ആയുർവേദ ചികിത്സാ രംഗത്ത് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഡോക്ട൪ ദിവാകരൻ അരനൂറ്റാണ്ട് പിന്നിടുകയാണ്. കരിയറിലെ വളർച്ചയെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുന്നു.
1974 ൽ ആണ് ആയുർവേദ ചികിത്സാ മേഖലയിൽ ഡോക്ട൪ ദിവാകര൯ ഒരു കരിയർ തുടങ്ങുന്നത്. ഇതേ വർഷം തന്നെയാണ് പന്തീരാങ്കാവിൽ ഒരു സ്ഥാപനം തുടങ്ങുന്നതും. അന്ന് വാഹന സർവീസുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടുതൽ പേരും അന്ന് യാത്രക്കായി ആശ്രയിച്ചിരുന്നത് സൈക്കിളുകളെയാണ്. ദുഷ്കരമായ മഴക്കാലങ്ങളിൽ വെള്ളപ്പൊക്കം വെല്ലുവിളിയായിട്ടുണ്ട്. അങ്ങനെ ഒരു കാലഘട്ടത്തിലാണ് ഗോശ്രീ ഫാർമസി എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുന്നത്. പിതാവിന് ഒരു ഫാർമസി ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണം എന്നുള്ളത് പിതാവി൯റെ നിർബന്ധമായിരുന്നു.
ആ കാലത്ത് ദിവാകരനെന്ന ആയുർവേദ ഡോക്ടറും സമീപത്ത് എം പി എസ് കുറുപ്പെന്ന അലോപ്പതി ഡോക്ടറും മാത്രമായിരുന്നു വൈദ്യ മേഖലയിൽ പ്രദേശത്ത് അറിയപ്പെട്ടിരുന്നവർ .
ഇരുവർക്കും ഒരു ചായ പോലും കുടിക്കാൻ കഴിയാത്ത അത്രയും തിരക്കേറിയ ഒരു പ്രൊഫഷണൽ ജീവിതം ആയിരുന്നു.
അച്ഛന്റെ പിൻഗാമി എന്ന നിലയിൽ കൂടുതൽ മതിപ്പ് ഡോക്ട൪ ദിവാകരന് ലഭിച്ചിരുന്നു.പണ്ട് കിടത്തി ചികിത്സ പോലുള്ളവയ്ക്ക് സ്ഥാപനത്തിൽ സൗകര്യമില്ലാത്തതിനാൽ വീടുകളിൽ എത്തിയായിരുന്നു ഉഴിച്ചിൽ പിഴിച്ചിൽ എന്നിവ ചെയ്തിരുന്നത്. മരുന്നുണ്ടാക്കലും മറ്റും സഹോദരിമാർ ആയിരുന്നു ചെയ്തിരുന്നത്. കോളേജ് കഴിഞ്ഞു വന്നാൽ വൈകുന്നേരങ്ങളിൽ മരുന്ന് ഉണ്ടാക്കാനായി അവർ സമയം കണ്ടെത്തുമായിരുന്നു. റോഡുകൾക്ക് വികസനം വന്നപ്പോൾ 75-76 കാലഘട്ടത്തിൽ സൈക്കിളിൽ നിന്നും പുരോഗമിച്ച് യാത്ര ബൈക്കിലേക്ക് മാറ്റി. ബൈക്കിന്റെ നമ്പർ പ്ലേറ്റിനു താഴെയായി ഗോശ്രീ എന്ന സ്ഥാപനത്തിന്റെ പേര് ചുവന്ന മഷിയിൽ എഴുതി വെച്ചിരുന്നു. അപൂർവമായി കേൾക്കാറുള്ള ബൈക്കിന്റെ ശബ്ദം ശ്രദ്ധിക്കുന്നവരൊക്കെയും ഈ നമ്പർ പ്ലേറ്റും ശ്രദ്ധിക്കാൻ തുടങ്ങി, അങ്ങനെ ആളുകൾക്കിടയിൽ ഗോശ്രീ എന്ന പേരും വീണു. ഇപ്പോഴും പലർക്കും അറിയില്ല പേര് ദിവാകരൻ എന്നാണെന്ന്. ഗോശ്രീ എന്ന പേരിൽ തന്നെയാണ് ഇന്നും ഇദ്ദേഹം അറിയപ്പെടുന്നത് . ഇപ്പോൾ 50 വർഷമായി ഈ മേഖലയിൽ സേവനമനുഷ്ഠിക്കുന്നു.
