ജൈവ ഉൽപ്പന്നങ്ങൾക്ക് എന്നും മാർക്കറ്റുകളിൽ ഡിമാൻഡ് ഏറെയാണ്. ഗുണമേന്മയും വിശ്വസ്തതയും ഒരുപോലെ ഒത്തുചേരുന്ന ജൈവ ഉത്പന്നങ്ങൾ കിട്ടാകനിയായി മാറിയിരിക്കുന്നു .
ഇവിടെയാണ് ചേർത്തലക്കാരി ആര്യ ജയരാജിന്റെ സംരംഭക മേഖലയിലേക്കുള്ള ആകസ്മിക കടന്നുവരവ്. നിനച്ചിരിക്കാത്ത നേരത്ത് സംരംഭക മേഖലയിലേക്ക് ചേക്കേറിയെങ്കിലും ഇതൊന്നും അനുഭവസമ്പത്ത് ഇല്ലാത്തതിന്റെ താളപ്പിഴയായോ മറ്റു കാര്യങ്ങളായോ ആര്യയെ സാരമായി ബാധിച്ചിരുന്നേയില്ല.
കൃത്യമായ അടുക്കും ചിട്ടയും പ്ലാനിങ്ങുകളും പ്രയത്നവും സമ്മിശ്രമായി ചേർന്നിരുന്നു ആര്യ എന്ന സംരംഭകയിൽ.
ഈ മേഖലയിൽ തുടക്കം കുറിക്കാൻ കാരണമായതാവട്ടെ തൊലിപ്പുറത്തുണ്ടായ ഒരു അലർജി . അലർജിക്ക് പരിഹാരം എന്നോണം പലതും പരീക്ഷിച്ചു നോക്കിയെങ്കിലും പരീക്ഷണം എല്ലാം പരാജയമായപ്പോൾ സുഹൃത്തിന്റെ ശുപാർശ പ്രകാരം 500 രൂപയുടെ ഒരു ഹാൻഡ് മേഡ് സോപ്പ് വാങ്ങി ഉപയോഗിച്ചു നോക്കി. ഞൊടി ഇടയിൽ ലഭിച്ച മികച്ച റിസൾട്ടിൽ കൗതുകം ജനിച്ചതോടെ അതിനെക്കുറിച്ചായി പിന്നീടുള്ള റിസർച്ച്.
ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളും തരണം ചെയ്തു പോന്ന ആര്യ തന്റെ ജീവിത ലക്ഷ്യമെന്തെന്ന ആത്മപരിശോധനയിലൂടെയും പലതവണ കടന്നു പോയിരുന്നു. ഇതിനൊക്കെ ഒടുവിൽ ആയിരുന്നു അലർജിക്കു പരിഹാരമായ ഹാൻഡ് മെയ്ഡ് സോപ്പിന്റെ പിന്നിലെ രഹസ്യം തേടൽ…..
പിന്നെ ഒന്നും നോക്കിയില്ല തന്റെ ചർമ്മത്തിനായി തന്നെ സ്വന്തമായി ഒരു സോപ്പ് നിർമ്മിച്ചു. 100% വിജയം കണ്ട പരീക്ഷണമായിരുന്നു അത്. ഐ ഐ എമ്മിൽ പഠിക്കുന്ന സമയത്ത് തന്റെ പ്രോജക്ടിനായി തിരഞ്ഞെടുത്ത വിഷയവും ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളെ പറ്റി തന്നെയാക്കി. നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് സ്നാന എന്ന പേരും നൽകി.
