നമ്മൾ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം പൂർവികരുടെ കാലത്തേ ഉള്ളതാണ് അതിനാൽ പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറാറുണ്ട് പലർക്കും ഇത്. ആട്, കോഴി, പശു എന്നിവയെ മാത്രമായിരുന്ന അരുമ മൃഗങ്ങൾ ആയി കണ്ടിരുന്ന മലയാളികളുടെ വളർത്തു മൃഗങ്ങളുടെ നീണ്ട നിരയിൽ ഇന്ന് വിവിധ ഇനം പക്ഷികൾ, മീനുകൾ, ഉരഗങ്ങൾ എന്നിവ വരെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു .
സ്വന്തം മക്കളെ പോലെ കൂട്ടുകാരെ പോലെ ഒക്കെ ഇവയെ ഇണക്കി കൂടെ കൊണ്ട് നടക്കുന്നവർ ആണ് ഇന്നേറെയും . അതിന് വേണ്ട നല്ല ഇനം അരുമ മൃഗങ്ങളെയും വ്യത്യസ്ത ഇനം മൃഗങ്ങളെയും വിൽക്കപ്പെടുന്ന ബിസിനസുകൾക്കും ഡിമാൻഡ് ഏറെയാണ് .
ഒരു വ്യവസായം എന്ന രീതിയിൽ സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കി തുടങ്ങിയ വെറുമൊരു സംരംഭമല്ല വയനാട്ടുകാരൻ രഞ്ജിത്തിന് തന്റെ പെറ്റ് ഫാർമിങ്ങ് ബിസിനസ്സ് ആയ കേരള പെറ്റ് ഫാംസ്.
കൃഷി ഉപജീവനമാർഗമായ കുടുംബത്തിൽ ജനിച്ചു വളർന്ന രഞ്ജിത്തിന് കുഞ്ഞുനാൾ മുതലേ വളർത്തുമൃഗങ്ങളെ ഓമനിച്ചു കൂടെ കൂട്ടാൻ ഇഷ്ടമായിരുന്നു.
അതേസമയം കൃഷി എന്ന തൊഴിലിനോടും ആദരവും ബഹുമാനവും വേണ്ടുവോളം ഉണ്ടായിരുന്നു. ഡിഗ്രി ഒന്നാം വർഷത്തിൽ പഠനം നിർത്തി പുറത്തുവരുമ്പോഴും രഞ്ജിത്തിനു വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. കൃഷി തന്നെ ചെയ്യണം എന്നാൽ അതിൽ എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരണം ഇതായിരുന്നു ലക്ഷ്യം. വൈകാതെ തന്റെ ഇഷ്ട മേഖലയിൽ ഒരു സംരംഭവും തുടങ്ങി . രണ്ടര ലക്ഷം രൂപ മൂലധനത്തിൽ ഇന്ത്യയിൽ ലഭ്യമായ വിവിധ ഇനത്തിൽപ്പെട്ട വിദേശീയരായ പക്ഷികളെയും മൃഗങ്ങളെയും തിരഞ്ഞെടുത്ത് അവയെ ബ്രീഡ് ചെയ്തു വിൽക്കുക എന്ന ആശയത്തിൽ തുടക്കമിട്ട സംരംഭം 2010 ൽ പ്രവർത്തനം ആരംഭിച്ചു .
ഇങ്ങനെയുള്ള വ്യത്യസ്തമായ ആശയത്തിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ കേരളത്തിൽ കുറവായിരുന്നതിനാൽ ഇതിലേക്കുള്ള ഓരോ പടികളും എടുത്ത് വെച്ചത് സമൂഹമാധ്യമങ്ങൾ വഴി പലതും തേടി കണ്ടെത്തി പഠിച്ചാണ് .
