നിശ്ചയദാർഢ്യത്തിൻ്റെ മറുപേരാണ് ഗീത. അതുകൊണ്ടുതന്നെ അവരെ അറിയുമ്പോൾ സംശയമേതുമില്ലാതെ വിളിക്കാം സൂപ്പർ വുമൺ എന്ന്. കാഴ്ചയില്ലായ്മയുടെ പരിമിതിക്കിടയിലും വിശാലമായ ലോകത്തേക്ക് ധൈര്യപൂർവ്വം ഇറങ്ങിച്ചെന്ന് സ്ത്രീകൾക്കെല്ലാം മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ഗീത .
നിശ്ചയദാർഢ്യo മതി പ്രതിസന്ധികളെ മറികടക്കാൻ എന്ന് കാണിച്ചുതന്ന ഒത്തിരി പേരുടെ കഥകൾ നാം കേട്ടിട്ടുണ്ടാകും .ഗീതയുടെ കഥയും അത്തരത്തിൽ ഒന്നാണ് .
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്
മനോഹരമായ വർണ്ണങ്ങളെല്ലാം പൊടുന്നനെ ഇല്ലാതായപ്പോൾ തളർന്നിരിക്കാൻ അവർ തയ്യാറായിരുന്നില്ല. ആരും മടിക്കുന്ന സംരംഭകത്വം എന്ന മേഖലയിലായിരുന്നു ഗീത ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയത്. മുന്നിലുള്ള വഴി അത്ര എളുപ്പമായിരുന്നില്ല .എന്നാൽ തിരിച്ചടികളിൽ പതറാതെ അതിൽ നിന്നും പാഠം ഉൾക്കൊണ്ട് അവർ തുടങ്ങിയ സംരംഭം ഇന്ന് നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. ഗീത എത്തിപ്പിടിച്ച നേട്ടത്തിന്റെ വലിപ്പം മനസ്സിലാവുക അപ്പോഴാണ്.
പാലക്കാട് പനമണ്ണയ്ക്ക് അടുത്ത് അമ്പലവട്ടം ഉണ്ണികൃഷ്ണന്റെയും രാധയുടെയും മൂന്നു മക്കളിൽ മൂത്ത ആളായിരുന്നു ഗീത .എല്ലാവരെയും പോലെ കാഴ്ചയുടെ വസന്തം എട്ടാം ക്ലാസ് വരെ ഗീതയ്ക്കും സ്വന്തമായിരുന്നു .പക്ഷേ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എത്തിയ രോഗം ഗീതയുടെ കാഴ്ചകവർന്നെടുക്കുകയായിരുന്നു .രണ്ട് സഹോദരന്മാർക്കും ഇതേ രോഗം ബാധിച്ചെങ്കിലും അവർക്ക് സ്വന്തം കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുണ്ടായിരുന്നില്ല.തിരിച്ചടികളിൽ തളരാതെ പഠനം മുന്നോട്ടു കൊണ്ടു പോയ ഗീത എസ്എസ്എൽസി പരീക്ഷ പാസായി .ഇതിനിടയ്ക്ക് എട്ടുമാസത്തോളം അധ്വാനിച്ച് ബ്രെയിൽ ലിപിയും പഠിച്ചെടുത്തു .പ്ലസ് ടു പാസായ ശേഷം കേരളവ൪മയിൽ പൊളിറ്റിക്കൽ സയൻസ് എടുത്ത് ബിരുദ പഠനത്തിന് ചേർന്നു .അവിടെ വെച്ചാണ് സീനിയർ വിദ്യാർത്ഥി സലീഷുമായി പരിചയപ്പെടുന്നത് .സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയപ്പോൾ വീട്ടുകാരുടെ ചെറിയ എതിർപ്പുകളെ മറികടന്ന് പഠനത്തിനുശേഷം ഇരുവരും വിവാഹിതരായി .പിന്നീട് അങ്ങോട്ടുള്ള ജീവിതയാത്രയിൽ സലീഷിന്റെ പിന്തുണ വലിയ ഉയരങ്ങൾ കീഴടക്കാൻ ഗീതയ്ക്ക് പ്രചോദനമായി .
മനസ്സുണ്ടായി, മാർഗ്ഗവും
കാഴ്ചയില്ലാത്തവർക്ക് സമൂഹത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ബോധം പൊതുവേ യുണ്ട് .ഇതിനെ തിരുത്തണമെന്ന ലക്ഷ്യമിട്ടാണ് ആദ്യ സംരംഭത്തിന് ഗീത തുടക്കം കുറിക്കുന്നത് . പഠിക്കുമ്പോൾ തന്നെ സ്വന്തമായി ഒരു ജോലി നേടണം എന്നതും അതിലൂടെ വരുമാനം കണ്ടെത്തണം എന്നതും അവരുടെ ആഗ്രഹമായിരുന്നു .എന്നാൽ വിവാഹം കഴിഞ്ഞ് കുടുംബിനിയുടെ റോൾ ഏറ്റെടുത്തതോടെ സ്വപ്നങ്ങളെ തൽക്കാലത്തേക്ക് എങ്കിലും കോൾഡ് സ്റ്റോറേജിൽ ആക്കേണ്ടി വന്നു .
