നമ്മുടെ ഫേസ്ബുക്കും ഇൻസ്റ്റ റീലുകളും എല്ലാം വെറുതെ ഓടിച്ചു നോക്കുമ്പോൾ പലതരത്തിലുള്ള അടാർ ഐറ്റംസ് ഉണ്ടാക്കുന്ന ഈ ചങ്ങാതിയെ കാണാൻ കഴിയും, ഇദ്ദേഹത്തെ അറിയാത്തവർ വളരെ ചുരുക്കം ആവും. പെരുമ്പാവൂർകാരനായ തൗഫീക്കും അദ്ദേഹത്തിന്റെ ചാനൽ ആയ ജിബിനാസ് കഫെ സ്ട്രീറ്റിനും അത്രമേൽ ജനശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട് കഴിഞ്ഞ ഏതാനം വർഷങ്ങളായിട്ട്.
ജിബിനാസ് കഫെ സ്ട്രീറ്റ് എന്ന പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഉള്ള സംശയം ആണ് ആരാണ് ജിബിന എന്നുള്ളത്, ആള് സ്വന്തം ഭാര്യ തന്നെയാണെന്ന് തൗഫീഖ് പറയുന്നു. മൂന്ന് കൊല്ലം മുന്നേ ഭാര്യ ജിബിന തുടങ്ങിയ യൂ ട്യൂബ് ചാനൽ ആണ് ഇന്ന് തൗഫീഖിന്റെയും ജിബിനയുടെയും ജീവിതം തന്നെ മാറ്റി മറിച്ചത്. കോളേജിൽ പഠിക്കുമ്പോൾ സ്നേഹിച്ച് വിവാഹം കഴിച്ച ഇരുവരുടെ ഇഷ്ടങ്ങളും ഒരുപോലെ ആയതു തന്നെയാണ് ഇവരുടെ വൻ വിജയത്തിന് പിന്നിലും.
ഡിഗ്രി പഠനം കഴിഞ്ഞതിന് ശേഷം ആറ് കൊല്ലത്തോളം ദുബൈയിൽ ജോലി ചെയ്ത് നാട്ടിൽ എത്തിയ തൗഫീഖ് ജിബിനയെ വിവാഹം ചെയ്യുകയും ശേഷം നാട്ടിൽ സ്ഥിര താമസം ആക്കാൻ തീരുമാനിക്കുകയും ആയിരുന്നു. അതിന് വേണ്ടി ഒരു പ്ലൈ വുഡ് പീലിങ്ങ് കമ്പനി കൂട്ടുകാരന്റെ കൂടെ പാർട്ട്ണർഷിപ്പിൽ തുടങ്ങി എങ്കിലും അതികം മുന്നോട്ട് കൊണ്ട് പോവാൻ കഴിഞ്ഞില്ല. ശേഷം വീണ്ടും മറ്റൊരു പീലിങ്ങ് കമ്പനി തുടങ്ങി, ഈ പ്രാവശ്യം വില്ലൻ ആയി എത്തിയത് കൊറോണ ആയിരുന്നു. വൈകാതെ കൊറോണ മൂർച്ഛിച്ചു കമ്പനി പൂട്ടി വീട്ടിലിരുപ്പായി. കേക്ക് ബേക്കിങ്ങ് വീഡിയോകൾ ചെയ്യുന്നതിന് വേണ്ടി ജിബിന തുടങ്ങിയ ചാനൽ ആയിരുന്നു ഗിബിനാസ് കഫെ സ്ട്രീറ്റ് , വീഡിയോകൾ എടുത്ത് കൊടുത്തിരുന്നത് തൗഫീക്കും. ഒരു ദിവസം വീഡിയോ എടുക്കുമ്പോൾ ഭാര്യ പറയുകയുണ്ടായി വീഡിയോയിലേക്ക് വേണ്ടി ഒരു വോയിസ് ഓവർ നൽകി നോക്കാൻ. ആദ്യമെല്ലാം മടിച്ചെങ്കിലും തൗഫീഖ് അത് ചെയ്തു നോക്കി. വളരെ വ്യത്യസ്തമായ അവതരണ ശൈലി കണ്ട് ഇഷ്ടപ്പെട്ട ഭാര്യയുടെ പ്രോത്സാഹനം ഒന്ന് കൊണ്ട് മാത്രം ആ വീഡിയോ തൗഫീഖ് അപ്ലോഡ് ചെയ്യാൻ നിർബന്ധിതനാവുകയും, വളരെ നല്ല പ്രതികരണം കാണികളിൽ നിന്നും ലഭിക്കുകയും ചെയ്തു . അതൊരു പ്രചോദനം ആയതോടെ കൂടുതൽ വീഡിയോകൾ സ്വന്തം വോയിസ് ഓവർ നൽകി തൗഫീഖ് ചെയ്തു, എല്ലാ വീഡിയോകളും തന്നെ അമ്പരപ്പിച്ചുകൊണ്ട് 1മില്യൺ അപ്പുറം റീച്ച് കിട്ടുകയും വൈറൽ ആവുകയും ചെയ്തു.
