
കോഴിക്കോട് പൊറ്റമ്മലിൽ നിന്നുള്ള ഒരു ശോഭന ദൃഢനിശ്ചയമുള്ള വ്യവസായിയാണ്. ഒരുപാട് കഷ്ടപ്പാടുകൾ അതിജീവിച്ചാണ് ഇന്നത്തെ വിജയത്തിലേക്ക് അവർ എത്തിച്ചേർന്നത്. ശോഭന യുടെ കുടുംബം വ്യാപാരത്തോട് അത്ര സുപരിചിതമായിരുന്നില്ല. ഭർത്താവ് മാത്രമാണ് ബിസിനസ്സിൽ ഏർപ്പെട്ടിരുന്നത്. 35 വർഷം ഒരു ഐസ്ക്രീം നിർമ്മാണ യൂണിറ്റ് ശോഭനയും ഭർത്താവും ചേർന്ന് വിജയകരമായി നടത്തിവന്നിരുന്നു. പക്ഷേ, ഭർത്താവിന്റെ അകാലവിയോഗം ആ ബിസിനസിനെ തളർത്തി. അതിനാൽ, ഒരുദിവസം ശോഭന ഒരു പുതിയ തുടക്കം വേണമെന്ന് ഉറപ്പിച്ചു.
ഒരു ജോലി കൊണ്ട് മാത്രം കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല, അതിനൊപ്പം ഒരു ബിസിനസും വേണം എന്നാശയം മനസ്സിൽ വന്നതാണ് ഒരു ബിസിനസ് മേഖലയിലേക്കുള്ള കാൽവെപ്പിന് തുടക്കമായത്. ശോഭനയുടെ മകൻ എല്ലാവിധ പിന്തുണയുമായി മുന്നോട്ട് വന്നു. അങ്ങനെ സലൂൺ ബിസിനസ് എന്ന ഒരു പുതിയ മേഖലക്കു വഴിതുറന്നു. വ്യവസായ ലോകത്തിൽ ശോഭനയുടെ ആദ്യത്തെ ചുവടുവയ്പ്പ് വളരെ ആസൂത്രിതമായിരുന്നു. അവർ ആദ്യം ബ്യൂട്ടി പാർലറിനെ കുറിച്ച് പഠിച്ചു, വ്യക്തമായ മാർക്കറ്റ് സ്റ്റഡി നടത്തി. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഈ മേഖലയിലേക്ക് ഇറങ്ങുമ്പോൾ എല്ലാ സാധ്യതകളും കണക്കാക്കി.
അങ്ങനെ നാച്ചുറൽസ് സലൂൺ എന്ന ശോഭനയുടെ സലൂൺ യാത്ര ആരംഭിച്ചു. ആദ്യ ഷോപ്പ് നടക്കാവിൽ തുറന്നപ്പോൾ, കോഴിക്കോട്ട് ഇത്രയധികം സലൂണുകൾ ഇല്ലായിരുന്നു. പക്ഷേ ഇന്ന്, നഗരത്തിന്റെ പല കോണുകളിലുമായി സലൂണുകൾ പൊങ്ങി വന്നിരിക്കുന്നു. ഇപ്പോൾ നടക്കാവിലും എരഞ്ഞിപ്പാലത്തും രണ്ടു സലൂൺ ഷോപ്പുകൾ വിജയകരമായി ശോഭനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. നാല്പത് ലക്ഷം ചെലവിട്ട് ആരംഭിച്ച നടക്കാവിലെ ഷോപ്പിനു പിന്നാലെ, എഴുപത്തഞ്ചു ലക്ഷം ചെലവഴിച്ച് എരഞ്ഞിപ്പാലത്തും ശാഖ തുറന്നു.
ഒരു സലൂൺ വിജയകരമായി പ്രവർത്തിപ്പിക്കുമ്പോൾ, നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കസ്റ്റമേഴ്സിനോടുള്ള പെരുമാറ്റം, ക്ലീൻലിനസ്, സ്റ്റാഫിന്‍റെ ക്വാളിറ്റി, പ്രോഡക്റ്റിന്‍റെ ഗുണമേന്മ ഇതെല്ലാം തന്നെ പ്രധാനമാണ്. ശോഭന ഇത് എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു. രാവിലെ 10 മുതൽ രാത്രി 11 വരെ അത് ശോഭനയുടെ പ്രവർത്തിസമയമാണ്. ഈ പ്രായത്തിൽ ഇത്രയധികം കഷ്ടപ്പെടേണ്ടതുണ്ടോ? എന്നുള്ള അനവധി ചോദ്യങ്ങൾ അവർ നേരിട്ടിട്ടുണ്ട്. പക്ഷേ, ശോഭനയ്ക്ക് ബിസിനസ് വിജയിപ്പിക്കണമെന്ന ഉദ്ദേശത്തിൽ ചെറിയൊരു ഇളക്കവും ഉണ്ടാകാറില്ല.
ബിസിനസ്സ് തുടക്കം കുറിച്ചാൽ ആദ്യത്തെ 4-5 വർഷം അതിന്‍റെ പിറകെ ഓടേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിലനില്ക്കില്ല എന്നായിരുന്നു ശോഭന അവരുടെ അനുഭവത്തിൽ നിന്ന് മനസിലാക്കിയിരുന്നത്.
കസ്റ്റമറോട് എപ്പോഴും സ്നേഹപൂർവ്വം പെരുമാറണം. ഒരു ചെറിയ തെറ്റുപോലും ഗൂഗിളിൽ റിവ്യൂ ആയി ഇടുന്ന കാലഘട്ടമാണ്. അതിനാൽ, ഓരോ ഉപഭോക്താവിനെയും ഹാപ്പിയായി മാറ്റിയാണ് അവരെ വിടേണ്ടത്. നാച്ചുറൽസ് സലൂണിന്റെ വളർച്ചയുടെ പിന്നിൽ കഠിനാധ്വാനത്തോടൊപ്പം ഒരു സമർപ്പണവുമുണ്ട്. ഇന്ന്, 8 പേർ സലൂണിൽ ജോലിചെയ്യുന്നു. അതിൽ 5 പേർ നോർത്ത് ഈസ്റ്റിൽ നിന്നുള്ളവരാണ്. അവർക്ക് മലയാളം കുറച്ചു അറിയാമെങ്കിലും, കൂടുതലും ഹിന്ദിയും ഇംഗ്ലീഷുമാണ്. അതിനാൽ കസ്റ്റമർമാരുമായുള്ള കമ്മ്യൂണിക്കേഷൻ കാര്യക്ഷമമാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
സലൂണിന്റെ മാർക്കറ്റിംഗിന് സോഷ്യൽ മീഡിയ, ഇൻസ്റ്റാഗ്രാം തുടങ്ങിയ വിവിധ ബോർഡുകൾ ഉപയോഗിക്കുന്നു. ഇതിനൊപ്പം തന്നെ, നടക്കാവിൽ നിലവിലുള്ള ഷോപ്പിന്റെ അടുത്ത് തന്നെ മറ്റൊരു ഷോപ്പ് കൂടി തുടങ്ങാനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.
കഠിനാധ്വാനം, കസ്റ്റമർ സംതൃപ്‌തി ഇവയെല്ലാം ആണ് അവരെ ഇന്നത്തെ വിജയത്തിലേക്ക് എത്തിച്ചത്. ശോഭനയുടെ യാത്ര ഒരു സാധാരണ സലൂൺ ഉടമയുടെ കഥയല്ല, ഒരു പ്രചോദനമാണ്.