വിദ്യാഭ്യാസം മാത്രമല്ല ചങ്കുറപ്പ് കൂടി ഉണ്ടെങ്കിലെ സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളു എന്ന് കാണിച്ചുതരുന്ന ചെറുപ്പക്കാരനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൂഫിയാൻ. പതിമൂന്നാം വയസ്സിൽ നാട്ടിലെ പച്ചക്കറിക്കടയിൽ വെറും 60 രൂപയ്ക്ക്
വിൽപ്പനക്കാരനായിട്ടാണ് സൂഫിയാൻ തന്റെ ജൈത്രയാത്ര ആരംഭിച്ചത് .പത്താം ക്ലാസ് കഴിഞ്ഞ് മുഴുവൻ സമയവും വിൽപ്പനക്കാരനായി എത്തിയപ്പോൾ ലഭിച്ച ദിവസക്കൂലി ആവട്ടെ 270 രൂപ.
കർഷകനായ ഉപ്പയിൽ നിന്നും ആദ്യ നേന്ത്രക്കുല വാങ്ങി പച്ചക്കറി സപ്ലൈ ബിസിനസിന് തുടക്കമിട്ടു .കോഴിക്കോടും മലബാറിലും പ്രമുഖരായ എക്സ്പോർട്ടേഴ്സിന് മികച്ച പച്ചക്കറികൾ സപ്ലൈ ചെയ്തു ഹോൾസെയിൽ മാർക്കറ്റ് വിപണിയിലേക്ക് എത്തി .270 രൂപ ദിവസ കൂലിയിൽ നിന്നും സൂഫിയാന് ലഭിച്ച ഉയർന്ന തുക അങ്ങനെ 1500 രൂപയായി. ഊണും ഉറക്കവും ഉപേക്ഷിച്ച് സൂഫിയാൻ തന്റെ ബിസിനസ് നാടാകെ വ്യാപിപ്പിച്ചു .സൂഫിയാ൯റെ ലക്ഷ്യം വിദേശ വിപണി ആയിരുന്നു .
പിന്നീട് എക്സ്പോർട്ട് ലൈസൻസ് എടുത്ത് വിദേശത്തേക്ക് പച്ചക്കറികൾ കയറ്റി അയച്ചു തുടങ്ങി .റിയാദിലെ അൽ മദീന ഗ്രൂപ്പും ദുബായ് ബാസ്കോ കമ്പനിയും സൂഫിയാ൯റെ ക്ലൈ൯റുകളായി .യൂറോപ്പ് ഉൾപ്പെടെ 10 രാജ്യങ്ങളിലേക്ക് ശുദ്ധമായ പച്ചക്കറികൾ കയറ്റി അയച്ചു .
നിപ്പ പടർന്ന് പിടിച്ചപ്പോൾ കേരളത്തിലെ പച്ചക്കറികൾക്ക് വിദേശരാജ്യങ്ങൾ വിലക്കേർപ്പെടുത്തി. എന്നാൽ സൂഫിയാൻ അപ്പോഴും തളർന്നില്ല .തമിഴ്നാട്ടിലെയും കർണാടകത്തിലെയും വിമാനത്താവളങ്ങൾ വഴി ചാർട്ടേർഡ് ഫ്ലൈറ്റിൽ പച്ചക്കറി കയറ്റി അയച്ചു .കോവിഡ് എത്തിയപ്പോൾ സൂഫിയാൻ അടവൊന്ന് മാറ്റി .റീഫർ കണ്ടെയ്നർ വഴി മിക്സഡ് പച്ചക്കറികൾ കയറ്റി അയച്ചു .നൂറു കണ്ടെയ്നറുകളിൽ ആണ് ഇന്ത്യയിൽ നിന്നും പച്ചക്കറികൾ വിദേശത്തേക്ക് പോയത് .
പ്രായം 18 ലെത്തിയപ്പോൾ സൂഫിയാ൯റെ കെഎൻപി എക്സ്പോർട്ട്സ് കമ്പനി നേടിയത് 43 ലക്ഷം രൂപയുടെ വിറ്റു വരവ് .പ്രായം 30ലെത്തിയപ്പോൾ 110 കോടി രൂപ വിറ്റു വരവുള്ള കമ്പനി ഉടമയായി സൂഫിയാൻ .ജോലിക്കാരുടെ എണ്ണം നൂറിലേക്ക് കുതിച്ചുയർന്നു . യാത്ര റോൾസ് റോയ്സ് കാറിലായി .
ഇന്ന് 10 കമ്പനികളുടെ ഉടമ കൂടിയാണ് സൂഫിയാൻ . കർഷക കുടുംബത്തിൽ പിറന്നത് അഭിമാനമായി സൂഫിയാൻ കാണുന്നു.
കെഎ൯പി എക്സ്പോ൪ട്സ് കൂടാതെ കെഎ൯പി റൂഫ് ടെക് ബിസിനസ് കൂടി അദ്ദേഹത്തിനുണ്ട്. റൂഫ് ടൈൽസ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്താണ് കച്ചവടം ചെയ്യുന്നത് . ഏകദേശം 20 കണ്ടെയ്ന൪ റൂഫ് ടൈൽസ് കെഎ൯പിയിൽ വരുന്നുണ്ടെന്ന് സൂഫിയാ൯ പറയുന്നു. കേരളത്തിലെ നമ്പർ വൺ എക്സ്പോർട്ട് കമ്പനിക്കുള്ള 2022 -23ലെ അവാർഡും കെഎൻപി എക്സ്പോർട്ട്സിന് ലഭിച്ചിട്ടുണ്ട് .
ഏറ്റവും നല്ല പച്ചക്കറികൾ നൽകുക എന്നതാണ് പ്രാഥമിക ഉദ്ദേശ്യം .ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പച്ചക്കറി എത്തിക്കുക എന്നതാണ് ഭാവി പദ്ധതി എന്നും സൂഫിയാൻ പറയുന്നു . നഷ്ടത്തിൽ ആണെന്ന് പറയുന്നവർക്കും സംരംഭക ലോകം ലക്ഷ്യമിടുന്നവർക്കും പ്രചോദനമാണ് കൊണ്ടോട്ടികാരനായ സൂഫിയാൻ്റെ ഈ മാതൃകാപരമായ വിജയം.