒന്നാണ് കൂണുകൾ. ആരോഗ്യപരമായി നോക്കിയാൽ റെഡ് മീറ്റിൽ അടങ്ങി ഇരിക്കുന്ന പല കൺടെന്റുകളും കൂണുകളിൽ അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങളും ഇല്ല. സസ്യബുക്കുകൾക്കിടയിലെ പ്രീമിയം പ്രോഡക്ടുകളാണ് കൂണുകൾ പനീർ തുടങ്ങിയവയെല്ലാം.
കൃഷി തുടങ്ങുന്നതിനായി വൈക്കോൽ നന്നായി അണുവിമുക്തമാക്കേണ്ടതുണ്ട്, കെമിക്കൽ ഉപയോഗിച്ചോ ഓർഗാനിക് ആയി ആവി കയറ്റിയോ അണുവിമുക്തമാക്കാം. ശേഷം നന്നായി ഉണക്കണം. പാക്കിങ്ങിനു ഉപയോഗിക്കുന്ന ബാഗിലെക്ക് 150 ഗ്രാം വിത്തിട്ട് അതിന് മുകളിൽ വയ്ക്കോൽ എന്ന രീതിയിൽ രണ്ടോ മൂന്നോ ലയർ ആയി ഇട്ടു കൊടുക്കാം. ശേഷം 15 മുതൽ 20 ദിവസം വരെ ഇൻകുബേഷൻ പീരിയഡ് ആണ്. ശേഷം ബാഗുകൾ ഫ്രൂട്ടിങ് റൂമിലേക്ക് മാറ്റാം. വളരുമ്പോൾ കൂണുകൾക്ക് കൂടുതൽ ആവശ്യം കാർബൺ ഡൈ ഓക്സൈഡ് ആണ്. പിന്നീട് ഒരു നാല് ദിവസം കഴിയുമ്പോൾ മൊട്ടുകൾ വരും അതിന് ശേഷം രണ്ട് നാൾ കഴിഞ്ഞു വിളവെടുപ്പ് നടത്താം. മൊത്തമായി പറയുകയാണെങ്കിൽ ഒരു മാസമെടുക്കും ഈ ഒരു പ്രക്രിയയിലൂടെ വിളവെടുപ്പ് നടത്താൻ. ഒരേ വയ്ക്കോൽ ഉപയോഗിച്ച് രണ്ട് മൂന്ന് തവണ കൂടി വിളവെടുക്കാം ശേഷം വൈക്കോൽ മാറ്റുക.
നിലവിൽ 2000 ബെഡ് മൊത്ത കപ്പാസിറ്റിയിൽ ചെയ്യുന്ന കൃഷി 10000 ബെഡ് ആക്കി ഉയർത്താൻ ആണ് രാഹുൽ ഇപ്പോൾ പദ്ധതി ഇടുന്നത് കൂടാതെ കുറച്ച് പേർക്ക് ഇതിലൂടെ ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കി നൽകാനും ആഗ്രഹിക്കുന്നു.
പുറമെ നിന്നും വിത്തുകൾ വാങ്ങുന്നുണ്ടെങ്കിലും ചെറിയ രീതിയിൽ സ്വന്തമായി ഉൽപ്പാധനവും നടത്തുന്നുണ്ട്. ഭാവിയിൽ ഒരു ലാബ് ആയി വിത്ത് വികസിപ്പിക്കാനുള്ള ആലോചനയിലാണ് കൃഷി ഭവന്റെ മികച്ച മൂല്യവർധിത കർഷകനുള്ള പുരസ്‌കാരം കരസ്തമാക്കിയ ഈ യുവ സംരംഭകൻ ഇപ്പോൾ.