വിപണിയും വില്പനയും ബിസിനസ് വളർച്ചയെ ഉത്തേജിപ്പിക്കുന്ന പരസ്പരം ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. ഒരു ബിസിനസിന്റെ ഉദ്ദേശം തന്നെ വില്പനയിലൂടെയുള്ള വരുമാനമാണെങ്കിലും നല്ലൊരു വിപണിയില്ലാതെ വില്പനയ്ക്ക് മുന്നേറുവാൻ സാധിക്കുകയില്ല. അതുപോലെ തന്നെ വിൽപ്പന സൃഷ്ടിക്കുന്ന ഡിമാൻഡ് ആണ് വിപണിയെ ഉത്തേജിപ്പിക്കുന്നത്. വിപണിയിൽ പരസ്യങ്ങളിലൂടെയും അറിയിപ്പുകളിലൂടെയും ഉപഭോക്താവിൽ ആവശ്യകത ഉണർത്തുവാൻ മാത്രമേ കഴിയൂ. ചില സമയങ്ങളിൽ ഉപഭോക്താവ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിൽ പെടുകയും ചെയ്യും. അവസാന നിമിഷത്തിലെ ഉപഭോക്താവിൻ്റെ മനോഭാവം തിരഞ്ഞെടുക്കൽ പ്രക്രിയയിൽ വളരെ നിർണായകമാണ്.
നിങ്ങൾ ഒരു സേവന ദാതാവ് ആണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. ഉപഭോക്താവിന് പകരം ക്ലൈൻ്റ് അല്ലെങ്കിൽ പേഷ്യൻസ് എന്നോ നാമകരണം ചെയ്യേണ്ടിവരും. ഇവിടെ വസ്തുക്കൾക്ക് പകരം വിനിമയം ചെയ്യപ്പെടുന്നത് അറിവുകളോ വിവിധ സേവനങ്ങളോ ആയിരിക്കും. വരുമാനം തന്നെയാണ് ഇവിടെയും ലക്ഷ്യമിടുന്നത്.
വിപണി സജീവമായിട്ടും വില്പനയില്ലാത്ത, ക്ലൈൻ്റ്സ് ഇല്ലാത്ത അവസ്ഥ പലരും അനുഭവിക്കാറുണ്ട്. ഈ അവസ്ഥ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദം പല സംരംഭകരെയും മറ്റു പല പ്രശ്നങ്ങളിലും നയിക്കുന്നതായി കാണാം.എന്തുകൊണ്ട് ഒരു ഉപഭോക്താവ് അല്ലെങ്കിൽ ക്ലൈന്റ് എൻറെ സ്ഥാപനം തിരഞ്ഞെടുക്കണമെന്ന് ഏതൊരു സംരംഭകരും ചിന്തിച്ചിരിക്കേണ്ട കാര്യമാണ്.ഇവിടെയാണ് ഒരു നല്ല ബിസിനസ് കൺസൾട്ടിന്റെ സേവനം ആവശ്യമായി വരുന്നത്. എന്തുകൊണ്ട് എന്റെ സ്ഥാപനം തിരഞ്ഞെടുക്കപ്പെടുന്നില്ല എന്ന് കണ്ടെത്തുവാൻ നമ്മൾക്ക് ശരിയെന്നു തോന്നുന്ന ചില വിശ്വാസങ്ങൾ പ്രകാരമോ, ഒരു സംരംഭകന്റെ കാഴ്ചപ്പാടിലൂടെയോ അപഗ്രഥനം ചെയ്താൽ ശരിയായ കാരണങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞെന്നുവരികയില്ല.ഈ വിശകലനം 100% ഒരു ഉഭഭോക്താവിൻ്റെ പക്ഷത്തുനിന്ന് കൊണ്ട് ചിന്തിക്കുവാൻ സാധിക്കുന്ന, നിങ്ങളുടെ വിജയം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന, പരിചയസമ്പന്നനായ മറ്റൊരാൾക്ക് കൂടുതൽ ഭംഗിയായി നിർവഹിക്കാൻ കഴിയും. ഉദാഹരണമായി ക്യാഷ് കൗണ്ടറിൽ ഇരുന്ന് ഒരിക്കൽ പോലും ഉപഭോക്താവിനോട് ചിരിക്കാത്ത വളരെ കർക്കശക്കാരനായ ഒരു മുതലാളിയുടെ കുഴപ്പം അദ്ദേഹം ഒരിക്കലും സ്വയം തിരിച്ചറിഞ്ഞ് തിരുത്തുവാൻ പോകുന്നില്ല എന്നത് തന്നെ.
