നിങ്ങൾ പുതുതായി ബിസിനസ്സ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവരോ
നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ തീർച്ചയായും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം.
ഈടുകൾ ഇല്ലാതെ 10 ലക്ഷത്തോളം വായ്പ്പ നേടാം പ്രധാന മന്ത്രിയുടെ മുദ്രാ യോജനയിലൂടെ…
1.എന്താണ് പ്രധാന മന്ത്രി മുദ്രാ യോജന (PMMY)
2. ആർക്കൊക്കെ ലഭിക്കും.?
3.എത്ര രൂപ വരെ ലഭിക്കും.?
4.മാർജിൻ എത്രയാണ്?
5.തിരിച്ചടവ് കാലാവധി എത്ര?
6.മുദ്രാ ലോൺ ലഭിക്കാൻ ആവിശ്യമായ രേഖകൾ എന്തെല്ലാമാണ്?
2015 ഏപ്രിൽ 8 ന് പ്രധാന മന്ത്രി പ്രാഭല്യത്തിൽ കൊണ്ടുവന്ന ഒരു ലോൺ സ്കീം ആണ് പ്രധാന മന്ത്രി മുദ്രാ യോജന.ഇതുവഴി ഈടുകൾ ഒന്നും ഇല്ലാതെ 10 ലക്ഷം രൂപ വരെ ലോൺ ലഭിക്കുന്നു.
എല്ലാ ചെറുകിട വ്യവസായങ്ങൾക്കും PMMY പ്രകാരം ലോൺ ലഭിക്കുന്നതാണ്.
മാനുഫാക്ച്വറിങ് ബിസിനസ്സ്, ട്രേഡിങ്, സർവീസ് തുടങ്ങി ഏതിനും ഇവ ലഭ്യമാണ്. നേരിട്ടുള്ള കൃഷി ഒഴികെ കൃഷി അനുബന്ധ ബിസിനസ്സ് ( കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവ )എന്നിവയ്ക്കും ലോൺ ലഭിക്കുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ലോൺ എടുക്കാൻ ഉദ്ദേശിക്കുന്നയാൾ ഒരു ബാങ്കിലും കുടിശികക്കാരൻ ആവാൻ പാടില്ല.
ലഭ്യമാകുന്ന കൂടിയ ലോൺ തുക 10 ലക്ഷം ആണ് ലോൺ തുകയെ അടിസ്ഥാനമാക്കി ഇവയെ മൂന്നായി തരം തിരിക്കാം.
1.ശിശു – 50,000 രൂപ വരെ
2. കിഷോർ- 50000 മുതൽ 5 ലക്ഷം വരെ
3. തരുൺ – 5 ലക്ഷം മുതൽ 10 ലക്ഷം വരെ
മുദ്ര ലോണിന്റെ മാർജിനും പലിശ നിരക്കും അതാതു ബാങ്കുകളെ ആശ്രയിച്ചിരിക്കുന്നു.
50,000 രൂപ വരെ ലഭ്യമാകുന്ന ശിശു വിഭാഗത്തിൽ പൊതുവേ മാർജിൻ ഉണ്ടാവാറില്ല.
കൂടിയ മാർജിൻ എന്നത് 25% മാത്രമാണ് വരുന്നത്. പലിശ നിരക്ക് ഓരോ ബാങ്കിനെയും ആശ്രയിച്ചിരിക്കുന്നു.
എല്ലാ എം എസ് എം ഇ ലോണുകളും പോലെ തന്നെ മുദ്രാ ലോണും അതിന്റെ ഉപയോഗത്തിന് അനുസരിച്ച് രണ്ടായി തരം തിരിച്ചിരിക്കുന്നു.
1.Working capital ( പ്രവർത്തന മൂലധനം)
2.Term loans ( കാലാവധി ലോൺ )
1.പ്രവർത്തന മൂലധനം
സാധാരണയായി 12 മാസത്തേക്ക് നൽകുന്നു.അതിനുശേഷം അതാത് സമയങ്ങളിൽ ഇവ പുതുക്കുന്നു.
2. കാലാവധി ലോൺ
സാധാരണയായി ഏഴു വർഷത്തേക്ക് അഥവാ 84 മാസത്തേക്ക് നൽകുന്നു. ഇവയിൽ മൊറട്ടോറിയം പിരിയഡും കൂടി ഉൾപ്പെടുന്നു. ഇവ സാധാരണയായി മെഷീനറീസ് വാങ്ങാനോ ഒരു ഫിക്സഡ് അസറ്റ് വാങ്ങാനോ ആയി കൊടുക്കുന്നു.
ആവശ്യമായ രേഖകൾ
1-ആദ്യമായി വേണ്ടത് ഒരു ഐഡി പ്രൂഫ് ആണ്.
( വോട്ടർ ഐഡി/ ഡ്രൈവിംഗ് ലൈസൻസ്/ പാൻ കാർഡ്/ ആധാർ കാർഡ്/ പാസ്പോർട്ട് / ഫോട്ടോ ഐഡന്റിറ്റി ഉള്ള ഗവൺമെന്റ് അപ്പ്രൂവ്ഡ് ആയിട്ടുള്ള കാർഡുകൾ ) ഇവ ബാങ്കിൽ ഐഡി പ്രൂഫ് ആയി സ്വീകരിക്കുന്നതാണ്.
