ഒരിക്കൽ, ഒരു പുലർകാലത്തിലാണ് കാരൈക്കുടിയ്ക്ക് അടുത്തുള്ള നെമത്തൻപെട്ടിയിൽ ബസിറങ്ങുന്നത്. അവിടെ ഗോപിച്ചേട്ടൻ കാറുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുള്ള ചായക്കടയിൽനിന്നും ഒരു കപ്പ് ചായ കുടിച്ച്, ചെട്ടിനാട്ടിലെ പൈതൃകഗ്രാമമായ കാനാട്ടുകാത്താൻ ലക്ഷ്യമാക്കി കാർ മുന്നോട്ടു നീങ്ങി. പാരമ്പര്യത്തിന്റെ പ്രൗഢിയിൽ നീലാകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്ന ചെട്ടിനാട് മാളികകളുടെ പുറംകാഴ്ചകൾ കാറിൽനിന്നുതന്നെ കാണുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ മനോഹരമായൊരു വീട് കണ്ടപ്പോൾ, ഒരു ഫോട്ടോ എടുക്കാൻ വണ്ടി നിർത്താമോ എന്ന് ചോദിച്ച എന്നോട് ഗോപിച്ചേട്ടന്റെ മറുപടി “വിസ്മയകാഴ്ചകൾ ഇനിയുമുണ്ട്” എന്നായിരുന്നു. പത്തുമിനുറ്റ് നീണ്ടുനിന്ന യാത്രക്കൊടുവിൽ കൊട്ടാരസമാനമായ ഒരു മാളികക്ക് മുന്നിൽ വണ്ടി നിന്നു. 50000 ത്തോളം ചതുരശ്രയടി ചുറ്റളവിൽ നൂറിലധികം വർഷം പഴക്കത്തോടെ സ്ഥിതി ചെയ്യുന്ന ഈ ചെട്ടിനാട് മാളികയുടെ ചിത്രങ്ങൾ ബെന്നി കുര്യാക്കോസ് ആൻഡ് അസ്സോസിയേറ്റ്നു വേണ്ടി പകർത്തുന്നതിനായിട്ടാണ് ഞാൻ ഇവിടേക്ക് വന്നത്. കാനാട്ടുകാത്തൻ പാലസിനടുത്തുള്ള ഈ മാളികയുടെ, ബെന്നിസാർ പകർത്തിയിരുന്ന ചിത്രങ്ങളും, ചെറിയൊരു വിവരണവും ഓഫീസിൽ വെച്ചുതന്നെ എനിക്ക് ലഭിച്ചിരുന്നു. അതിനാൽ വീടിനെ കുറിച്ച് ഏകദേശ ചിത്രം ഞാൻ മനസ്സിൽ വരച്ചിട്ടിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നതിനു മുന്നോടിയായി കെയർടേക്കർ മുത്തുവണ്ണനൊപ്പം മാളിക മുഴുവനായൊന്ന് നടന്നുകണ്ടു. അതിനുതന്നെ മണിക്കൂറുകൾ ചിലവിട്ടു!. ജീവിതത്തിലാദ്യമായി ഒരു ചെട്ടിനാട് മാളിക കണ്ട എനിക്ക് ആ മാളികയിൽ മൂന്നു ദിവസം താമസിക്കാനുള്ള ഭാഗ്യവും അങ്ങനെയുണ്ടായിരിക്കുന്നു!. അവിസ്മരണീയമായിരുന്നു ആ ദിനങ്ങൾ. വിസ്മയകരമായ കാഴ്ചകളായിരുന്നു അവിടെ കണ്ടതെല്ലാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കൾക്കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീടിന്റെ അകം കാഴ്ചകൾ കാണേണ്ടത് തന്നെയാണ്.
