യാത്ര ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും, അതിനുള്ള അവസരമോ ചുറ്റുപാടുകളോ ആയിരുന്നില്ല, ചെറുപ്പകാലത്ത്. വളരെ നന്നായി പഠിക്കുമായിരുന്നെങ്കിലും, പഠനം പൂർത്തിയാക്കാതെ പാതി വഴിയിൽ ജീവിതസാഹചര്യങ്ങൾ കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നു. ഹ്യൂമാനിറ്റീസ് ഇൽ സ്റ്റേറ്റിൽ മൂന്നാം റാങ്ക് ഉണ്ടായിട്ടും, അപ്പന്റെ കാൻസർ മൂലമുള്ള വേർപാടിൽ, പഠനം തുടരാൻ സാധിക്കാതെപോയി. പിന്നീട് ഏതൊരു സ്ത്രീയേയും പോലെ വിവാഹം, കുട്ടികൾ എന്നുള്ള സാധാരണ ചട്ടക്കൂടുകളിലേക്ക് ജീവിതം നീങ്ങിയെങ്കിലും, ഉള്ളിൽ യാത്ര ചെയ്യണം, കുറഞ്ഞത്, നമ്മൾ ജീവിക്കുന്ന രാജ്യമെങ്കിലും കാണാൻ സാധിക്കണം, എന്ന അതിയായ മോഹം കൊണ്ടുനടന്നിരുന്നു. അതിന്റെ ഭാഗമായി വിവാഹത്തിനുശേഷം, ടൂറിസം പ്രധാന വിഷയമായി, വിദൂര വിദ്യാഭാസം എന്ന അവസരം പ്രയോജനപ്പെടുത്തി, അതിനെകുറിച്ച് കൂടുതൽ അറിവ് നേടി..
അഡ്വർടൈസിംഗ് ഏജൻസിയിൽ വളരെക്കാലം ജോലിയിൽ ഏർപ്പെട്ടെങ്കിലും, മനസ്സിൽ യാത്രകളോടുള്ള അതിയായ ആഗ്രഹം കൊണ്ട്, രണ്ടാം ശനിയാഴ്ചയും ഞായറും കൂട്ടിച്ചേർത്ത് അവധി ദിവസങ്ങളിൽ കൂട്ടുകാരോടൊത്ത്, യാത്ര ചെയ്യാൻ ആരംഭിച്ചു. അവിടെനിന്നുമാണ് ഇനിയുള്ള ജീവിതം, ഇതാവണം, ഞാൻ പിന്തുടരേണ്ടത്, എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്.
ഓരോ ചെറിയ യാത്രയിലും, ഒരുപാട് കാര്യങ്ങൾ, അറിയാനും അനുഭവിക്കുവാനും സാധിച്ചു. ഒരുപാട് വൈവിധ്യങ്ങളുടെ കലവറയായ നമ്മുടെ രാജ്യം, ഓരോ പുതിയ വിസ്മയങ്ങൾ ഒരുക്കി തരുന്നു. പുതിയ ഒരുപാട് മനുഷ്യരെ, യാത്രകളിൽ കാണുകയും പരിചയപ്പെടുകയും ചെയ്തു. ലോകത്തിന്റെ വലുപ്പവും, മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും പോലുള്ള, പല ബോധ്യങ്ങളും നേടി തന്നത് യാത്രകളാണ്.
ആദ്യമായി കൂട്ടുകാരോടൊത്ത് യാത്ര പോയത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. പിന്നീട് അടുത്ത യാത്രയ്ക്കയുള്ള അവധി ദിനങ്ങൾക്കായുള്ള കാത്തിരിപ്പായിരുന്നു. വാഴ്വന്തോൾ, മുരുഡേശ്വർ, സെയിന്റ് മേരീസ് ഐലൻഡ്, ഉഡുപ്പി, കന്യാകുമാരി, വയനാട്, നിലമ്പൂർ, ഇഷ ആദിയോഗി സെന്റർ , രാമേശ്വരം, ധനുഷ്കോടി, തുടങ്ങി ഒരുപാട് കൊച്ചു കൊച്ചു യാത്രകൾ ചെയ്യുകയുണ്ടായി… യാത്രകൾ, എന്റെ കൊച്ചു ലോകം വലുതാക്കി, എന്നു തന്നെ പറയാം. ഒരുപാട് നല്ല സുഹൃത്തുക്കളെ യാത്രകൾ സമ്മാനിച്ചു. യാത്ര ഒരു ലഹരിയായി സിരകളിൽ പടരാൻ, അധികനാൾ വേണ്ടി വന്നില്ല.. ജോലി രാജി വെച്ച് ഇതൊരു ജീവിതമാർഗ്ഗമാക്കിയാലോ എന്ന തീരുമാനത്തിൽ എത്തിച്ചേരാൻ, അധികനാൾ വേണ്ടിവന്നില്ല.
