കേരള – യുഎഇ സെക്ടറിൽ ചാർട്ടേഡ് യാത്ര – ചരക്ക് കപ്പൽ സർവീസിന് പ്രതീക്ഷിച്ചതിലും അപ്പുറം കേന്ദ്ര – സംസ്ഥാന സർക്കാർ, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരിൽനിന്നും ജന പിന്തുണയും സ്വീകാര്യതയും ലഭിക്കുന്നത്. ആഘോഷ – അവധി വേളകളിൽ വിമാന കമ്പനികൾ വർഷങ്ങളായി യാതൊരു ന്യായീകരണമോ, നീതികരണമോ ഇല്ലാതെ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രവാസികളുടെ ( പ്രത്യേകിച്ച് യുഎഇ -:കേരള സെക്ടറിൽ) നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ പ്രതിസന്ധിയിലായി. വർഷംതോറും വർദ്ധനവിന്റെ വ്യാപ്തി വർദ്ധിക്കുന്നത് മൂലം ബന്ധുക്കളുടെ മരണം, കുറഞ്ഞ ചിലവിൽ ചികിത്സ തുടങ്ങിയ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് പോലും സാധാരണക്കാരായ പ്രവാസികൾക്ക് വിമാനക്കൂലി താങ്ങാവുന്നതിലും അപ്പുറമായി. ഈ സാഹചര്യത്തിലാണ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ കേരള – യുഎഇ കപ്പൽ സർവീസ് ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് 2019ൽ നിവേദനം സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തുറമുഖ സെക്രട്ടറി ബേപ്പൂർ പോർട്ട് അധികാരികൾ, മറ്റു തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് ബേപ്പൂർ പോർട്ട് ഓഫീസിൽ യോഗം ചേർന്നു. യോഗ തീരുമാനപ്രകാരം ബേപ്പൂർ – യുഎഇ സെക്ടറിൽ കപ്പൽ സർവീസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഗോവയിൽ നിന്ന് ഉൾപ്പെടെ കപ്പൽ കമ്പനികൾ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചു. കോവിഡ് മൂലവും, ചില തത്പര കക്ഷികളുടെ ഇടപെടൽ മൂലം സർവീസ് തുടങ്ങാൻ കഴിഞ്ഞില്ല. 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് അപകടം മൂലം വലിയ വിമാന സർവീസ് നിർത്തലാക്കി. അതിനും മുൻപ് താരതമ്യേന കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് 90ലധികം വിദേശരാജ്യങ്ങളിലേക്ക് കണക്ടിവിറ്റി ഉള്ള ശ്രീലങ്കൻ എയർലൈൻസ് കോഴിക്കോട് നിന്ന് നിർത്തലാക്കിയിരുന്നു. ഇതുമൂലം യാത്രക്കാർക്ക് മാത്രമല്ല കാർഗോ കയറ്റുമതിക്കും ഇറക്കുമതിക്കും ചെറിയ വിമാനത്തിൽ സ്ഥലമില്ലാത്തതിനാൽ കോഴിക്കോട് വഴിയുള്ള കാർഗോ കയറ്റുമതി പ്രതിസന്ധിയിലായി. വലിയ വിമാന സർവീസ് പുനരാരംഭിക്കണം എന്നും, കാർഗോ കയറ്റുമതിക്ക് പ്രത്യേക വിമാനം അഭ്യർത്ഥിച്ചും ദില്ലിയിൽ വ്യോമയാന മന്ത്രി, ഡിജിസിഎ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാന്മാർ, ശ്രീലങ്ക, ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളിലെ വിമാന കമ്പനികളെ സമീപിച്ചു എങ്കിലും അനുകൂലനടപടി ലഭിച്ചില്ല. 10 വർഷം മുൻപുള്ള സീറ്റുകൾ മാത്രമാണ് ഇപ്പോഴും ബൈ ലാട്രൽ എഗ്രിമെന്റ് പ്രകാരം ഉള്ളത്. കോഴിക്കോടേക്കുള്ള സീറ്റുകൾ സമീപ വിമാനത്താവളങ്ങളിലേക്ക് മാറ്റിയതായി അവർ അറിയിച്ചു.
