ആരോഗ്യകരമായ ജീവിതത്തിന് ശരിയായ ഭക്ഷണം അനിവാര്യമാണ്. ഓരോ ദേശത്തിന്റെയും ഐഡന്റിറ്റി ആണ് അവിടത്തെ ഭക്ഷണ ശൈലിയിലും രുചി കൂട്ടുകളും . കേരളത്തെ പ്രിയപ്പെട്ടതാക്കുന്ന ഘടകങ്ങളിൽ പ്രധാനിയായ ഒന്നാണ് കേരളീയ ഭക്ഷണം വിഭവങ്ങൾ .
ആധുനിക ഭക്ഷണ ശൈലികൾ, ഫാസ്റ്റ് ഫുഡ്, ക്ലൗഡ് കിച്ചണുകൾ, ഡിജിറ്റൽ ഭക്ഷണ ഡെലിവറികൾ പോലുള്ള സംവിധാനങ്ങൾ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതിനോടൊപ്പം ജീവിതശൈലിയിലും ഭക്ഷണരീതികളിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു . ഈ അവസരത്തിൽ തികച്ചും സ്വാധിഷ്ടമായ മായം കലരാത്ത ഹോംലി ഫുഡ് ഗുണമേന്മയോടെയും ശുചിത്വത്തോടെയും നാലര വർഷത്തോളമായി നൽകിവരുകയാണ് ആലുവ സ്വദേശി രാജി ശക്തി തന്റെ ഫ്രം ദ കിച്ചൻ എന്ന ക്ലൗഡ് കിച്ചണിലൂടെ…
സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഹേതുവായത് കൊറോണയാണ്. വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ് ലോകത്തെ നടുക്കിയ മഹാമാരിയുടെ രംഗപ്രവേശം., അതോടെ ജോലി അവസാനിപ്പിക്കേണ്ടി വന്നു . 2018ലെ പ്രളയത്തിൽ സ്വത്തുക്കൾക്ക് നാശനഷ്ടവും സംഭവിച്ചു, ശേഷം വന്ന കൊറോണ കാലത്ത് ജോലിയും നഷ്ടപ്പെട്ടു. ജീവിതം രാജിയെ ഒരുപാട് പരീക്ഷിച്ചു. തോൽക്കാൻ തയ്യാറല്ല എന്ന് ഉറച്ച മനസ്സാണ് രാജിയെ മുന്നോട്ടു നയിച്ചത്. നഷ്ടപ്പെടാൻ ഒന്നും ഇല്ലാതിരുന്ന തനിക്ക് നേടാൻ ഒത്തിരി ഉണ്ടായിരുന്നു. പാചകം എന്ന കല മാത്രമാണ് മുതൽക്കൂട്ടായി കയ്യിൽ ഉണ്ടായിരുന്നത്. സ്വീഗ്ഗി സൊമാറ്റോ തുടങ്ങിയവ ഹോട്ടലുകളിൽ നിന്നും ഭക്ഷണം എടുക്കുന്നതുപോലെ വീടുകളിൽ നിന്ന് എടുക്കുമോ എന്ന ചിന്തയാണ് ആദ്യം കടന്നുവന്നത്, പിന്നീട് ഇതിനായി എന്തൊക്കെ ചെയ്യാനുണ്ട് എന്ന് അന്വേഷിച്ചിറങ്ങി. അക്ഷയ സെൻററിൽ പോയി എഫ് എസ് എസ് എ ഐ ലൈസൻസിന് അപേക്ഷിച്ചു ലൈസൻസ് കരസ്ഥമാക്കി. ശേഷം എല്ലാ ഫുഡ് ഡെലിവറി ആപ്പുകൾക്കും മെയിൽ അയച്ചു. ആദ്യമായി സ്വീഗ്ഗി വഴി ഓർഡറും ലഭിച്ചു. അത് വിജയകരമായി ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. ശേഷം തുടരെത്തുടരെ ഓർഡറുകൾ വന്നു. ഒരുപാട് കസ്റ്റമർ ബെയ്സും ഉണ്ടാക്കിയെടുക്കാൻ പറ്റി. കൂടാതെ നിലവിൽ ആലുവയിൽ തന്നെ ഒരു മെസ് ഹൗസും തുടങ്ങാൻ കഴിഞ്ഞു. ആവശ്യക്കാർ 20 കിലോമീറ്റർ പരിധിക്കുള്ളിൽ ആണെങ്കിൽ രാജി തന്റെ കൈപ്പുണ്യം ചാലിച്ച ശുദ്ധമായ ഭക്ഷണം സുരക്ഷിതമായി എത്തിച്ചു നൽകുന്നതാണ്. സഹായമായി മകനും മകളും ഭർത്താവും രാജിക്കൊപ്പം ഉണ്ട്. രാജിയുടെ ഒരു ദിവസം പുലരുന്നത് പോലും ഒത്തിരി പേർക്ക് ഭക്ഷണം നൽകാൻ ഉണ്ട് എന്ന് ഉത്തരവാദിത്വത്തോട് കൂടിയാണ്. ഒരു ബിസിനസിനപ്പുറം ആരോഗ്യകരമായ സ്വാദിഷ്ട ഭക്ഷണം തന്നിലൂടെ പലരും മനസ്സറിഞ്ഞു കഴിക്കുന്നു എന്ന ചാരിതാർത്ഥ്യം ഒരുപാട് സന്തോഷമേകുന്നു എന്ന് രാജി പറയുന്നു.
ഭർത്താവിനും മക്കൾക്കും ബന്ധുക്കൾക്കും എല്ലാം ഫ്രം ദ കിച്ചണിനെ ഒരു റസ്റ്റോറന്റ് ആയി ഉയർത്തണമെന്ന അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ ഫ്രം ദ കിച്ചണിന്റെ ഐഡന്റിറ്റി തന്നെ അതിന്റെ തനിമയും ഹോംലി ടച്ചും ആയതിനാൽ ഇത് ഇങ്ങനെ തന്നെ തുടരാനാണ് രാജിക്ക് ഇഷ്ടം.
വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ തനതു ശൈലിയിൽ ഭക്ഷണം നൽകി ഓരോരുത്തരുടെയും വിശപ്പിനൊപ്പം മനസ്സും കീഴടക്കാൻ ആകണം. രുചിയോടെയും വിശ്വാസത്തോടെയും താൻ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോൾ അതുണ്ടാക്കിയവരെ ആരെങ്കിലും സ്മരിക്കുന്നുണ്ടെങ്കിൽ അതുതന്നെയാണ് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച അംഗീകാരം എന്നും രാജി പറയുന്നു.