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന പഴഞ്ചൊല്ല് അന്വർഥമാക്കികൊണ്ടു, യാത്രകളിലൂടെ പരിചയപ്പെട്ട് ഉറ്റസുഹൃത്തായി തീർന്ന ഒരു സുഹൃത്ത്, കുട്ടികളുൾപ്പെടെ മുപ്പത്തിയഞ്ചോളം പേരടങ്ങുന്ന അവളുടെ വല്യ കുടുംബം, കോഴിക്കോട് നിന്ന് കൊച്ചി സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്നു, ഈ ടൂർ നിനക്ക് ചെയ്യാൻ സാധിക്കുമോ എന്ന് ആലോചിച്ചു പറയു, എന്നു പറഞ്ഞു. കേട്ട പാതി, ഞാൻ അതേറ്റെടുക്കുകയും, അതിനുവേണ്ടുന്ന തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. അവർക്കുവേണ്ടി കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കി, എല്ലാ സ്ഥലങ്ങളും നേരിട്ട് ചെന്ന് അന്വേഷിച്ചു, ഹോട്ടലുകളുമായി സംസാരിച്ചു, താമസ സൗകര്യം ഏർപ്പെടുത്തുകയും,, ബോട്ടിംഗ് പോലുള്ള കാര്യങ്ങൾക്കായി, എല്ലാ ഏർപ്പാടുകളും ചെയ്തു. ടൂർ കഴിഞ്ഞ് എല്ലാവരും സന്തോഷത്തോടെ തിരിച്ചു കോഴിക്കോട്ടേക്ക് പോകുന്ന രംഗം, ഇന്നും മായാതെ മനസ്സിലുണ്ട്. അന്നാണ് യഥാർത്ഥത്തിൽ, ഫെർണാണ്ടസ് ഹോളിഡേസ് ന്റെ ആരംഭം… അന്ന് ലഭിച്ച മാനസിക സംതൃപ്തി, ഒരു ജോലിയിലും അതുവരെ ലഭിച്ചിരുന്നില്ല എന്നത് സത്യം.
പിന്നീടങ്ങോട്ട്, മുന്നോട്ടുള്ള വഴി ഇതു തന്നെ എന്ന് തീർച്ചപ്പെടുത്തി, ജോലി രാജിവെച്ചു. സാമ്പത്തിക ഭദ്രത തീരെ ഇല്ലാതിരുന്നിട്ടും, വലിയൊരു റിസ്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ, ഇഷ്ടമുള്ള കാര്യം, ഇഷ്ടത്തോടെ, അതികഠിനമായ പരിശ്രമത്തിലൂടെ, ശ്രമിച്ചാൽ സാധ്യമാകും എന്ന് ജീവിതം തെളിയിച്ചുകൊണ്ടിരിക്കുന്നു. യാത്രകൾ പ്രധാനമായും താൽപര്യം ആയിരുന്നെങ്കിലും, ജീവിത പങ്കാളി അതു മനസ്സിലാക്കി, കൂടിച്ചേർന്ന് ഞങ്ങൾ ഒരുമിച്ചായി ഫെർണാണ്ടസ് ഹോളിഡേയ്സ് ന്റെ എല്ലാ കാര്യങ്ങളും മുന്നോട്ട് തുടർന്നത്.
ഒരുപാട് ട്രാവൽ ഏജൻസികൾ ഉള്ള നമ്മുടെ നാട്ടിൽ, ഒരു മുൻ പരിചയവും ഇല്ലാത്ത ഞങ്ങൾ, ഇതു തുടക്കമിടുമ്പോൾ ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. സാധാരണക്കാരന് താങ്ങാൻ പറ്റുന്ന തരത്തിലുള്ള ബഡ്ജറ്റ് ആയിട്ടുള്ള യാത്രകൾ, അതും പരമാവധി ത്രീ സ്റ്റാർ താമസ സൗകര്യങ്ങളോടെ.