ഭാരത സർക്കാർ കൂടുതൽ സീറ്റുകൾ അനുവദിക്കുകയാണെങ്കിൽ ആവശ്യാനുസരണം കോഴിക്കോടേക്ക് സർവീസുകൾ നടത്താൻ തയ്യാറാണെന്ന് എല്ലാ വിമാന കമ്പനികളും ഏക സ്വരത്തിൽ അറിയിച്ചു.
എം വി ആർ ക്യാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണന്റെ ഇടപെടൽ മൂലം ആഴ്ചയിൽ മൂന്നുദിവസം ദുബായ് – തിരുവനന്തപുരം സെക്ടറിൽ ഫ്ലൈ ദുബായ് സർവീസ് കോഴിക്കോടേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നത് മാത്രമാണ് ആ യാത്ര കൊണ്ട് ഉണ്ടായ ഏക നേട്ടം. കോവിഡിനു ശേഷം ദേശീയ – അന്തർദേശീയ വിമാനയാത്രക്കാരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇതു വീണ്ടും ഒരു അവസരമാക്കി വിമാന കമ്പനികൾ സാധാരണ യാത്രക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള നിരക്ക് പതിന്മടങ്ങായി ഉയർത്തി.
ഈ സാഹചര്യത്തിലാണ് 2023 ൽ വീണ്ടും കപ്പൽ സർവീസ് എന്ന ആവശ്യവുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി, മന്ത്രിസഭാംഗങ്ങൾ, ചീഫ് സെക്രട്ടറി, നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ എന്നിവർക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ നിവേദനം സമർപ്പിച്ചത്. ഉടൻതന്നെ പ്രത്യേക താല്പര്യം എടുത്ത് മുഖ്യമന്ത്രി തുറമുഖ വകുപ്പിന് നിർദ്ദേശം നൽകി. തുടർന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ കോഴിക്കോട്, കായംകുളം, തിരുവനന്തപുരം, എന്നിവിടങ്ങളിൽ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളും ആയി യോഗം ചേർന്ന് കപ്പൽ സർവീസിന്റെ സാധ്യത മനസ്സിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ മലബാർ ഡെവ്മെന്റ് കൗൺസിൽ ഭാരവാഹികളെ ചുമതലപ്പെടുത്തി.
2021 ഓഗസ്റ്റ് 1ന് എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ജോബ് കൊള്ളന്നൂർ, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ അന്നത്തെ ഉയർന്ന നിരക്ക് നൽകി ഫ്ലൈ ദുബായ് എയർലൈൻസിൽ ദുബായിൽ എത്തി. എയർപോർട്ടിൽ നിന്ന് യുഎഇ കോഡിനേറ്റർ ശ്രീ സി എ ബ്യൂട്ടി പ്രസാദ്, റാഫി ഫ്ലോറ എന്നിവരൊത്ത് മുൻപ് രണ്ടു തവണ കേരളത്തിലേക്ക് കപ്പൽ സർവീസ് നടത്തി യാത്രക്കാരെ എത്തിച്ച അൽത്താവി കമ്പനി ജനറൽ മാനേജർ ഡോക്ടർ എം. പി. അബ്ദുൽ കരീമുമായി കൂടിക്കാഴ്ച നടത്തി. സ്ട്രാജജി തയ്യാറാക്കി പടിപടിയായി ബന്ധപ്പെട്ടവരെ എല്ലാവരെയും കണ്ട് സാധ്യത മനസ്സിലാക്കി. അന്നുതന്നെ വൈകിട്ട് റേഡിയോ ഏഷ്യ 94.7 എഫ്. എം. ബിഗ് ഡി ബെറ്റിൽ പ്രവാസി സംഘടനാ പ്രതിനിധികൾ പങ്കെടുത്ത വരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വിശദീകരണം നൽകി. ചർച്ചയിൽ പങ്കെടുത്തവരെല്ലാം കപ്പൽ സർവീസ് പദ്ധതിക്ക് പരിപൂർണ്ണ പിന്തുണയും, എത്രയും വേഗം ആരംഭിക്കണമെന്നുംആവശ്യപ്പെട്ടു. തുടർന്നുള്ള നാല് ദിവസം യുഎഇയിലും