യുവ സംരംഭകർ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനു മുമ്പ് പ്രത്യേകിച്ച് കേരളത്തിൽ കൃത്യമായ ഗ്രഹപാടം നടത്തി ആവശ്യമായ ലൈസൻസുകൾ സംഘടിപ്പിച്ചും മൂലധനം സ്വരൂപിച്ചും വരവ് ചിലവ് മുൻകൂട്ടി മനസ്സിലാക്കി പ്ലാൻ ചെയ്യേണ്ടതുണ്ട്. ഒരു എളിയ വ്യാപാരി- വ്യവസായി എന്ന എന്റെ അനുഭവം വെച്ച് ഏറ്റവും കൂടുതൽ നിയമക്കുരുക്കും, സങ്കീർണ്ണതയും മറ്റും മൂലം സ്ഥാപനം ആരംഭിച്ചു പ്രയാസത്തിൽ ആയവർ ഏറെയും കേരളത്തിലാണ്. പിന്നിട്ട 60 വർഷത്തെ ചെറിയ വ്യാപാര, വ്യവസായ, ട്രാൻസ്പോർട്ട്, രംഗത്ത് അനുഭവത്തിൽ നിന്നും ഇത്രയും നിയമക്കുരുക്കും സങ്കീർണ്ണതയും ഉയർന്ന ലൈസൻസ് ഫീസുകളും, നികുതികളും മുൻകാലങ്ങളിൽ അനുഭവപ്പെട്ടിട്ടില്ല. ഇടയ്ക്കിടയ്ക്കുള്ള നിയമ നികുതി മാറ്റങ്ങൾ മൂലം കുരുക്കഴിയാത്ത വിധം ബുദ്ധിമുട്ടിലായ അനുഭവം പലർക്കും ഉണ്ട്. അതേസമയം കേരളത്തിൽ സ്ഥാപനം നടത്തി വൻവിജയം കൈവരിച്ചവർ നിരവധിയാണ്. എന്നിട്ടും അവരിൽ പലരും പുതിയ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ആരംഭിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലാണ് .
സെയിൽസ് ടാക്സ് നിലവിൽ വന്നത് 1963ലാണ്. അത് ലളിത വൽക്കരിക്കുന്നതിനാണെന്ന് അവകാശപ്പെട്ടാണ് 2005ൽ വാറ്റ് നിലവിൽ വന്നത്. വാറ്റ് വന്നപ്പോൾ കൂടുതൽ സങ്കീർണമായി.
ഇന്ത്യ ഒട്ടാകെ ഒരേ നിയമം ഒരേ നികുതി സർക്കാരിനും ഭക്തർക്കും ഒരുപോലെ ഗുണകരം എന്ന് കൊട്ടിഘോഷിച്ചാണ് 2017ൽ നിലവിൽ വന്നത്. ആറുവർഷം പിന്നിട്ടിട്ടും അതിൽ അപാകതകൾ പരിഹരിക്കാത്തത് മൂലം കൂടുതൽ ബുദ്ധിമുട്ടിലായി. സേവന വേതന നിരക്കുകൾ കേരളത്തിൽ താരതമ്യേന കൂടുതലായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിർമാതാക്കളുമായി മത്സരിക്കാനാവാത്ത അവസ്ഥയിലാണ്.
പ്രകൃതി രമണീയത, , അനുയോജ്യ കാലാവസ്ഥ, ഭൂപ്രകൃതി, മനോഹര കടൽ തീരങ്ങൾ, ശബരിമല ഗുരുവായൂർ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ കേരളത്തിന് ലഭിച്ച വരദാനങ്ങളാണ്. അതുകൊണ്ടുതന്നെ ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് അനന്തസാധ്യത കേരളത്തിലുണ്ട്. അടിസ്ഥാന സൗകര്യവും, എയർ റെയിൽ റോഡ് ജല കണക്ടിവിറ്റി മെച്ചപ്പെടുത്തിയാൽ ടൂറിസം മേഖലയിൽ നിരവധി സാധ്യതകൾ ഉണ്ട്. കേരളത്തിൽ ഒരു വശത്ത് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി വിലപിക്കുമ്പോൾ 40 ലക്ഷത്തിലധികം അതിഥി തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. കണ്ണുതുറന്നാൽ നിരവധി തൊഴിൽ അവസരങ്ങളും നമുക്ക് മുന്നിൽ തന്നെയുണ്ട്.
കേരളം വിദ്യാഭ്യാസ മേന്മ അവകാശപ്പെടുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് നമ്മുടെ യുവ തലമുറ വിദേശങ്ങളിൽ പോവുകയും പഠനം കഴിഞ്ഞാൽ അവിടെ സ്ഥിരതാമസം ചെയ്യുന്ന വിരോധാഭാസമാണ് കാണുന്നത്. മുൻകാലങ്ങളിൽ തൊഴിൽ സമരങ്ങൾ പണിമുടക്ക് ഹർത്താൽ ബന്ത് എന്നിവ കൊണ്ട് സംരംഭകർ ബുദ്ധിമുട്ടിയിരുന്നുവെങ്കിൽ ഇന്ന് ഒരു പരിധിവരെ അതിന് ശമനം വന്നത് ഒരാശ്വാസമാണ്. എങ്കിലും നോക്കുകൂലി ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഇപ്പോഴുമുണ്ട്. അടുത്തകാലത്തായി സർക്കാർതലത്തിൽ ടൂറിസം വികസിപ്പിക്കുന്നതിനും, നിക്ഷേപകരെയും, വ്യവസായികളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും താഴെത്തട്ടിൽ അത് അനുഭവപ്പെടുന്നില്ല എന്നതാണ് ഖേദകരം.
കൊച്ചു കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മനോഹരമായ ബീച്ചുകൾ, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ 5സ്റ്റാർ ഹോട്ടലുകൾ, എന്നീ സൗകര്യങ്ങൾ ടൂറിസം വഴിയുള്ള വരുമാനം, അതുവഴി തൊഴിലാവസരങ്ങളും വർദ്ധിപ്പിക്കാൻ കഴിയും.
നിർമ്മിതികളെപ്പോലെ തന്നെ ഒരു പ്രധാന ഘടകമാണ് മാർക്കറ്റിംഗ്.
ലേഖകൻ
ഷെവലിയാർ സി ഇ ചാക്കുണ്ണി.
പ്രസിഡന്റ് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ&
മലബാർ ഡെവലപ്മെന്റ് കൗൺസിൽ.
+91-98474 12000
chev.chakkunny @gmail. com.