നമ്മൾ മനുഷ്യരാണ്
നമ്മൾ പൂർണ്ണരല്ല
നമ്മൾ ജീവിക്കുന്നു
നമ്മൾ ശ്രമിക്കുന്നു
നമുക്കും തെറ്റുപറ്റാം
നമ്മൾ വീണു പോയേക്കാം
നമുക്കും തടസ്സങ്ങൾ ഉണ്ടാകാം
നമ്മൾ മുറിവേൽപ്പിക്കപ്പെടാം
പക്ഷേ
നമ്മൾ വീണ്ടും ഉയർത്തെഴുന്നേൽക്കും
നമ്മൾ വീണ്ടും ശ്രമിക്കും
അനുഭവങ്ങൾ പാഠങ്ങൾ ആകും
നമ്മൾ വീണ്ടും വളരും
ജീവിതമെന്ന വിലയേറിയ അവസരത്തിന് ദൈവമേ നന്ദി
– ഡോ. എ. പി. ജെ അബ്ദുൽ കലാം
പ്രവർത്തിക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ചില വ്യക്തികളോ സംഭവങ്ങളോ സാഹചര്യങ്ങളോ നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുമ്പോൾ നമുക്കതിനെ രണ്ടു രീതിയിൽ നേരിടാം.
ഒന്ന്, എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി നിഷ്ക്രിയരായി നിരാശയിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാം.

രണ്ട്, നന്നായി മനസ്സിലാക്കുവാനുള്ള ഉപാധി കൂടിയാണ് ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ. മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ സന്തോഷിക്കുകയും അവരെ ചെളി വാരി എറിയുന്നതിൽ ആനന്ദം കണ്ടെത്തുകയും, മറ്റുള്ളവരുടെ വീഴ്ചകൾ ആഘോഷിക്കുകയും ചെയ്യുന്ന അസൂയ നിർഭരമായ സങ്കുചിത മനസ്ഥിതിയുടെ ഉടമകളാണ് ഒരു കൂട്ടർ.
സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നത് കിഴക്കുദിക്കുവാൻ വേണ്ടിയാണ്. ഉദയാസ്തമയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്.
അടുത്തകാലത്ത് ഒരു പത്രപ്രവർത്തകൻ നടൻ മോഹൻലാലിനോട് ചോദിച്ചു ” തുടർച്ചയായ പരാജയങ്ങൾക്കു ശേഷം ആണല്ലോ പുലിമുരുകൻ എന്ന ചിത്രത്തിലൂടെ താങ്കൾ ഒരു വലിയ തിരിച്ചുവരവ് നടത്തിയത്. സിനിമകൾ തിയേറ്ററിൽ നിലംപൊത്തി വീഴുമ്പോൾ വിഷമം തോന്നാറില്ലേ? ”
അതിന് മോഹൻലാലിന്റെ മറുപടി ഇപ്രകാരമായിരുന്നു. “ജീവിതം എന്നാൽ വിജയവും പരാജയവും ചേരുന്നതാണ്. തുടർച്ചയായ വിജയം മാത്രമാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതെങ്കിൽ നമുക്ക് ജീവിതത്തിന്റെ മഹത്വം മനസ്സിലാവുകയില്ല. ജീവിതത്തിന്റെ മഹത്വം മനസ്സിലാക്കാൻ പരാജയങ്ങളും ആവശ്യമാണ്.
ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ എല്ലാ വാതിലുകളും അടഞ്ഞുകിടക്കുന്നതായി നമുക്ക് തോന്നാം. എന്നാൽ ചില വാതിലുകൾ അടഞ്ഞു കിടക്കുന്നതേ ഉണ്ടാവുകയുള്ളൂ കുറ്റിയിട്ടിട്ടുണ്ടാവില്ല. നമ്മൾ ഒന്ന് തള്ളിയാൽ തുറക്കാവുന്നതേയുള്ളൂ…
പക്ഷേ അതിനുള്ള ശ്രമം പ്രതിസന്ധിഘട്ടങ്ങളിൽ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എങ്കിൽ ഒരുപക്ഷേ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
സത്യസന്ധതയോടും, ഹൃദയ നൈർമല്യതയോടും, ഈശ്വര വിശ്വാസത്തോടും, ധാർമികതയോടുമാണ് നമ്മൾ പ്രവർത്തിക്കുന്നത് എങ്കിൽ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് നമ്മെ തകർക്കുവാൻ ആവില്ല.