കച്ചവടം മോശമാകുന്ന സമയത്ത് പലരും കസ്റ്റമേഴ്സിനെ ആകർഷിക്കുവാൻ ഒരു ഡിസ്കൗണ്ട് സെയിൽ അല്ലെങ്കിൽ കൂടുതൽ പരസ്യം നൽകുക എന്നതൊക്കെ ആയിരിക്കും സാധാരണയായി ചെയ്യുക. ഇതെല്ലാം താൽക്കാലികമായ ഒരു മാറ്റം സൃഷ്ടിക്കുമെങ്കിലും സ്ഥായിയായി നിലനിൽക്കുന്ന രീതിയിൽ ഗുണപ്രദമായിക്കൊള്ളണമെന്നില്ല. എന്തുകൊണ്ട് നമ്മൾ വളരെ പ്രതീക്ഷയോടെ സ്വീകരിച്ച മാർഗ്ഗങ്ങൾ പ്രതീക്ഷിച്ച പോലെ നീണ്ടുനിൽക്കുന്നില്ല എന്ന് തിരിച്ചറിയണമെങ്കിൽ , ‘വിൽപ്പന’ എന്ന കലയെകൂടുതൽ അടുത്തറിയുകയും Customer satisfaction ( ഉപഭോക്താവിൻ്റെ സംതൃപ്തി ) നെ എന്തെല്ലാം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുകയും വേണം.salesmanship എന്നത് കേവലം സാധനങ്ങളുടെ വിവരണം നൽകുകയും വില്പന നടത്തി പണം വാങ്ങലും മാത്രമല്ല. മറിച്ച് ഉപഭോക്താവിന്റെ താല്പര്യങ്ങൾ മനസ്സിലാക്കി അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഒരു മികച്ച തെരഞ്ഞെടുപ്പിന് അവരെ സഹായിക്കുകയും അതോടൊപ്പം അവർ നൽകുന്ന പണത്തിന്റെ മൂല്യത്തിന് അനുസരിച്ച് ഏറ്റവും അനുയോജ്യമായ വസ്തു അവർക്ക് സ്വന്തമായി കഴിഞ്ഞു എന്ന് തോന്നൽ അവരിൽ സൃഷ്ടിക്കുവാനും കഴിയണം.അതോടൊപ്പം തന്നെ ഈ സമയത്തിനുള്ളിൽ പരസ്പരം ഗുണപ്രദം എന്ന് തീർച്ചപ്പെടുത്താവുന്ന ഒരു ബന്ധം അവരുമായി ഉണ്ടാക്കുകയും വേണം.
അഥവാ വിൽപ്പനാനന്തര സേവനങ്ങൾ ആവശ്യമുള്ളവർക്ക് അത് എന്തുതന്നെയായാലും ഇതേ താല്പര്യത്തോടെ തന്നെ പരാതിക്ക് ഇട വരാത്ത വിധം സമയബന്ധിതമായി പൂർത്തീകരിക്കുകയും വേണം. ഇതിനിടയിൽ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ, അഭിപ്രായങ്ങൾ, മുഖഭാവങ്ങൾ, ശരീരഭാഷ,ശ്രദ്ധ, നോട്ടം എന്നിവയ്ക്കൊക്കെ വലിയ പ്രാധാന്യമുണ്ട്.നമ്മൾ നൽകുന്ന വലിയ പരസ്യങ്ങളെക്കാളും വിപണിയെ സ്വാധീനിക്കുന്നത് ഓരോ ഉപഭോക്താവിനും സ്വയം ഉണ്ടായ അനുഭവങ്ങളുടെയും മറ്റൊരാൾക്ക് ഉണ്ടായ അനുഭവങ്ങളുടെയും പബ്ലിസിറ്റി ആയിരിക്കും.
ഇന്നത്തെ ഉപഭോക്താക്കൾ നല്ല ഗുണ നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും തങ്ങളുടെ അവകാശമാണെന്ന തികഞ്ഞ ബോധമുള്ളവരാണ്. പൊതുജനമാണ് കച്ചവടത്തിലൂടെയും, സേവന സ്വീകർത്താക്കളായും ഏതൊരു സംരഭത്തെയും നിലനിർത്തുന്നത്. ഉത്സവകാലങ്ങളിൽ മാത്രമല്ല ഏത് സീസണിലും അവരെ ആകർഷിക്കുവാൻ നമ്മൾ അവരുടെ അഭിരുചിക്ക് അനുസരിച്ച് മാറുവാൻ തയ്യാറാകണം. വിശ്വാസ്യതയോടൊപ്പം മാനുഷിക ബന്ധങ്ങൾക്ക് വിലകൽപിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ ഒരു പരിധി വരെ ഏതൊരു മോശം സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകുന്നത് കാണാം.
മികച്ച കസ്റ്റമർ കെയർ പോളിസികളുമായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മാർക്കറ്റിൽ പിടിമുറുക്കുമ്പോൾ തികച്ചും പ്രൊഫഷണൽ ആയി കസ്റ്റമറെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം വിപണ രംഗത്തെ ജീവനക്കാരിലും മറ്റു കസ്റ്റമറുമായി നേരിട്ട് ഇടപെടുന്ന എല്ലാവരിലും തന്നെ ശരിയായ ശാസ്ത്രീയമായ പരിശീലന പരിപാടികളിലൂടെ വളർത്തിയെടുക്കണം. കാരണം കസ്റ്റമർ തന്നെയാണ് കിംഗ്… എന്നും… എവിടെയും… എപ്പോഴും.