ചിത്രരചനയും കാലിഗ്രാഫിയും റെസിൻ ആര്ട്ടുകളും നിറഞ്ഞുനിൽക്കുന്ന കാലമാണിത്. ചിത്രകല കലാകാരന്റെ മനസ്സിൽ ഒതുങ്ങാതെ സമൂഹമാധ്യമങ്ങളുടെ ചിറകിനാൽ പറന്നുയർന്ന് ഒരു മികച്ച വരുമാനത്തിനുള്ള വഴി കൂടി ആയി ഇന്ന് മാറിയിരിക്കുന്നു. ആ അവസരം പാഴാക്കാതെ തന്റെ കഴിവിനെ ഒരു ബിസിനെസ്സ് ആയി മാറ്റിയ കലാകാരിയാണ് ഹൈഫ.
മാഹി സ്വദേശിയായ ഹൈഫയുടെ ആഗ്രഹം കലകളുടെയും ചിത്രങ്ങളുടെയും ലോകത്ത് അവയെ അറിഞ്ഞും പഠിച്ചും വളരുക എന്നതായിരുന്നു, എന്നാൽ ഇന്റീരിയർ ഡിസൈനിങ് എന്ന മേഖലയിൽ യാദൃശ്ചികമായി എത്തിപ്പെട്ടു. പത്താം ക്ലാസിനു ശേഷം മാതാപിതാക്കളോടൊപ്പം ഒമാനിൽ ആയിരുന്നു പഠനം സ്കൂൾ പഠനത്തിന്റെ ഇടവേളകളിൽ വരയും പെയിന്റിങ്ങും നേരം പോക്കുകളായിരുന്നു. ഇതെല്ലാം കണ്ട സുഹൃത്തുക്കളുടെ അഭിനന്ദനങ്ങൾ ഹൈഫയെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. ഏതൊരു കലാകാരനെയും സംബന്ധിച്ച് തന്റെ സൃഷ്ടികൾക്ക് കിട്ടുന്ന അംഗീകാരം വളരെ വിലപ്പെട്ടതാണ്. ഒരു കലാകാരന് അംഗീകാരത്തോളം വലുതായ ഒരു ആത്മസംതൃപ്തി മറ്റൊന്നുമില്ല. ഇതുതന്നെയായിരുന്നു ഹൈഫയുടെയും ഊർജ്ജം, 2015ൽ കാലിഗ്രഫി പോലെയുള്ള കലാസൃഷ്ടികൾക്ക് പ്രചാരമില്ലാതിരുന്ന സമയത്ത് ഹൈഫയുടെ വർക്കുകൾക്ക് സുഹൃത്തുക്കൾക്കിടയിലും കുടുംബാങ്കങ്ങൾക്കിടയിലും ആരാധകർ ഏറെ ആയിരുന്നു. ബിഎസ്ഇ ഫൈൻ ആർട്സ് പഠിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ഹൈഫാ നാട്ടിലേക്ക് തിരിച്ചത്, എന്നാൽ നിർഭാഗ്യവശാൽ അതിനു സാധിച്ചില്ല. വളരെ ദൂരെയുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിച്ചപ്പോൾ മാതാപിതാക്കളുടെ നിർദ്ദേശപ്രകാരം പോകേണ്ട എന്ന് തീരുമാനിക്കുകയും അവരോടൊപ്പം തിരിച്ച് ഒമാനിലേക്ക് പോവുകയും ആയിരുന്നു. ഫൈൻ ആർട്സ് പഠിക്കാൻ ഒമാനിൽ വലിയ ചിലവ് വരുന്നതിനാൽ ആഗ്രഹം ഉപേക്ഷിച്ച് ബി ബി എ തിരഞ്ഞെടുത്തു. പക്ഷെ കലയോടുള്ള ഇഷ്ടം കാരണം പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാനായില്ല, ഇത് കണ്ട സുഹൃത്തുക്കൾ ഹൈഫയുടെ കലയെ പിന്തുണയ്ക്കുകയും അവരുടെ നിർദേശപ്രകാരം സമൂഹമാധ്യമങ്ങളിൽ പേജ് തുടങ്ങുകയും ചെയ്തു. പിന്നീട് ബി ബി എ പഠനം പാതി വഴിയിൽ നിർത്തി നാട്ടിലേക്ക് തിരിക്കുകയും, കലയോടുള്ള പ്രണയം മൂലം ബി എ ഇന്റീരിയർ ഡിസൈനിങ് എടുക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ വർണ്ണശബളമായ പേപ്പറുകളും മറ്റും ലഭിക്കാതിരുന്ന സമയത്ത് കര വിരുതുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു ഡ്യൂഡിലിങ്ങിലുള്ള പ്രിയം പിന്നീട് ക്രാഫ്റ്റിലേക്ക് വഴിമാറി മറ്റു രാജ്യക്കാരുടെ വീഡിയോകളിലൂടെയും മറ്റും കൂടുതൽ അറിവുകൾ നേടി, റബ്ബർ ബാന്റുകളിലും ഫോൺ കവറുകളിലും വരെ ക്രാഫ്റ്റുകൾ ചെയ്തു നോക്കി. ആവർത്തന വിരസത ഇഷ്ടമല്ലാത്ത ആളാണ് ഹൈഫ അതിനാൽ വ്യത്യസ്തതയാർന്ന ക്രാഫ്റ്റുകൾ ചെയ്ത് ജനശ്രദ്ധ ആകർഷിക്കുകയാണ് ഇപ്പോൾ. നിലവിൽ ഹാംമ്പറുകളും വീഡിയോകളും കാലിഗ്രഫിയും ഇൻവിറ്റേഷൻ കാർഡുകളും ഉൾപ്പെടെ നിരവധി കലാസൃഷ്ടികളാണ് ഹൈഫ ചെയ്യുന്നത് ഇതുകൂടാതെ മെലൻ ഡെക്കോസ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയും ജെസ്ര എന്ന വസ്ത്രാലയവും വിജയകരമായി നടത്തിവരുന്നു. മൂന്നുതവണ ബെസ്റ്റ് എന്റർപ്രണർ അവാർഡ് കരസ്ഥമാക്കിയ ഹൈഫക്ക് നിരവധി വിദ്യാർത്ഥികളെ വെച്ച് ഒരു ആർട്ട് വർക്ക് ഷോപ്പ് നടത്തുവാനും സാധിച്ചു, എന്നിരുന്നാലും തന്റെ പ്രൊഫഷനായ ഇന്റീരിയർ ഡിസൈനിങ്ങും ഹൈഫ മറക്കുന്നില്ല, പാർട്ട് ടൈം ആയി അതും ചെയ്യണമെന്നാണ് ആഗ്രഹം.
അംഗീകാരങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും നടുവിൽ നിൽക്കുമ്പോഴും ജീവിതത്തിൽ വലിയ സ്വപ്നങ്ങൾക്ക് പുറമേ പോകാതെ ഉമ്മയെയും ഉപ്പയെയും സന്തോഷിപ്പിച്ചും യാത്രകൾ ചെയ്തും തന്റെ കൊച്ചു ലോകത്ത് സന്തോഷവും സംതൃപ്തിയും കണ്ടെത്തി ജീവിക്കാനാണ് ഹൈഫയുടെ ഇപ്പോഴത്തെ ആഗ്രഹം.