2.അഡ്രസ് പ്രൂഫ്
അഡ്രസ്സ് പ്രൂഫിനായി അഡ്രസ്സ് ഉള്ള ഏതെങ്കിലും ഒരു ഐഡി പ്രൂഫ് ഉപയോഗിക്കാവുന്നതാണ്. ഇനി പുതിയ ഏതെങ്കിലും സ്ഥലത്തേക്ക് താമസം മാറിയാൽ അവിടുത്തെ ഏറ്റവും പുതിയ പോസ്റ്റ് പെയ്ഡ് ടെലിഫോൺ കണക്ഷൻ, ഇലക്ട്രിസിറ്റി ബിൽ ഇവയെല്ലാം അഡ്രസ്സ് പ്രൂഫിനായി സ്വീകരിക്കാവുന്നതാണ്. ഇവയ്ക്ക് പുറമേ അവിടുത്തെ സർക്കാർ അംഗീകൃത പ്രാദേശിക സർട്ടിഫിക്കറ്റ്, പഞ്ചായത്ത് അഥവാ മുൻസിപ്പാലിറ്റി എന്നിവ അംഗീകരിച്ച സർട്ടിഫിക്കറ്റുകളോ അഡ്രസ്സ് പ്രൂഫിനായി നൽകാം.
3. പാസ്പോർട്ട് സൈസ് ഫോട്ടോ
4.എം എസ് എം സി അഥവാ ഉദ്യമ് രജിസ്ട്രേഷൻ- നിർബന്ധമാണ്.
നടത്തുവാൻ ഉദ്ദേശിക്കുന്ന ബിസിനസിന്റെ എല്ലാ വിധ ലൈസൻസും അനിവാര്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പക്കൽ നിന്നുള്ള ബിസിനസുമായി ബന്ധപ്പെട്ട മറ്റു ലൈസൻസ്.
ഉദാ : ഭക്ഷ്യ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ആണെങ്കിൽ FSSAI ലൈസൻസ് നിർബന്ധമാണ്.
ബിസിനസ് നടത്തുന്ന സ്ഥാപനം നിലകൊള്ളുന്നത് റെന്റിന് ആണെങ്കിൽ റെന്റ് എഗ്രിമെന്റ് എന്നിവയും വേണം.
പുതുതായി ലോൺ എടുക്കുമ്പോൾ നിർബന്ധമായും വേണ്ട മറ്റൊരു കാര്യമാണ് പ്രോജക്ട് റിപ്പോർട്ട്. അഥവാ പ്രോജക്ട് ബാലൻസ് ഷീറ്റ്.
പ്രോജക്ടിനെ പറ്റിയുള്ള വിവരണം: എന്താണ് പ്രോജക്ട്, വരുമാനം എത്ര കിട്ടും തുടങ്ങി മറ്റു കാര്യങ്ങൾ പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നതാണ്.
അതല്ലെങ്കിൽ ഒരു പ്രോജക്റ്റഡ് ബാലൻസ് ഷീറ്റ് നിർബന്ധമാണ്.
ഉദാ : ഏഴു വർഷത്തേക്ക് ആണ് ലോൺ എടുക്കുന്നതെങ്കിൽ ആ ഏഴ് വർഷത്തേക്കുള്ള പ്രോജക്റ്റഡ് ബാലൻസ് ഷീറ്റ് നൽകേണ്ടതാണ്.
രണ്ട് ലക്ഷത്തിനു മുകളിൽ വരുന്ന ലോണുകൾക്ക് മാത്രമാണ് പൊതുവേ ബാങ്കുകൾ പ്രോജക്റ്റഡ് ബാലൻസ് ഷീറ്റ് ചോദിക്കാറുള്ളത്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം ക്വട്ടേഷൻ ആണ്.
ലോണെടുത്ത് ഏതു സാധനമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് അതിന്റെ ക്വട്ടേഷൻ ബാങ്കിന് നൽകേണ്ടതാണ്.ജി എസ് ടി ഉള്ള ക്വട്ടേഷൻ പ്രത്യേകം ചോദിച്ചു വാങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.
ഇത്രയും കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്തു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾ മുദ്രാ ലോണിന് യോഗ്യരാണ്.
നേട്ടങ്ങൾ
1.ഈടുകൾ ഇല്ലാതെ ലോൺ ലഭിക്കുന്നു
2.പ്രോസസിംഗ് ചാർജ് ഒന്നും വാങ്ങുന്നില്ല.
3.വ്യക്തികളുടെ ഗ്യാരണ്ടി ചോദിക്കുന്നില്ല.
ഗവൺമെന്റിന്റെ ഈ ഒരു സ്കീം ലഭിക്കുന്നതിനായി അടുത്തുള്ള ബാങ്കുമായി ബന്ധപ്പെടുകയോ ഓൺലൈൻ ആയി അപ്ലൈ ചെയ്യാവുന്നതോ അതുമല്ലെങ്കിൽ ഉദ്യമം രജിസ്ട്രേഷൻ മുതൽ പ്രോജക്ട് റിപ്പോർട്ട് വരെ എല്ലാം തയ്യാറാക്കി നൽകുന്ന കൺസൾട്ടൻസികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
പ്രധാനമന്ത്രി മുദ്രാ യോജന (PMMY) സ്കീമിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നതോടെ ഇന്ത്യയിലെ മൈക്രോ, ചെറുകിട, മധ്യ വ്യവസായങ്ങൾക്കുള്ള (MSME) പിന്തുണയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ ജൂലൈ യൂണിയൻ ബജറ്റിലാണ് മുദ്ര ലോണിന്റെ വായ്പ പരിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തിയത്.
ഇതിനായി മുൻ “തരുണ്” വിഭാഗത്തിൽ വായ്പ എടുത്ത് വിജയകരമായി തിരിച്ചടിച്ചിരിക്കുന്ന സംരംഭകർക്ക് പുതിയ “തരുണ് പ്ലസ്” എന്ന വിഭാഗത്തിൽ, 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വായ്പ നേടാനുള്ള അവസരം ലഭിക്കും.