കുറച്ച് നാളുകൾക്ക് മുമ്പ് കേരളത്തിൽ ബിസിനസ് ചെയ്യുന്ന ഒരു സംരംഭകൻ വളരെ ടെൻഷനിൽ എന്നെ വിളിച്ചു. അദ്ദേഹം കുറെ നാളുകളായി കേരളത്തിൽ ഒരു ഉൽപനം വിപണനം ചെയ്യുന്നുണ്ട്. ഗുജറാത്തിൽ നിന്നൊരു വക്കീൽ നോട്ടീസ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എന്നെ വിളിക്കുന്നത്. ആ വക്കീൽ നോട്ടീസിൽ പറയുന്നത്, ഗുജറാത്തിലുള്ളൊരു കമ്പനി ഇറക്കുന്ന ഉല്പന്നത്തിന്റെ പാക്കിങ്ങിനോട് വലിയ രീതിയിൽ സാദൃശ്യമുള്ള പാക്കിങ്ങാണ് കേരളത്തിലെ ഈ സംരംഭകന്റെ ഉത്പന്നത്തിനുള്ളത്. അതുമാത്രമല്ല ബ്രാൻഡിന്റെ പേരിലും, ലോഗോവിലും ആ സാദൃശ്യമുണ്ട്. ഒറ്റ നോട്ടത്തിൽ ആളുകൾക്ക് വ്യത്യാസം മനസിലാക്കാൻ സാധിക്കണമെന്നില്ല. ഈ കാരണത്താൽ ആ മലയാളി സംരംഭകൻ നിലവിലെ പാക്കിങ് കവറുകൾ നശിപ്പിച്ചുകളയണം, മാർക്കറ്റിൽ നിലവിലുള്ള ഉത്പന്നങ്ങൾ തിരിച്ചു വിളിക്കണം, ഇനി ഈ പാക്കിങ്ങും, ഡിസൈനും, ലോഗോവും, പേരും ഉപയോഗിക്കില്ല എന്ന് ഡിക്ലറേഷൻ സമർപ്പിക്കണം. അതുമാത്രമല്ല, ഇത്രയുംകാലം ഈ പാക്കിങ് ഡിസൈൻ ഉപയോഗിച്ചതുവഴി തങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരമായി 50 ലക്ഷം രൂപ നൽകണം. ഇത്രയുമായിരുന്നു ആ നോട്ടീസിൽ ഉണ്ടായിരുന്നത്. വർഷങ്ങളായി നാട്ടിൽ വളർത്തിയെടുത്തിട്ടുള്ള ഒരു ബ്രാൻഡ് പൊടുന്നനെ ഒരു ദിവസം കൊണ്ട് നിർത്തലാക്കേണ്ടിവരുന്ന ഒരു അവസ്ഥ സംരംഭകരെ സംബന്ധിച്ചിലടത്തോളം വളരെ ഭയാനകമാണ്. ഇതിന്റെ ഉത്തരവാദി ഒരുപക്ഷെ ആ സംരംഭകൻ തന്നെയാവാം അല്ലെങ്കിൽ ആ പാക്കറ്റ് ഡിസൈൻ ചെയ്തുകൊടുത്ത ഡിസൈനർ ആവാം.
ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രല്ല. ഇതിന് ശേഷം ഇത്തരം പ്രശ്നങ്ങളുമായി ഒത്തിരിപേർ എന്നെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിന്റെ പ്രാധാന്യം ഇന്ന് വർധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഓരോ സംരംഭകരും നിർബന്ധമായും ചില കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട മനസിലാക്കേണ്ടതുണ്ട്. മോഷണം ഒരുപക്ഷെ ഇന്ന് വലിയതോതിൽ നടക്കുന്ന ഒരു രംഗമാണ് ബ്രാൻഡിംഗ്. നിലവിൽ നല്ലരീതിയിൽ വില്പന നടത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നത്തെയും, ഡിസൈനെയും, പേരിനെയും, ലോഗോനേയും അനുകരിച്ച് അതിന്റെ ഗുഡ്വില്ലിനെ ഉപയോഗിച്ച് മാർക്കറ്റിൽ സ്ഥാനം നേടാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾ ഇന്ന് അനവധി ഉണ്ട്. എന്നാൽ ഇത്തരം സ്ഥാപനങ്ങളുടെ ആയുസ്സ് അധികം ഉണ്ടാകില്ല എന്നത് ഒരു യാഥാർഥ്യമാണ്. മാത്രമല്ല അതുവഴി ആ സംരംഭകന് ഉണ്ടാകുന്ന നഷ്ടം വളരെ കൂടുതലായിരിക്കും. ഒരുപക്ഷെ ഈ അനുകരണം നടക്കുന്നത് സംരംഭകൻ അറിഞ്ഞുകൊണ്ടാവണമെന്നില്ല. ബ്രാൻഡിംഗ് സ്ഥാപനങ്ങളുടെ ശ്രദ്ധക്കുറവുമൂലവും ഇത് സംഭവിക്കാം. സാധാരണയായി ഇത്തരം കോപ്പിയടികൾ നടക്കുന്ന ബ്രാൻഡിങ്ങിലെ ഭാഗങ്ങളേതെല്ലാമെന്ന് പരിശോധിക്കാം.
1. ബ്രാൻഡിന്റെ പേര്: 2008 ൽ ബംഗളുരുവിലെ രണ്ട് വനിതാ സംരംഭകർ ആരംഭിച്ച ഹാപ്പി ബെല്ലി എന്ന സ്ഥാപനത്തിന്റെ അതേപേരിൽ 2016 ൽ ആമസോൺ പ്രൈവറ്റ് ലേബലിൽ ഉത്പന്നങ്ങൾ ഇറക്കാൻ തുടങ്ങി. പിന്നീട് ആ വനിതാ സംരംഭകർ കോടതിയെ സമീപിക്കുകയും തങ്ങൾക്ക് അനുകൂലമായി 2022 ൽ കോടതി വിധിക്കുകയും ചെയ്തു. ആമസോൺ ഹാപ്പി ബെല്ലി എന്ന പേരിൽ ഇറക്കിയിട്ടുള്ള ഉത്പന്നങ്ങൾ തിരിച്ചുപിടിക്കാൻ നിർബന്ധിതരായി. ഏറ്റവുമധികം കോപ്പിയടികൾ നടക്കുന്ന ഒരു ഭാഗമാണിത്. ഒരുപക്ഷെ സംരംഭകർ ഇന്ന് കൂടുതൽ സമയം ചിലവഴിക്കുന്നത് ഒരു നല്ല ബ്രാൻഡ് നാമം കണ്ടെത്താനായിരിക്കും. മാസങ്ങളായി ശ്രമിച്ചിട്ടും ഒരു പേര് കണ്ടെത്താനാവുന്നില്ല എന്ന് ഒത്തിരി സംരംഭകർ വിഷമം പറയാറുണ്ട്. അപ്പോൾ പലരും ചെയ്യുന്നത്, നിലവിൽ പ്രമുഖമായിട്ടുള്ള ഏതെങ്കിലും ഒരു കമ്പനിയുടെ പേരിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ചെയ്ത് ആ ബ്രാൻഡിനോട് സാമ്യമുണ്ടാകുന്ന രീതിയിൽ പേര് നിശ്ചയിക്കും. എന്നാൽ ബ്രാൻഡിങ്ങിനെ സംബന്ധിച്ചിടത്തോളം അത് തീർത്തും തെറ്റായ ഒരു രീതിയാണ്. കുറച്ചുകാലങ്ങൾക്ക് ശേഷമാവും ഇതിന്റെ പ്രത്യാഗാതം ഉണ്ടാകുന്നത്. ഒരുപക്ഷെ ട്രേഡ്മാർക് ലഭിക്കാത്ത അവസ്ഥവരാം. അതിലും രൂക്ഷമായി സംഭവിക്കാവുന്നത്, മറ്റ് കമ്പനികൾ നൽകുന്ന പരാതിയുടെമേൽ കോടതി നടപടി സ്വീകരിച്ചാൽ വൻ ഭവിഷത്തുകളായിരിക്കും വരാൻ പോകുന്നത്. ആദ്യം സൂചിപ്പിച്ച ആമസോണുമായി ബന്ധപ്പെട്ട വിഷയം ഇതിനൊരു ഉദാഹരണമാണ്. ഒരുപക്ഷെ സംരംഭകൻ ആ പേര് ധാരാളം മാർക്കറ്റ് ചെയ്തിട്ടുണ്ടാകാം, ഒത്തിരി തുക മുടക്കി പാക്കിങ് കവറുകളും മാർക്കറ്റിംഗ് മെറ്റീരിയലുകളും നിർമിച്ചിട്ടുണ്ടാകാം. അതെല്ലാം നഷ്ടപെടുന്ന സ്ഥിതിവിശേഷം ഉണ്ടാകും. അതിനാൽ ഒരിക്കലും പേരിന്റെ തീരുമാനം ചെറുതായി കാണരുത്.
2. ലോഗോ: കേരളത്തിലെ പ്രമുഖമായ ഒരു കറി മസാല കമ്പനിയുടെ പേരിന്റെയും ലോഗോവിന്റെയും സാദൃശ്യം വരുന്ന മറ്റൊരു സ്ഥാപനം ഈയിടെ ആരംഭിച്ചിരുന്നു. അതിന് ട്രേഡ്മാർക് രെജിസ്ട്രേഷനും ലഭിച്ചു. പക്ഷെ ആ പ്രമുഖ ബ്രാൻഡ് ഇവർക്കെതിരെ 2023 ൽ ഒരു rectification ഫയൽ ചെയ്തു. ആ കേസ് ഇന്നും തുടരുന്നു. അതായത് ട്രേഡ്മാർക് രെജിസ്ട്രേഷൻ ലഭിച്ചാൽപോലും പ്രമുഖമായ ബ്രാൻഡുകളോട് സാദൃശ്യം വരുന്ന പേരോ ലോഗോവോ ആണെങ്കിൽ നിയമനടപടി നേരിടേണ്ടിവരും. ഇത്തരം ബ്രാൻഡുകളെയാണ് copycat ബ്രാൻഡ് എന്നുപറയുന്നത്. അതായത് നിലവിലെ പ്രശസ്ത ബ്രാൻഡാണെന്ന് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തി വില്പന നടത്താൻ നോക്കുന്ന ബ്രാൻഡുകളാണിവ. ഇത്തരം ബ്രാൻഡുകൾ അധികകാലം മാർക്കറ്റിൽ മുന്നോട്ടുപോകാൻ കഴിയില്ല. Cadburry , Maa mango juice , Parle തുടങ്ങി ഒത്തിരി സ്ഥാപനങ്ങളുടെ ലോഗോവിനെ അനുകരിച്ച് ഇന്ന് ഉത്പന്നങ്ങൾ പലരും വിപണിയിൽ ഇറക്കുന്നുണ്ട്. ട്രേഡ്മാർക് നിയമപ്രകാരം ക്രിമിനൽ കേസ് വരെ എടുക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.
