ഇടപ്പള്ളിയിലെ ഒരു ചെറിയ ബേക്കറി യൂണിറ്റിൽ നിന്ന് ഒരു വലിയ സ്വപ്നം പൂവണിയുന്നു. Ausome Bites എന്ന പ്രത്യേക ബേക്കറി, സാധാരണ ബേക്കറികളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് ഒരു ചെറിയ സംരംഭമല്ല, മറിച്ച് ഒരുപാട് ഹൃദയങ്ങളുടെയും പ്രതീക്ഷകളുടെയും കൂട്ടായ്മയാണ്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്ക് ആയിട്ടുള്ള സംഘടനയാണ് ഓട്ടീസം ക്ലബ്. ഈ ക്ലബ്ബ് മാതാപിതാക്കൾക്ക് പിന്തുണ നൽകുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് കുട്ടികൾക്ക് കുക്കിംഗിൽ താൽപര്യമുണ്ടെന്ന് മനസ്സിലായി. അങ്ങനെ 2019 ൽ ഒരു ചെറിയ പരിശീലന പരിപാടി ആരംഭിച്ചു.
അനീറ്റ പ്രതീപ് എന്ന ഒരു ഹോം ബേക്കർ ക്ലബ്ബിൽ അംഗമായിരുന്നു. അവരുടെ നേതൃത്വത്തിൽ 2019 ൽ ഒരു ഒക്കേഷണൽ ട്രെയിനിംഗ് സെക്ഷൻ ആരംഭിച്ചു. പക്ഷേ, 2020 ലെ കോവിഡ്-19 പകർച്ചവ്യാധി ഈ പരിശീലനം നടത്താൻ തടസ്സമായി വന്നു. അതിനാൽ, മാതാപിതാക്കളോടൊത്ത് വീടുകളിൽ കുക്കിംഗ് ചെയ്യുന്ന കുട്ടികളുടെ വീഡിയോകൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവയ്ക്കാൻ തുടങ്ങി അവർ. ഓരോ ചെറിയ സ്റ്റെപ്പും mentor മാർ വിശദീകരിച്ചു, കുട്ടികൾ അതുപ്രകാരം തയ്യാറാക്കി, അവരുടെ മാതാപിതാക്കൾ അത് ഷെയർ ചെയ്തു. 2022 ൽ, കോവിഡ് കാലഘട്ടം അവസാനിച്ചതോടെ, ഈ പരിശീലനം കൂടുതൽ മുന്നേറ്റത്തോടെ വ്യവസായികപരമായി നടത്താൻ പറ്റുമോ എന്ന ചിന്ത ക്ലബ്ബിൽ എല്ലാവർക്കും ഉണ്ടായി. കുട്ടികൾക്ക് സ്വയം എന്തെങ്കിലും നിർമ്മിക്കാൻ കഴിയുന്ന ഒരു ബേക്കറി യൂണിറ്റ് തുടങ്ങാമെന്ന് തീരുമാനിച്ചു. അങ്ങനെ, 2022 ജൂലൈയിൽ, “Ausome Bites” എന്ന ബേക്കറി യാഥാർഥ്യമാക്കി.
ഇന്ന്, Ausome bites 7 അമ്മമാരും 7 കുട്ടികളും ചേർന്ന് പ്രവർത്തിക്കുന്നു. വേറെ സ്റ്റാഫ് ഒന്നുമില്ല, മാതാപിതാക്കളാണ് എല്ലാ പിന്തുണയും നൽകി കുട്ടികളോട് ഒപ്പമുള്ളത്. കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടെങ്കിലും, അവർക്കുണ്ടാകുന്ന മൂഡ് സ്വിങ്ങുകൾ കാരണം മാതാപിതാക്കളുടെ സഹായം ആവശ്യമാവും. ചിലപ്പോൾ അവർക്ക് ചെറിയ ഇടവേളകളെടുക്കേണ്ടി വരും, എന്നാൽ അതൊന്നും അവർക്കുള്ള വിശ്വാസം കുറക്കില്ല.
