പണമിടപാട് നടത്തുമ്പോൾ ശ്രദ്ദിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. അല്ലെങ്കിൽ ആദായനികുതി വകുപ്പിൽ നിന്ന് കനത്ത പിഴ ചുമത്തികൊണ്ടു നോട്ടീസ് വരാം ! നിങ്ങൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കാർ പഴഞ്ചനായി; നിങ്ങൾ ആ കാർ വിൽക്കാൻ ഉദ്ദേശിക്കുകയാണ്. ഏകദേശം 4 ലക്ഷം രൂപക്ക് ഒരാൾ കാർ വാങ്ങാൻ എത്തി. നിങ്ങൾ സെയിൽ ലെറ്റർ ഒപ്പിട്ട് കാർ അയാൾക്ക് കൈമാറുന്നു. 4 ലക്ഷം രൂപ അയാളിൽ നിന്നും പണമായി സ്വീകരിക്കുകയും ചെയ്തു. ഈ ഇടപാടിൽ എന്തെങ്കിലും അപാകതകൾ നിങ്ങൾ കാണുന്നുണ്ടോ? 4 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന ഒരു നിയമലംഘനമാണ് നിങ്ങൾ നടത്തിയിരിക്കുന്നത് !
നോട്ട് നിരോധനത്തിന് ശേഷം, പണമിടപാടുകൾ പരമാവധി കുറയ്ക്കുന്നതിനായി സർക്കാർ ഒരുപാടു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള എല്ലാ പണമിടപാടുകളും സർക്കാർ നിയന്ത്രിച്ചിരിക്കുന്നു. ഒരാൾക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള ഒരു ഇടപാടും പണമായി സ്വീകരിക്കാൻ കഴിയില്ല. സ്വീകരിച്ചു കഴിഞ്ഞാൽ, ആരാണോ പണം സ്വീകരിക്കുന്നത്, അയാൾക്ക് തുല്യ തുക പിഴ വരാൻ സാധ്യത ഉണ്ട്. ഉദാഹരണത്തിനു, നിങ്ങളുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങൾ അത്യാവശം വന്നപ്പോൾ ഒരു ജ്വല്ലറിയിൽ കൊടുത്തു, നിങ്ങൾക്കു 3 ലക്ഷം രൂപ പണമായി കിട്ടി. ഈ ഇടപാടിൽ പണം സ്വീകരിച്ച ആൾ എന്ന നിലയിൽ നിങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെ പിഴ വരാം!
ആദായനികുതി വകുപ്പിന്റെ 269ST വകുപ്പ് പ്രകാരമാണ് പണമിടപാടുകൾക്കു ഇത്തരം നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളത്. ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, കോപ്പറേറ്റീവ് ബാങ്കുകൾ സർക്കാർ നോട്ടിഫൈ ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങൾ ഇത്തരം സ്ഥാപനങ്ങളിലൂടെയാണ് പണമിടപാട് നടത്തുന്നതെങ്കിൽ ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
പണം കടം വാങ്ങുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
മുകളിൽ പറഞ്ഞ രണ്ടു ലക്ഷത്തിന്റെ പരിധി എന്നത് പൊതുവായുള്ള പരിധി ആണ്. എന്നാൽ നിങ്ങൾ ഒരാളിൽ നിന്നും പണം കടം വാങ്ങുകയാണെങ്കിൽ 20000 രൂപയിൽ കൂടുതൽ പണമായി കടം വാങ്ങാൻ സാധിക്കില്ല. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കുമ്പോഴും 20000 രൂപയുടെ പരിധിയുണ്ട്. അതായതു 20000 രൂപയ്ക്കു മുകളിൽ ഉള്ള പണം കടം വാങ്ങലും തിരിച്ചു കൊടുക്കലും ഒരു ബാങ്കിങ് ഇടപാടായി മാത്രമേ നടത്താൻ സാധിക്കൂ. അല്ലാത്ത പക്ഷം ആദായനികുതി നിയമത്തിലെ വകുപ്പ് 269SS , ST പ്രകാരം തുല്യ തുക തന്നെ പിഴ ചുമത്താൻ സാധ്യത ഉണ്ട്.
വസ്തു (ഭൂമി, വീട്, ഫ്ലാറ്റ്) ഇടപാട് പണമായി നടത്താൻ കഴിയുമോ ?
മുകളിൽ പറഞ്ഞ 20000 രൂപയുടെ പരിധി വസ്തു ഇടപാടുകൾക്കും ബാധകമാണ്. അതുകൊണ്ടു തന്നെ എല്ലാ വസ്തു ഇടപാടുകളും ബാങ്കിങ് ഇടപാടായി മാത്രം നടത്തുക. ഈ ഒരു വസ്തുത അറിയാതെ, പല ആധാരങ്ങളിലും “പ്രതിഫലം പണമായി കൈപറ്റി” എന്ന് എഴുതിവച്ചിരിക്കുന്നത് കാണാറുണ്ട്.