മനോഹരമായ ആന്റിക് ഫർണിച്ചറുകൾ നിറഞ്ഞവയാണ് ചെട്ടിനാടിലെ മിക്കവീടുകളും. വീടിന്റെ മുകൾനിലയിൽ നിന്നും നോക്കിയാൽ ചെട്ടിനാട് ഓട് മേഞ്ഞ മാളികകളുടെ മേൽക്കൂരകാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. ചെട്ടിനാട്ടിലെ വീടുകളുടെ പൊതുസവിശേഷതയാണ് ഇത്തരത്തിലുള്ള പിച്ച്ഡ് മേൽക്കൂരകൾ. കനത്ത മഴയോ മഞ്ഞുവീഴ്ചയോയുള്ള പ്രദേശങ്ങളിൽ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒരു തരം മേൽക്കൂരയാണ് പിച്ച്ഡ് റൂഫ്. ചെട്ടിനാട്ടിൽ, മൺസൂൺമഴയിൽ നിന്ന് സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന മേൽക്കൂരകൾ സാധാരണയായി കളിമൺ ടൈലുകളോ ഓടോ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കാനാട്ടുകാത്താൻ, ആതൻകുടി തുടങ്ങി എഴുപതിലധികം വരുന്ന ഗ്രാമങ്ങൾ ഉൾകൊള്ളുന്ന ചെട്ടിനാട് ഭരിച്ചിരുന്നത് വ്യാപാരികളും പണക്കാരുമായിരുന്ന ചെട്ടിയാർമാരായിരുന്നു. ചെട്ടിയാരുടെ ഗംഭീരമായ ജീവിതശൈലി അവരുടെ വീടുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഞാൻ മനസ്സിലാക്കിയിടത്തോളം ചെട്ടിനാട് മാളികകളുടെ പര്യവേഷണത്തിനു ഏറ്റവും ഉചിതമായ ഗ്രാമമാണ് കാനാട്ടുകാത്താൻ. ഒരു തെരുവിൽനിന്നും മറ്റൊരു തെരുവിലേക്ക് നീണ്ടുകിടക്കുന്ന നിരവധിയായ മാളികകൾ നമുക്കിവിടെ കാണാം. എന്നാൽ ഇതിൽ പലതും ഇന്ന് ജീർണാവസ്ഥയിലാണ്. പലവീടുകളിലും ഉടമസ്ഥർ താമസിക്കുന്നില്ല; വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലുമായി അവർ ജീവിതം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കെയർടേക്കർമാരാണ് വീടുകൾ പരിപാലിക്കുന്നത്. ഇതിൽ അപൂർവ്വം ചില വീടുകൾ സന്ദർശകർക്കായി തുറന്നു വെച്ചിട്ടുണ്ട്. 50 രൂപ പ്രവേശനഫീസായി ഈടാക്കുന്നുമുണ്ട്. ഗോപിയണ്ണനൊപ്പമാണ് കാനാട്ടുകാത്താനിലെ മറ്റു വീടുകളും സദർശിച്ചത്. ഇരുപത്തഞ്ച് വർഷമായി കാരൈക്കുടിയിൽ താമസിക്കുന്ന അദ്ദേഹത്തിന് കാനാട്ടുകാത്താന്റെ മുക്കും മൂലയും ചിരപരിചിതമാണ്. എനിക്കത് വളരെയധികം സഹായകരമായിരുന്നു.
‘നാട്ടുകോട്ടകൾ’ എന്ന് വിളിക്കപ്പെട്ടിരുന്ന മഹത്തായ ഈ മാളികകൾ ഒരേക്കറോളം വരുന്ന സ്ഥലത്താണ് നിർമിച്ചിരിക്കുന്നത്. ഒന്നിലധികം നിലകളുള്ള ഈ മാളികകളുടെ പ്രവേശനകവാടങ്ങൾ ആകർഷണീയമാണ്. ആ കവാടങ്ങളിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മിയുടെയും, ഹിന്ദു പുരാണങ്ങളിലെ മറ്റു കഥാപാത്രങ്ങളുടെയും മനോഹരമായ ശില്പങ്ങൾ നമുക്കു കാണാം. ഇതിൽ പലതും പൊട്ടിപ്പൊളിഞ്ഞു ജീർണാവസ്ഥയിലാണ്. പ്രവേശനകവാടത്തിലൂടെ അകത്തേക്കു കടന്നാൽ കാണുന്ന ഭാഗമായ തിണൈ മനോഹരമായ കൊത്തുപണികളുള്ള തൂണുകളാൽ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രങ്ങൾ, മാളികകൾ തുടങ്ങിയ മഹത്തായ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ സാധാരണയായി ഉപയോഗിക്കുന്ന മനോഹരമായ കൊത്തുപണികളുള്ള വാതിലുകൾക്കും തൂണുകൾക്കും പേരുകേട്ടതാണ് ചെട്ടിനാട് വീട്. ഈ വീടുകളിലെ പ്രധാനവാതിലുകളിൽ സങ്കീർണമായ കൊത്തുപണികൾ കാണാം. അവ കൊത്തുളികൊണ്ട് കൊത്തിയെടുത്ത ശില്പിയുടെ കരവിരുതിനെ ഉദ്ഘോഷിക്കേണ്ടവ തന്നെയാണ്. ഹിന്ദുപുരാണങ്ങളിലെ കഥാസദർഭങ്ങളെയും കഥാപാത്രങ്ങളെയും നമുക്കവിടെ ദർശിക്കാം.