ആദ്യത്തെ കൊച്ചി ടൂറിനുവേണ്ടി എടുത്ത അതേ പരിശ്രമമാണ്, ഇന്നും പിന്തുടരുന്നത്. നേരിട്ട് പോയി ഓരോ സ്ഥലങ്ങളും സന്ദർശിച്ച്, വിശദമായി ഓരോ കാര്യങ്ങളും പഠിച്ച്, എല്ലാ സംവിധാനങ്ങളും ഒരുക്കിയതിന് ശേഷമാണ് ഒരു സ്ഥലത്തെക്കുള്ള ടൂർ ആനൗൺസ് ചെയ്യുന്നത്.
അതുകൊണ്ടുതന്നെ മികച്ച സംവിധാനങ്ങൾ, യാത്രികർക്ക്, കുറഞ്ഞ ചിലവിൽ നൽകാൻ ഫെർണാണ്ടസ് ഹോളിഡേസിന് സാധിക്കുന്നു.
വളരെ കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ മികച്ച അഭിപ്രായത്തോടെ മുന്നോട്ട് പോകാൻ ദൈവാനുഗ്രഹം കൊണ്ട് സാധിച്ചിട്ടുണ്ട്.
ഓരോ യാത്രയിലും ടൂർ വരുന്നവർ അടുത്ത ടൂർ എങ്ങോട്ടാണെന്നു അറിയിക്കണം, എന്ന് പറഞ്ഞ് ടൂർ കഴിഞ്ഞു തിരിച്ചുപോകുന്നത് കാണുന്നത്, വളരെയധികം ആത്മസംതൃപ്തി നൽകുന്നു. സൗകര്യങ്ങൾ ഒരുക്കുന്നത് കൊണ്ടുമാത്രം ഒരു ടൂർ വിജയമാവില്ല. കൂടെ വരുന്നവരെ കുടുംബത്തെ പോലെ പരിഗണിച്ചു, അവരുടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ, കരുതലോടെ നോക്കുന്നതു കൂടിയാണ് നമ്മുടെ വിജയം.
നമ്മുടെ കൂടെ യാത്ര ചെയ്യുന്നവർ രേഖപ്പെടുത്തുന്ന ഗൂഗിൾ റിവ്യൂസ് അവരുടെ സംതൃപ്തിയുടെ പ്രതിഫലനമാണ് . സീനിയർ സിറ്റിസൻസ് നും, ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കും, ഒരു ഭയവും കൂടാതെ, നമ്മുടെ കൂടെ യാത്ര ചെയ്യാം. നൂറു ശതമാനം സംതൃപ്തിയോടെ മടങ്ങുന്ന കസ്റ്റമേഴ്സ്, തങ്ങളുടെ പരിചയക്കാരിലേക്ക്, ഫെർണാണ്ടസ് ഹോളിഡേസ്നെ പരിചയപ്പെടുത്തുന്നു. അതാണ് ഈ കുറഞ്ഞ കാലയളവിൽ ഞങ്ങളുടെ നേട്ടം.
ജീവിതപങ്കാളിയുടെ അപ്രതീക്ഷിത മരണത്തിൽ, പകച്ചുപോയെങ്കിലും, തളരാതെ മുന്നോട്ട് പോകാൻ പ്രതീക്ഷ നൽകുന്നത്, കസ്റ്റമേഴ്സ്ന്റെ പിന്തുണയാണ്. ജീവിതത്തിൽ തനിച്ചായെങ്കിലും, ഓരോ ഡെസ്റ്റിനേഷനും തനിച്ചുപോയി പഠിച്ച്, സൗകര്യങ്ങൾ നേരിട്ടൊരുക്കിയതിന് ശേഷം മാത്രമേ ഇപ്പോഴും ഒരു പുതിയ ടൂർ പ്ലാൻ ചെയ്യാറുള്ളൂ. വീട്ടിൽ പതിനഞ്ചു വയസ്സുള്ള മകനെ തനിച്ചാക്കിയാണ് ഇപ്പോഴുള്ള ഈ യാത്രകൾ. തനിച്ച് യാത്ര ചെയ്യാൻ ഭയപ്പെട്ടു നിന്നാൽ മുന്നോട്ടുള്ള ജീവിതം ദുഷ്കരമാകും.
