പാദരക്ഷകൾ വെറും കാലുകൾ സംരക്ഷിക്കുക മാത്രമല്ല, അതൊരു ഐഡന്റിറ്റി കൂടിയാണ്. നമ്മുടെ പ്രിയപ്പെട്ട ഷൂസിന്റെ ഭംഗി നിലനിർത്താനും നീണ്ട നാൾ കാത്തു സൂക്ഷിക്കണം അവ വൃത്തിയാക്കേണ്ടത് അനിവാര്യമാണ് . എന്നാൽ തിരക്കുള്ള ജീവിതത്തിൽ ഷൂ കഴുകുക എന്നുള്ളത് പലപ്പോഴും അസാധ്യ മായി തന്നെ തോന്നുന്നു. പാദരക്ഷകളെ ഒരുപാട് ഇഷ്ടപെടുന്ന ഫോർട്ട് കൊച്ചിക്കാരിയായ കൃഷ്ണ അവ വൃത്തിയാക്കുവാൻ ഒരിടം തിരയുകയുണ്ടായി. പക്ഷെ എങ്ങും തന്നെ അങ്ങനെ ഒരു ഇടം കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല. അപ്പോഴാണ് ഷൂകൾക്ക് വേണ്ടി ഒരു ലോണ്ടറി എന്ത് കൊണ്ട് തുടങ്ങിക്കൂടാ എന്ന് അവൾ ചിന്തിക്കുന്നത്. മാത്രമല്ല താൻ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഒരു വ്യത്യസ്തത വേണം എന്ന കാഴ്ചപ്പാടുള്ള ആളുമാണ് കൃഷ്ണ.
കൃഷ്ണ തന്റെ ജീവിതം ഒറ്റക്ക് പൊരുതിയാണ് ജീവിച്ചു പോന്നത്. ഹോസ്റ്റലുകളിലെയും ബോർഡിങ്ങുകളിലേയും കുട്ടിക്കാലം, 25 വയസ്സ് വരെ വളരെ ഏറെ കഷ്ടതകൾ നേരിടേണ്ടി വന്ന യൗവ്വനവും കടന്ന് പോയി. സ്വന്തമായി സമ്പാദിച്ച് ജോലി ചെയ്ത് പോന്ന കൃഷ്ണക്ക് പലപ്പോഴും സാമ്പത്തിക ഭദ്രത നേടുക എന്നുള്ളത് വളരെ പ്രധാനമായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഭാഗത്ത് നിന്നുമുള്ള പിന്തുണ ഇല്ലായിമയും മറ്റും കാരണം ജീവിതത്തിൽ ഒരുപാട് ഒറ്റപെട്ടു പോയ കൃഷ്ണ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരിക്കവേ ഒറ്റക്ക് കോയമ്പത്തൂർ ഇഷ ടെമ്പിൽ സന്ദർശിക്കുകയും അവിടെ നിന്നും മടങ്ങി നാട്ടിൽ എത്തിയപ്പോൾ താൻ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തന്റെ ഒരു സുഹൃത്തുമായി പങ്കുവെക്കുകയും, അദ്ദേഹമാണ് ഒരു ബിസിനസ്സ് തുടങ്ങിക്കൂടെ എന്ന് ആദ്യമായി പറഞ്ഞത്. ബിസിനസ്സ് ഐഡിയ ആയ ഷൂ ലോണ്ടറി മനസ്സിൽ ഉണ്ടെങ്കിലും അതിലേക്ക് വേണ്ട മൂലധനം കണ്ടെത്താൻ ഉണ്ടാക്കാനോ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു കൃഷ്ണ. തുടർന്ന് സുഹൃത്തിനോട് തന്റെ ബിസിനസ്സ് ഐഡിയ പങ്ക് വെച്ചപ്പോൾ അദ്ദേഹം സഹായിക്കാം എന്നുറപ്പ് നൽകുകയും ഒരു പ്ലാൻ നൽകുവാൻ ആവശ്യപ്പെടുകയും ചെയ്തു. കൃഷ്ണയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു അദ്ദേഹത്തിന്റെ ആ വാക്കുകൾ. അങ്ങനെ കൃഷ്ണ തന്റെ ലോണ്ടറിയുടെ പ്ലാൻ അദ്ദേഹത്തോട് അവതരിപ്പിക്കുകയും ഒരു സൈലന്റ് പാർട്ണർ ആയി അദ്ദേഹത്തെ കൂടെ കൂട്ടി തന്റെ സ്വപ്ന സംരംഭം സ്വപ്നത്തിനുമപ്പുറം എത്തിക്കാനുള്ള പ്രയാണം ആരംഭിച്ചു.
നിലവിൽ 9 മാസമായ തന്റെ ഈ സംരംഭത്തെ കൃഷ്ണ ഹിദാ എന്ന് പേരിട്ടു, അറബി നാമം ആയ ഹിദയുടെ പൊരുൾ ദൈവത്തിന്റെ സമ്മാനം എന്നാണ്. ഇവിടെ നൽകി വരുന്ന സർവീസുകൾ ഷൂ ലോൺഡറിങ്ങ്, ഷൂ റിപ്പയർ, പോളിഷിങ്ങ് എന്നിവയാണ്. സെലിബ്രിറ്റികൾ ഉൾപ്പെടെ വലിയൊരു കസ്റ്റമർ ബേസ് കൃഷ്ണ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്റെ മാർക്കറ്റിംഗ് മേഖലയിലുള്ള പ്രവർത്തി പരിജയങ്ങൾ ഉപയോഗിച്ച് നേടിയെടുത്തു. നിലവിൽ 5 ജോലിക്കാരാണ് ഹിദയിൽ ഉള്ളത്. ഒരു ദിവസം മുപ്പത് ഷൂകൾ വരെ വൃക്തിയാക്കേണ്ട അവസരം വന്നിട്ടുണ്ടെന്ന് കൃഷ്ണ പറയുന്നു. കൂടാതെ ഇവിടെ ഷൂ കൾ വൃക്തിയാക്കുന്നത് പൂർണമായിട്ടും മാന്വലി ആണ്. കഴുകാനുള്ള ലായിനികൾ ഓൺലൈൻ വഴിയാണ് ആദ്യം വാങ്ങിയിരുന്നതെങ്കിലും ഇപ്പോൾ സ്വന്തമായി ഉണ്ടാക്കുന്ന ലായനികളാണ് ഉപയോഗിക്കുന്നത്. 250രൂപ മുതൽ തുടങ്ങുന്ന ഷൂ ലോണ്ടറി സെർവീസുകൾ 300 – 350 രൂപ വരെ പോകുന്നു. എല്ലാ വിഭാഗകാർക്കും താങ്ങാവുന്ന വില മാത്രമേ ഇവിടെ ഈടാക്കുന്നുള്ളു. ഹിദയുടെ മാർക്കറ്റിംഗ് എല്ലാം ചെയ്യുന്നത് കൃഷ്ണ തന്നെയാണ്, കൂടുതലും മൗത്ത് ടു മൗത്ത് പബ്ലിസിറ്റി ആണ് ഹിദയ്ക്കുള്ളത്. ഭാവിയിൽ ഹിദയുടെ ഫ്രാഞ്ചൈസികൾ കേരളത്തിൽ ഉടനീളം നൽകുവാനും യുവ തലമുറക്ക് ഒരു പുത്തൻ അവസരമായി ഈ ഒരു മേഖലയെ പരിചയപ്പെടുത്താനുമാണ് കൃഷ്ണ ലക്ഷ്യമിടുന്നത്.