
ഗോപിക മേനോൻ, എന്ന പെൺകുട്ടി ചെറുതായി ആരംഭിച്ച ഒരു യാത്ര ഇന്ന് Oishii Cakes എന്ന പേരിൽ ഒരു ബ്രാൻഡാകാനൊരുങ്ങുകയാണ്. വീട്ടിലെ എല്ലാവരും ആഗ്രഹിച്ചിരുന്നത് ഗോപികയെ ഒരു നഴ്സായി കാണാനായിരുന്നു. വീട്ടുകാരുടെ ആഗ്രഹം അനുസരിച്ച് നഴ്സിംഗ് പഠിച്ചു, രണ്ട് വർഷം ജോലി ചെയ്തു. എന്നാൽ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം. കലയെ പ്രണയിച്ചിരുന്ന ആ പെൺകുട്ടിക്ക് അതെ കലയിലൂടെ തന്നെ തന്റെ സ്വപ്നം സാക്ഷാത്കരിക്കണം എന്നത് ഒരു ആഗ്രഹമായി പതിഞ്ഞു.
ഒരു ചെറിയ ബേക്കിംഗ് വർക്ക്‌ഷോപ്പിന്റെ അകത്തേക്ക് കാൽവച്ചത് അത്രയെളുപ്പത്തിൽ തീരാത്ത ഒരു മോഹത്തിന്റെ തുടക്കമായി. നാട്ടിൻപുറത്തുള്ള ഒരു ഗ്രാമം. അവിടെയുള്ള കേക്കുകൾ മിക്കവാറും പഴയ രീതിയിലായിരുന്നു. എന്നാൽ ഗോപികക്ക് വേറിട്ട രീതിയിൽ ചെയ്യണം, പുതിയ ശൈലികൾ കേക്കിൽ പരീക്ഷിക്കണം, ഒരു വ്യത്യസ്തത ഉണ്ടാക്കണം ഈ ചിന്തകൾ അവരെ മുന്നോട്ട് നീക്കി.
വീട്ടിലെ അടുക്കളയിലായിരുന്നു തുടക്കം. ചെറിയ ഗ്യാസ് ഓവനിൽ ആദ്യത്തെ കേക്ക് ഉണ്ടാക്കിയായിരുന്നു തുടക്കം. തുടർന്നത് നിരവധി പരീക്ഷണങ്ങളും പഠനങ്ങളും, യൂട്യൂബ് വീഡിയോസ്, പരീക്ഷണങ്ങൾ എല്ലാം വഴികാട്ടിയായി. ഓരോ പ്രശ്നങ്ങളിൽ ഇടറിനിൽക്കുമ്പോഴും ഒരിക്കലും കൈവിടാതെ തന്റെ സ്വപ്നത്തെ മുറുകെ പിടിച്ചുകൊണ്ടേ ഇരുന്നു. ആദ്യ ബേക്കിംഗിന് വെറുമൊരു 5000 രൂപയായിരുന്നു നിക്ഷേപം. ഒരിക്കലും തിരിഞ്ഞുനോക്കാതെ, റിയിൻവെസ്റ്റ്മെന്റ് എന്ന വഴിയിലൂടെ ചെറുതായിരുന്നൊരു സംരംഭം പടിപടിയായി വളരാനാരംഭിച്ചു. യൂട്യൂബ് വിഡിയോകൾ കണ്ടും, സ്വന്തം അനുഭവങ്ങളിൽ നിന്നുമുള്ള പഠനത്തിലൂടെയും ഗോപിക ഒരുപിടി പുതിയ ആശയങ്ങൾ പരീക്ഷിച്ചു. ഫേസ് കാരക്റ്റർ പെയിന്റിങ്ങ് ഉള്ള കേക്കുകൾ ആദ്യമൊരുക്കി. നാട്ടുകാർക്ക് അതൊരു കൗതുകമായി.
