വീടുകളിൽ തുടങ്ങി വിവാഹസദ്യകളിൽ വരെ സൈഡ് ഡിഷുകളിൽ പ്രദാനിയാണ് അച്ചാറുകൾ.
രുചിയിലും നിറത്തിലും മണത്തിലും തുടങ്ങി സൈഡ് ഡിഷുകളിൽ അച്ചാറിനെ വെല്ലാൻ മറ്റൊന്നുമില്ലെന്ന് പറയാം.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ശ്രീലക്ഷ്മിയുടെ കലവറയിൽ ഉണ്ട് സ്വാദ് മുകുളങ്ങളെ ത്രസിപ്പിക്കുന്ന അച്ചാറിന്റെ വിവിധ രുചിമേളം.
ആകസ്മികമായി ഈ സംരംഭക മേഖലയിൽ എത്തിപ്പെട്ട ശ്രീലക്ഷ്മി എന്ന വനിതാ സംരംഭകയുടെ കഥ ഇങ്ങനെയാണ്……
കെമിസ്ട്രിയിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും ഒരു ബി എഡും കരസ്ഥമാക്കിയ ശ്രീലക്ഷ്മിക്ക് അധ്യാപന മേഖലയോട് താല്പര്യമുണ്ടായിരുന്നു. പല സ്കൂളുകളിലും ജോലിക്കായി അപേക്ഷിച്ചുവെങ്കിലും ലക്ഷങ്ങൾ പ്രതിഫലം ചോദിച്ചു., ഇടത്തരം കുടുംബത്തിൽ ജനിച്ച ശ്രീലക്ഷ്മിക്ക് ഭീമമായ ഈ തുക നൽകാൻ നിർവാഹമില്ലായിരുന്നു.. ഇതൊരു കിട്ടാകനിയായി മാറും എന്ന യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് അധ്യാപന മേഖലയ്ക്ക് തൽക്കാലം വിരാമം ഇട്ടു.
എന്നാൽ ജീവിതം ഒരു പരീക്ഷയും പരീക്ഷണവുമായി കണക്കിലെടുത്തുകൊണ്ട് ബിസിനസ് രംഗത്തെ ആദ്യ ചുവടുവെപ്പായി വസ്ത്ര വ്യാപാര മേഖലയിലേക്ക് ചേക്കേറി.
വസ്ത്ര വ്യാപാര രംഗത്ത് മറ്റൊരു ബീന കണ്ണൻ ആവുക എന്നതായിരുന്നു നെഞ്ചിലേറ്റിയ സ്വപ്നം. ഈ മേഖലയിലും ബഹുദൂരം പോകാൻ ശ്രീലക്ഷ്മിക്ക് പറ്റിയില്ല. പ്രതീക്ഷിച്ച ലാഭം പോയിട്ട് മുതൽ മുടക്കിയ പണം പോലും തിരിച്ചുപിടിക്കാൻ ആയില്ല എന്നതായിരുന്നു യാഥാർത്ഥ്യം.
തൽക്കാലം എല്ലാത്തിനും ഒരു ഇടവേള നൽകി വെറുതെ ഇരുന്നപ്പോഴാണ് കൂട്ടുകാരിയുടെ പ്രതിശ്രുത വരന് വിദേശത്തേക്ക് കൊടുത്തു വിടാൻ എന്തെങ്കിലും ഭക്ഷണപദാർത്ഥം ഉണ്ടാക്കി നൽകണമെന്ന കൂട്ടുകാരിയുടെ അഭ്യർത്ഥനപ്രകാരം ശ്രീലക്ഷ്മി ആദ്യമായി അച്ചാർ നിർമ്മിച്ചു നൽകി.
വൈകാതെ തന്നെ അച്ചാറിന് നല്ല അഭിപ്രായങ്ങൾ കിട്ടി തുടങ്ങി. കൂട്ടുകാരിയുടെ വരന്റെ സുഹൃത്തുക്കളും മറ്റുപലരും അച്ചാറിനായി ഓർഡറുകൾ നൽകി.
ഇതിലേറെ സന്തോഷവും അഭിമാനവും തോന്നിയ ശ്രീലക്ഷ്മിക്കുള്ളിൽ നിമിഷനേരം കൊണ്ട് അച്ചാർ ബിസിനസ് എന്ന ആശയം പിറവിയെടുത്തു. ഇത് കസിൻ ശ്രീരാജുമായി പങ്കുവെച്ചു. പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ശ്രീരാജ് 500 രൂപ ശ്രീലക്ഷ്മിയുടെ കൈകളിൽ ഏൽപ്പിച്ചു പറഞ്ഞു ഇത് ഒരു പ്രാരംഭ മൂലധനം ആയി കണ്ട് ബിസിനസ് തുടങ്ങുക, ലാഭം ഉണ്ടെങ്കിൽ മാത്രം തന്ന തുക തിരിച്ചേൽപ്പിക്കുക അല്ലെങ്കിൽ ഇത് എന്റെ സഹോദരിക്ക് ഞാൻ തരുന്ന പോക്കറ്റ് മണി മാത്രമായി കാണുക.
