മായനാട് എയുപി സ്കൂൾ വർഷങ്ങളായി സാമൂഹിക പ്രതിബന്ധമായ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇപ്പോൾ പ്ലാസ്റ്റിക്കിന് പുനർജന്മം എന്ന പേരിൽ മായനാട് സ്കൂൾ വിദ്യാർത്ഥികൾ ഹെഡ്മാസ്റ്റർ അനൂപ് പിസി പാലത്തിന്റെ നേതൃത്വത്തിൽ വിപ്ലവകരമായ ഒരു പദ്ധതിക്ക് കൂടി തുടക്കമിടുകയാണ്. ഈ വർഷം 7500 ചതുരശ്ര അടിയിലേറെയുള്ള ഏതാണ്ട് 600 പേർക്ക് ഇരിക്കാവുന്ന ഒരു സ്കൂൾ ഓഡിറ്റോറിയം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സ്കൂൾ സജീവമായി മുന്നോട്ട് പോകുന്നതിനിടയിലാണ്, അതുമായി ബന്ധപ്പെട്ട് മറ്റൊരാവശ്യത്തിന് സ്കൂൾ അധികൃതർ ഓറിയോൺ പൊളിമേഴ്സ്നെ സമീപിക്കുന്നത്. പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക്, റിസൈക്കിൾ ചെയ്ത് ഓട്, ബ്രിക്ക് തുടങ്ങിയ ബിൽഡിംഗ് മെറ്റീരിയലുകൾ നിർമ്മിക്കാം എന്ന ആശയം അവരിൽ നിന്നും മനസ്സിലാക്കുകയായിരുന്നു….
എങ്കിൽ സ്കൂളിൽ റൂഫിന് ഷീറ്റിന് പകരം എന്തുകൊണ്ട് ഈ രീതിയിൽ നിർമ്മിച്ച ഓട് ഉപയോഗിച്ചു കൂടാ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു….
ഇതിനായി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം ആവശ്യമാണ് എന്ന വസ്തുതയാണ് മുന്നിൽ ഉണ്ടായിരുന്ന വെല്ലുവിളി. അങ്ങനെയാണ് ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ നിന്നും മാലിന്യം ശേഖരിക്കാം എന്ന ആശയത്തിൽ എത്തുന്നത്. കലോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ഈ ദിവസങ്ങളിൽ കുട്ടികൾ കലോത്സവ വേദിയിൽ നിന്നും 10 ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്.
ശേഖരിച്ച പ്ലാസ്റ്റിക് റൂഫിംഗിന് മതിയാകാതെ വരും എന്നുള്ളത് കൊണ്ട് അടുത്ത ഘട്ടമായി ഓറിയോണുമായി ചേർന്ന് സ്കൂളുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാം എന്നു തീരുമാനിക്കുകയായിരുന്നു. ഇതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഉള്ള പദ്ധതിക്ക് വകുപ്പ് തല അനുമതിയും നേടിയെടുത്തു. ആദ്യഘട്ടമായി 75 സ്കൂളുകളിൽ നിന്നാണ് പ്ലാസ്റ്റിക് ശേഖരണം നടപ്പിലാക്കുന്നത്.
പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗ സാധ്യതയെ കുറിച്ച് കുട്ടികൾക്ക് ഇടയിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂൾ ഈ പദ്ധതി നടപ്പിലാക്കുന്നത്. അനൂപ് മാസ്റ്ററുടെ വാക്കുകളിൽ പറഞ്ഞാൽ ഉപയോഗ സാധ്യത ഇല്ല എന്ന തോന്നലാണ് ആളുകളെ പ്ലാസ്റ്റിക് വലിച്ചെറിയാൻ പ്രേരിപ്പിക്കുന്നത്, അതൊരു അസംസ്കൃത വസ്തുവാണ് എന്നും അതിൽ നിന്നും പുനർനിർമ്മാണം സാധ്യമാണ് എന്നും സമൂഹത്തിന് അവബോധം ഉണ്ടായാൽ ഒരു പരിധി വരെ നമുക്ക് ഈ മാലിന്യം വലിച്ചെറിയൽ നിയന്ത്രണത്തിലാക്കാനാകും.
2020 ൽ കോവിഡ് കാലത്ത് അസുഖബാധിതരായ, നിർധനരായ രക്ഷിതാക്കൾക്ക് ടീച്ചേഴ്സിന്റെയും പിടിഎ യുടെയും സഹകരണത്തിൽ ചികിൽസാ സഹായവും, ഭക്ഷ്യ കിറ്റും 100 നടുത്തു കുടുംബങ്ങൾക്ക് എത്തിക്കാൻ സ്കൂളിന് കഴിഞ്ഞു.
കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി “സ്പെഷ്യൽ കെയർ സെന്റർ” എന്ന പേരിൽ സ്പീച്ച്,ഫിസിയോ തെറാപ്പി സെൻ്റർ എന്ന വലിയൊരു പ്രൊജക്ടും സ്കൂളിന്റെ നേതൃത്വത്തിൽ വിജയകരമായി കഴിഞ്ഞ വർഷങ്ങളിലായി പൂർത്തീകരിച്ചു. ഇന്ന് സ്കൂളിന് ലഭിക്കുന്ന ജനപിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ അധ്യയന വർഷങ്ങളിൽ ഉണ്ടായ ഗണ്യമായ വളർച്ചയാണ്. ഇന്ന് 800 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പൊതുസേവന പ്രവർത്തനത്തിൽ എന്നപോലെ ഇൻഫ്രാസ്ട്രക്ചറിലും പഠന നിലവാരത്തിലും മായനാട് എയുപി സ്കൂൾ മുന്നിൽ തന്നെ തുടരുന്നു.
പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചറിയുന്നവർക്കിടയിൽ അവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഇവിടുത്തെ വിദ്യാർത്ഥികളും അവരെ വാർത്തെടുക്കുന്ന അധ്യാപകരും, സ്കൂൾ വികസന സമിതിയും , ഒന്നിച്ച് നിർമ്മിക്കാൻ ഒരുങ്ങുന്ന ഓഡിറ്റോറിയവും സമൂഹം അറിഞ്ഞിരിക്കേണ്ട വാർപ്പ് മാതൃകകളാണ്.