മനുഷ്യമനസിന്റെ അത്ഭുതകരമെന്ന് വിശേഷിപ്പിക്കാവുന്ന അനന്തമായ ശേഷികൾ ഉപയോഗിച്ചുകൊണ്ട് ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നേടേണ്ടത് എങ്ങനെയെന്നും സമ്പൂർണ്ണ ജീവിതവിജയം കരസ്ഥമാക്കേണ്ടത് എങ്ങനെയെന്നുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
എല്ലാ മനുഷ്യരും ജീവിതവിജയം ആഗ്രഹിക്കുന്നു.പക്ഷേ ചിലർ മാത്രം ജീവിതത്തിൽ വിജയിക്കുന്നു. പലരും ജീവിത ലക്ഷ്യങ്ങൾ ഒന്നും നേടാനാകാതെ പരാജയപ്പെട്ടു പോവുകയും നിരാശയോടെ ജീവിച്ചു പോവുകയും ചെയ്യുന്നു. അതിനെല്ലാമുള്ള ശാസ്ത്രീയ പരിഹാരങ്ങൾ കൂടിയാണ് ഇവിടെ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
ജീവിത വിജയത്തിൽ മനസ്സിനും മനശക്തിക്കും ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. കഠിനാധ്വാനമാണ് വിജയത്തിന്റെ രഹസ്യം എന്നാണ് പലരും കരുതിപ്പോരുന്നത്. പക്ഷേ കഠിനാധ്വാനം ചെയ്തിട്ട് പോലും ജീവിതത്തിന്റെ നാനാ തുറകളിലും പലരും ദയനീയമായി പരാജയപ്പെട്ടു പോവുകയും ചെയ്യുന്നു. അവിടെയാണ് ജീവിത വിജയത്തിൽ മനസ്സിന്റെ പങ്കിനെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ആഴത്തിലുള്ള ഒരു വിചിന്തനം ആവശ്യമായി വരുന്നത്.
എല്ലാ മുൻവിധികളും മാറ്റിവെച്ചുകൊണ്ട് ആത്മാർത്ഥമായി നമുക്കൊന്ന് പരിശോധിക്കാം.
ദേഹശക്തി കൊണ്ടാണോ മനശക്തി കൊണ്ടാണോ ജീവിത ലക്ഷ്യങ്ങളും ജീവിതവിജയങ്ങളും നേടാൻ കഴിയുക എന്ന് ചോദിച്ചാൽ മനശക്തി കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം. ദേഹശക്തിയും ആവശ്യമാണ് എന്നൊരു വാദം തർക്കത്തിനായെങ്കിലും ഉന്നയിക്കപ്പെട്ടാൽ തന്നെയും, ദേഹശക്തിയെക്കാൾ ഏറെ നിർണായകമായത് മനശക്തി തന്നെയാണെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്കൊന്ന് മനസ്സിലാക്കാം.
വേണ്ടുവോളം ദേഹശക്തിയുണ്ടെങ്കിലും മനശക്തി കൂടി ഉചിതമായി ഉപയോഗിക്കുവാൻ കഴിഞ്ഞില്ല എങ്കിൽ വിജയിക്കാൻ കഴിയില്ല എന്നതും ദേഹശക്തികൾക്ക് എന്തെല്ലാം പോരായ്മകളും കോട്ടങ്ങളും ഉണ്ടെങ്കിൽ പോലും മനശക്തി ഉചിതമായി ഉപയോഗിക്കുവാൻ കഴിഞ്ഞാൽ സർവ്വ വിജയങ്ങളും നേടാൻ കഴിയുമെന്നുമുള്ള വസ്തുത തന്നെയാണത്.
അതിനാൽ തന്നെ ജീവിതവിജയ പരാജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന മനശക്തി രഹസ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒന്നു മനസ്സിലാക്കിയാണ് ജീവിതത്തെ സമീപിക്കുന്നതെങ്കിൽ ആഗ്രഹിക്കുന്ന ജീവിതവിജയം ഏതൊരു വ്യക്തിക്കും സ്വന്തമാക്കാവുന്നതാണ്.
ഇപ്പോൾ സംഭവിക്കുന്നത് മനശക്തി അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കപ്പെടുന്നു… മനസ്സിന്റെ നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ശരിയാക്കുന്നവർ വിജയിക്കുന്നു. തെറ്റിപ്പോകുന്നവർ പരാജയപ്പെട്ടു പോവുകയോ ചെയ്യുന്നു.