രണ്ടു വർഷത്തിനുശേഷം അച്ഛ൯ മരിച്ചു. ശേഷം അച്ഛന്റെ സ്ഥാപനം ആളെ വച്ചുനോക്കി നടത്തിപ്പോന്നു. കൂടാതെ കോയമ്പത്തൂർ ഫാർമസി എന്ന മരുന്ന് ഷാപ്പിന്റെ ഏജൻസിയും ഏറ്റെടുത്തു, ദിവാകര൯ ഡോക്ടറിന്റെ സ്ഥാപനം ഉൾപ്പെടെ ആകെ മൊത്തം 3 സ്ഥാപനം നടത്തിക്കൊണ്ടു പോകവേ 1981ൽ അദ്ദേഹത്തിന് ഗവൺമെന്റ് ജോലി ലഭിച്ചു. പിന്നീട് സ്ഥാപനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ സാധിക്കാതെ വന്നു . പല ജില്ലകളിലായി ജോലികൾ ചെയ്തു ശേഷം സ്വന്തം ജില്ലയായ കോഴിക്കോട് എരഞ്ഞിപ്പാലം ഇ എസ് ഐ ഹോസ്പിറ്റലിൽ ജോലിക്കായി പ്രവേശിച്ചതോടെ സ്ഥാപനം സ്റ്റാഫിനെ നിർത്തി കൂടുതൽ ശ്രദ്ധിക്കാനും, ഒരു വാടക വീട് തരപ്പെടുത്തി അവിടെ കൺസൾട്ടിംഗ് നടത്താനും ആരംഭിച്ചു. കൺസൾട്ടിംഗ് റൂമും, ട്രീറ്റ്മെന്റ് റൂമും ഒക്കെയായി സ്ഥാപനം നവീകരിച്ചു. അന്നു നവീകരിച്ച ഗോശ്രീ സ്ഥാപനം തന്നെയാണ് ഇന്ന് കാണുന്ന വൈദ്യരത്നം ഔഷധശാലയായി പന്തീരാങ്കാവ് നിലനിൽക്കുന്നത് .
എല്ലാവിധ ചികിത്സകളും ചെയ്യാറുണ്ട്. എന്നാൽ രക്തവാതം പോലുള്ള ചികിത്സയിലാണ് കൂടുതൽ വൈദഗ്ധ്യം നേടിയത്-അശുദ്ധ രക്തം അട്ടയെ കൊണ്ട് കടിപ്പിച്ച് എടുത്തു കളയുക തുടങ്ങി ആയുർവേദത്തിന്റെ തനതായ പഴയ ചികിത്സാ രീതികൾ ഇന്നും ചെയ്തു വരുന്നു.രക്ത മോശം, വമനം പോലുള്ളവയ്ക്ക് ആയുർവേദത്തിന്റേതായ തനതു ചികിത്സാരീതികൾ ഉണ്ട്, ഇവയെല്ലാം തന്റേതായ രീതിയിൽ ചെയ്തിട്ടുമുണ്ടെന്ന് ഡോക്ട൪ പറയുന്നു. എന്നാൽ ഇന്നിവ പ്രചാരത്തിൽ കാണുന്നത് കുറവാണ്. രക്തവാതം പോലുള്ള രോഗം അതിന്റെ ഏത് ഘട്ടത്തിൽ ആണെങ്കിലും കൃത്യമായ ചികിത്സയിലൂടെ സുഖപ്പെടുത്താൻ സാധിക്കും എന്ന ആത്മവിശ്വാസം ഇന്നും തനിക്കുണ്ടെന്ന് ഡോക്ട൪ പറയുന്നു.
ഇന്നും പലരും ആയുർവേദം പഠിക്കുന്നുണ്ട്. എന്നാൽ ജോലി സാധ്യത ആയുർവേദത്തിൽ കുറഞ്ഞു വരികയാണ്. പഠിച്ചുകഴിഞ്ഞു ഗവൺമെന്റ് സർവീസിൽ കയറുന്നവർക്കേ ഇന്ന് ഭാവിയുള്ളൂ എന്ന അവസ്ഥയാണ്. പാരമ്പര്യം ഉള്ളവർക്ക് കുറച്ചെങ്കിലും ആ ഒരു പേരിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നു. ഗവൺമെന്റ് ആയുർവേദ കോളേജുകളിൽ പോലും ഇന്ന് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ് . ഈ മേഖലയുടെ ശോചനീയാവസ്ഥയുടെ സൂചന തന്നെയാണിത്.
