പടുത്തുയർത്തിയ ബിസിനസ് ഒന്ന് പച്ചപ്പിടിക്കുന്നതിനു മുൻപേ തന്നെ തകർന്നടിഞ്ഞു. കൂടെ അച്ഛന്റെ മരണവും. ബിസിനസ്സും കുടുംബവും ഒരു പോലെ അടിപതറിയ സാഹചര്യത്തിൽ നിന്നു കൊണ്ട് വീണ്ടും ഉയർത്തിയെടുത്ത ഇന്റീരിയർ ഡിസൈനിങ് രംഗത്തും കാർപെന്റിങ് ആൻഡ് ഫർണിചർ മേഖലയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ച സുജിത് എന്ന നെടുമങ്ങാടുകാരന്റെ സുജിത് ഫർണിചറിന്റെ അതിശയകരമായ ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണിത്.
പാരമ്പര്യമായി ആശാരിമാരായതുകൊണ്ടോ മറ്റോ ചെറുപ്പം മുതലേ കാർപ്പന്ററി വർക്കിനോട് വലിയ താല്പര്യം ആയിരുന്നു സുജിത്തിന് . സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ അച്ഛന്റെ കൂടെ വർക്കിന് പോകുമായിരുന്നു. ആ കാലത്ത് പഠനത്തോടൊപ്പം വലിയ സന്തോഷം തരുന്ന കാര്യമായിരുന്നു അത്. താൻ ജനിക്കുന്നതിനു മുൻപേ അച്ഛൻ ഗൾഫിലായിരുന്നു 19 വർഷത്തെ അച്ഛന്റെ പ്രവാസ ജീവിതത്തിൽ ഇടയ്ക്കിടെ മാത്രം നാട്ടിൽ വന്നു പോകും.അങ്ങനെ 10ആം ക്ലാസ്സിൽ എത്തിനിൽക്കുന്ന സമയം. കുടുംബക്കാരനായ ഒരാളിന്റെ പരിചയത്തിൽ ഇതേ മേഖലയിൽ ഗൾഫിൽ ജോലിക്ക് ഒരു അവസരം ലഭിച്ചു . അന്നത്തെ സാഹചര്യങ്ങൾ വെച്ച് വളരെ പ്രയാസപ്പെട്ട് പാസ്പോർട്ട് സംഘടിപ്പിച്ച് ഗൾഫിലേക്ക് ചേക്കേറി. പിന്നെ 6 വർഷ ഗൾഫ് ജീവിതം കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയെത്തി. അതിനിടയിൽ അച്ഛന് ഗൾഫിൽ തന്നെ മറ്റൊരു ജോലി ലഭിച്ചു. അപ്പോഴാണ് എന്തു കൊണ്ട് ഇതേ മേഖലയിലെ ഇത്രയും വർഷമുള്ള അനുഭവവും കഴിവും വെച്ച് പുതിയ ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ആലോചന വരുന്നത്. പിന്നെ അതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ ആദ്യത്തെ ഷോപ്പ് തുടങ്ങി. പിന്നീട് അച്ഛൻ നാട്ടിൽ വന്നപ്പോൾ രണ്ടാമത് ഒരു ഷോപ്പ് തുടങ്ങാൻ വേണ്ടി പദ്ധതി ഇട്ടു. ഭാര്യ അവളുടെ സ്വർണം തന്നു സഹായിച്ചും മറ്റും ഷോപ്പ് തുടങ്ങി. അങ്ങനെ അപ്ഡേറ്റഡ് മെഷീൻ വാങ്ങി ബിസിനസ് വിപുലീകരിച്ചു. വർക്കുകൾ കൂടി വന്നു, 
ബിസിനസ് മെച്ചപ്പെട്ടു. പിന്നീട് വീണ്ടും ഗൾഫിൽ പോയി നാട്ടിൽ വന്ന സമയം ബിസിനസ്സിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന അച്ഛന്റെ സൂചന മാത്രം ലഭിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ആത്മഹത്യ. കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ പതനം കൺമുന്നിൽ കൂടെ എല്ലാമെല്ലാമായ അച്ഛന്റെ മരണവും.86 ലക്ഷത്തോളം വരുന്ന കടബാധ്യത, ഉണ്ടായിരുന്ന 3 കാറുകളും നിലവിലെ വീടും എല്ലാം വിറ്റു . വാടക വീട്ടിലേക്കുളള പലായനം മാനസികമായി താങ്ങാവുന്നതിനപ്പുറമായിരുന്നു . എല്ലാം കഴിഞ്ഞു എന്നു കരുതിയിടത്തുനിന്ന് വീണ്ടും തുടങ്ങി കഠിന പരിശ്രമങ്ങൾ. ഒന്നരവർഷത്തിന് ശേഷം വീണ്ടും ഒറ്റയാൾ പോരാട്ടത്തിലൂടെ മുന്നേറി വന്നു. വർക്കുകൾ കിട്ടി തുടങ്ങി. കുടുംബത്തിന്റെ പിന്തുണയും കരുത്തായി കൂടെ ഉണ്ടായിരുന്നു. ഭാര്യ സീന അമ്മ സുധർമ്മിണി മൂത്തമകൻ സൂര്യദേവ് രണ്ടാമത്തെ മകൻ സുദേവ് മകൾ സിയാ സുജിത് എന്നിവ അടങ്ങുന്നതാണ് കുടുംബം.
കാല ക്രമേണെ 14 ലക്ഷത്തോളം കടം വീട്ടാൻ കഴിഞ്ഞു എന്നുള്ളത് ഒരു വലിയ നേട്ടമായി കാണുന്നു. നിലവിൽ 13 ജോലിക്കാർ കൂടെയുണ്ട് വർക്കുകളും നന്നായി നടന്നു പോകുന്നു. 31 വയസ്സിൽ എത്തി നിൽക്കുമ്പോഴും കടന്നുവന്ന സാഹചര്യങ്ങളിൽ കൂടെ കരുത്താർജിക്കാൻ പറ്റി എന്നുള്ളത് ഒഴിച്ചാൽ അച്ഛന്റെ മരണം ഒരു തീരാ വേദന തന്നെയാണ്. നിലവിലുള്ള ആളുകളെ നോക്കുമ്പോൾ ഈ മേഖലയിൽ കടന്നുവരുന്നവർ വളരെ വിരളമാണ്. പുതുതലമുറ പോലും കടന്നു വരാൻ വിമുഖത കാട്ടുന്നു.
എന്നാൽ ഇതിലെ അനന്ത സാധ്യതകളും അവസരങ്ങളും തിരിച്ചറിഞ്ഞതു കൊണ്ട് നിലവിലുള്ളത് മെച്ചപ്പെടുത്തി പത്തു പേർ അറിയുന്ന ബിസിനസ് സംരംഭം നാളെ ഒരു പത്തായിരം പേർ അറിയുന്ന രീതിയിൽ വളർത്തിക്കൊണ്ടു പോവുക എന്നുള്ളതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള രണ്ട് ഷോപ്പുകൾക്ക് പുറമേ അച്ഛൻ മരിച്ചു എട്ടുമാസത്തിനുശേഷം ഒരു ഷോപ്പ് കൂടി എടുക്കാൻ പറ്റി എന്നുള്ളതും ഇതിലുള്ള വളർച്ചയുടെ അടയാളം തന്നെയായി കാണുന്നു. ഇപ്പോൾ ഉള്ളത് ബിസിനസ്സിനെ 100% ഫോക്കസ് ചെയ്ത് ബിസിനസ് വിപുലീകരിക്കാൻ ആണ് ഭാവി തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























































