വർഷങ്ങൾ നീണ്ട പഠനത്തിനും പരിശീലനങ്ങൾക്കും ഒടുവിൽ 12 വർഷം പ്രവർത്തി പരിചയമുള്ള നഴ്സിങ് ജോലി ഉപേക്ഷിച്ച് യാതൊരു മുൻ പരിചയവുമില്ലാത്ത മേഖലയിൽ കയ്യൊപ്പ് ചാർത്തി വിജയിച്ച ഒരു സംരംഭകയാണ് ജിൻസി ജുബിൻ ജേക്കബ്.
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ 12 വർഷം നഴ്സായി സേവനം അനുഷ്ടിക്കെയാണ് സ്വന്തം സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി പുതുതായി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ഉരുത്തിരിയുന്നത്. ആറുവർഷത്തോളം കസ്റ്റമൈസ്ഡ് കേക്കുകൾ ഉണ്ടാക്കി പ്രിയപ്പെട്ടവർക്ക് കൊടുത്തു അതിലൂടെ നേടിയ നല്ല അഭിപ്രായങ്ങളിൽ സന്തോഷം കണ്ടെത്തിയും ജോലിക്കൊപ്പം കേക്ക് മേക്കിങ്ങും കൂടെ ചെയ്ത് പോന്നു. ഇത് പാർ ടൈം ആയി ചെയ്യാതെ കൂടുതൽ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും ഒരു ബിസിനസ് ആക്കി വളർത്തുന്നതിനെ കുറിച്ചുള്ള ദീർഘവീക്ഷണം ജിൻസിക്ക് അന്ന് തന്നെ ഉണ്ടായിരുന്നു.
കൂടെ ജോലി ചെയ്യുന്നവരെല്ലാം മെച്ചപ്പെട്ട അവസരങ്ങൾക്കായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോൾ തന്റെ മൂന്നാമത്തെ കുട്ടിയെ ഗർഭിണിയായി നാട്ടിലേക്ക് തിരിച്ചു . പ്രസവശേഷം ജോലിയും മാനസികാവസ്ഥയും എല്ലാം താളം തെറ്റിയ അവസ്ഥയിൽ നിന്നുകൊണ്ട് നഴ്സിംഗ് ജോലി അവസാനിപ്പിക്കാമെന്ന തീരുമാനമെടുത്തു.
ഇനി എന്തു ചെയ്യും എന്ന ചോദ്യചിഹ്നം നിലനിൽക്കെ തന്നെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഇൻഡോർ പ്ലാൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു അടുത്തുള്ള നഴ്സറിയിൽ നിന്നും മറ്റുമായി ചെടികൾ ശേഖരിച്ച് വളർത്താനും പരിപാലിക്കാനും തുടങ്ങി. ഇതിലൊന്നും സംതൃപ്തി അടയാൻ ജിൻസിയുടെ പരിശ്രമങ്ങൾക്കും ചെയ്തികൾക്കുമായില്ല.
ഒരു പാഷനായി താൻ ചെയ്തുവന്ന കാര്യങ്ങൾ ഒരു പ്രൊഫഷനായി മുന്നോട്ടു കൊണ്ടു പോകാൻ ജിൻസി തീരുമാനിച്ചു. എന്ത് ചെയ്താലും ചങ്കുറപ്പായി പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ജൂബിൻ കുര്യൻ ജേക്കപ്പും കൂടെ നിന്നു. ഭർത്താവ് ജൂബിനും മക്കൾ ടാരിൻ, ടിയാര, ടിലി എന്നിവർ അടങ്ങുന്നതാണ് കുടുംബം. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സ്വദേശിയായ ജിൻസിയുടെ സംരംഭങ്ങളായ ഷുഗർ സ്റ്റുഡിയോയും മൈക്രോ ഫോറസ്റ്റ് ഡോട്ട് ഇന്ത്യയും വേരു പിടിച്ചിരിക്കുന്നതും ഇവിടെ തന്നെയാണ്.
