ഇന്നത്തെ കാലത്ത് പല ഉൽപ്പന്നങ്ങളും രാസവസ്തുക്കളും പരിഷ്കൃത ഗുണങ്ങളും നിറഞ്ഞവ ആണെന്ന് വാചാലമാക്കപ്പെടുന്നുണ്ട്. ലഘു സമയത്തിനുള്ളിൽ പ്രകടമാകുന്ന ഫലങ്ങൾ നൽകുന്ന ഇത്തരം ഉൽപ്പന്നങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷഫലങ്ങൾ നൽകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഈ അവസരത്തിലാണ് വീടുകളിൽ തന്നെ നിർമ്മിക്കുന്ന പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ പ്രചാരത്തിലാകുന്നത്.
ഒറ്റയ്ക്ക് ഒരു കടയിൽ പോലും പോകാതിരുന്ന സോഷ്യൽ മീഡിയയിൽ ഒരു ലൈക്ക് ഇടാൻ 100 തവണ ചിന്തിക്കുന്ന പുറം ലോകവുമായി ഒട്ടും ബന്ധമില്ലാതിരുന്ന വീട്ടുപരിസരവും വീട്ടുകാരുമായി മാത്രം ബന്ധം പുലർത്തിയ വെറും ഒരു വീട്ടമ്മ മാത്രമായിരുന്ന ലസിത ഇന്ന് ലസീസ് ഗ്രീൻ ലീഫ് ഹോം മെയ്ഡ് പ്രോഡക്റ്റിന്റെ സ്ഥാപകയും ഒട്ടനവധി പേർക്ക് പ്രചോദനമാവുകയും ചെയ്യുന്ന ഒരു കരുത്തുറ്റ വനിത സംരംഭകയാണ്.
എറണാകുളം കളമശ്ശേരിയിലെ സ്ഥിതി ചെയ്യുന്ന ലസീസ് ഗ്രീൻ ലീഫിൽ ഉണ്ട് തികച്ചും പ്രകൃതിദത്തമായി നിർമ്മിക്കുന്ന സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ. 25 ഓളം വൈവിധ്യമാർന്ന സോപ്പുകൾ, ഷാംപൂ, ഹെയർ കെയർ ഓയിൽ, ലിപ് ബാം, ഫെയ്സ് പാക്ക് തുടങ്ങി നീളുന്നു ഹോം മെയ്ഡ് ഉൽപ്പന്നങ്ങളുടെ ശ്രേണി.
തീർത്തും പരിശുദ്ധമായതും മികച്ച റിസൾട്ട് നൽകുന്നതുമായ ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
ഒരു സംരംഭക ആവുക എന്നത് ലസിത സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ജീവിതസാഹചര്യങ്ങൾ ബിസിനസിലേക്ക് കൊണ്ട് എത്തിക്കുകയായിരുന്നു ഈ വനിതയെ.
ഒരു ജോലിയെ കുറിച്ചോ ജീവിതത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് ഒന്നും ചിന്തിക്കാതെ തികച്ചും സാധാരണമായി കഴിഞ്ഞുപോന്ന ഒരു വീട്ടമ്മ മാത്രമായിരുന്നു ലസിത.വലിയ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്തത് ഒരു ജോലിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചിരുന്നില്ല.