ആയുർവേദം ലോകോത്തര നിലവാരമുള്ള ചികിത്സയാണെന്നും , ഡൽഹിയിലും ലണ്ടനിലും ഒക്കെ ഇന്നും കീർത്തിയുള്ള ഒന്നാണെന്നുമൊക്കെ പരക്കെ ധാരണകൾ ഉണ്ടെങ്കിലും , അവിടെയൊക്കെ ചെയ്യുന്ന പല ചികിത്സകളും വെറും സുഖചികിത്സകളാണ്. ഒരു രോഗ ചികിത്സ എന്ന നിലയിൽ ആയുർവേദം വേണ്ടവിധം മതിക്കപ്പെടുന്നില്ല.ഇന്നും പല ആയുർവേദ കോളേജുകളിലും പഠിപ്പിക്കുന്നത് നാലാം നൂറ്റാണ്ടിലെയും ആറാം നൂറ്റാണ്ടിലെയും പുസ്തകങ്ങളിലെ സാരാംശങ്ങൾ തന്നെയാണ്. അടിസ്ഥാന തത്വങ്ങളിൽ ഊന്നിയ ആയുർവേദം അന്നും ഇന്നും ഒരുപോലെ സുരക്ഷിതമാണ്.അലോപ്പതി ആയുർവേദത്തെ ഇടിച്ചുതാഴ്ത്തുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട്.
അച്ഛൻ ഈ മേഖലയിൽ ആയിരുന്നതിനാൽ ചെറുപ്പം മുതലേ ഈ ഒരു മേഖലയോട് ആത്മബന്ധം ഉണ്ടായിരുന്നു. എസ് എസ് എൽ സി കഴിഞ്ഞ ഉടനെ അച്ഛൻ കോട്ടയ്ക്കലിലെ പി.കെ വാര്യരുടെ അടുത്ത് എന്റെ മകന് ഒരു സീറ്റ് വേണം എന്ന് പറഞ്ഞ് സമീപിച്ചിരുന്നു. അന്ന് കേരളത്തിൽ തന്നെ നാല് ആയുർവേദ കോളേജുകളേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്നായിരുന്നു കോട്ടക്കൽ. കോട്ടയ്ക്കലിൽ തന്നെ അഡ്മിഷൻ കിട്ടി പഠനം പൂർത്തിയാക്കി പുറത്തിറങ്ങി. സ്വന്തമായി സ്ഥാപനവും തുടങ്ങി അതായിരുന്നു ഗോശ്രീ.
അലോപ്പതിയിൽ രോഗകാരണം പുറമേ നിന്നുള്ള ബാക്ടീരിയ വൈറസ് പോലുള്ളവയാണെങ്കിൽ, ആയുർവേദത്തിൽ അങ്ങനെയല്ല. ജീവിതശൈലിയിൽ നിന്നും ഉണ്ടാകുന്നവയും, മറ്റു ചിലത് നമ്മുടെ ശരീരത്തിൽതന്നെയുള്ളവയുമാണ്. ചികിത്സയും വ്യത്യസ്തം തന്നെ. നമ്മുടെ ഭാഷയിൽ പറയുകയാണെങ്കിൽ രോഗിയിൽ കാണുന്ന ദോഷ കോപത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി ചികിത്സയിലും മാറ്റം വരും. രോഗത്തിന്റെ പേര് പറഞ്ഞുള്ള ചികിത്സയല്ല മറിച്ച് രോഗ ലക്ഷണവും രോഗിയും ആണ് ചികിത്സയിലെ പ്രഥമ പരിഗണനക്കാർ.
ടെക്നോളജിയിലെ വികാസം കൂടുതൽ ഉപയോഗപ്പെടുത്തുന്നതും ഉപകാരപ്രദമാകുന്നതും അലോപ്പതിയിൽ ആയതിനാൽ കൂടുതൽ പേരും അലോപ്പതിയെ ആശ്രയിക്കുന്നു എന്ന് മാത്രം.അലോപ്പതി പ്രചാരത്തിൽ ആവുന്നതിനു മുൻപ് ആദ്യകാലങ്ങളിൽ ആയുർവേദത്തെ തന്നെയാണ് കൂടുതൽ പേരും ആശ്രയിച്ചിരുന്നത്. കൂടുതൽ പാർശ്വഫലങ്ങൾ ഇല്ല എന്നതാണ് ഇതിന്റെ കാരണം.
തൊലിപ്പുറത്തുള്ള രോഗങ്ങൾക്ക് പൂർണ്ണ പരിഹാരമായി ഇന്നും പലരും സമീപിക്കുന്നത് ആയുർവേദത്തെയാണ്. ആയുർവേദത്തിൽ ചികിത്സയിൽ ഒരിക്കൽ മാറിയാൽ പിന്നെ തിരിച്ചു വരില്ല എന്ന പ്രത്യേകതയും ഉണ്ട്.