ശ്രീലക്ഷ്മി തന്റെ കൈപ്പുണ്യം ആദ്യം അച്ചാറിൽത്തന്നെ പരീക്ഷിച്ചു തുടങ്ങി, മാങ്ങയും നാരങ്ങയും ബീഫും പ്രോൺസും അച്ചാർ ഇട്ടു.. ഇതിൽ നാരങ്ങയും മാങ്ങയും അച്ചാറിട്ടത് പാളിയെങ്കിലും ബാക്കിയെല്ലാം വിജയിച്ചു.
സഹോദരൻ നൽകിയ 500 രൂപ ലാഭം ലഭിച്ച തുകയിൽ നിന്നും തിരിച്ചു നൽകാനുമായി. ആത്മവിശ്വാസവും സംരംഭക സ്വപ്നവും ഒരുപോലെ തളിർത്തു. ഉൽപ്പന്നങ്ങൾ പിറവിയെടുത്തത് കൊണ്ട് മാത്രമായില്ല ഒരു ബ്രാൻഡ് ആയി വളരണമെങ്കിൽ ജനശ്രദ്ധ ആകർഷിക്കുന്ന ലളിതവും ഉചിതവുമായ നാമവും അനിവാര്യമാണ്.
സഹോദരൻ ശ്രീരാജ് തന്നെ സംരംഭത്തിന് കലവറ എന്ന പേരും നിർദ്ദേശിച്ചു. ശ്രീലക്ഷ്മിയുടെ കലവറയിൽ നിലവിൽ 12ഓളം വിവിധയിനം അച്ചാറിന്റെ രസക്കൂട്ടുകൾ ഉണ്ട്. തുടക്കം അച്ചാറിലയിരുനെങ്കിലും ഇന്ന് 50 ഓളം വിവിധ ഇനം ഫുഡ് പ്രോഡക്റ്റുകൾ കൊണ്ട് സമ്പന്നമാണീ കലവറ.
ഓഡറുകൾ പിൻകോഡ് സഹിതം വാട്സാപ്പിൽ അയച്ചാൽ കലവറയിലെ കൈപ്പുണ്യം വീട്ടുമുറ്റത്തെത്തുന്നതാണ്.
നിലവിൽ മുളക് പൊടി, മല്ലിപ്പൊടി, ശർക്കര വരട്ടി, ഉണക്ക ചെമ്മീൻ വറുത്തത്, ചെമ്മീൻ ചമ്മന്തി പൊടി, പായസം മിക്സ്, ധാന്യ പൊടികൾ തുടങ്ങി പലതും കലവറയിൽ വിൽക്കപ്പെടുന്നുണ്ട്.
വില കയറ്റമോ വിലക്കുറവോ ഒന്നും നോക്കാതെ ഇന്നത്തെ മാർക്കറ്റ് വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നു എന്ന പ്രത്യേകതയുണ്ട്.
ഗുണമേന്മയും വിശ്വസ്തതയും ഊട്ടിയുറപ്പിക്കാൻ എന്നോണം ഉപഭോക്താവിന് സംതൃപ്തമായി ഓരോ ഉൽപ്പന്നവും ഉപയോഗിക്കാനായി ഓരോന്നിന്റെയും നിർമ്മാണ വീഡിയോ സഹിതം ശ്രീലക്ഷ്മി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ഭർത്താവ് കാലടി ഒക്കൽ സ്വദേശി അജേഷ് അമ്പലപ്പാടന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയോടെ
സമൃദ്ധമായ കലവറ ഇന്ന് ഏഴാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഭർത്താവ് അജേഷും ഒരു വയസ്സുള്ള മകൻ അരവിന്ദും അടങ്ങുന്നതാണ് കുടുംബം. ആറുമാസത്തിനുശേഷം തന്റെ കുഞ്ഞിനായി നൽകിയ ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ ശ്രീലക്ഷ്മിയുടെ ധാന്യ കൂട്ടുകളാണ്.,ഇത് കേട്ടറിഞ് ബേബി ഫുഡ്സിനും ആവശ്യക്കാർ ഏറെയായി. തന്റെ കുഞ്ഞിനായി നിർമ്മിക്കുന്ന ബേബി ഫുഡ് പ്രോഡക്ടുകൾ അത്രയും പരിശുദ്ധിയോടെ തന്നെ കലവറയിൽ ലഭ്യമാണ്.
മുന്നോട്ടുള്ള ഊർജ്ജവും സമ്പത്തും എല്ലാം തന്റെ പ്രിയപ്പെട്ട ഉപഭോക്താക്കൾ തന്നെയെന്ന് ശ്രീലക്ഷ്മി പറയുന്നു.