
ഇടുക്കിയുടെ മലഞ്ചെരുവുകൾക്കിടയിൽ, ഒരു ചെറിയ ഗ്രാമമായ തങ്കമണിയിൽ നിന്നാണ് ഐസിയുടെ യാത്ര തുടങ്ങുന്നത്. പതിനൊന്നാം ക്ലാസ് പോലും പഠിക്കാതെയായിരുന്നു അവരുടെ വിദ്യാഭ്യാസം അവസാനിച്ചത്. എന്നാൽ അവർക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു സ്വന്തമായി എന്തെങ്കിലുമൊന്ന് ചെയ്യണം, ജീവിതത്തിൽ മുന്നേറണം.
2006-ൽ, ഭർത്താവ് ബൈജുവിന്റെ പ്രേരണയിൽ മലബാർ ഫുഡ്സ് എന്ന ബിസിനസിന്റെ വിത്ത് പാകിയത് ഐസിയുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിച്ചു. ഭർത്താവ് ഒരു ഷെഫായതുകൊണ്ടു ഭക്ഷണത്തിനുള്ള പരിജ്ഞനവും അവർക്കുണ്ടായിരുന്നു. കുടുംബത്തിനായി ഒരു കിടിലൻ സംരംഭം തുടങ്ങാനായിരുന്നു ആഗ്രഹം. ആദ്യം ചെറിയ തോതിൽ ഭക്ഷണ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു. എന്നാൽ ആരും അറിയാത്ത ഒരു ബ്രാൻഡിനെ വിപണിയിൽ പിടിപ്പിക്കുക എന്നത് അത്ര ലളിതമായിരുന്നില്ല. പക്ഷെ, ഐസി പിന്തിരിയാൻ തയ്യാറായിരുന്നില്ല. ഓരോ ഉൽപ്പന്നവും ഗുണമേന്മയിലും, രുചിയിലും, വിശ്വാസ്യതയിലും കഠിനമായ പരിശ്രമം കൊണ്ട് അവർ തയ്യാറാക്കി. നല്ലത് ഉണ്ടാക്കിയാൽ, അതിന്റെ മൂല്യം ഒരിക്കലെങ്കിലും ആളുകൾ തിരിച്ചറിയും, എന്നതായിരുന്നു അവരുടെ വിശ്വാസം.
ആദ്യ കാലത്ത് ഉൽപ്പന്നങ്ങൾ ആളുകൾക്ക് പരിചയപ്പെടാൻ സമയമെടുത്തു. വിപണിയിലെ മത്സരം കഠിനമായിരുന്നു. എന്നാൽ ഉയർന്ന നിലവാരത്തിലുള്ള മീറ്റ്, ഉണക്കിയെടുക്കുന്ന ഉൽപ്പന്നങ്ങൾ, പരിപാലന തികഞ്ഞ പാക്കേജിങ് എന്നിവയൊക്കെ മനസ്സിലാക്കിക്കൊണ്ട് അവർ തന്റെ ബ്രാൻഡിനെ വിപുലീകരിച്ചു. ഇന്ന്, കേരളത്തിലെ ലുലു, നെസ്റ്റോ പോലുള്ള വലിയ മാർക്കറ്റുകളിൽ വരെ അവളുടെ ഉൽപ്പന്നങ്ങൾ കടന്നുകയറാൻ കഴിഞ്ഞു. ഇടിയിറച്ചി (ചിക്കൻ, പോത്ത്, മീൻ), അച്ചാർ, ചമ്മന്തി പൊടി, കോവയ്ക്ക ഫ്രൈ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇന്ന് മലബാർ ഫുഡ്സ് നിർമ്മിക്കുന്നു. ബിസിനസ് ആരംഭിച്ചപ്പോൾ, ഇറച്ചിയുടെ വില 72 രൂപ ആയിരുന്നു, ഇന്ന് അത് 400 രൂപ വരെ എത്തി. അപ്പോൾ തന്നെ ഉൽപ്പാദനച്ചെലവ് പല ഇരട്ടിയാക്കി. അതിനുമേൽ, ഒരു കിലോ ഇടിയിറച്ചി ഉണ്ടാക്കാൻ നാലര കിലോ ഇറച്ചി ഉണക്കേണ്ടി വരും. ഇത്തരം പ്രതിസന്ധികളെ എല്ലാം മറികടന്നാണ് ഐസി ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേർന്നത്.
ഐസിയുടെ മലബാർ ഫുഡ്‌സിലേക്ക് ഉള്ള നിക്ഷേപം വലുതായിരുന്നു. സ്വത്തുക്കൾ എല്ലാം പണയം വച്ചിട്ടാണ് ഈ സംരംഭം മുന്നോട്ട് കൊണ്ടുപോയി. എന്നാൽ, കഠിനാദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കാതെ ഇരിക്കില്ല. മലബാർ ഫുഡ്സ് ഇന്ന് 15 സ്ഥിരം ജീവനക്കാരും ഡെയിലി വേജിൽ ആളുകളുമുള്ള വലിയ സംരംഭമായി മാറി. ഇന്ന്, തങ്കമണി, തിരുവല്ല ഇടിഞ്ഞില്ലം, കുളമാവ്, അങ്കമാലി എന്നിവിടങ്ങളിൽ ആയി അനേകം ബ്രാഞ്ചുകൾ ഉണ്ട്. 14 ജില്ലകളിലായി കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങണമെന്നതാണവരുടെ ലക്ഷ്യം. വിദേശത്തുനിന്നും പോലും ആളുകൾ മലബാർ ഫുഡ്സിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാണ്. ബാംഗളൂരിലേക്കും ഉൽപ്പന്നങ്ങൾ അയക്കുന്നു. വിദേശത്തേക്ക് യാത്ര ചെയ്യുന്നവരും, കൊറിയർ വഴി ഓർഡർ ചെയ്യുന്നവരും ആയിട്ടുള്ള ആവശ്യക്കാർ അനേകമാണ്.
നമ്മൾ എന്തിനും തുനിഞ്ഞിറങ്ങിയാൽ മാത്രമേ അതിന്റെ വിജയം കാണാൻ കഴിയൂ എന്നതാണ് ഐസിയുടെ കാഴ്ചപ്പാട്. താൻ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നിട്ടും ഇന്നിവിടെ എത്താൻ കഴിഞ്ഞു. അങ്ങനെ ആണെങ്കിൽ കഴിവുള്ളവർക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് ഐസി വിശ്വസിക്കുന്നു.
ഐസിയുടെ യാത്ര കഠിനാധ്വാനത്തിന്റെ, ആത്മവിശ്വാസത്തിന്റെ, വിജയത്തിനായുള്ള ഒരടയ്യാളമാണ്. ഇന്നവർ ഒരു വ്യവസായിയും സംരംഭകയും മാത്രമല്ല, മറ്റുള്ളവർക്കുള്ള ഒരു പ്രചോദനവുമാണ്.