ജീവനുള്ള ഏത് ശരീരവും രോഗഗ്രസ്തമാകുമെന്ന് ആർക്കാണ് അറിയാൻ കഴിയാത്തത്. എന്നാൽ വലിയൊരു അളവിൽ നമുക്കതിനെ ചെറുത്ത് നിൽക്കാം. വ്യായാമം എന്ന ഒറ്റ മന്ത്രം കൊണ്ട്. നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലെ ജീവജാലങ്ങളിലേക്ക് വെറുതേ ഒന്ന് കണ്ണോടിച്ചാൽ കാണാം വ്യായാമത്തിന്റെ ബഹുസ്വരതകൾ . വളർത്തുമൃഗമായ പൂച്ചയും പശുവും നായയും കോഴിയും എല്ലാം ഉറക്കമുണർന്ന ഉടനെ വ്യായാമം ചെയ്യുന്നത് രസകരമായ ഒരു കാഴ്ചയാണ്. ആരാണ് വ്യായാമം ചെയ്യാൻ അവരോട് പറഞ്ഞിട്ടുള്ളത് ?.
സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറയുകയുണ്ടായി “നമുക്കാവശ്യം കാരിരിമ്പിന്റെ കരുത്തുള്ള ഓജസ്സും തേജസ്സുമുള്ള ഒരു തലമുറയാണ് വേണ്ടത് ” എന്ന്. കൃത്യതയാർന്ന വ്യായാമത്തിലൂടെ മാത്രമേ നമുക്ക് സ്വമാജി പറഞ്ഞ നേട്ടം കൈവരിക്കാൻ കഴിയൂ. ശരീരം കൊണ്ടുള്ള കസർത്ത് അല്ല വ്യായാമം . ദിവസം മുഴൂവനും ദിനചര്യകൾ ചെയ്യലുമല്ല. എല്ലാ ശരീര ഭാഗങ്ങളിലും ഊർജ്ജം പ്രധാനം ചെയ്യലാണ്. അത് ശാരീരികവും മാസീകവുമായ ഉന്മേഷത്തിലേക്ക് വ്യക്തിയെ നയിക്കും.
തടി കുറയ്ക്കാനായി നല്ല അളവിൽ പണം മുടക്കുന്ന പ്രബുദ്ധ മനുഷ്യൻ അറിയുന്നില്ല വ്യായാമമെന്ന നിത്യ ഔഷധത്തിന്റെ പ്രസക്തി. ആധുനിക മനുഷ്യന് രോഗങ്ങൾ വരുന്നത് അസമയത്തുള്ള പലതരത്തിലുമുള്ള ഭക്ഷണ ശീലങ്ങളും വിരുദ്ധ ആഹാരങ്ങളും ശീലിക്കപ്പെട്ടതു കൊണ്ടാണ്. കൃത്യമായ വ്യായാമം അത്തരത്തിലുള്ള തെറ്റായ ഭക്ഷണക്രമത്തിലേക്ക് മാനവനെ നയിക്കുകയില്ല. ജീവിതശൈലീ രോഗങ്ങൾ വരാതിരിക്കാൻ ഉറപ്പായും വ്യായാമം ചെയ്യേണ്ടതാണ്. ഒരേ ദിശയിൽ കറങ്ങുന്ന – പ്രവർത്തിക്കുന്ന ഒരു വസ്തുവിന് ആദിശയിൽ തേയ്മാനവും തുടർന്ന് വേദനയും, ബലക്ഷയവും വരുമ്പോൾ , വ്യായാമം ശരീരത്തിന്റെ എല്ലാ ഭാഗത്തെയും കൃത്യതയോടെ പ്രവർത്തിപ്പിച്ച് ഊർജ്ജo പ്രധാനം ചെയ്യുന്നു.
വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ :-
1. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.
2. അർബുദ സാധ്യതകൾ കുറയ്ക്കുന്നു.
3. അമിതഭാരം ശരീരത്തിന് ഉണ്ടാക്കാൻ അനുവദിക്കില്ല.
4. എന്നും ഉന്മേഷവദനത്തോടെ കാണപ്പെടും
5. നല്ല ഉറക്കം [ബുദ്ധിയുടെ വികാസത്തിന് 6-8 മണിക്കൂർ രാത്രി ഉറക്കം അത്യാവശ്യം]
6. ലൈംഗികാരോഗ്യം വർദ്ധിക്കുന്നു.
7. വിശപ്പ്, ദാഹം, ഭക്ഷണക്രമം എന്നിവ കൃത്യമായി പാലിക്കപ്പെടുന്നു.
അങ്ങനെ എണ്ണിയാൽ തീരാത്ത എത്രയോ ഗുണങ്ങൾ വ്യായാമത്തിനുണ്ട്.
പലർക്കുമുള്ള തെറ്റിദ്ധാരണ വ്യായാമത്തിന് പ്രായപരിധി ഉണ്ട് എന്നാണ്. അത് ശരിയല്ല. ഏത് പ്രായക്കാർക്കും തങ്ങൾക്കാകും വിധം വ്യായാമം ചെയ്യാം. ദൈനംദിന പ്രവർത്തി ആയതു കൊണ്ട് തന്നെ ആയുസ്സുള്ളിടത്തോളം കാലം അത് തുടരാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: –
1. വ്യായാമ സമയത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഭാരക്കുറവുള്ളതും ഇലാസ്റ്റ് സിറ്റി ഉള്ളതുമാകണം
2. കാലിന് നല്ല സപ്പോർട്ട് നൽകുന്ന ഷൂസുകൾ വ്യായാമം ആനന്ദകരമാക്കും.
3. ഭക്ഷണത്തിന് മുമ്പോ കഴിച്ച് അര മണിക്കൂർ കഴിഞ്ഞോ മാത്രമേ വ്യായാമം ചെയ്യാവൂ.
4. അസമയത്തുള്ള ഭക്ഷണം അമിതമായ മദ്യ ഉപയോഗം തുടങ്ങിയവ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
എളുപ്പത്തിന് വേണ്ടി മാർക്കറ്റിൽ ലഭ്യമാകുന്ന മരുന്നുകൾ /ചില പ്രത്യേക തരം ജൂസുകൾ വാങ്ങി ഉപയോഗിക്കുന്നവർ അറിയുന്നില്ല; മാരകമായ അതിന്റെ പാർശ്വ ഫലത്തെപറ്റി. വ്യായാമം എന്നാൽ ഒരു മാജിക്കൽ റിയാക്ഷനല്ല. ഏതെങ്കിലും ഒരു സ്ഥാപനത്തിൽ പോയി ചെയ്യേണ്ടതാണെന്ന ധാരണയുമല്ല . സ്ഥാപനങ്ങളിൽ പോയി ചെയ്യുമ്പോൾ നല്ല ഒരു ദിനചര്യയായി അത് മാറും. ക്രമേണ അതൊരു ടീം വർക്കായി തീരുകയും ഒറ്റയ്ക്ക് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന അലസത ,മടുപ്പ് എന്നെന്നേക്കുമായി ഇല്ലാതാവുകയും ചെയ്യും. വ്യായാമം ഒരു സ്പോട്സ്മാൻ സ്പിരിറ്റായി മാറണം. അവിടെ ഉണ്ടാകുന്ന സൗഹൃദങ്ങൾ ആരോഗ്യകരമായി നിലനിൽക്കും. തിരുത്താനും തിരുത്തപ്പെടാനും അതുപകരിക്കും.