നിങ്ങള്‍ക്ക് ഇൻകം ടാക്സ് നോട്ടീസ് വരാനുള്ള മറ്റു കാരണങ്ങൾ നിങ്ങൾ താഴെ പറയുന്ന ഏതെങ്കിലും ഒരു ഇടപാട് നടത്തുകയും ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാതിരിയ്ക്കുകയും ചെയ്താൽ നിങ്ങൾക്ക് ഇൻകം ടാക്സിൽ നിന്നുള്ള നോട്ടീസ് പ്രതീക്ഷിയ്ക്കാം.
1. പത്തു ലക്ഷം രൂപയിൽ കൂടുതൽ ഫിക്സ് ഡിപ്പോസിറ്റ്, ബോണ്ടുകൾ, ഡിബെഞ്ചറുകൾ എന്നിവയിൽ ഒരു വർഷം നിക്ഷേപം നടത്തിയാൽ
2. മുപ്പതു ലക്ഷം രൂപയില്‍ കൂടുതൽ വിലയുള്ള വസ്തു/ വീട്/ ഫ്ലാറ്റ് എന്നിവയുടെ വില്പന /വാങ്ങലുകള്‍ നടത്തിയാൽ.
3. നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷത്തിൽ പത്തു ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചാൽ. പലതവണയായി നിക്ഷേപിച്ച് മൊത്തം നിക്ഷേപം പത്തുലക്ഷം കടന്നാലും ഇതിൽ ഉൾപ്പെടും. ഉദാ: 50,000 രൂപ ഇരുപതു തവണ നിക്ഷേപിച്ചാൽ.
4. നിങ്ങളുടെ കറന്റ് അക്കൗണ്ടില്‍ 50 ലക്ഷം രൂപയില്‍ കൂടുതൽ പണമായി നിക്ഷേപിച്ചാൽ.
5. ഓഹരികളിലും, ബോണ്ടുകളിലും, മ്യൂച്ച്യുവൽ ഫണ്ടുകളിലും, അവധി വ്യാപാരക്കരാറിലോ 10 ലക്ഷം രൂപ കൂടുതലുള്ള നിക്ഷേപങ്ങള്‍ / ഇടപാടുകൾ നടത്തിയാൽ
6. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്ക് 1 ലക്ഷം രൂപയില്‍ കൂടുന്ന പണമായി അടച്ചാൽ
7. ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയില്‍ കൂടുതൽ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകൾ വന്നാൽ.
8. പത്തു ലക്ഷം രൂപയില്‍ കൂടുതലുള്ള വിദേശ നാണയവിനിമയം നടത്തിയാൽ
9. ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ പലിശ നൽക്കുമ്പോൾ അവരുടെ TDS റിട്ടേണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ. ( നിങ്ങൾ ഫോം 15G /15H കൊടുത്തിട്ടുണ്ടെങ്കിലും നിങ്ങൾക്ക് നൽകിയ പലിശയുടെ കണക്ക് TDS റിട്ടേണിൽ ഉൾപ്പെട്ടിരിയ്ക്കും)
10. തൊഴിൽ ദാതാവ് ശമ്പളത്തിൽ നിന്ന് നികുതി പിടിച്ചിട്ടുണ്ടെങ്കിൽ (TDS)
11.വാടക, കമ്മീഷൻ, ലോട്ടറി, കോൺട്രാക്ട് വരുമാനം, മറ്റു ബിസിനസ് പ്രൊഫഷണൽ വരുമാനങ്ങൾ എന്നീ ഇടപാടുകളിൽ നിങ്ങളുടെ പേരിൽ TDS പിടിച്ചിട്ടുണ്ടെങ്കിൽ
(ഈ ലിസ്റ്റിൽ ഇൻകം ടാക്സ് നോട്ടീസുകളിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഇടപാടുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ)
ഒരാൾക്ക് എത്ര പണം കൈവശം വെക്കാം ?
ഇന്ത്യയിൽ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന പണത്തിനു സർക്കാർ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷെ നിങ്ങളുടെ കൈവശമുള്ള പണത്തിന്റെ കൃത്യമായ ഉറവിടം / സാധുവായ വരുമാന സ്രോതസ്സ് നിങ്ങൾ ബോധിപ്പിക്കേണ്ടതായുണ്ട്. അത് നിങ്ങള്‍ക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആദായനികുതി നിയമത്തിലെ വകുപ്പ് 69A പ്രകാരം ഭീമമായ നികുതി ബാധ്യത വരൻ സാധ്യതയുണ്ട്.