പല കുട്ടികൾക്കും ഭക്ഷണസംബന്ധമായ സെൻസിറ്റിവിറ്റികളുണ്ട്. അതുകൊണ്ടുതന്നെ, ഇവിടെയുള്ള എല്ലാ ഉൽപ്പന്നങ്ങളും മൈദ, refined ഷുഗർ എന്നിവ ഒഴിവാക്കി നിർമ്മിച്ചവയാണ്. ബ്രൗണീസ്, മഫിൻസ്, എനർജി ബോൾസ് എന്നിവയാണ് ഇവർ പ്രധാനമായും ഉണ്ടാക്കുന്നത്. കേക്ക് ആവശ്യപ്പെടുന്നവർക്ക് brownies cake, chocolate cake പോലെയുള്ള വസ്തുക്കൾ മാത്രം, അതും മിനിമം ഡെക്കറേഷനിൽ ചെയ്തു നൽകുന്നു. ഫോറ്ററിങ് ഒന്നും ചെയ്യാറില്ല, കാരണം അതിന് കൂടുതൽ ക്രിയാത്മകത ആവശ്യമുള്ളതിനാൽ കുട്ടികൾക്ക് അത് സാധിക്കില്ല.
ബേക്കറി പ്രവർത്തിപ്പിക്കുന്നത് ഒരു വാടകകെട്ടിടത്തിലാണ്. ഓട്ടിസം ക്ലബ്ബ് തന്നെയാണ് വാടകയുടെ പ്രധാനഭാഗം കൈകാര്യം ചെയ്യുന്നത്. റോട്ടറി ക്ലബ്ബ് ഓവനും മറ്റു ഉപകരണങ്ങളും സ്പോൺസർ ചെയ്തിട്ടുണ്ട്. ഓൺലൈൻ ഷോപ്പായും പ്രവർത്തിക്കുന്ന Ausome bites ന്റെ ഇൻസ്റ്റാഗ്രാം, വെബ്സൈറ്റ്, വാട്സ്ആപ്പ് ബിസിനസ് കാറ്റലോഗ് എന്നിവയിലൂടെ കസ്റ്റമേഴ്‌സ് ഓർഡർ ചെയ്യാറുണ്ട്. ബിസിനസിന്റെ സീസണൽ സ്വഭാവം കാരണം, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കച്ചവടം ചെറുതായി കുറവുണ്ടാകാം. എന്നാൽ, ക്രിസ്മസ്, ഓണം, സ്കൂൾ തുറക്കൽ തുടങ്ങിയ സീസൺ എന്നിവയിൽ നല്ല കളക്ഷൻ ലഭിക്കും. എക്സിബിഷനുകളിൽ സ്റ്റാൾ വെച്ചും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്.
Ausome bites ന്റെ ഭാവിയിലുള്ള സ്വപ്നം വലുതാണ് ഇത് ഒരു കേക്ക് കഫേ എന്ന രീതിയിലേക്ക് ഉയർത്തുക എന്നുള്ളത്. കുട്ടികൾ തന്നെ ബേക്ക് ചെയ്ത വസ്തുക്കൾ സെർവിംഗ് ചെയ്ത്, ഒരു സ്നേഹപൂർവ്വമായ കഫേ ഉണ്ടാക്കാൻ സാധിക്കണം എന്നാണ് ആഗ്രഹം. കൂടാതെ, എറണാകുളത്ത് കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാനും കൂടുതൽ കുട്ടികളെ പരിശീലിപ്പിക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കുന്നു.
ഓട്ടിസം ക്ലബ്ബിന് പെയിന്റിംഗ്, ക്രാഫ്റ്റിംഗ് എന്നിവയ്ക്കായുള്ള “Bey” എന്ന മറ്റൊരു സംരംഭവുമുണ്ട്. ഭക്ഷണത്തിൽ താൽപര്യമുള്ള കുട്ടികൾ Ausome Bites ൽ പരിശീലനം നേടുമ്പോൾ, കലാവാസനയുള്ളവർ Bey ൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നു.
Ausome Bites, കുട്ടികളുടെ കഴിവുകളെ കണ്ടെത്തി അവരെ ആത്മവിശ്വാസമുള്ളവരാക്കാനുള്ള ഒരു നീക്കം മാത്രമല്ല, മറിച്ച് മാതാപിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുള്ള ഒരു മഹാനുഭവമാണ്. ഓരോ ബ്രൗണിയിലും, ഓരോ മഫിനിലും ഈ കുട്ടികളുടെ പ്രിയപ്പെട്ട ലോകത്തിന്റെ മാധുര്യവും ആത്മാർത്ഥതയും നിറഞ്ഞിരിക്കുന്നു.