മാറ്റത്തിന്റെ കാറ്റ് എന്നത്തേക്കാളും ശക്തമായി വീശുന്ന ഒരു കാലഘട്ടത്തിൽ, യുവത്വത്തിന്റെ വീര്യം സംരംഭകത്വത്തിന്റെ ലോകത്തെ മാറ്റത്തിന്റെ ഒരു പ്രേരകശക്തിയായി ഉയർന്നുവരുന്നു. പല മേഖലകളിലും യുവസംരംഭകർ കൊണ്ടുവരുന്ന ഊർജ്ജവും പുതിയ കാഴ്ചപ്പാടും വരും വർഷങ്ങളിൽ ബിസിനസ്സ് ലാൻഡ്സ്കേപ്പിനെ തന്നെ മാറ്റി രൂപപ്പെടുത്താനുള്ള കഴിവുള്ളവയാണ് . ശരിയായ പിന്തുണയും മാർഗനിർദേശവും ഉണ്ടെങ്കിൽ, അടുത്ത വലിയ സംരംഭക വിജയഗാഥ ഒരു യുവ മനസ്സിന് നന്നായി രചിക്കാനാകും എന്ന് നമുക്ക് കാണിച്ചു തരുകയാണ് വെറും 24ആം വയസ്സിൽ ഒരു സംരംഭം തുടങ്ങുകയും അത് വിജയിപ്പിക്കുകയും ചെയ്ത അനില രാജ് എന്ന ഈ യുവ സംരംഭകയും സുഹൃത്തായ അബിയും.
അഞ്ചഗംങ്ങളുള്ള കുടുംബത്തിലെ ഏറ്റവും ഇളയ മകളായ അനില ചേച്ചിമാർ രണ്ടുപേരും മെഡിക്കൽ ഫീൽഡിൽ ജോലി കണ്ടെത്തിയപ്പോൾ തീർത്തും വിപരീതമായി എഞ്ചിനീയറിംഗ് രംഗത്തേക്കാണ് തന്റെ പഠനം മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചത് . തുടർന്നു കോട്ടക്കൽ വുമൺ പോളിടെക്നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിന് ചേർന്ന് പഠനം പൂർത്തീകരിക്കുകയും ചെയ്തു. കോഴ്സ് കഴിഞ്ഞ് എല്ലാവരെയും പോലെ ഒരുപാട് കോച്ചിങ്ങുകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്ന സമയത്താണ് കൊറോണ വന്നതും എല്ലാം സ്തംഭിച്ചു പോയതും.
വീട്ടിൽ ഇരുന്നു പലതരം ചിന്തകളുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ഒരു ആശയം മനസ്സിൽ വരുന്നതും അടുത്ത സുഹൃത്തായി അബിയുമായി അത് പങ്കുവെക്കുന്നതും. ഒരേ ഫീൽഡിൽ തന്നെ പഠനം പൂർത്തീകരിച്ച ഇരുവർക്കും ഒരു അതിജീവനമാർഗം അപ്പോൾ വളരെ അത്യാവശ്യമായിരുന്നു. പഠനം കഴിഞ്ഞ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ ആയി ഗൾഫിൽ ജോലി ചെയ്ത് മടങ്ങി നാട്ടിൽ ഒരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരുന്ന സുഹൃത്തായ അബിക്കും അനിലയുടെ ആശയങ്ങളുമായി മുന്നോട്ട് പോകുവാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
ഒരു തരത്തിലുമുള്ള ബിസിനസ് പാരമ്പര്യമോ അറിവോ ഒന്നും ഇല്ലാതെയാണ് ഇരുവരും ഈ ഒരു മേഖലയിലേക്ക് കടന്ന് വരുന്നത്.ഒരുപാട് റെഫറൻസുകൾ എടുക്കുകയും ചർച്ചകൾ നടത്തുകയും ചെയ്താണ് അധികം നഷ്ടം വരാതെ ചുരുങ്ങിയ മുതൽ മുടക്കിൽ എങ്ങനെ ഒരു സംരംഭം തുടങ്ങാം എന്നിരുവരും ചിന്തിക്കുന്നതും അതിന് പറ്റിയ ബിസിനസ് പേപ്പർ ബാഗ് നിർമ്മാണമാണെന്ന് മനസിലാക്കുന്നതും. വളരെ ഇക്കോ ഫ്രണ്ട്ലി ആയതുകൊണ്ടും ലൈസൻസിങ്ങ് എളുപ്പത്തിൽ നേടിയെടുക്കാമെന്നുള്ളതുകൊണ്ടും പേപ്പർ ബാഗ് നിർമ്മാണ മേഖലയിൽ ഒരു സംരംഭം തുടങ്ങുന്നതിനു മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല.
