
മാറി മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ ഇന്ന് വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വ്യക്തി ജീവിതവും തൊഴിൽ ജീവിതവും തമ്മിലുള്ള സന്തുലനം , ഏതെങ്കിലും ഒരിടത്തെ താളപ്പിഴ മുഴുവൻ ജീവിതത്തിൻ്റെ താളം തെറ്റിക്കും എന്നത് പറയാതെ തന്നെ മനസ്സിലാക്കാമല്ലോ… ഏതൊരു വ്യക്തിയുടേയും ഒരു നല്ല ജീവിത ശൈലി എന്നു പറയുന്നത് അയാളുടെ ശാരീരികമായ ആരോഗ്യം ,മാനസികാരോഗ്യം എന്നീ ഘടകങ്ങളെ മുൻ നിർത്തിയാണ്.
ശാരീരികമായ ആരോഗ്യം നില നിർത്തുന്നതിനായി ,കൃത്യമായ ഭക്ഷണ ശീലം ,വ്യായാമം ,വിശ്രമം എന്നി കാര്യങ്ങൾക്കായി സമയം നീക്കി വക്കേണ്ടതുണ്ട് , അതുപോലെ തന്നെ മാനസികമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിൽ പ്രധാനമായും ,ബന്ധങ്ങൾ നില നിർത്തുന്നതിനും ,മാനസികോല്ലാസത്തിനും ഉത്പാദനക്ഷമമായ കാര്യങ്ങളിൽ മനസ്സിനെ വ്യാപരിപ്പിക്കുന്നതിനും,ആത്മീയമായ കാര്യങ്ങളിലേക്കും സമയം നീക്കി വയ്ക്കുന്നതിൽ ശ്രദ്ധിക്കേണ്ടതുണ്ട് .കുടുംബത്തിനും ജോലി സ്ഥലത്തും ഒക്കെ സമയം മാറ്റിവച്ചാലും പലപ്പോഴും അശ്രദ്ധ പറ്റുന്ന ഒന്നാണ് വ്യക്തിപരമായ സമയവും സന്തോഷവും ,ശരിയായി ഉരച്ചു കുളിക്കുവാനോ ,നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കുവാനോ എന്തിന് സ്വന്തം നഖങ്ങൾ മുറിക്കുവാൻ പോലും സമയമില്ലാതെ ഓടുന്ന മനുഷ്യരെ കണ്ടിട്ടുണ്ട് .
വളരെ തിരക്കു പിടിച്ച ജീവിത ചുറ്റുപാടിൽ നിന്നു കൊണ്ട് എങ്ങനെ വളരെ ഫലപ്രദമായി സമയത്തെ ഉപയോഗപ്പെടുത്താമെന്നു നോക്കാം …
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം നാലിൽ ഒരാൾ ജോലിയുമായി ബന്ധപ്പെട്ട സ്ട്രസ്സ് മൂലമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്, താളം തെറ്റിയ കുടുംബ ബന്ധങ്ങൾ, അനാരോഗ്യകരമായ ശീലങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവക്കെല്ലാം ഇതു വഴിവക്കുന്നു.
എങ്ങനെ നേരിടാം
എല്ലാവർക്കും അനുവദിക്കപ്പെട്ട 24 മണിക്കൂറിനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു എന്ന് നോക്കാം
ഒരു കടലാസും പേനയും എടുത്തിരിക്കൂ. … നമുക്ക് ഒരു ശ്രമം നടത്താം നിങ്ങളുടെ മുൻപിൽ കാണുന്ന കടലാസിനെ നാലായി ഭാഗിക്കണം, ഒരു ഭാഗത്ത് കുടുംബം എന്നും ,അടുത്ത ഭാഗത്ത് ജോലി സ്ഥലം എന്നും മറ്റൊരു ഭാഗത്ത് വ്യക്തിപരം എന്നും ഇനിയും ബാക്കിയുള്ള സ്ഥലത്ത് സാമൂഹികം എന്നും എഴുതാം, ഇത് നിങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ ഏതെങ്കിലും ഇംഗ്ലീഷ് അക്ഷരങ്ങൾ കൊണ്ട് സൂചിപ്പിച്ചാലും മതിയാവും ഇനി ഒരു ദിവസം ഓരോ ഏരിയയിലും നിങ്ങൾ തുടർച്ചയായി ചേയ്യേണ്ടതും നിർബന്ധമുള്ളതും ആയ പ്രവർത്തികൾ എഴുതി ചേർക്കാം ,അതിനായി നീക്കി വക്കേണ്ടുന്ന സമയവും കുറിക്കാൻ മറക്കരുതേ , തുടർന്ന് മറ്റൊരു കടലാസിൽ നിലവിൽ നമ്മുടെ സമയം, നഷ്ടപ്പെടുത്തുന്ന നമ്മുടെ സമയം,ഇപ്പോൾ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന പ്രവർത്തികൾ, എഴുതാം …
ഇതിൽ നിന്നും ഏതൊക്കെ സമയം ഉത്പാദനക്ഷമമായ പ്രവർത്തിയിലേക്കു മാറ്റാമെന്ന് കൃത്യമായി രേഖപ്പെടുത്തുക …. ഇനി വൃത്തിയുള്ള മറ്റൊരു കാർഡിൽ കോളങ്ങളിലായി ക്രമീകരിച്ചിട്ടുള്ള സമയത്തെ ആസ്പദമാക്കി നിങ്ങളുടെ ഒരു ദിവസത്തെ ചിട്ടപ്പെടുത്തി നോക്കൂ. … അത് വളരെ ശ്രമകരമായ എന്നാൽ മനോഹരമായ ഒരു ജോലിയാണെന്നു കാണാം … ഇതിൽ നിങ്ങളെ പ്രചോദിപ്പിക്കുന്ന വാചകങ്ങൾ ,സമയത്തിൻ്റെ വില കാണിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ ഒക്കെ ചേർത്തു മനോഹരമാക്കാം എന്നിട്ട് നിങ്ങൾ പതിവായി എഴുന്നേറ്റ് ആദ്യം കാണുന്ന ഇടത്ത് വെയ്ക്കാം ,ഇതിൽ രേഖപ്പെടുത്തിയതുപോല അളന്നു മുറിച്ച് നമുക്ക് ജീവിക്കാൻ കഴിഞ്ഞെന്നു വരില്ല ,പക്ഷേ പതുക്കെ പതുക്കെ ഒരു ചിട്ടയിലേക്ക് ജീവിതത്തെ നയിക്കാനും … അതു വഴി കൂടുതൽ പുരോഗതി വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാഴ്ച്ച വെക്കാനും കഴിയും.


























