ജീവിതഭാരം തനിയെ ചുമക്കേണ്ടി വരുന്ന, ഓരോ സ്ത്രീകളും, അവരുടെ കുട്ടികളുടെ മുഖം മനസ്സിൽ കണ്ടുകൊണ്ടാണല്ലോ, മുന്നോട്ടു പോകാനുള്ള ധൈര്യം സംഭരിക്കുന്നത്. ജോലിസംബന്ധമായി എല്ലാ യാത്രകളും ചെയ്യാൻ സാധിക്കുന്നത്, ഈ ചെറിയ പ്രായത്തിൽ മകൻ തരുന്ന പിന്തുണ കൊണ്ടാണ്. സർവേശ്വരൻ നൽകുന്ന പിന്തുണയെക്കുറിച്ചു, പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
ഗോവ, ഹൈദരാബാദ്, ഡൽഹി ആഗ്ര ജയ്പൂർ, കാശ്മീർ, മുംബൈ, ഔറംഗബാദ് തുടങ്ങിയ ഇടങ്ങളിലേക്ക് ഗ്രൂപ്പ് ടൂറുകൾ പതിവായി ചെയ്യുന്നത് കൂടാതെ, വിദേശ രാജ്യങ്ങളിലേക്ക് കസ്റ്റമൈസ്ഡ് ടൂറുകളും, ചെയ്തു വരുന്നുണ്ട്.
സ്റ്റാഫ് ടൂറുകൾ, അസോസിയേഷൻ ടൂറുകൾ, ഫാമിലി ടൂറുകൾ, ലേഡീസ് ടൂറുകൾ, തുടങ്ങി എല്ലാവിധ ടൂറുകളും ഫെർണാണ്ടസ് ഹോളിഡേസ് ഒരുക്കിനല്കുന്നുണ്ട്.
ഇതെഴുതുമ്പോൾ, ഞാൻ ഇപ്പോൾ ഔറംഗബാദിൽ ഒരു ടൂർ സംബന്ധമായ യാത്രയിലാണ്. അതും തനിച്ച്.. ഈ കഠിനാധ്വാനങ്ങൾ എല്ലാം തന്നെ മികച്ച അനുഭവങ്ങൾ കസ്റ്റമേഴ്സ്ന് നൽകുക, എന്ന ലക്ഷ്യത്തോടെയാണ്.
സ്വപ്നങ്ങൾക്ക് പുറകെ പോകാൻ തീരുമാനിച്ചപ്പോൾ, ഒരിക്കലും കരുതിയില്ല, ജീവിതത്തിൽ തനിച്ചാകുമെന്നു. ഇപ്പോൾ യാത്രകൾ ജീവിതോപാധികൂടിയാണ്. തനിച്ചുള്ള യാത്രകളിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരുമെങ്കിലും, സ്ത്രീയെന്ന നിലയിൽ വളരെ നല്ല പിന്തുണയാണ് നമ്മുടെ രാജ്യത്ത് ലഭിക്കുന്നത് എന്നാണ്, ഇതുവരെയുള്ള അനുഭവം. രാജ്യത്തിന്റെ ഉൾനാടുകളിലൂടെ, തനതായ നാടൻ ഭാഷ കേട്ട്, നാടൻ ഭക്ഷണം ആസ്വദിച്ച്, ഒരു പരിച്ചയവുമില്ലാത്ത, ഒരിക്കൽ മാത്രം നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടുന്ന, തനി നാടൻ മനുഷ്യരോട് കുശലം പറഞ്ഞ്, അങ്ങിനെ യാത്രകൾ ഇപ്പോഴും ഒരു ലഹരിയാണ്.. ഒരിക്കലും മടുക്കാനിടയില്ലാത്ത ലഹരി…
സീന ഫ്രാൻസിസിന് ഇനിയും കണ്ടു തീർക്കാൻ ഒരുപാടുണ്ട്… അത്രയും വിശാലമാണല്ലോ നമ്മുടെ സ്വന്തം ഭാരതം… സീനയുടെ യാത്രകൾ തുടരുകയാണ്…