ഒരു കൗതുകത്തിനോ ഒരുപാട് ലാഭം പ്രതീക്ഷിച്ചോ തുടങ്ങാൻ പറ്റിയ ബിസിനസ് അല്ല പെറ്റ് ഫാമിങ്ങ് എന്ന് പറയുന്നത് . ഇതിന്റെ പരിപാലനം, ഭക്ഷണം, ബ്രീഡിങ്, തുടങ്ങിയ കാര്യങ്ങൾ കുറച്ചു ക്ലേശകരമാണ്. പെട്ടെന്നുള്ള അസുഖങ്ങൾ മൂലം ലക്ഷങ്ങളുടെ വിലപിടിപ്പുള്ള പക്ഷികളോ മറ്റോ ഇല്ലാതായാൽ ഉണ്ടാകുന്ന നഷ്ടം പ്രവചിക്കാൻ കഴിയാത്തതിനാൽ മുൻവിധികൾ കണക്കിലെടുത്തുകൊണ്ട് ഈ മേഖലയെ സമീപിക്കുന്നതാണ് കൂടുതൽ ഉചിതം എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
ഒരു ബിസിനസ് സങ്കല്പത്തിനപ്പുറം ഈ മേഖലയോട് കൂടുതൽ താല്പര്യം ഉള്ളവർ ഇതിലേക്ക് കടന്നു വരുന്നതാണ് ഉത്തമം.
കേരള പെറ്റ് ഫാമിൽ 3000 രൂപ മുതൽ ലക്ഷങ്ങൾ വരെ വില മതിപ്പുള്ള പക്ഷികൾ ഉണ്ട് . ആഫ്രിക്കൻ ഗ്രേ പാരറ്റ്, മക്കാവോ പാരറ്റ് തുടങ്ങിയ ഇനത്തിൽപ്പെട്ട ബുദ്ധി ശക്തി കൂടിയ പക്ഷികൾക്കും ഡിമാൻഡ് കൂടുതലാണ്. ഈ ഇനങ്ങളുടെ വൈവിധ്യത്തിനനുസൃതമായും വിലയിൽ മാറ്റം വരാം. അത്യാവശ്യം നല്ല വിലയുള്ളതിനാൽ ആവശ്യക്കാർ അധികവും പ്രീമിയം ഉപഭോക്താക്കളാണ് .
ഇതിന്റെ മാർക്കറ്റിംങ്ങും വില്പനയും നടക്കുന്നത് പ്രധാനമായും സോഷ്യൽ മീഡിയ വഴിയാണ്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഷിപ്പിങ്ങും ചെയ്തു നൽകുന്നുണ്ട്.
ഇങ്ങനെയുള്ള വിദേശിയരായ പക്ഷി മൃഗാദികളുടെ സംരക്ഷണാർത്ഥം ഈ അടുത്തകാലത്തായി കേന്ദ്രസർക്കാർ പരിവേഷ് എന്ന വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു, ഇത്തരം പക്ഷി മൃഗാദികളെ വളർത്തുന്നവർ ഈ വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തിരിക്കണം. ഇവ ഏതെന്ന് പ്രസ്താവിച്ചിരിക്കണം മാത്രമല്ല ഇത് ഫോറസ്റ്റ് ഓഫീസർമാർ വന്ന് പരിശോധിക്കുകയും കൈവശം വയ്ക്കാനുള്ള അനുമതി ലഭിക്കുകയും വേണം. കൂടാതെ ഇവയ്ക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ, കൈമാറ്റം ചെയ്താൽ, വിൽപ്പന നടത്തിയാൽ തുടങ്ങിയ കാര്യങ്ങൾ കൂടി വെബ്സൈറ്റിൽ പുതുക്കി നൽകേണ്ടതാണ്. ഇത്തരം ലീഗൽ വശങ്ങൾ കൂടി ഇതിൽ പെടുന്നു.
പെറ്റ് ഫാർമിങ്ങ് മേഖലയിൽ ഇനിയും പുതുമകൾ കൊണ്ടുവരണം എന്നതാണ് നിലവിലെ രഞ്ജിത്തിന്റെ മോഹം.