മനശക്തിയെക്കുറിച്ച് പഠിക്കുമ്പോൾ ആദ്യം തന്നെ വ്യക്തമായി മനസ്സിലാക്കേണ്ടുന്ന ഒരു വിഷയം കൂടിയുണ്ട്. ഏതു ജീവിത ലക്ഷ്യവും നേടുന്നതിനോ നേടാതെ പോകുന്നതിനോ കാരണമായിത്തീരുന്നത് ബ്രെയിൻ ആണ് അഥവാ മസ്തിഷ്കമാണ് എന്ന കാര്യമാണ്.
ഒരു പക്ഷേ ഇത് എല്ലാവർക്കും അറിയുന്ന ഒരു വിഷയമാണെങ്കിലും അതിന്റെ പ്രാധാന്യം തിരിച്ചറിയണമെങ്കിൽ അതൊന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. രണ്ട് രീതിയിൽ നമുക്കിതൊന്ന് പരിശോധിക്കാം.
ജീവിതവിജയം നേടാനായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിങ്ങളുടെ അവയവം ഏതാണ് എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം ലഭിക്കും മസ്തിഷ്കം തന്നെയാണത്. മറ്റൊരു രീതിയിൽ പരിശോധിച്ചാൽ ജീവിതലക്ഷ്യങ്ങളും ജീവിതവിജയവും നേടുന്നതിൽ മസ്തിഷ്കത്തിന് മാത്രമേ പങ്ക് ഉള്ളൂ. ഹാർട്ട്, ലിവർ, കണ്ണ്, കാത്, നാവ് തുടങ്ങി മറ്റൊരു അവയവങ്ങൾക്കും ജീവിതവിജയപരാജയങ്ങളുടെ ഉത്തരവാദിത്തമില്ല എന്ന് മനസ്സിലാവും. ഈ പ്രസ്താവന കേൾക്കുമ്പോൾ ചിലരെങ്കിലും നെറ്റിചുളിച്ചേക്കാം വിയോജിച്ചേക്കാം. അടുത്ത ഒരൊറ്റ പ്രസ്താവന കൊണ്ട് അതിനു വ്യക്തത വരും.
അന്ധരായ മൂകരായ ബധിരരായ ചലനശേഷികൾ ഇല്ലാത്ത നിരവധി മനുഷ്യർ നിരവധി മേഖലകളിൽ അത്ഭുതകരമായ വിജയങ്ങൾ നേടുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണത്.
ആയതിനാൽ എന്തും നേടുന്നതിന്റെയും നേടാതിരിക്കുന്നതിന്റെയും പിന്നിൽ മസ്തിഷ്ക്കം എന്ന ഹാർഡ് വെയറും മനസ്സ് എന്ന സോഫ്റ്റ്വെയറും ആണ്. ഇക്കാര്യങ്ങളിലെല്ലാം പ്രായോഗികമായി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന് നോക്കാം. ബ്രെയിൻ ആണ് നേടിത്തരുന്നത്. എന്താണ് ബ്രെയിൻ നേടിത്തരുന്നത്. നാം എന്താണോ ബ്രയിനിലേക്ക് കൊടുക്കുന്നത് അതാണ് ബ്രെയിൻ നേടിത്തരുന്നത്. ഇവിടെയാണ് മനസ്സിന്റെ പ്രാധാന്യം.
മനസ്സിലുള്ളതാണ് ബ്രയിനിലേക്കുള്ള സിഗ്നൽ.അതാണ് ബ്രെയിൻ നേടിത്തരുന്നത്. വ്യക്തമാക്കാം, ഇല്ല, അല്ല, കഷ്ടപ്പാട്, പരാജയം, ദാരിദ്ര്യം ഒന്നും ശരിയാകുന്നില്ല. എനിക്കൊന്നും കഴിയില്ല എന്നിങ്ങനെയാണ് മനസ്സിലുള്ളതെങ്കിൽ ബ്രെയിൻ അതുതന്നെ നടപ്പാക്കും.എനിക്ക് കഴിയും, ഞാൻ വിജയിക്കും, എനിക്ക് എന്തും നേടാൻ കഴിയും, ഞാൻ അത് നേടിയെടുക്കുക തന്നെ ചെയ്യും എന്നിവയാണ് മനസ്സിലെങ്കിൽ ബ്രെയിൻ അത് നടപ്പാക്കും.