പ്രവേശനകവാടം തുറക്കുന്നത് വിശാലമായ നടുമുറ്റത്തിലേക്കാണ്. ഓരോ വീടുകൾക്കും ഒന്നിലധികം നടുമുറ്റങ്ങളുണ്ട്. ചുറ്റും ചെറിയ മുറികളാൽ ചുറ്റപ്പെട്ട ഈ തുറസ്സായ സ്ഥലങ്ങൾ വായു സഞ്ചാരത്തിന്റെയും വെളിച്ചത്തിന്റെയും ഉറവിടമായി വർത്തിക്കുന്നു. ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രധാനഭാഗമാണ് ഈ നടുമുറ്റങ്ങൾ. വായുസഞ്ചാരമുള്ള വിശാലമായ ഈ മുറ്റങ്ങൾ ഉത്സവങ്ങൾ, കല്യാണങ്ങൾ, ജനനം അല്ലെങ്കിൽ ശവസംസ്കാര ഒത്തുചേരലുകൾ എന്നിവയ്ക്കുള്ള സാമൂഹികകേന്ദ്രങ്ങളായി ഉപയോഗിച്ചു. ബർമീസ് തേക്കിൽ നിർമ്മിച്ച സങ്കീർണ്ണമായ കൊത്തുപണികളുള്ള തൂണുകളാൽ മുറ്റത്തെ താങ്ങിനിർത്തിയിരുന്നു. അവ കാണേണ്ട ഒരു കാഴ്ചയാണ്. മുട്ടയുടെ വെള്ള, ഷെൽ പൗഡർ, ചുണ്ണാമ്പുകല്ല് എന്നിവയുടെ മിശ്രിതം കൊണ്ട് ചുവരുകൾ പ്ലാസ്റ്റർ ചെയുന്ന അത്ഭുതകരമായ രീതിയും അവർക്കുണ്ടായിരുന്നു, ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇന്നുമത് ചുവരുകൾക്ക് അതുല്യമായ തിളക്കം നൽകുന്നുണ്ട്. മുറ്റത്തിന്റെ ചുറ്റുഭാഗമുള്ള തറ വർണങ്ങൾ നിറഞ്ഞ അതങ്ങുടി ടൈലുകൊണ്ടാണ് അലങ്കരിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ ഇറ്റാലിയൻ മാർബിളും ഉപയോഗിച്ചതായി കാണാം.
ചെട്ടിനാട് വീടുകളുടെ മറ്റൊരു പ്രധാന ആകർഷണമാണ് വിശാലമായ ഡൈനിങ് റൂം. കുടുംബാംഗങ്ങളുടെ എണ്ണം കൂടുതലുള്ളതിനാലാവാം ഇത്തരം ഡൈനിങ് ഏരിയകൾ നിർമിച്ചത്. ഇവക്കുചുറ്റും ചെറിയ മുറികൾ കാണാം. ഇതിൽ പലതും ഇന്ന് സ്റ്റോക്ക് റൂമായിട്ടാണ് ഉപയോഗിക്കുന്നത്. ഈ മുറികൾക് വലിയ ജാലകങ്ങളും കൊത്തുപണികൾ അടങ്ങിയ വാതിലുകളുമുണ്ട്. ഡൈനിങ് ഏരിയയുടെ ഒരുഭാഗം മുൻ വശത്തേക്കും മറുഭാഗം അടുക്കള ഭാഗത്തേക്കുമാണ് തുറക്കുന്നത്. സാധാരണ വീടുകളിൽനിന്ന് വ്യത്യസ്തമായി വലിയ അടുക്കളകളാണ് ചെട്ടിനാട് വീടുകൾക്കുള്ളത്. അടുക്കളയോട് ചേർന്ന് വലിയ നടുമുറ്റവുമുണ്ട്. വീട്ടിലെ സ്ത്രീകൾ ഇവിടെയായിരുന്നു സമയം ചെലവഴിച്ചിരുന്നത്. ഈ തുറന്ന നടുമുറ്റത്തിന്റെ ഒരറ്റത്തു ജലസംഭരണിയും കാണാം;മഴക്കാലത്ത് ജലം ശേഖരിക്കുന്നതിനായി ഇവ ഉപയോഗിച്ചു.
ഇൻഡോ യൂറോപ്യൻ വാസ്തു വിദ്യയുടെ സമന്വയമാണ് ചെട്ടിനാട് വീടുകൾ . എത്ര കണ്ടാലും പകർത്തിയാലും കൊതിതീരാത്തവ. കാനാട്ടുകാത്തനിൽ ചിലവഴിച്ച ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും വിജനമായ കൊട്ടാരസമാനമായ മാളികകൾ നിരന്നു നിൽക്കുന്ന ആ തെരുവിലൂടെ ക്യാമറയും തൂക്കി നടക്കാനിറങ്ങുമായിരുന്നു. നിരവധി മാളികകളുടെ പുറം കാഴ്ചകൾ ഈ സമയത്ത് എന്റെ ക്യാമറ ഒപ്പിയെടുത്തു. കാനാട്ടുകാത്താൻ പാലസിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പരിസരങ്ങളിലാണ് നടക്കാൻ പോയിരുന്നത്. തിരിച്ചു വരുമ്പോൾ കാനാട്ടുകാത്താൻ പാലസിന്റെ സമീപത്തുള്ള തടാകക്കരയിൽ ചെന്നിരിക്കും. ശാന്തമായ അന്തരീക്ഷം. വല്ലാത്തൊരു അനുഭൂതിയാണ് അവിടെ ലഭിച്ചിരുന്നത്. ഈ തടാകക്കരയിലാണ് ചിദംബരവിനായകർകോവിൽ സ്ഥിതിചെയ്യുന്നത്. കോവിലിൽ വർണാഭമായ ദേവവിഗ്രഹങ്ങളും, തൂണുകളിൽ മനോഹരമായ കൊത്തുപണികളുമുണ്ട്. കാനാട്ടുകാത്താനിൽ ചിലവിട്ട നിമിഷങ്ങൾ ഓർമയുടെ ഭൂപടത്തിൽ എന്നും തെളിഞ്ഞുനിൽക്കും .