എന്നാൽ 2018ൽ ഉണ്ടായ പ്രളയം ചെറുതായി കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്തിവെച്ചു. ഭർത്താവിനെ ജോലിയിലും കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായി. ശേഷം വന്ന കൊറോണയും ജീവിതത്തെ സാരമായി ബാധിച്ചു. ലോണുകളുടെ അടവുകൾ മുടങ്ങി, കുടുംബത്തിന്റെ എല്ലാവിധ ഭാരങ്ങളും ഒറ്റയ്ക്ക് താങ്ങിയിരുന്ന ഭർത്താവിനെ ഒരു ബുദ്ധിമുട്ട് നേരിട്ടപ്പോൾ തനിക്ക് നിസ്സഹായയായി നോക്കി നിൽക്കേണ്ടിവന്നു എന്നത് ഏറെ കുറ്റബോധം ഉണ്ടാക്കി. പിന്നീടാണ് ഒരു ജോലിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. എന്നാൽ വീട്ടുവളത്തിലേക്ക് കറ്റാർവാഴ ആര്യവേപ്പില തുളസി പനിക്കൂർക്ക തുടങ്ങിയവയിലേക്ക് പൊടുന്നനെ ശ്രദ്ധ പോയി.ഇവ ഉപയോഗിച്ച് നാച്ചുറലായി എന്തെങ്കിലും ഉണ്ടാക്കണം എന്ന ചിന്ത ഉദിച്ചു.ചെറുപ്പം മുതലേ സോപ്പും അവയുടെ സുഗന്ധവും ഏറെ പ്രിയമായതിനാൽ സോപ്പ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി വീട്ടിലെ ഔഷധ ചെടികൾ കൊണ്ട് സോപ്പ് നിർമ്മിച്ചു. ആദ്യ ഉപഭോക്താക്കൾ ഭർത്താവും മക്കളും തന്നെയായിരുന്നു. പിന്നീട് സുഹൃത്തിനും നൽകി. നല്ല അഭിപ്രായവും ഗുണമേന്മയും ആണ് ഉത്പാദനം കൂട്ടാനും വിപണനം ചെയ്യാനും പ്രചോദനമായത്. ദിവസേന ആവശ്യക്കാരുടെ എണ്ണവും വർദ്ധിച്ചു. കസ്റ്റമറുടെ ആവശ്യപ്രകാരം മാറ്റങ്ങൾ വരുത്താനും ആരംഭിച്ചു. സ്വദേശത്തുള്ളവർ വിദേശത്ത് പോകുന്നവർക്കായി തന്റെ ഉൽപ്പന്നങ്ങൾ കൊടുത്തുവിടാനും തുടങ്ങി. വിദേശത്തുള്ളവർ നേരിട്ട് ഉൽപ്പന്നം ഓർഡർ ചെയ്യാനും തുടങ്ങി, ഡോക്ടർസ് പോലും ചർമ്മ രോഗികൾക്ക് തന്റെ പ്രോഡക്റ്റ് നിർദ്ദേശിക്കുന്നു എന്നത് വാനോളം അഭിമാനമേകി.
വെറും നാല് സോപ്പ് നിർമാണത്തിൽ തുടങ്ങിയ സംരംഭമാണ് ലസിതയിൽ വലിയ മാറ്റത്തിനും ജീവിത വിജയത്തിനും ഇടയാക്കിയത്.
ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുമുള്ള മനസ്സും ഉണ്ടെങ്കിൽ വിജയം സുനിശ്ചിതം എന്ന് കാട്ടിത്തരുന്നു ഈ വീട്ടമ്മ.
തന്റെ ഉൽപ്പന്നം സാധാരണക്കാർക്കും ലഭ്യമാക്കാൻ വേണ്ടി മിതമായ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. പ്രോഡക്ടുകൾ നാടൊട്ടാകെ അറിയപ്പെടാൻ നവമാധ്യമങ്ങൾ ഏറെ സഹായകമായിട്ടുണ്ട്.
പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടു നിർമ്മിച്ചവയായതിനാലും മികച്ച ഫലം ലഭിക്കുന്നതിനാലും ഒരിക്കൽ വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങുന്നു എന്നതിൽ ലസിതയിൽ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു.
വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്ക് ചെറുകിട വ്യവസായമായി വീട്ടിൽ നിർമ്മിച്ച സോപ്പുകളും ഷാമ്പുകളും വിപണിയിൽ എത്തിക്കുന്നതിലൂടെ നല്ലൊരു വരുമാനം സമ്പാദിക്കാം. ഓർഗാനിക് ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡ് വർദ്ധിക്കുന്നതിലൂടെ ഈ മേഖലയിൽ നല്ലൊരു അവസരം ഒരുങ്ങുന്നു. വീട്ടിൽ നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആരോഗ്യപരമായും സാമ്പത്തികപരമായും വലിയ ഉന്നമനത്തിന് കാരണമാകുന്നു.
ജീവിതത്തിൽ കടന്നു വരുന്ന എല്ലാ അപ്രതീക്ഷിത പ്രതിസന്ധികളും നമ്മെ തളർത്താൻ അല്ല പകരം കെട്ടുപാടുകൾ പൊട്ടിച്ച് വിജയിക്കാനും കുതിക്കാനും ഉള്ള അവസരങ്ങൾ കൂടിയാണ്.