മറ്റുമുള്ള വിവിധ പ്രവാസി സംഘടനകൾ, വ്യക്തികൾ എന്നിവരുടെ ആശങ്കയും, സംശയങ്ങളും തീർക്കാൻ കഴിഞ്ഞതും, അതിനുശേഷം അവരുടെ പരിപൂർണ്ണ പിന്തുണ കപ്പൽ സർവീസിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി. കേരളത്തിലെയും ദുബായിലെയും മാധ്യമങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ ഏറെ ഗുണകരമായി. കലക്ഷനും ഡെലിവറിയും തുറമുഖ വഴിയായി പരിമിതപ്പെടുത്തി റെയിൽവേയുടെ മാതൃകയിൽ പാർസൽ സർവീസ്, കൊറിയർ സർവീസ് ആരംഭിച്ചാൽ ചുരുങ്ങിയ നിരക്കിൽ യാത്രടിക്കറ്റും, കൂടുതൽ ലഗേജും കൊണ്ടുപോകാനാവും.
2023 ഓഗസ്റ്റ് അഞ്ചാം തീയതി ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ യുഎഇ പ്രവിശ്യയിലുള്ള പ്രമുഖ സംഘടനകളുടെ പ്രതിനിധികളും പ്രത്യേകം ക്ഷണിതാക്കളും പങ്കെടുത്തതും, രണ്ടു മണിക്കൂർ നീണ്ട ചർച്ച യോഗം കപ്പൽ സർവീസ് ആരംഭിക്കുന്നതിന് എം ഡി സിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചു.
വിമാന കമ്പനികളുടെ അമിതനിരക്ക് നിയന്ത്രിക്കണമെന്ന് അഭ്യർത്ഥിച്ച് കൗൺസിൽ ബഹു പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, ഡിജിസിഎ എന്നിവർക്ക് സമർപ്പിച്ച നിവേദനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചു. വിമാന കമ്പനികളുടെ റീസണബിൾ ആയിട്ടുള്ള നിരക്ക് വർദ്ധനയിൽ ഇടപെടാൻ ആവില്ല എന്നായിരുന്നു മറുപടി. എന്നാൽ വർദ്ധനവ് റീസണബിൾ അല്ല എന്നതാണല്ലോ വസ്തുത. ഉദാഹരണമായി2024ഏപ്രിൽ 22ന് ദുബായിലേക്ക് പോണ്ട യാത്രക്കാരൻ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ 70315 ടിക്കറ്റ് നിരക്ക് നൽകി കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് ആണ് പോയത്.ഈ സാഹചര്യത്തിൽ യാത്ര കപ്പൽ അല്ലാതെ സാധാരണക്കാരുടെ പോക്കുവരവിന് മറ്റൊരു പോംവഴി ഇല്ല എന്ന് മനസ്സിലാക്കിയ പ്രതിനിധി സംഘം പഠന റിപ്പോർട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ബഹുമാനപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും സമർപ്പിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ യുമായി സഹകരിച്ച് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ലോകസഭ, രാജ്യസഭ അംഗങ്ങൾ ഒപ്പിട്ട നിവേദനം കേന്ദ്ര തുറമുഖ – ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാളിനും, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഡൽഹിയിൽ സമർപ്പിച്ചു. 2023 ജൂൺ 5ന് മദ്രാസ് – ശ്രീലങ്ക സെക്ടറിൽ ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ എം. വി. എംപ്രസ്സ് കേന്ദ്രമന്ത്രി സർബനന്ദ് സോണോ വാൾ ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്രം നേരിട്ട് കപ്പൽ സർവീസ് ആരംഭിച്ചതും കേരളത്തിൽ യാത്ര- ചരക്കുക കപ്പൽ സർവീസിന് ഊർജ്ജം നൽകും .
