കൊട്ടും പാട്ടുമായി സംഗീതപ്രേമികളുടെ മനസ്സിൽ കൂടു തീർത്ത ‘ആൽമര’ത്തിന്റെ കഥയാണിത്. ചെമ്പൈ സംഗീത വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായ അജയ്,രോഹിൻ ,അൻഷാദ്,അക്ഷയ്, പ്രണവ്, പ്രത്യുഷ്,സാരംഗ് വൈഷ്ണവ്,ശങ്കർ, ശ്രീഹരി, ലിജു എന്നിവർ ഒന്നിക്കുന്നത് വിക്ടോറിയ കോളേജിന്റെ ഹോസ്റ്റലിൽ വച്ചാണ് ‘ആൽമര’ത്തിലെ നായകന്മാർ ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
കോളേജ് കഴിഞ്ഞ് ഹോസ്റ്റലിൽ മടങ്ങിയെത്തിയ ശേഷം നേരം പോക്ക് ആയി മേശയിൽ കൊട്ടിപ്പാടുന്ന വീഡിയോ ആണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം ‘ഓരിലത്താളി ഞാൻ ‘ എന്ന ഗാനവും കൂടുതൽ ആരാധകരെ ഉണ്ടാക്കി. തങ്ങളുടെ കൂട്ടായ ആലാപനവും ഏകോപനവും ആവാം കൂടുതൽ ജനശ്രദ്ധ ആകർഷിച്ചതെന്ന് ആൽമരം ബാൻഡ് അഭിപ്രായപെടുന്നു. 11 പേരുള്ള ഈ കൂട്ടായ്മയിൽ അജയ് ആണ് കൂടുതൽ മേൽനോട്ടം വഹിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലക്കാരായ ഈ 11 പേർ ഒരുമിച്ചതും സംഗീതത്തിനായി തന്നെ.വിക്ടോറിയ കോളേജിലെ ആൽമരത്തിന് ചുവട്ടിൽ ഇരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായിട്ടായിരുന്നു ആദ്യമായൊരു ഒരു ബാൻഡ് മോഡൽ പരിപാടി അവതരിപ്പിച്ചത്. ആദ്യകാലങ്ങളിൽ കോളേജിലെ സുഹൃത്തുക്കളെ ശ്രദ്ധ പിടിച്ചുപറ്റിയ ഇവർ ബാന്റി ന് പേര് ഒന്നും ഇട്ടിട്ടില്ലായിരുന്നു. ഷൈജൽ എന്ന അജയ്യുടെ സുഹൃത്താണ് ആൽമരം എന്ന പേര് നിർദ്ദേശിക്കുന്നത്.
കോളേജ് ജീവിതത്തിലെ മാധുര്യമുള്ള ഓർമ്മകൾ സംഗീത കൂട്ടായ്മയിലൂടെ കാത്തുസൂക്ഷിക്കുകയാണ് ഇവർ. പല വിഭാഗങ്ങളിലായി പഠിച്ചിരുന്നവരെ ഒന്ന് ചേർത്തത് ഹോസ്റ്റൽ ആയിരുന്നു യാതൊരു തരത്തിലുള്ള സീനിയോറിറ്റി പ്രശ്നങ്ങളും ഇല്ലാത്ത ഹോസ്റ്റൽ ജീവിതം ഒരുപാട് സന്തോഷത്തോടെയും സ്നേഹത്തോടെയും ഓർക്കുകയാണ് ‘ആൽമരം’. നേരം പോക്കിനായി തുടങ്ങിയ സംഗീതവും കൊട്ടും പാട്ടും ആരാധകരെ കൂട്ടിയപ്പോഴാണ് അടിസ്ഥാനമുള്ള ഒരു സംഗീത കൂട്ടായ്മ ആക്കി മാറ്റുന്നത്.പിന്നീട്, നിരവധി പരിപാടികൾ പല വേദികളിലായി അവതരിപ്പിക്കുകയായിരുന്നു,അങ്ങനെയിരിക്കെ ഒരു വേദിയിലേക്കുള്ള യാത്രക്കിടയിൽ ആണ് സംഗീത സംവിധായകൻ കൈലാസ്മേനോന്റെ കോൾ അജയ്യെ തേടിയെത്തുന്നത് . ട്രെയിൻ യാത്രയിലെ പാതിവഴിയിൽ എത്തിയ സന്തോഷവാർത്ത അവർ ഏവരുടെയും സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു. ‘ഡിയർ വാപ്പി’ എന്ന ചിത്രത്തിലെ പാട്ടിന്റെ ശബ്ദമാകാൻ ആയിരുന്നു അത്.
യു കെ, അയർലൻഡ് തുടങ്ങിയ ഇടങ്ങളിൽ ആയി പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചതും നേട്ടമായി കാണുന്നു.
ആൽമരത്തിന്റെതായ സ്വന്തം പാട്ട് തൃശ്ശൂർ പൂരത്തെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു ” നമ്മുടെ പൂരം” എന്ന ഈ പാട്ട് ഒട്ടുമിക്ക പ്ലാറ്റ്ഫോമുകളിലൂടെയും ഏവർക്കും സുപരിചിതമാണ് ഇന്ന്. ആൽമരത്തിന്റേതായ സ്വന്തം കമ്പോസിഷനുകളിൽ പിറന്ന പുത്തൻ ഗാനങ്ങൾ വരും മാസങ്ങളിൽ പുറത്തിറങ്ങാൻ ഇരിക്കുന്നതേയുള്ളൂ…
ഗിറ്റാർ, കഹോൺ, പോലുള്ള പരിമിതമായ ഇൻസ്ട്രുമെന്റുകൾ വച്ച് പരിപാടികൾ അവതരിപ്പിച്ചു പോന്ന ആൽമരം ബ്രാൻഡ് ഇനി പ്രേക്ഷകർക്ക് മുന്നിൽ പുത്തൻ രൂപ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
ഗ്രൂപ്പ് പെർഫോമൻസുകൾക്ക് പുറമേ സോളോ പെർഫോമൻസുകളും ഉൾപ്പെടുത്തി കൂടുതൽ സംഗീതോപകരണങ്ങൾ ചേർത്തുകൊണ്ട് പരിഷ്കരിച്ച ആൽമരം ബ്രാൻഡ് കാണികളെ ത്രസിപ്പിക്കാൻ ഇരിക്കുന്നതേയുള്ളൂ….
ഇരുന്നു പാടുന്ന പതിവു രീതികൾക്കും മാറ്റം വരുത്തിയിട്ടുണ്ട്. ആൽമരം നിറഞ്ഞ കൈയ്യടികൾക്കും നിറഞ്ഞ വേദികൾക്കും മുൻപിൽ ആസ്വാദക ഹൃദയം കീഴടക്കി മുന്നേറി കൊണ്ടിരിക്കുകയാണിപ്പോൾ .