അഭിരുചികൾക്കനുസരിച്ച് മേഖലകൾ തിരഞ്ഞെടുക്കുന്നതിലുപരി, ചിലർക്ക് ചില കഴിവുകൾ രക്തത്തിൽ അലിഞ്ഞു ചേർന്നവയാണ്. എത്രയൊക്കെ വിറ്റു കളയാൻ ശ്രമിച്ചാലും ചേർന്നുനിൽക്കുന്ന ചിലതുണ്ട് നാം എല്ലാവരിലും . ഇൻഫിനിറ്റി വെഞ്ചർ എന്ന വാഹന ഷോറൂമിന്റെ വനിതാ സംരംഭക കോട്ടയംകാരി ബീനു തമ്പിയുടെ വിജയത്തിന് പിന്നിലുമുണ്ട് നീണ്ട കാലത്തെ ഒരു ബിസിനസ് പാരമ്പര്യം. അച്ഛനും മുത്തച്ഛനും പണ്ടുമുതലേ ടെക്സ്റ്റൈൽ മേഖല, തുടങ്ങി പല മേഖലകളിലും പ്രാവീണ്യമുള്ളവരായിരുന്നു. പഠിക്കുമ്പോഴോ വിവാഹശേഷമോ ഒന്നും ഒരു സംരംഭത്തെ കുറിച്ച് ബീനു ചിന്തിച്ചു പോലും ഇല്ലായിരുന്നു . ബാബു എന്ന ജീവിതപങ്കാളിയും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയായിരുന്നു. ജീവിതത്തിന്റെ ഒഴുക്കിൽ എവിടെയൊക്കെയോ താൻ അറിയാതെ തന്നെ തന്റെ അച്ഛന്റെയും ഭർത്താവിന്റെയും ബിസിനസുകളിൽ തന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു.അച്ഛൻ കോയമ്പത്തൂരിലും മദ്രാസിലും ഒക്കെ വസ്ത്രങ്ങളും തുണികളും മൊത്ത വിലയിൽ എടുക്കാൻ പോയിരുന്ന സമയത്ത്, കാലാവസ്ഥ നോക്കി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനും ഗുണമേന്മ നിലവാരം വില തുടങ്ങിയ കാര്യങ്ങളിൽ അച്ഛന്റെ അഭിപ്രായങ്ങളും ബീനു വീക്ഷിച്ചിരുന്നു.
വിവാഹശേഷം ഭർത്താവിനൊപ്പം കുവൈത്തിലേക്ക് ചേക്കേറിയ ബീനു ബിസിനസിനെക്കുറിച്ചുള്ള സംശയങ്ങളും വിവരങ്ങളും ഭർത്താവിനോട് ആരാഞ് അറിവ് സ്വായത്തമാക്കുന്നത് പതിവായി. ബിസിനസ് പ്ലാനിങ് മാനേജറും പർച്ചേസ് ഹെഡും ഒക്കെയായി ജോലി ചെയ്ത് പോന്നിരുന്ന ഭർത്താവ് ,ബീനുവിന്റെ സംശയങ്ങളെ കൗതുകത്തോടെ നോക്കി കണ്ടു. ഇൻവെന്ററി,സ്റ്റോക്ക് ഹോൾഡിങ്,ക്യാഷ് മാർജിൻ, ക്യാഷ് ഫ്ലോ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജിജ്ഞാസയോടെ ബീനു തിരക്കി കൊണ്ടേയിരുന്നു. സ്വന്തമായി ബിസിനസ് സ്വപ്നം കണ്ട് നടന്നിരുന്ന ഭർത്താവിനും ഇത് കൂടുതൽ കരുത്തേകി .
മദർ കെയർ എന്ന യുകെ ബേസ്ഡ് ബ്രാൻഡ് ഒമ്പതോളം രാജ്യങ്ങളിലായി 200 ഓളം ഷോപ്പുകൾ ഉള്ള വലിയൊരു സ്ഥാപനത്തിൽ ജോലി ചെയ്തതിന്റെ പ്രവർത്തി പരിചയവും ,പിന്നീട് വി ഗാർഡിൽ ജനറൽ മാനേജർ ആയി ജോലി ചെയ്ത പ്രവർത്തി പരിചയവും വെച്ച് ഭർത്താവും ഒരുപാട് പിന്തുണ നൽകി .