തന്റെ കരിയർ ഈ മേഖലയിൽ ആരംഭിക്കുന്നതിന് അനിലയെ സംബന്ധിച്ചിടത്തോളം നേരിട്ട വലിയൊരു പ്രശ്നമായിരുന്നു വീട്ടുകാരുടെ പിന്തുണ നേടി എടുക്കുക എന്നുള്ളത്. ഒരു പെൺകുട്ടി ബിസിനസ്സിലേക്ക് തിരിയുന്നു എന്ന് പറയുമ്പോൾ സമൂഹത്തിൽ പലതരത്തിലുമുള്ള എതിർപ്പുകളും പരിഹാസങ്ങളും ഈ കാലഘട്ടത്തിലും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അതിനാൽ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുന്നു എന്നുള്ളത് വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുക ഒരു വലിയ കടമ്പ തന്നെ ആയിരുന്നെന്നും അനില ഓർക്കുന്നു. അടുത്ത ഘട്ടമായി സംരംഭം തുടങ്ങുന്നതിനായി ആവശ്യമുള്ള ഫണ്ട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് ഗവണ്മെന്റ് അംഗീകൃത സ്കിമുകളെ കുറിച്ച് രണ്ടുപേരും പഠനം നടത്തി ജില്ലാ വ്യവസായ വകുപ്പിൽ പോയി അന്വേഷിക്കുകയും ചെയ്തു. വ്യവസായ രംഗത്തേക്ക് യുവ തലമുറ കടന്ന് വരുന്നതിനു വേണ്ട എല്ലാ വിധ സഹായസഹകരണങ്ങളും വ്യവസായ വകുപ്പിൽ നിന്നും ലഭിക്കുന്നുണ്ടെന്നും തങ്ങളുടെ ബിസിനസ്സിന് ആവശ്യമായ പ്രൊജക്റ്റ് റിപ്പോർട്ട് മുതലായവ അവിടെ നിന്നും അവർ ഉണ്ടാക്കി നൽകി, അറിയാത്ത കുറെ കാര്യങ്ങൾ വിശദമായി ഒരു മെന്ററെ നൽകി അവർ വഴി പറഞ്ഞു മനസ്സിലാക്കി തന്നു എന്നും അനിലയും അബിയും പറയുന്നു. ഈ പ്രൊജക്റ്റ് റിപ്പോർട്ടും പേപ്പറുകളുമായി ബാങ്കിനെ സമീപിച്ചപ്പോൾ ബാങ്ക് മാനേജറിൽ നിന്നും വളരെ അധികം നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള റെസ്പോൺസ് ആയിരുന്നു ലഭിച്ചത് . അതിൽ ഒന്നും മനസ് തളരാതെ ഇരുവരും ഏകദേശം അഞ്ചു മാസത്തോളം ബാങ്കിൽ കയറി ഇറങ്ങി ബാങ്ക് മാനേജറെ തങ്ങളുടെ പ്രോജെക്ടിന്റെ സാദ്ധ്യതകൾ മനസിലാക്കികൊടുക്കാനും തങ്ങളുടെ പാഷൻ ഒരിക്കലും ഒരു ‘നോ’ കൊണ്ട് കേട്ടടങ്ങില്ല എന്ന് തെളിയിച്ചു കൊടുത്ത് അനിലയും അബിയും ഏപ്രിൽ 12, 2021ന് അവരുടെ സംരംഭത്തിന് തിരി തെളിയിക്കുകയും ചെയ്തു. തുടങ്ങിയ സമയങ്ങളിൽ ജീവനക്കാരില്ലാതെ സ്വയം തന്നെ എല്ലാ കാര്യങ്ങളും ചെയ്തു വന്ന ഇരുവരും ഓർഡറുകൾ നല്ല രീതിയിൽ ലഭ്യമായപ്പോഴാണ് ജീവനക്കാരെ സ്ഥാപനത്തിൽ നിയമിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ രണ്ട് ജീവനക്കാർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 ജീവനക്കാരുണ്ട് ഇവരുടെ കീഴിൽ കൂടാതെ ഇവയെല്ലാം സ്ത്രീകൾ തന്നെയാണ്. വീട്ടമ്മമാരായ സ്ത്രീകൾക്ക് ഒരു കൈത്താങ്ങ് കൂടിയാണിപ്പോൾ ഇവരുടെ സ്ഥാപനമായ Velox പ്രോഡക്ടസ്.