എട്ട് വീഡിയോകളോളം ഇങ്ങനെ ചെയ്തതിനു ശേഷം തന്റെ മുഖം കൂടി കാണിച്ചുകൊണ്ട് വീഡിയോകൾ ചെയ്യാൻ തൗഫീഖ് തീരുമാനിച്ചു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഇതുവരെയും. നല്ല പ്രതികരണങ്ങളോടെ ജിബിനാസ് കഫെ സ്ട്രീറ്റ് എന്ന തൗഫീഖിന്റെ ചാനൽ വ്യത്യസ്തതകൾ കൊണ്ട് ജനങ്ങളുടെ ഇടയിൽ തരംഗമായി മാറി.
ഇപ്പോൾ ഒരു മില്ല്യണിൽ അധികം സബ്സ്ക്രൈബർസ് ഉണ്ട് ജിബിനാസ് കഫെ സ്ട്രീറ്റിന് , കൂടാതെ നല്ലൊരു വരുമാനവും ലഭിക്കുന്നുണ്ടെന്ന് തൗഫീഖ് പറയുന്നു. അതുകൊണ്ട് തന്നെ കൊറോണക്ക് ശേഷം കമ്പനിയും മറ്റും കൂട്ടുകാരെ ഏൽപ്പിച്ച് സ്വന്തം ഷെയർ ഒഴിഞ്ഞു തൗഫീഖ് ഈ ഒരു മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
കുക്കിങ്ങ് വീഡിയോകളിൽ ഉള്ള വിഭവങ്ങൾ പലതും ആളുകൾക്ക് രുചിച്ചു നോക്കണം എന്നുള്ള അഭിപ്രായങ്ങൾ കാണികളിൽ നിന്നും വന്നപ്പോൾ പെരുമ്പാവൂരിൽ തന്റെ വീടിനടുത്തു മുടിക്കൽ എന്ന സ്ഥലത്ത് ജിബിനാസ് കഫെ സ്ട്രീറ്റ് എന്ന പേരിൽ ഒരു റെസ്റ്റോറന്റും തൗഫീഖ് തുടങ്ങി. പ്രമുഖരായ മൂന്ന് വ്ലോഗ്ഗർമാരുടെ കൂടെ പാർട്ണർഷിപ്പിൽ ട്രിപ്പൊളി ഹോളിഡേയ്സ് എന്ന ഒരു ട്രാവൽ കമ്പനിയുടെ ഡയറക്ടർ കൂടിയാണ് തൗഫീഖ് ഇപ്പോൾ. തന്റെ വീഡിയോകൾ കാണുന്ന കാണികളുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രം ആണ് തനിക്ക് ഇങ്ങനെ ഒരു വളർച്ച കൈവരിക്കാൻ കഴിഞ്ഞതെന്ന് പറഞ്ഞ് കൊണ്ട് വ്യത്യസ്തമായ അടാർ ഐറ്റങ്ങളുടെ ഒരു ശ്രേണി തന്നെ തന്റെ ചാനലിലൂടെയും സ്ഥാപനത്തിലൂടെയും മുന്നിലേക്കെത്തിക്കാൻ ഉള്ള തിരക്കിലാണ് തൗഫീഖ്.