യാത്ര ഒത്തിരി ഇഷ്ടമുള്ള ബീനുവിന് ഓരോ യാത്രയും ഒരു മുതൽക്കൂട്ടാണ്. അനുഭവങ്ങൾ കാഴ്ചകൾ, ലഭിക്കുന്ന പാഠങ്ങൾ എല്ലാം ബിസിനസുമായും അതുപോലെ ജീവിതത്തിലെ മനോഹരമായ ഏടുകളായും ബന്ധിപ്പിക്കാൻ ശ്രമിക്കാറുണ്ട് ബീനു.
ബിസിനസിൽ തിരക്കായാലും ബീനു കുടുംബകാര്യങ്ങളിലും പേർസണൽ കാര്യങ്ങളിലും വിട്ടുവീഴ്ചകൾ ഒന്നും വരുത്താറില്ല. എല്ലാത്തിനും അതിന്റെതായ സമയം കൊടുത്തുകൊണ്ട് തന്നെയാണ് വിജയിച്ചു മുന്നോട്ട് നീങ്ങുന്നതും.
മകൻ വൈഷ്ണവും ഭർത്താവ് ബാബുവും അടങ്ങുന്നതാണ് ബീനുവിന്റെ കുടുംബം.
2019 ൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും കയറ്റുമതി ചെയ്യുന്ന വി ബി എക്സ്പോർഡ്സ് എന്ന ഭർത്താവിന്റെ സംരംഭത്തിൽ ബീനുവിന്റെ നിറഞ്ഞ സാന്നിധ്യം സംരംഭ മുന്നേറ്റത്തിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.
2023 ൽ എൻഎഫ്ബിഐയുടെ ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ മാസ്റ്റർ ഫ്രാഞ്ചൈസി എടുത്താണ് ഇൻഫിനിറ്റി വെഞ്ചഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ തുടക്കം,ഒരു മാസ്റ്റർ ഫ്രാഞ്ചൈസി പ്ലാൻ അവതരിപ്പിച്ചുകൊണ്ട് ഇരുകൂട്ടരും കൈകോർത്തു മുന്നോട്ടു നീങ്ങി, എൻഎഫ് ബിഐ യിൽ നിന്നും കൂടുതൽ അറിഞ്ഞു പഠിച്ചും ഇലക്ട്രിക് സൈക്കിളിലും സ്കൂട്ടറിലും മാത്രം ഫോക്കസ് കൊടുത്തുകൊണ്ട് ഇൻഫിനിറ്റി വെഞ്ചേഴ്സ് എന്ന മാസ്റ്റർ ഫ്രാഞ്ചൈസി കോട്ടയം ജില്ലയിൽ സ്ഥാപിച്ചു . ഒരുപാട് ഡീലർമാരായും സബ് ഡീലർമാരായും ഒത്തുചേർന്നുകൊണ്ട് മുന്നോട്ട് കുതിക്കുക, കൂടാതെ ഇതേ രീതിയിൽ 1500 സ്ക്വയർഫീറ്റിൽ എറണാകുളത്തും ഒരു മാസ്റ്റർ ഫ്രാഞ്ചൈസി പ്ലാൻ നിലവിൽ ഉണ്ട്. ഓൺലൈൻ യുഗമായ ഇന്നത്തെ കാലത്ത് ഓൺലൈൻ മാർക്കറ്റിങ്ങിന്റെ സാധ്യതകളിലും ഒരുപോലെ ശ്രദ്ധ ചെലുത്തുന്നുണ്ട് ബീനു. ഇൻഫിനിറ്റി വെഞ്ചർ എന്ന ഓട്ടോമൊബൈൽ ഡീലർഷിപ്പ് സ്ഥാപനം വിപുലീകരിച്ചുകൊണ്ട് പലയിടങ്ങളിലായി പുതിയ ഡീലർഷിപ്പ് ഷോറൂമുകളാണ് ബീനുവിന്റെ അടുത്ത ലക്ഷ്യം.