വിജയിക്കാൻ എളുപ്പ വഴികളില്ല
പിന്നീട് 2011ലാണ് പഴയ സ്വപ്നത്തെ ഗീത വീണ്ടും പൊടിതട്ടിയെടുക്കുന്നത് .തൃശ്ശൂരിൽ ജൈവ ഉത്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച ഭക്ഷ്യവസ്തുക്കൾ വിളമ്പുന്ന റസ്റ്റോറന്റ് ആയിരുന്നു അവർ തുടക്കം കുറിച്ചത് .ആളുകൾക്ക് രുചിയും ആരോഗ്യകരവുമുള്ള ഭക്ഷണം നൽകുക എന്നതായിരുന്നു ലക്ഷ്യം .വ്യവസായ സംരംഭം നടത്തി ഒരു പരിചയവും ഇല്ലാതെയായിരുന്നു ഫ്ലോറ എന്ന പേരിലുള്ള റസ്റ്റോറന്റിലേക്ക് ചുവടുവെച്ചത് .മൂലധനം പൂർണമായും സ്വന്തം നിലയിൽ കണ്ടെത്തിയായിരുന്നു റസ്റ്റോറൻറ് തുടങ്ങിയത് .എന്നാൽ കന്നിസംരംഭത്തിന് രണ്ടുവർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .റസ്റ്റോറൻറ് നിന്നിരുന്ന കെട്ടിടം പൊളിച്ചതോടെ ഫ്ലോറയ്ക്കും താഴ് വീണു .ഒരുപാട് സാമ്പത്തിക നഷ്ടവും ഉണ്ടായി .അത് ഗീതയ്ക്ക് ഒരു പാഠമായിരുന്നു .മുന്നൊരുക്കവും കൃത്യമായ പ്ലാനിങ്ങും ഇല്ലാതെ സംരംഭകത്വത്തിലേക്ക് ഇറങ്ങിയാൽ കൈ പൊള്ളും എന്ന പാഠം .ആദ്യ സംരംഭത്തിലെ തിരിച്ചടിയിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിച്ചു വർഷങ്ങൾക്കുശേഷം ഗീത പുതിയ ആശയവുമായി വന്നു .ഇക്കുറി വിജയത്തിൻറെ മധുരം നുണയാൻ കഴിഞ്ഞു .
വിജയം സുനിശ്ചിതമെങ്കിൽ കാണുന്നതെല്ലാം വഴികളാണ്
ഫ്ലോറ എന്ന പേരിലെ റസ്റ്റോറൻറ് പരാജയപ്പെട്ട ശേഷം വിവിധ ജോലികൾ ഗീത ചെയ്തു .കോഴികളെയും കാടകളെയും വളർത്തി .വെന്ത വെളിച്ചെണ്ണ ഉണ്ടാക്കിയും വിവിധ പൊടികൾ വീട്ടിൽ നിർമ്മിച്ചുമെല്ലാം ചെറു സംരംഭങ്ങൾ തുടങ്ങി .പശുവിൻ പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കി വിൽപ്പന നടത്തി .മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ ഉപയോഗിച്ച് ഏറെ പോഷകഗുണമുള്ള കുർക്കുമീൽ എന്ന ഫുഡ് പ്രോഡക്റ്റ് നിർമ്മിച്ചതിലൂടെയാണ് ഗീത നേട്ടം കൊയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ചിൽ നിന്ന് ലഭിച്ച മഞ്ഞൾ ഉപയോഗിച്ച് 50 സെന്റിലാണ് അവർ കൃഷി തുടങ്ങിയത് . കു൪ക്കുമിൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഇത് വിപുലപ്പെടുത്താൻ തീരുമാനിച്ചു .കരാർ കൃഷിയിലൂടെ ആവശ്യത്തിനു മഞ്ഞൾ സംഭരിക്കുകയായിരുന്നു ലക്ഷ്യം .ഇതിനായി 54 ഏക്കർ ഭൂമി പാട്ടത്തിന് എടുത്ത് മഞ്ഞൾ കൃഷി നടത്തി .മുന്നൂറിലേറെ കർഷകരും സംരംഭത്തിന് പിന്തുണയേകി .കേരളത്തിൽ പ്രതിഭ മഞ്ഞൾ ഇനം കൃഷി ചെയ്യാൻ ഉള്ള ലൈസൻസ് ലഭിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് ഗീത .കു൪ക്കുമിൻ ഉപയോഗിച്ച് വ്യത്യസ്ത ഉൽപ്പന്നങ്ങൾ നിർമ്മിച്ച ഗീതയെ തേടി നിരവധി പുരസ്കാരങ്ങൾ എത്തി. കേന്ദ്രസർക്കാറിന്റെ അംഗീകാരവും ഇതിൽ ഉൾപ്പെടുന്നു .
കുന്നോളമുണ്ട് സ്വപ്നങ്ങൾ
ഗീതയുടെ ഉൾക്കണ്ണിൽ തെളിഞ്ഞ സ്വപ്നങ്ങളിൽ എത്താൻ ഇനിയും ഏറെ സഞ്ചരിക്കണം. ഗീതാസ് ഹോം ടു ഹോമിലൂടെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മികച്ച ഉത്പന്നങ്ങൾ പുറത്തിറക്കണമെന്നതാണ് പ്രധാന സ്വപ്നം .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഉൾപ്പെടെ ഗീതയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ് .അതിൻറെ വിപണി ഒന്നുകൂടി വിപുലപ്പെടുത്തുകയാണ് അടുത്ത ചുവട് .കാഴ്ചയില്ലാത്തവർക്ക് ഒന്നും സാധ്യമല്ലെന്ന് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റി നല്ലൊരു സംരംഭകയായി വളരണം എന്നും കൂടാതെ ഒരുപാട് പേർക്ക് ജോലി നൽകണം എന്നുള്ളതുമാണ് ആഗ്രഹം .