പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലിയുടെ ഒരു ഭാഗം കൂടിയാണ് കൃഷി എന്ന് പറയുന്നത്.
കൃഷി ചെയ്യലും പരിസ്ഥിതി പരിപാലനവും എല്ലാം മനുഷ്യജീവിതത്തെ വീർപ്പുമുട്ടലുകളുടെ കെട്ടുപാടുകളിൽ നിന്നും മോചിപ്പിക്കുന്നു. ജീവിതത്തിന്റെയും സമ്പത്തിനെയും ആരോഗ്യത്തിന്റെയും അഭിവൃദ്ധിക്ക് കാരണമാവുകയും ചെയ്യുന്ന ഒന്നാണ് കൃഷി.
കൃഷിയിലൂടെ മാത്രം ജീവിതം കെട്ടിപ്പടുത്ത് മാതൃകയായി ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു വ്യക്തിയാണ് കട്ടപ്പന തോപ്രാംകുടി സ്വദേശി ബിൻസി ജയിംസ്.
18 വർഷം മുൻപ് അടുക്കള കൃഷിയിൽ തുടങ്ങിയ ചുവടുവെപ്പാണ് ഇന്ന് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്നത്.
അടുക്കള കൃഷിയുടെ വീഡിയോകളും മറ്റും കൗതുകത്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഇതിനു പിന്നാലെ വന്ന അഭിനന്ദനങ്ങളും പ്രോത്സാഹനവും ആണ് പ്രചോദനമേത്.
സാധാരണ കൂലിപ്പണിക്കാരായ ബിൻസിയും ഭർത്താവ് ജെയിംസും പാട്ടത്തിനെടുത്ത ഭൂമിയിൽ എല്ലാവിധ പച്ചക്കറികളും കൃഷി ചെയ്തു തുടങ്ങി. ഏലം പോലുള്ളവ വ്യാപകമായി കൃഷി ചെയ്യുന്ന ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ പച്ചക്കറി കൃഷി ചെയ്യുക എന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നു. ഏലം വിലയുടെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ പാട്ട വില നിശ്ചയിക്കുക.
അമ്പതിനായിരം രൂപ മുതൽ ഒന്നരലക്ഷം വരെ പോകുന്നു പാട്ട വില.
9 വർഷത്തോളം സജീവമായി മണ്ണിനെ സ്നേഹിച്ചുകൊണ്ട് മുന്നോട്ടു കുതിക്കുകയാണ് ബിൻസിയും കുടുംബവും. പച്ചക്കറി കൃഷിക്ക് പുറമേ കാടക്കോഴി കൃഷിയും പശു വളർത്തലും കൂടെയുണ്ട്.
നൂതന കൃഷി രീതികൾ അവലംബിച്ചതിലൂടെ വാണിജ്യപരമായി കൃഷി കൂടുതൽ അഭിവൃദ്ധി പ്രാപിച്ചു.
കൊറോണ കാലം പല ബിസിനസിനെയും മോശമായി ബാധിച്ചു എങ്കിലും ബിൻസിക്ക് കൃഷിയിലും സാമ്പത്തികപരമായും സുവർണ്ണ കാലഘട്ടം ആയിരുന്നു. കൊറോണ കാലമായതിനാൽ എല്ലാവരും വീടുകളിൽ തന്നെ ആയതിനാൽ മട്ടുപ്പാവിലും വീട്ടുവളപ്പിലും ആയി പലരും കൃഷി ചെയ്യാൻ ആരംഭിച്ചു. ഇതേ തുടർന്ന് മൂന്നുമാസം കൊണ്ട് 10 ലക്ഷം രൂപയുടെ വിത്തുകളാണ് വിറ്റഴിഞ്ഞത്.
മക്കൾ ജിനു മോളും ജെഫിനും ജെറിനും കൃഷിയിൽ സജീവമായി കൂടെ തന്നെയുണ്ട്. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതും ബിൻസി തന്നെയാണ്.
2019ലെ സംസ്ഥാന കർഷകതിലകം അവാർഡ് കലസ്ഥമാക്കിയത് ബിൻസിയായിരുന്നു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി 76 ഓളം അവാർഡുകളും ലഭിച്ചു.
അടുത്തിടെ ന്യൂസ് 18 ന്റെ ഗ്രീൻ തമ്പ് ഡിജിറ്റൽ ഇൻഫ്ലുവൻ അവാർഡും കരസ്ഥമാക്കി.
സോഷ്യൽ മീഡിയയിലും ഒരുപാട് പേർ പിന്തുടരുന്നതിലും അഭിപ്രായം പറയുന്നതിലും ഏറെ സന്തോഷവതിയാണ് ഇവർ.
കുറേക്കാലം മുൻപേ വരെയുള്ള സ്വപ്നം എന്നത് സ്വന്തമായി സ്ഥലം വാങ്ങുക എന്നതായിരുന്നു. അത് സാക്ഷാത്കരിച്ചതിനാൽ അടുത്തഘട്ടം അവിടെ ബിൻസിസ് ഫാം തുടങ്ങുക എന്നതാണ്.
ഒരുപാട് പേർക്ക് കണ്ടും അറിഞ്ഞും പഠിക്കാൻ പാകത്തിൽ ആയിരിക്കണം ഫാം. ജീവിത മാർഗങ്ങൾ കണ്ടെത്തി പോകാൻ സാധിക്കണം. കൃഷി സംബന്ധമായ വൈവിധ്യങ്ങൾ എല്ലാവരിലേക്ക് എത്തിക്കണം എന്നത് തന്നെയാണ് വലിയ ആഗ്രഹം.