ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി ശീലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ വിജയം പുറകെ വരുമെന്ന് തെളിയിക്കുന്ന ഒരു കഥയാണിത്. ചില ശീലങ്ങൾ നമ്മുടെ ജീവശ്വാസം പോലെയാണ്. വിരസതയില്ലാതെ കടന്നുപോകുന്ന ഇവയ്ക്കായി ചിലവഴിക്കുന്ന സമയം ചിലപ്പോൾ ഭാവിയിലെ സുവർണ്ണ ഏടുകളായി മാറുന്നു.
വിരസത മാറ്റാനായി തുന്നലും ഡിസൈനിങ്ങും ഒക്കെ ചെയ്തിരുന്ന റുക്സാന എന്ന സാധാരണക്കാരി വർഷങ്ങൾക്കിപ്പുറം ഇന്നൊരു പ്രചോദനാത്മകയായ വനിതാ സംരംഭകയാണ്. റുക്സാനയുടെ അത്ലാൻ ഹിന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിൽ റുക്സാർ എന്ന ബ്രാൻഡിലെ ബ്രൈഡൽ വസ്ത്രങ്ങളും പാർട്ടി വെയറുകളും, ഇംഷ എന്ന സ്വന്തം ബ്രാൻഡിൽ ഉള്ള വസ്ത്രങ്ങളും ലഭ്യമാക്കിക്കൊണ്ട് മികവുറ്റ വസ്ത്ര ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട് റുക്സാന.
വസ്ത്ര വ്യാപാര രംഗത്ത് പാരമ്പര്യമായ ഒരു ബിസിനസ് പശ്ചാത്തലം ഈ സംരംഭകക്ക് ഉണ്ട്.
ഉപ്പയും ഉമ്മയും അഞ്ചു സഹോദരികളും ഒരു സഹോദരനും അടങ്ങുന്നതായിരുന്നു കുടുംബം. പത്താം ക്ലാസ് വരെയുള്ള പഠനം,പതിനാറാം വയസ്സിൽ വിവാഹം, ശേഷം നാല് കുഞ്ഞുങ്ങൾ, കുടുംബിനി മാത്രമായി ഒതുങ്ങിക്കൂടാൻ തയ്യാറായിരുന്നില്ല റുക്സാന. തന്റെ പ്രധാന നേരം പോക്ക് തന്നെ തുന്നലും ഡിസൈനിങ് ഒക്കെയായിരുന്നു. അങ്ങനെ അതിൽ തന്നെ തന്റെ പരീക്ഷണങ്ങൾ തുടങ്ങി… പരീക്ഷണങ്ങളിൽ പിറവിയെടുത്ത വസ്ത്രങ്ങൾ സഹോദരികൾക്കും മക്കൾക്കുമായി നൽകി.
ഹരം കൊള്ളിക്കുന്ന ഡിസൈനിങ് വർക്കുകൾ റുക്സാനയെ ഒരു കുഞ്ഞു സ്ഥാപനത്തിന്റെ പിറവിയിലേക്ക് നയിച്ചു. വീടിന്റെ കാർപോർച്ച് രൂപമാറ്റം വരുത്തി അഫ്രൂസ് ബുട്ടീക്ക് എന്ന പേരിൽ 2009 ൽ ഒരു സംരംഭത്തിനു നാന്ദി കുറിച്ചു. പതിയെ പലരിലേക്കും റുക്സാനയുടെ കരവിരുതിൽ തീർത്ത വസ്ത്രങ്ങൾ എത്തിത്തുടങ്ങി. മാസം നാലു കല്യാണ വർക്കുകൾ വരെ കിട്ടിത്തുടങ്ങി. പിന്നീട് 2010 ൽ ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കി. 2011 ൽ മാഹിയിൽ സാറാ കലക്ഷൻ എന്ന പേരിൽ ഷോറൂം തുടങ്ങി. മികച്ച ലാഭം കൊയ്ത് തുടങ്ങിയപ്പോൾ 2014 സാറ കിഡ്സ് വെയർ എന്ന പേരിൽ പാർട്ണർഷിപ്പിൽ മറ്റൊരു ഷോറൂം കൂടി ആരംഭിച്ചു . 2016ൽ സാറാ കളക്ഷന്റെ രണ്ടാമത്തെ ഷട്ടറും തുറന്നു. സാറ കിഡ്സ് വെയർ പിന്നീട് വൈകാതെ നഷ്ടത്തിലായി, 32 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചു. പിന്നീട് ബിസിനസിനെ ലാഭത്തിലേക്കു കുതിച്ചു കയറ്റാൻ ഉള്ള ആശ്രാന്ത പരിശ്രമങ്ങൾ തുടങ്ങി . 2018ൽ ബിസിനസ്സിന് വേണ്ടിയൊരു ക്ലാസിൽ പങ്കെടുത്തു. ഇതായിരുന്നു വലിയൊരു വഴിത്തിരിവായി മാറിയത് . കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും കുറച്ചുകൂടി ഉച്ചസ്ഥായിയിൽ എത്തിക്കാൻ ആ ക്ലാസ് ഒരു നിമിത്തമായി.
