ആധുനിക ബിസിനസ് ഓപ്പറേഷൻസിന്റെ നട്ടെല്ലാണ് കോർപ്പറേറ്റ് ഗവർണൻസ്. ഒരു കോർപ്പറേറ്റ് എങ്ങനെ പ്രവർത്തിക്കണമെന്നും, അതിനെ എങ്ങനെയൊക്കെ നിയന്ത്രിക്കണമെന്നും, അതിന്റെ ഘടന എങ്ങനെയായിരിക്കണം എന്നും, തീരുമാനിക്കുന്നത് കോർപ്പറേറ്റ് ഗവർണർ നിയമങ്ങൾ ഉപയോഗിച്ചിട്ടാണ്. കോർപ്പറേറ്റുകൾക്കിടയിലെ സുതാര്യത, എത്തിക്കൽ സ്റ്റാൻഡേർസ്, അക്കൗണ്ടബിലിറ്റി, എന്നിവ ഉറപ്പുവരുത്തുന്നതാണ് ഇത്തരം നിയമങ്ങളുടെ ഉദ്ദേശം. നല്ല നിയമങ്ങൾ ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലുപരി പങ്കാളികൾക്കിടയിലെ വിശ്വാസം വളർത്തുകയും സുസ്ഥിരമായ ബിസിനസ് രീതികൾ പ്രോത്സാഹിപ്പിക്കുകയും, ചടുലമായ ബിസിനസ് ലോകത്ത് കമ്പനികളുടെ ദീർഘകാല വിജയത്തിനായി സംഭാവന നൽകുകയും ചെയ്യുന്നു.
പ്രധാനമായും അഞ്ചു തത്വങ്ങളിൽ അധിഷ്ഠിതമായി ആണ് കോർപ്പറേറ്റ് ഗവേണൻസ് മുന്നോട്ടുപോകുന്നത്.
ഉത്തരവാദിത്വം,സമൂഹത്തോടുള്ള ഉത്തരവാദിത്വം, നീതി, നിഷ്പക്ഷത, സുതാര്യത എന്നിവയാണത്.
ഉത്തരവാദിത്വം
ഒരു കമ്പനിയുമായി ബന്ധപ്പെട്ട എടുക്കുന്ന തീരുമാനങ്ങളിൽ അംഗങ്ങളും ഡയറക്ടർമാരും പാലിക്കേണ്ടതായ പലതരം ഉത്തരവാദിത്വങ്ങൾ ഉണ്ട്. ഒരിക്കലും അത്തരം തീരുമാനങ്ങളെ മറികടന്നു കൊണ്ട് ഏതെങ്കിലും ഒരാൾക്ക് കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആവില്ല. ബോർഡ് ഓഫ് ഡയറക്ടർസിന്റെ തീരുമാനങ്ങളോട് മാനേജ്മെന്റിനും കമ്പനിയിലെ ഷെയർ ഹോൾഡേഴ്സിനോട് ബോർഡ് ഓഫ് ഡയറക്ടേസിനുമുള്ള ഉത്തരവാദിത്വങ്ങൾ തീർച്ചയായും നിറവേറ്റപ്പെടേണ്ടതാണ്.
നീതി
ഷെയർ ഹോൾഡേഴ്സിനുള്ള പരാതികളും അവരുടെ ആവശ്യങ്ങളും പരിഗണിക്കുക എന്നത് കോർപ്പറേറ്റ് ഗവേണൻസിന്റെ മറ്റൊരു പ്രധാന തത്വമാണ്. നീതിയുക്തമായ പ്രശ്നപരിഹാര സാഹചര്യം ഉണ്ടാക്കുന്നതിലൂടെ ഷെയർ ഹോൾഡേഴ്സിന്റെ വിശ്വാസവും വർധിപ്പിക്കാൻ ആവും.
സുതാര്യത
കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട രേഖകളാണ് ആർട്ടിക്കിൾ ഓഫ് അസോസിയേഷനും മെമറാന്റം ഓഫ് അസോസിയേഷനും, എന്താണ് ഒരു കമ്പനി എന്നും എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത് എന്നും വിശദമായി ചർച്ച ചെയ്യുന്ന ഈ രണ്ട് രേഖകളാണ് ഒരു കമ്പനിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ സുതാര്യത തുടർന്നുകൊണ്ടുപോവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.
നിഷ്പക്ഷത
മറ്റ് താല്പര്യങ്ങൾക്ക് വശപ്പെടാതെ കമ്പനിയെ അതിന്റെ സ്ഥാപിത താല്പര്യങ്ങളോട് നീതിപുലർത്തിക്കൊണ്ട് മുന്നോട്ട് നയിക്കുക എന്നതാണ് മറ്റൊരു പ്രധാന തത്വം. കമ്പനിയെ സംബന്ധിച്ചിട്ടുള്ള ഓരോ തീരുമാനങ്ങളും വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി കമ്പനിയുടെ മൊത്തം പൊതു താൽപര്യത്തെ അംഗീകരിക്കുന്നതായിരിക്കണം.
സമൂഹത്തോടുള്ള ഉത്തരവാദിത്വം
മേൽപ്പറഞ്ഞ നാല് തത്വങ്ങൾ കൂടാതെ കോർപ്പറേറ്റ് ഗവർണൻസുമായി ബന്ധപ്പെട്ട് കൂട്ടിച്ചേർക്കപ്പെട്ട ഒരു തത്വമാണ് സമൂഹത്തോടുള്ള ഉത്തരവാദിത്വം. ഒരു കമ്പനി എല്ലായിപ്പോഴും സമൂഹത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കുകയും ആ പ്രശ്നങ്ങളിൽ ഇടപെടാനും അവ പരിഹരിക്കാനും തയ്യാറാവുകയും ചെയ്യണം.
ഇതുവഴി സമൂഹത്തിൽ നല്ലൊരു സ്ഥാനം ഉറപ്പാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ സാമൂഹിക ഉത്തരവാദിത്വം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
കോർപ്പറേറ്റ് ഗവേർണൻസ് കമ്പനി നിയമങ്ങളുടെയും നിർവഹണത്തിന്റെയും ആണിക്കല്ലായി പ്രവർത്തിക്കുന്നു. തീരുമാനങ്ങൾ എടുക്കുന്നതിലെ നീതിയും സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനുള്ള നിയമങ്ങളുടെ ചട്ടക്കൂടായും കോർപ്പറേറ്റ് ഗവേർണൻസിനെ വ്യാഖ്യാനിക്കാം. നിക്ഷേപകരുടെയും കമ്പനിയുടെയും ഇടയിലുള്ള പരസ്പര ധാരണ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലൂടെയും വിശാലമായ സാമ്പത്തിക സ്ഥിരതയ്ക്കും സാമൂഹിക വിശ്വാസത്തിനും സംഭാവന നൽകുന്നു. അനുദിനം വികസിക്കുന്ന ബിസിനസ് സങ്കല്പങ്ങളുടെ ഇടയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ അവരെ നയിക്കുന്നതിനും നഷ്ട സാധ്യതകൾ ലഘൂകരിക്കുന്നതിനും ആഗോള വിപണിയിൽ സുസ്ഥിരമായ വികസനം കൈവരിക്കുന്നതിനും കോർപ്പറേറ്റ് ഗവേർണൻസിന് മുൻഗണന നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.