കൊറോണ സമയത്ത് തുടങ്ങിയ സ്ഥാപനം ആയതുകൊണ്ട് തന്നെ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നതിൽ എടുത്ത് പറയേണ്ടതായിരുന്നു പല വിഭാഗങ്ങളിൽ നിന്നും ബിസിനസ് ലഭ്യമെല്ലാതായി എന്നുള്ളത്. എന്നിരുന്നാലും ഇതെല്ലാം മുൻകൂട്ടി കണ്ട ഇവർ ആദ്യം ഓർഡർ തേടിയത് ഫുഡ് സെക്ടറിൽ ആയിരുന്നു. പ്രമുഖ സ്ഥാപനങ്ങളായ Burger lounge, Just Bakes തുടങ്ങിയവയുടെ ഓർഡറുകൾ എടുത്തായിരുന്നു തുടക്കം പിന്നീട് മാർക്കറ്റ് ഓണാവുകയും വിവിധ ഹോസ്പിറ്റലുകൾ, ജ്വല്ലറികൾ, ബോട്ടിക്കുകൾ തുടങ്ങിയവയുടെ ഓർഡറുകളും കിട്ടി തുടങ്ങി.
നിലവിൽ കേരളത്തിനു പുറമെ തമിഴ് നാട്ടിൽ നിന്നും ഓർഡറുകൾ Velox പ്രോഡക്റ്റ്സിനുണ്ട് അതും ഒരു തരത്തിലുള്ള മാർക്കറ്റിങ്ങോ മറ്റു പരസ്യങ്ങളോ ഇല്ലാതെ പ്രോഡക്റ്റ് ക്വാളിറ്റി അടിസ്ഥാനത്തിൽ മാത്രം ലഭിച്ച ഓർഡറുകൾ. കൂടാതെ UAE യിലേക്കും പേപ്പർ ബാഗുകൾ ഓർഡർ എടുത്ത് ചെയ്യുന്നുണ്ട്. Velox ന്റെ ഏറ്റവും വലിയ പ്രത്യേകത പാറ്റെർണുകളിൽ കൊണ്ടുവരുന്ന വ്യത്യസ്തതകളാണ്. പല സ്റ്റൈലുകളിൽ കസ്റ്റമൈസ് ചെയ്തും അല്ലാതെയും ഒക്കെ ഉള്ള പേപ്പർ ബാഗുകൾ Velox ഇന്റെ മാത്രം പ്രത്യേകത ആണ് .ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തങ്ങളുടെ ബിസിനസിനെ മറ്റൊരു തലത്തിലേക് ഉയർത്തി എടുക്കുവാൻ ഈ യുവ സംരംഭകർക്ക് കഴിഞ്ഞതിന്റെ തെളിവായി വിവിധ കോളേജുകളിൽ തങ്ങളുടെ സംരംഭ ജീവിതത്തെ കുറിച്ച് സംസാരിക്കുവാനും സംരംഭത്തെ പരിചയപ്പെടുത്തുവാനും വരും തലമുറയ്ക്ക് മാതൃകയാവുന്ന പ്രവർത്തനം കാഴ്ച വെക്കുവാനും ഇവർക്ക് സാധിച്ചു. കൂടാതെ ഗവണ്മെന്റ് കീഴിൽ ഉള്ള ‘എന്റെ നാട് എന്റെ വിജയം’ എന്ന പരിപാടിയിലെ അഥിതിയായി തങ്ങളുടെ വിജയം ലോകത്തോട് പങ്കുവെക്കുവാനുള്ള അവസരവും ലഭിച്ചു.
പാർട്ണർഷിപ് മോഡലിൽ തുടങ്ങിയ തന്റെ ബിസിനസിന്റെ പ്രൊഡക്ഷൻ അക്കൗണ്ട്സ് തുടങ്ങിയ കാര്യങ്ങൾ അനില ചെയ്യുമ്പോൾ മാർക്കറ്റിങ്ങും മെറ്റീരിയൽ പർച്ചെസും പ്രിന്റ്റിങ്ങും ഏറ്റെടുത് ചെയ്യുന്നത് അബിയാണ് .
ഭാവിയിൽ എക്സ്പോർട്ട് ലൈസൻസ് എടുത്തു കൊണ്ട് നിരവധി രാജ്യങ്ങളിലെക്ക് പേപ്പർ ബാഗുകൾ എത്തിക്കുക എന്ന സ്വപ്നം ലക്ഷ്യത്തിൽ എത്താൻ പ്രയത്നിക്കുകയാണ് ഇപ്പോൾ ഇരുവരും കൂടാതെ പുതിയൊരു ബിസിനസ് ആയി ടീഷർട്ട്, ജേഴ്സീ നിർമ്മാണ യൂണിറ്റും ഇതിനോട് ചേർന്ന് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നു .