2020 ൽ റുക്സാറിന്റെ ആദ്യ ഔട്ട്ലെറ്റ് 500 സ്ക്വ. ഫീറ്റിൽ എരഞ്ഞിപ്പാലത്ത് ഉയർന്നു.
2023-ൽ കാലിക്കറ്റിൽ 3200 സ്ക്വ. ഫീറ്റിൽ റുക്സാർ എന്ന ബ്രാൻഡിൽ പുതിയ ഒരു ഔട്ട്ലെറ്റ് തുറക്കുകയും ചെയ്തു. ഇവിടെ ബ്രൈഡൽ വസ്ത്രങ്ങളും പുരുഷന്മാർക്ക് വേണ്ടിയുള്ള ഗ്രൂം വസ്ത്രങ്ങളും പാർട്ടിവെയറുകളും മാത്രം. വൺ ബ്രൈഡ് വൺ ഡിസൈൻ എന്നതാണ് റുക്സാറിന്റെ ആപ്തവാക്യം. ഒരു ബ്രൈഡിന് നൽകിയ ഡിസൈൻ ആവർത്തനമായി നമുക്ക് കാണാൻ സാധിക്കില്ല എന്നതാണ് ഇവിടത്തെ പ്രത്യേകതയും. കൊറോണ സമയത്തായിരുന്നു റുക്സാറിന്റെ എൻട്രി പോലും എന്നാൽ ആ സമയം കൂടുതൽ പ്ലാൻ ചെയ്യാനും ഡിസൈൻ വർക്ക് ചെയ്യാനും റുക്സാർ എന്ന ബ്രാൻഡ് സമയത്തെ വിനിയോഗിച്ചു.
മെറ്റീരിയൽ കളക്ഷനും മറ്റുമായുള്ള യാത്രകളിൽ നിന്നും ലഭിച്ച പരിചയസമ്പത്തും വീക്ഷണങ്ങളും ബിസിനസിലും ഒരുപാട് തുണയായിട്ടുണ്ട്.
മൂലധന നിക്ഷേപവും ഒരു സംരംഭം വളർത്തിയെടുത്തതിന്റെ ഏറിയപങ്കും എല്ലാം താനെന്ന ഒറ്റയാൾ പോരാട്ടത്തിന്റെ പ്രതിഫലനമായി ഇന്നു കാണുന്നു റുക്സാന.
തുടക്കത്തിൽ നേരം പോക്കിന് തുടങ്ങിയതാവും എന്നു കരുതി കാര്യമാക്കാത്ത വീട്ടുകാർ തന്നെയാണ് പിന്നീട് കാര്യമായി പ്രോത്സാഹനം നൽകിയതും കൂടെ നിന്നതും.
നിലവിൽ മാഹിയിലും കോഴിക്കോടുമായി റുക്സാർ ഉണ്ട്. ഇoഷ ഡിസൈൻ എന്ന ബ്രാൻഡിൽ കാഷ്വൽ വെയറുകൾ ആയിരം രൂപ മുതൽ ലഭ്യമാണ്.
ഇപ്പോഴും റുക്സാന എന്ന 46 കാരിക്ക് ഇതെല്ലാം ഒരു തുടക്കം മാത്രം. വരാൻ ഇരിക്കുന്ന വലിയ നേട്ടങ്ങളിലേക്ക് ഉള്ള പ്രയാണത്തിലാണ് ഇപ്പോൾ റുക്സാന . റുക്സാറിലൂടെ ഇന്ത്യൻ ബ്രൈഡൽ സംസ്കാരം പുറം നാടുകളിലും എത്തിക്കണം എന്നതാണ് മറ്റൊരാഗ്രഹം. കൂടാതെ ലോകം കണ്ട ഏറ്റവും വലിയ ധനികയായ ഒരു സംരംഭകയാവണം എന്നൊരു മോഹം കൂടെയുണ്ട്.