ആയുർവേദത്തിൽ പ്രത്യേക ചിട്ടവട്ടങ്ങൾ പരാമർശിക്കുന്നില്ല.എന്നാൽ ചില മരുന്നുകൾ കഴിക്കുമ്പോൾ , ചില രോഗങ്ങൾക്ക് പഥ്യം അനിവാര്യമാണ്.ആയുർവേദത്തിൽ മത്സ്യം, മാംസം, മദ്യം പോലുള്ളവ കഴിക്കാൻ വിലക്കുകൾ ഒന്നുമില്ല. ചില അവസരങ്ങളിൽ ഇവ ഒരു മരുന്നു കൂടിയാണ്. നിർദ്ദേശാനുസരണം സേവിക്കുക നിർദ്ദേശാനുസരണം വർജിക്കുകയും ചെയ്യുക.
ആയുർവേദത്തിൽ ഗുണങ്ങൾ ഏറെയുണ്ട് എന്നാൽ ദോഷങ്ങൾ ഒന്നും തന്നെ ഇല്ലെന്നു തന്നെ പറയാം. ആയുർവേദത്തിന് അതിന്റേതായ ചില പരിമിതികളുണ്ട് എന്നു പറയുന്നതും ശരിയാണ് .
ഉദാ : ഒരു കുരു വന്നാൽ ആയുർവേദത്തിൽ അവ പഴുപ്പിച്ചു പൊട്ടിക്കുന്നു. അതിന് അതിന്റെതായ സമയം ആവശ്യമാണ്.എന്നാൽ അലോപ്പതിയിൽ അവ കീറി മരുന്ന് വെക്കുന്നു എളുപ്പം പരിഹാരം ലഭിക്കുന്നു. ഇതുപോലെയുള്ള പരിമിതികൾ ധാരാളമുണ്ട് ആയുർവേദത്തിന് . ഇതൊന്നും ദോഷമായി കണക്കാക്കാൻ സാധിക്കില്ല. ഇവയെല്ലാം പരിമിതികൾ മാത്രമാണ്.
വെരിക്കോസ് വെയിൻ പോലുള്ളവയ്ക്ക് അലോപ്പതി ലേസർ ട്രീറ്റ്മെന്റ് പോലുള്ളവ നൽകിവരുന്നു. ഒരിക്കൽ വന്നാൽ തുടരെത്തുടരെ വരാൻ സാധ്യതയുള്ള ഒന്നാണിത്. ആയുർവേദത്തിൽ അട്ടയെ കൊണ്ട് കടിപ്പിച്ച് രക്തം എടുത്തു കളയുന്നത് വഴി ഇതിന് എളുപ്പം ശമനം ലഭിക്കുന്നു. എളുപ്പം സാധ്യമാകുന്ന ഒരു ചികിത്സാരീതിയാണിത്.
ആയുർവേദം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് പച്ചമരുന്ന് ചെടികളുടെ ലഭ്യത കുറവ്. തൊടിയിലും പറമ്പിലും സുലഭമായി ലഭ്യമായിരുന്ന ഔഷധസസ്യങ്ങൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. പലതിനും വംശനാശം വരെ സംഭവിച്ചിരിക്കുന്നു. പുറമേയുള്ള പല കമ്പനികളും ഇന്ന് ഹെർബൽ ഗാർഡൻസ് വളർത്തി ഔഷധസസ്യങ്ങൾ നട്ടു പിടിപ്പിക്കുന്നു. എന്നിട്ട് അവരുടെ ഉൽപ്പന്നങ്ങൾക്കായി അവർ തന്നെ ഉപയോഗിക്കുന്ന രീതിയാണ് ഇന്ന് വ്യാപകമായി കാണാൻ സാധിക്കുന്നത്. ഇതൊക്കെ ആയുർവേദം നേരിടുന്ന പ്രതിസന്ധി തന്നെയാണ്.
ഗവൺമെന്റ് ഇന്ന് ആയുർവേദത്തെ കൂടുതൽ പിന്തുണയ്ക്കുന്നുണ്ട് . ചികിത്സ സൗകര്യവും, മരുന്നിന്റെ ലഭ്യത തുടങ്ങി പലതും സൗജന്യമായും കുറഞ്ഞ നിരക്കിലും ഗവൺമെന്റ് നൽകി വരുന്നുണ്ട്.
കൂടുതൽ പേരും അലോപ്പതി ചികിത്സയിൽ മാറാത്ത രോഗങ്ങളുമായി ആയുർവേദത്തെ സമീപിക്കുന്നുണ്ട്.
കർക്കിടക മാസം ഏത് ചികിത്സ നൽകിയാലും എളുപ്പം ഏൽക്കുന്നു. രോഗപ്രതിരോധശേഷി കൂടുന്നു. കർക്കടക ചികിത്സ ഇന്നത്തെ കാലത്ത് ഒരു ബിസിനസ് ആയി മാറിയിരിക്കുന്നു. എല്ലാത്തിനെയും ശരിയായ വശങ്ങൾ അറിഞ്ഞു അതിനെ സമീപിക്കുക ഡോക്ട൪ പറയുന്നു.