3. പാക്കിങ്: ഇന്ത്യയിലെ ബ്രാൻഡുകളുടെ പാക്കിംഗ് കവർ ഡിസൈൻ അനുകരിക്കുന്നവർക്ക് നിയമപരമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായിവരും. ഡാർക്ക് ഫാന്റസി ബിസ്കറ്റിന്റെ അതെ പാക്കിങ് ഡിസൈനോടുകൂടിയ ഒരു വ്യാജനെ കഴിഞ്ഞ ദിവസം കടയിൽ നിന്നും വാങ്ങുവാനിടയായി. ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഉദ്ദേശം ആളുകളെ തെറ്റുധരിപ്പിച്ച് ഉത്പന്നം വിൽക്കുക എന്നതുമാത്രമാണ്. പാക്കിങ് ഡിസൈൻ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക, അത് മറ്റൊരു കമ്പനിയും ഉപയോഗിക്കാത്ത ഡിസൈൻ ആണെന്ന്. പലപ്പോഴും സംരംഭകർ തന്നെയാണ് കുറ്റക്കാർ, മാർക്കറ്റിൽ നിലവിലുള്ള ബ്രാൻഡുകളെപോലെതന്നെ തന്റെ പാക്കറ്റ് ഡിസൈനും വേണ്ടമെന്ന വാശിമൂലം ഡിസൈനേർമാർക്ക് അത് അനുകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടാകില്ല.
4. പ്രോഡക്റ്റ് ഡിസൈൻ: Copyright ചെയ്തിട്ടുള്ള ഉത്പന്നങ്ങളുടെ ഡിസൈൻ അതേപോലെ പകർത്തിയാലും ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവരും. സംരംഭകരെ സംബന്ധിച്ച അവരുടെ പ്രധാന ലക്ഷ്യം വില്പന വർധിപ്പിക്കുക എന്നതാണ്. അതിനായി നിലവിൽ മറ്റു സ്ഥാപനങ്ങൾ വർഷങ്ങളെടുത്ത് ഡിസൈൻ ചെയ്ത ഉല്പന്നങ്ങളെ അതേപോലെ പകർത്തി വിൽക്കുക എന്ന തന്ത്രം പയറ്റും. എന്നാൽ അതുവഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ഇത്തരം പ്രോഡക്റ്റ് ഡിസൈൻ ലംഘനം ഇന്ന് ധാരാളം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ട്രേഡ്മാർക് ലംഘനം കുറഞ്ഞത് 6 മാസവും 3 വർഷം വരെയും തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ലംഘനം നടത്തുന്നയാൾക്ക്നേരെ ₹50,000 മുതൽ ₹2,00,000 വരെ പിഴയും ചുമത്താം. ലംഘനം മൂലം ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് ട്രേഡ്മാർക്ക് ഉടമയ്ക്ക് നഷ്ടപരിഹാരം തേടാവുന്നതാണ്. നഷ്ടമായ ലാഭം, ബ്രാൻഡ് പ്രശസ്തിക്ക് കേടുപാടുകൾ, നിയമപരമായ ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. ചില കേസുകളിൽ, ലംഘനം നടത്തിയ ട്രേഡ്മാർക് ഉപയോഗിച്ച് അവർ നേടിയ ലാഭം കൈമാറാൻ കോടതി ഉത്തരവിട്ടേക്കാം.
സംരംഭകർ പലപ്പോഴും കൂടുതൽ പണം ചിലവഴിക്കുന്നത് ഉത്പാദന സാമഗ്രികൾ വാങ്ങുന്നതിനും, ഉത്പാദന യൂണിറ്റിൽ സൗകര്യമൊരുക്കുന്നതിലുമാണ്. എന്നാൽ വളരെ നിസാരമായ തുകമാത്രമാണ് ഇത്തരം ബ്രാൻഡ് ഫൌണ്ടേഷൻ നിർമിക്കാനായി മാറ്റിവയ്ക്കുന്നത്. എന്നാൽ ബിസിനസിനെ ആളുകൾ സ്വീകരിക്കുന്നത് ഉല്പാദനയൂണിറ്റിലെ സൗകര്യംകണ്ടല്ല, പകരം ഉപഭോക്താക്കൾ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾമൂലമാണ്. അവിടെയാണ് ബ്രാൻഡിങ്ങിന്റെ പ്രസക്തി.