വ്യക്തികളുടെ സ്ഥാനമാനങ്ങളോ, സാമ്പത്തിക സ്ഥിതിയോ, വിദ്യാഭ്യാസ നിലവാരമോ, മാത്രം നോക്കി അവരെ പൂർണമായും വിലയിരുത്തുവാനാകില്ല. അത്തരത്തിൽ ആളുകളെ വിലയിരുത്തുമ്പോൾ നമുക്കും ചിലപ്പോൾ തെറ്റുപറ്റാം. അത് നമ്മെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

നമ്മളുമായി ഏതെങ്കിലും തരത്തിൽ സഹകരിച്ചിട്ടുള്ള വ്യക്തികൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അവർക്ക് തന്നെയാണ്. ഒരു സമുദ്രത്തിലെ ഏതാനും തുള്ളികൾ മലിനമായാൽ അതിനർത്ഥം ആ സമുദ്രം മുഴുവനും മലിനമാകുന്നു എന്നല്ല. അത്തരക്കാരുമായുള്ള ബന്ധം എത്രയും വേഗം അവസാനിപ്പിച്ച് നമ്മുടേതായ വഴി തേടുകയാണ് വേണ്ടത്.
മറ്റുള്ളവരെ എങ്ങനെ ഉപയോഗപ്പെടുത്താം, അല്ലെങ്കിൽ ഈ ബന്ധം കൊണ്ട് എനിക്ക് എന്താണ് പ്രയോജനം എന്ന് ചിന്തിക്കുന്ന സ്വാർത്ഥമതികളുടെ എണ്ണം ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടി വരികയാണ്. തന്റെ കാര്യം മാത്രം നോക്കുകയും മറ്റുള്ളവരിൽ നിന്നും കിട്ടിയ സഹായസഹകരണങ്ങളും പിന്തുണയും വിസ്മരിക്കുകയും ചെയ്യുന്ന ആളുകളും സ്വാർത്ഥമതികൾ തന്നെയാണ്. തങ്ങളുടെ കണ്ണിലൂടെ മാത്രം ലോകത്തെ നോക്കി കാണുന്ന ഇത്തരക്കാർക്ക് ഒരിക്കലും മറ്റുള്ളവരെ മനസ്സിലാക്കുവാനോ, അപരന്റെ കണ്ണിലൂടെ ലോകത്തെ നോക്കിക്കാണുവാനോ സാധിക്കുകയില്ല. തങ്ങളുടെ ആവശ്യങ്ങൾ, തങ്ങളുടെ ലക്ഷ്യങ്ങൾ, എന്നിങ്ങനെ സ്വാർത്ഥതയുടെ കണ്ണിലൂടെ ആയിരിക്കും അവർ ജീവിതത്തെ നോക്കി കാണുന്നത്.
ഉന്നതമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെട്ടവരുടെയൊക്കെ ജീവിതം പ്രതിസന്ധികളുടെയും പ്രയാസങ്ങളുടേതും ആയിരുന്നു. ധീരതയോടും സത്യസന്ധതയോടും ഈശ്വര വിശ്വാസത്തോടും കൂടി അവയെ നേരിട്ടപ്പോൾ പ്രതിസന്ധികൾ അവരുടെ ജീവിതത്തിൽ അവസരങ്ങൾ ആയി മാറി.
നമുക്കും ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടാം. കാർമേഘങ്ങളില്ലാത്ത മാനത്ത് ഒരിക്കലും മഴവില്ല് ഉണ്ടാവുകയില്ലല്ലോ?
ഡോ.ജോബിൻ എസ്.കൊട്ടാരം


























