മുംബൈയിൽ നടന്ന ആഗോള മാരിടൈം ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുത്ത ബഹു സംസ്ഥാന തുറമുഖ – ഗതാഗത മന്ത്രിമാരും, മാരിടൈം ബോർഡ്,നോർക്ക ഉന്നത ഉദ്യോഗസ്ഥരും യാത്ര – ചരക്ക് കപ്പൽ സർവീസിന് കേന്ദ്രസർക്കാരിന്റെ അനുമതിയും പിന്തുണയും നേടിയെടുത്തു. വിദേശ യാത്ര- ചരക്കുകപ്പൽ അടുക്കാനുള്ള ഇന്റർനാഷണൽ പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐ എസ് പി എസ് ) തുറമുഖത്തിന് ലഭിച്ചു.പിന്നീട് കേരള സർക്കാരിന്റെ ചടുലമായ നീക്കം കപ്പൽ സർവീസ് ആരംഭിക്കാൻ ടെൻഡർ വിളിച്ചു. അതിനിടയിൽ മാരിടൈം ബോർഡിന്റെയും, എം ഡി സി യുടെയും താല്പര്യപ്രകാരം ദുബായിലെ അൽതാവി കമ്പനി 2023 ഡിസംബർ 20ന് ദുബായിലെ അൽ റിഷാദ് തുറമുഖത്തുനിന്നും പുറപ്പെട്ട് 23ന് കേരളത്തിൽ എത്തുന്ന രീതിയിൽ ആഡംബര യാത്ര ചരക്ക് – കപ്പൽ ഷെഡ്യൂൾ ചെയ്തു കേരള സർക്കാരിന് സമർപ്പിച്ചു.
നവ കേരള സദസ്സ് മൂലവും ടെൻഡർ നടപടി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ആരംഭിക്കാൻ കഴിഞ്ഞില്ല. 2023 നവംബർ 25ന് നവ കേരള സദസ്സിൽ ഓണ അവധി സീസണിന് മുൻപായി കപ്പൽ സർവീസ് ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് കൗൺസിൽ നിവേദനം നൽകി. അതിനുശേഷം തുറമുഖ വകുപ്പിന്റെ ചുമതല സർക്കാർ സഹകരണ വകുപ്പ് മന്ത്രി കൂടിയായ വി എൻ വാസവന് നൽകി. 2024 റിപ്പബ്ലിക് ദിനത്തിൽ എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണിയും, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പനും കപ്പൽ സർവീസ് ആരംഭിക്കണമെന്ന് പുതുതായി ചുമതലയേറ്റ മന്ത്രി ശ്രീ വാസവന്റെ ശ്രദ്ധയിൽപ്പെടുത്തി.
മെയ് 8 9 തീയതികളിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂ മിന്നൽ സമരം മൂലം ദൂരവ്യാപകമായ വിമാന ദുരിതം യാത്ര കപ്പൽ സർവീസിന്റെ അനിവാര്യത അധികാരികളുടെയും ഗുണഭോക്താക്കളുടെയും കണ്ണുതുറപ്പിക്കാൻ ഇടയാക്കി. യാത്രക്കാരുടെ എണ്ണത്തിലും, ചരക്കു നീക്കത്തിലും കേരളം മുന്നിലായതിനാൽ ആരംഭിക്കാൻ കപ്പൽ കമ്പനികൾ അതീവ തൽപരരാണ്. കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക ടൂറിസം മേഖലകളിലെ വികസനത്തിനും പ്രവാസികൾക്ക് ഏറെ ഗുണകരമായ ഒരു പദ്ധതിയാണിത്.