ആരോഗ്യപരിപാലനത്തിൽ ഊന്നൽ നൽകി മാത്രമേ ഇന്നെല്ലാവരും സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുള്ളൂ.
വ്യാപകമായ വില്പന , വിശാലമായ ഉൽപ്പന്നങ്ങളുടെ ശ്രേണി, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എന്നിവ പരിഗണിച്ച് സൗന്ദര്യവർദ്ധക മേഖല വലിയ മാറ്റങ്ങൾക്കും വളർച്ചയ്ക്കും വിധേയമായി കൊണ്ടിരിക്കുന്നു.
ആരോഗ്യകരമായ ചേരുവകൾ,പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ കൃത്യമായ അളവിൽ ചാലിച്ചാണ് ശ്രീജ സെന്തിൽ തന്റെ ഓരോ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളും ലവ് റിച്ച് ഓർഗാനിക്സ് എന്ന ബ്രാൻഡിൽ നിർമ്മിക്കുന്നത്.
പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശിനിയാണ് ശ്രീജ.
പണ്ടുമുതലേ ബിസിനസ് മേഖലയോട് അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നു ശ്രീജയ്ക്ക്.
കൈത്തറി ഗ്രാമത്തിലാണ് വളർന്നതും ജീവിച്ചതും എല്ലാം. സംരംഭകത്വത്തോട് ചെറുപ്പത്തിലെ താൽപര്യം ജനിക്കാൻ ഇത് കാരണമായി.
വിവാഹം കഴിഞ്ഞ് ചെന്നെത്തിയതും കൈത്തറി ഗ്രാമത്തിൽ ആയിരുന്നു. കണ്ടും കേട്ടും വളരുന്ന ചുറ്റുമുള്ള പല കാര്യങ്ങളും നമ്മെ ചെറിയതോതിൽ എങ്കിലും സ്വാധീനിക്കും എന്നത് വാസ്തവമാണ്.
വിവാഹശേഷം ശ്രീജ ബ്യൂട്ടീഷൻ കോഴ്സ് ചെയ്തു. അഞ്ച് വർഷത്തോളം പാർലർ നടത്തി പോന്നു. കോവിഡ് സമയത്ത് ഇതിന് വിരാമം ഇടുകയും ചെയ്തു. ശേഷമാണ് സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുടെ ഉൽപാദന മേഖലയിലേക്ക് തിരിയുന്നത്. മേഖലയിലെ ഉൽപ്പന്നങ്ങളെ കുറിച്ചു കൂടുതൽ പഠിക്കാനായി അതിൽ ഡിപ്ലോമയും കരസ്ഥമാക്കി. അറിവുകൾ പലതും സ്വായത്തമാക്കി വീട്ടിൽ തന്നെ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങി.സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ആയതിനാൽ തന്നെ ഓരോന്നും അതീവ ശ്രദ്ധയോടെയാണ് നിർമിക്കാറുള്ളത്.
നിർമ്മിക്കാനായി ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും ഉറപ്പുവരുത്താറുണ്ട്.
കൂടുതലും പ്രകൃതിയിൽ നിന്നും വേർതിരിച്ച് എടുക്കുന്നവ ആയതിനാൽ പല ഉൽപ്പന്നത്തിന്റെയും കാലാവധി എന്നത് മറ്റു ഉൽപ്പന്നങ്ങളെ പോലെ ഒന്നോ രണ്ടോ വർഷം ലഭിക്കില്ല. ആറുമാസം വരെ മാത്രമേ പല ഉൽപ്പന്നങ്ങൾക്കും കാലാവധി ലഭിക്കുകയുള്ളു .
വിപണിയിലെ ഒരുപാട് കെമിക്കൽസ് അടങ്ങിയ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളുടെ കടന്നുവരവ് ജൈവ ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചിന്തിപ്പിച്ചു. കൂടാതെ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളുടെ നിർമ്മാണ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റിയതും ഉപകാരപ്രദമായി.
ഫലങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും പൂക്കളിൽ നിന്നും തുടങ്ങി പലതിൽ നിന്നും ഇവ നിർമ്മിക്കാൻ ആവശ്യമായ സത്തുകൾ ലഭിക്കും എന്ന തിരിച്ചറിവും കൗതുകമുണർത്തി.
3000 രൂപ മൂലധനത്തിൽ തുടങ്ങിയ സംരംഭമാണ് ഇന്ന് മുൻനിരയിൽ ലാഭത്തോടെ കുതിച്ചു കൊണ്ടിരിക്കുന്നത്.
ഡെസേർട്ട് സോപ്പുകൾ ആയിരുന്നു ആദ്യം പരീക്ഷിച്ചിരുന്നത്. ഡെസേർട്ട് സോപ്പുകൾ കാഴ്ചയിൽ സാധാരണ സോപ്പുകളിൽ നിന്നും വ്യത്യസ്തമാവുന്നു എന്ന കാരണത്താലാണ് ഡെസേർട്ട് സോപ്പ് നിർമിക്കാം എന്ന തീരുമാനത്തിൽ എത്തിയത്.പലനിറത്തിലും ആകൃതിയിലും ലഭ്യമാണ് ഡെസേർട്ട് സോപ്പുകൾ.നിലവിൽ 25 ഓളം ഉൽപ്പന്നങ്ങൾ ലവ് റിച്ചിൽ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം സേവനം നൽകിവരുന്നു.
ഇൻസ്റ്റഗ്രാം വഴിയും വാട്സ്ആപ്പ് വഴിയുമാണ് ഓൺലൈൻ ഓർഡറുകൾ സ്വീകരിക്കാറുള്ളത്. പൂർണമായും കൈ കൊണ്ട് നിർമ്മിക്കപെടുന്ന സൗന്ദര്യ വസ്തുക്കൾ എന്നു കേൾക്കുമ്പോൾ ആളുകൾക്കുള്ള സംശയമാണ് ഇത് യാഥാർത്ഥ്യമാണോ എന്നത്. അതിനുദാഹരണമായാണ് ലവ് റിച്ച് ഓർഗാനിക്സ് നിലകൊള്ളുന്നത്.
കെമിക്കൽസ് ഒന്നും ചേർക്കാതെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും, കൂടുതൽ പേരിലേക്ക് പ്രത്യേകിച്ചും വീട്ടമ്മമാർക്ക് ഇതിന്റെ സാധ്യതകൾ മനസിലാക്കിക്കൊടുത്ത് സ്വയം സംരംഭകരെ സൃഷ്ടിക്കണം എന്നുമാണ് ശ്രീജയ്ക്ക് ഇനിയുള്ള മോഹം.