ടെററിയത്തിലെ തുടക്കം എന്നു പറയുന്നത് മൊസേറിയം ചെയ്തായിരുന്നു. തന്റെ അഭാവത്തിലെ മതിയായ പരിചരണം ഇല്ലായ്മ അത് നശിക്കാൻ കാരണമായി. ( മൊസേറിയം എന്നു പറയുന്നത് ചെറിയ പന്നൽ ചെടികളും ചെറു പ്രാണികളായ സ്പ്രിംഗ് ടെയിൽ തുടങ്ങിയവ നിക്ഷേപിച്ച് ഒരു ഗ്ലാസ് കുപ്പിക്കുള്ളിൽ ചെറിയൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതാണ്, ടെറാറിയവും സമാനമായത് തന്നെയാണ് ) ടെറാറിയം എന്നു പറയുന്നത് രണ്ട് തരമുണ്ട് ക്ലോസ്ഡ് ടെറാറിയവും ഓപ്പൺ ടെറാറിയവും. കേരളത്തിൽ ആദ്യമായി ക്ലോസ്ഡ് ടെറാറിയം ചെയ്യുന്നത് ജിൻസിയാണ്. കുപ്പിക്കുള്ളിലെ ഈ പച്ചത്തുരുത്ത് നിർമ്മിക്കാനായി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് ഇതിന്റെ മെറ്റീരിയൽ ശേഖരണം തന്നെയായിരുന്നു. മതിയായ ഗ്ലാസ് ബോട്ടിലിന്റെ അഭാവം, പർച്ചേസിംഗ് ഇതൊക്കെയായിരുന്നു അവ. മറ്റു രാജ്യങ്ങളിൽ ഒരുപാട് പേർ ഇത് ചെയ്യുന്നുണ്ടെങ്കിലും അവിടത്തെ കാലാവസ്ഥയും ഇവിടത്തെ കാലാവസ്ഥയുമായുള്ള വ്യത്യാസം വളരെ വലുതാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾ നേടിയതും പഠിച്ചതും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ ഓൺലൈനായി സമീപിച്ചായിരുന്നു. ഇവിടത്തെ മഴക്കാലവും ഉഷ്ണകാലവും ടെറാറിയത്തിന്റെ പരിപാലനത്തിനെ സാരമായി ബാധിക്കുന്ന ഒന്നാണ്. മിതമായ താപം മാത്രമാണ് ഇതിനാവശ്യം, പരിപാലനം എളുപ്പമാണെങ്കിലും നൂറ് ശതമാനം സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണിത്. അതിനാൽ ഉണ്ടാക്കി കഴിഞ്ഞ് ഒരു ടെറാറിയം റെഡിയായി മൂന്ന് മാസമായാൽ മാത്രമേ കസ്റ്റമർക്ക് അത് നൽകാറുള്ളൂ. കൂടാതെ
ഇതിന്റെ വാർഷിക പരിപാലനവും സർവീസും നൽകിവരുന്നു. നിലവിൽ ഇതിനെക്കുറിച്ച് പഠിക്കാൻ താല്പര്യം ഉള്ളവർക്കായി ഓൺലൈൻ ആയും ഓഫ് ലൈനായും ക്ലാസുകളും നൽകി വരുന്നുണ്ട്. ഒരു ടെറാറിയത്തിന്റെ പ്രാരംഭ വില എന്നു പറയുന്നത് 3000 രൂപയാണ്.
കേക്ക് മേക്കിങ്ങും ടെററിയം മേക്കിങ്ങും എല്ലാം ഒരു കലയാണ് . സമയമെടുത്ത് സമാധാനമായി ചെയ്യേണ്ട കലകൾ. ഇതിനായി നമ്മുടെ മാനസികാവസ്ഥയും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.
സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് ഓർഡറുകൾ കൂടുതൽ വരുന്നതും ഇതുവഴി തന്നെയാണ്. ക്രിസ്മസ് സീസണിൽ ഒതെന്റിക് റിച്ച് ഫ്രൂട്ട്സ് കേക്കിന് ആവശ്യക്കാർ ഏറെയാണ്. പന്ത്രണ്ടോളം വരുന്ന ഡ്രൈ ഫ്രൂട്സ് വെള്ളത്തിൽ കുതിർത്ത് വെച്ച് ഉണ്ടാക്കിയെടുക്കുന്ന കേക്ക് ഇന്ത്യയിൽ എവിടെയും ഓൺലൈൻ ആയിട്ട് അയച്ചു കൊടുക്കാറുണ്ട്.
ആവശ്യക്കാർക്ക് സാധനങ്ങളും സേവനങ്ങളും വാതിൽ പടിക്കൽ എത്തിച്ചു കൊടുക്കുന്നു എന്നത് ഷുഗർ സ്റ്റുഡിയോയുടെയും മൈക്രോ ഫോറസ്റ്റ് ഡോട്ട് ഇന്ത്യയുടെയും പ്രത്യേകതയാണ്.ടെറാറിയത്തിനപ്പുറം
പാലുഡേറിയം,വിവേറിയം പോലുള്ളവ മെഗാ ടാങ്കുകളിൽ തീർക്കണം എന്നുള്ളതാണ് അടുത്ത ലക്ഷ്യം. കേക്കിൽ ഗ്രാവിറ്റി ഡിസൈൻസും കൊണ്ടുവന്നു അനന്തമായ സാധ്യതകൾ അവതരിപ്പിക്കാൻ കഴിയണം എന്നുള്ളതുമെല്ലാമാണ് നിലവിലെ ജിൻസിയുടെ ആഗ്രഹങ്ങൾ .