മാർച്ച് മുതൽ ബിസിനസ് കുറയുന്ന സമയമാകുമ്പോഴും ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഊന്നിയാണ് മുന്നോട്ട് പോയത്. സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയി. ഇൻസ്റ്റാഗ്രാമിലൂടെയും, യൂട്യൂബ് ചാനലിലൂടെയും വലിയൊരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനായപ്പോൾ Oishii Cakes എന്ന പേര് കൂടുതൽ ആളുകളിലേക്ക് എത്തി. ഓരോ പേയ്‌ന്റിംഗും, ഓരോ ഡിസൈനും പുതുമയുള്ളതാക്കാൻ ഉള്ള ശ്രമം സഫലമാകുമ്പോൾ, അതിന്റെ ഫലമായി കുറഞ്ഞത് ഒരു മാസത്തിൽ ഒരു ലക്ഷം രൂപവരെ ലാഭം ഉണ്ടാക്കാൻ സാധിച്ചു.
എന്നാൽ, വഴിയിലങ്ങോട്ട് കടമ്പകൾ ധാരാളമായിരുന്നു. വീട്ടുകാർ ആദ്യം ഈ രംഗം ഒട്ടും അംഗീകരിച്ചിരുന്നില്ല. എന്നാൽ നഴ്സിംഗ് ജോലിയേക്കാൾ വലിയ വരുമാനം ഈ ബിസിനസ്സിൽ നിന്ന് ലഭിച്ചപ്പോഴേക്കും അവരുടെ കാഴ്ചപ്പാടുകൾ മാറി. അതിനോടൊപ്പം, സ്ത്രീയായതിന്റെ പരിധികൾ പലപ്പോഴും ഡെലിവറിയിൽ വെച്ച് നേരിട്ടു, ബഹുമാനം ഇല്ലാത്ത സമീപനം കാണിക്കുക തുടങ്ങിയവ ഇതൊക്കെ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, മനസ്സിനെ ഒന്നും ദുര്‍ബലമാക്കാനാകില്ലെന്ന് ഉറപ്പിച്ചു.
വിപണി വളരുമ്പോൾ ഒരു തീരുമാനമെടുത്തു, ഒരു പ്രൊഫഷണൽ സ്പേസ് വേണം. അങ്ങനെ ചെറുതായി തുടങ്ങിയത് ഇന്ന് ഒരു റെന്റൽ വീട്ടിൽ വന്ന് എത്തി. ഒരു റെന്റൽ ഒരു റെന്റൽ സ്പേസ് എടുത്ത് പ്രൊഫഷണലായി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 6 മാസം. നേരത്തെ Casari Events എന്ന പേരിൽ ഔട്ട്ഡോർ ഇവന്റുകൾ ഒരുക്കിയെങ്കിലും അതിനായി ആളുകളെ ലഭിക്കാത്തത് കൊണ്ട് താത്കാലികമായി നിർത്തിവെക്കേണ്ടി വന്നു.
ഇനി കണ്ണിൽ കാണുന്നത് ഒരു ലക്ഷ്യമാത്രം Oishii Cakes ഒരു ബിഗ് ബ്രാൻഡായി മാറണം. തൈകരത്തിൽ മാത്രം അല്ല, മറ്റു ജില്ലകളിലേക്കും ഇത് വിപുലീകരിക്കണം. ഇന്ന് Oishii Cakes എന്ന പേര് നാട്ടിൽ അറിയപ്പെടുന്നു, എന്നാൽ അതിന്റെ അതിരുകൾ കൂടിക്കഴിയേണ്ടതുണ്ട്.
കേക്കുകൾ വില കുറഞ്ഞതാക്കണമെന്ന ഉപഭോക്തൃ മനോഭാവം, ചിലപ്പോൾ വ്യവസായത്തിന്റെ ഗുണനിലവാരത്തെ തന്നെ ബാധിച്ചു. എന്നാൽ ഗോപിക ഒരിക്കലും അങ്ങനെയൊരു വഴി തേടിയില്ല. ഉൽപ്പന്നത്തിന്റെ മൂല്യം മനസ്സിലാക്കണം, അത് പോലുമില്ലെങ്കിൽ ഈ ബിസിനസ് മുമ്പോട്ടു പോകില്ല. വെറും 5000 രൂപയിൽ തുടങ്ങിയ ഒരു ബേക്കിംഗ് യാത്ര, ഇന്ന് ഒരു വ്യാപാരമൂല്യമുള്ള സംരംഭമായി വളർന്നുകഴിഞ്ഞു. ഇത് ഒരു അതിശയിപ്പിക്കുന്ന വിജയത്തിന്റെ തുടക്കം മാത്രമാണ്.