ഈ മനശാസ്ത്ര രഹസ്യം വളരെ ലളിതമായി തോന്നുന്നത് കൊണ്ട് ഭൂരിപക്ഷമാളുകളും അത് അവഗണിക്കും. അതുതന്നെയാണ് അവരുടെ പരാജയ കാരണമായി തീരുന്നത്. ചുരുക്കം മനുഷ്യർ മാത്രം അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു. അതിനാൽ തന്നെ ചുരുക്കം മനുഷ്യർ മാത്രം വിജയിക്കുകയും ചെയ്യുന്നു.
ജീവിത വിജയത്തിനായി ബ്രെയിനിലേക്ക് റൈറ്റ് സിഗ്നൽ കൊടുത്തുകൊണ്ട് മസ്തിഷ്കത്തിനെ കൊണ്ട് നമുക്ക് ആവശ്യമായ ലക്ഷ്യങ്ങൾ നേടിയെടുപ്പിക്കുന്നതിനുള്ള ഒരു ആത്യന്തിക മനഃശാസ്ത്ര സമവാക്യം പറയാം
മൈൻഡ് + മെത്തേഡ് = സക്സസ്
ജീവിതലക്ഷ്യങ്ങൾ നേടുവാനായി ഏതെങ്കിലും ഒരു മേഖല തിരഞ്ഞെടുക്കുകയും ആ മേഖലയിൽ ആവശ്യമായ പഠനങ്ങൾ നടത്തി വൈദഗ്ധ്യം നേടുകയുമാണ് മേത്തഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതമാർഗം ആക്കിയ മേഖലയിലോ മേഖലകളിലോ നല്ല വൈദഗ്ത്യം ഉണ്ടാകുന്നതുവരെ പഠനങ്ങളും പരിശീലനങ്ങളും നടത്തുമ്പോൾ മെത്തേഡ് എന്ന ഭാഗം ക്ലിയർ ആയി.
ആദ്യഭാഗങ്ങളിൽ പറഞ്ഞ കാര്യങ്ങൾ പഠനവിധേയമാക്കിയാൽ മൈൻഡ് എന്ന ഭാഗവും ക്ലിയറായി.
അങ്ങനെ ജീവിതവിജയത്തിനായോ ഏതെങ്കിലും ലക്ഷ്യത്തിനായോ മൈൻഡും മെത്തേഡും സമന്വയിപ്പിക്കുമ്പോൾ അത് എന്തായാലും ബ്രെയിൻ നേടിത്തരുക തന്നെ ചെയ്യും.
പോസിറ്റീവ് ആയിരിക്കണം നെഗറ്റീവ് ആയിരിക്കരുത് തുടങ്ങിയ കാര്യങ്ങൾക്ക് പോലും ഇവിടെ പ്രസക്തിയില്ല, കാരണം പോസിറ്റീവ് ആയവർ പരാജയപ്പെടുന്നതും നെഗറ്റീവ് ആയവർ വിജയിക്കുന്നതും ലോകത്ത് കാണാൻ സാധിക്കുന്ന യാഥാർഥ്യമാണ് (പോസിറ്റീവ് ആയിരിക്കിന്നതാണ് നന്മ എന്നത് മറക്കുന്നില്ല – പക്ഷെ അതൊന്നും പലരും കരുതും പോലെ, ജീവിതവിജയപരാജയവുമായി ബന്ധം ഇല്ല എന്ന പഠനം പങ്ക് വെച്ചു എന്ന് മാത്രം)
ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ മനസിൽ നിരന്തരമായി നില നിർത്തുക, ബ്രെയ്ൻ അത് നടപ്പാക്കിക്കൊള്ളും… ലക്ഷ്യത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ മനസിൽ നിന്ന് മാറ്റി നിർത്തുക… ഇത്രയും കാര്യങ്ങളെങ്കിലും പരിശോധനാമനോഭാവത്തോടെ ചിന്തിച്ച് അവനവന്റെ മനസിൽ…ചിന്തകളിൽ… ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നാൽ ഏത് ലക്ഷ്യവും സാധ്യമാവുക തന്നെ ചെയ്യും