മുൻനിര ബ്രാൻഡുകളിൽ കിടപിടിക്കുന്ന ഒരു ജൈവ ചർമ്മ സംരക്ഷണ ഉൽപ്പന്നത്തിന്റെ പിറവി കൂടിയായിരുന്നു അത്. ആദ്യത്തെ എക്സിബിഷനിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി റീട്ടയിലർ ആയ സെയ്നിയ എന്ന ബ്രാൻഡിന്റെ ഉടമ തന്റെ ഉൽപ്പന്നങ്ങൾ വാങ്ങിയതും വലിയൊരു അംഗീകാരമായി കാണുന്നു. പിന്നീട് വന്ന അന്വേഷണങ്ങളിലും അംഗീകാരങ്ങളിലും അഭിപ്രായങ്ങളിലും സംതൃപ്തയായതിലുപരി തനിക്ക് എന്തൊക്കെയോ ആവാൻ പറ്റും എന്ന തോന്നലും തനിക്ക് ഇവിടെ ചെയ്യാൻ പലതും ഉണ്ട് എന്ന ചിന്തയും നൽകിയ ഊർജ്ജം ചെറുതായിരുന്നില്ല.
ജോലിസംബന്ധമായി വന്ന ചെറിയൊരു അസുഖത്തെത്തുടർന്ന് നാട്ടിലെത്തിയതോടെ ആയിരുന്നു ഈ മേഖലയിലേക്കുള്ള ചുവടുവെപ്പ്. കുറച്ചധികം ഉത്പന്നങ്ങൾ ഉണ്ടാക്കി വീട്ടിലും ബന്ധുക്കൾക്കും ആയി നൽകി. കൂടാതെ തിരുവനന്തപുരത്ത് നടന്ന മറ്റൊരു എക്സിബിഷനിലും തന്റെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. ദിവസങ്ങൾക്കുശേഷം എക്സിബിഷനിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിയവരുടെ തുടരന്വേഷണം ഉണ്ടായി. ഇനി ഇത് എവിടെ നിന്ന് കിട്ടും, മികച്ച റിസൽട്ടിൽ ഉല്പാദകയും ഉപഭോക്താവും ഒരുപോലെ സംതൃപ്തനായിരുന്നു. കസ്റ്റമർ ഫീഡ്ബാക്കിന്റെ പ്രോത്സാഹനത്തിലു പരിയായി തന്റെ ഈ ഒരു ഉൽപ്പന്നത്തിന്റെ കൂട്ടുകൾ ആവശ്യക്കാരിലേക്ക് എത്തിക്കാൻ മികച്ച സേവനം കൂടി ലക്ഷ്യമാക്കി സ്നാന എന്ന ബ്രാൻഡിൽ വിപണനാടിസ്ഥാനത്തിൽ നിർമ്മാണം ആരംഭിച്ചു.
കസ്റ്റമറുടെ നിർദ്ദേശപ്രകാരം അവരുടെ ആവശ്യാനുസരണം പുതിയ ഉത്പന്നങ്ങൾ സ്നാനയിൽ ജനിച്ചുകൊണ്ടിരുന്നു . മൂന്ന് ഉൽപ്പന്നത്തിൽ തുടങ്ങിയ സ്നാന ഇന്ന് 35 ഉൽപ്പന്നങ്ങളിൽ എത്തി നിൽക്കുന്നു. കൂടാതെ ചേർത്തലയിൽ ഒരു നിർമ്മാണ യൂണിറ്റുമുണ്ട്.
തന്റെ ഉത്പന്നങ്ങൾ ആവശ്യക്കാരായ ഒരാൾക്ക് പോലും ലഭിക്കാതെ പോകരുത് എന്ന കാര്യത്തിലും ശ്രദ്ധാലുവാണ് ആര്യ.
മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയും വേണ്ടുവോളം ഉണ്ട്. ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ വാങ്ങാൻ ഭയക്കുന്ന ഇന്നത്തെ കാലത്ത് സൈഡ് എഫക്ട് ഇല്ലാതെ മികച്ച ഫലം നൽകുന്ന ഒരു ജൈവ ഉൽപ്പന്നത്തിനുള്ള ഒരൊറ്റ ഉത്തരമായി നിൽക്കുന്നു സ്നാന. ഇന്ന് ആര്യക്കും സ്നാനക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഇതൊരു ഗ്ലോബൽ ബ്രാൻഡ് ആക്കാനുള്ള ആഗ്രഹവും ആര്യ മറച്ചുവയ്ക്കുന്നില്ല.