“വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടന കൊണ്ട് ശക്തരാവുക” എന്ന് ശ്രീനാരായണ ഗുരു പറഞ്ഞ വാചകം അക്ഷരാർത്ഥത്തിൽ പ്രാവർത്തികമായ പല സാഹചര്യങ്ങളും നമുക്ക് ചുറ്റുമുണ്ട്. അറിവ് വളരുന്നത് അത് പകർന്നു കൊടുക്കുന്നതിലൂടെ ആണ്. ആത്മവികാസം മുതൽ ബാഹ്യ ചുറ്റുപാടിലെ കാര്യങ്ങളിലും വളർച്ച സാധ്യമാവാൻ വിദ്യാഭ്യാസത്തിലധിഷ്ഠിത മായ അറിവും അനിവാര്യമാണ്.
ചെങ്ങന്നൂര് കാരിയായ ആശാ ബിനീഷിന് അറിവാണ് ജീവിതോപാധിയും ആയുധവും എല്ലാം.
കോമ്പറ്റേറ്റീവ് ക്രാക്കർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സംരംഭക ആശ തന്റെ ആശകൾക്കപ്പുറം സഞ്ചരിച്ചിരിക്കുന്നു ഇന്ന്.
ഭർത്താവ് ബിനീഷ്,മക്കൾ നിരഞ്ജൻ, നീരദ് എന്നിവരടങ്ങുന്നതാണ് കുടുംബം.
കമ്പ്യൂട്ടർ സയൻസിൽ ബിടെക് പഠനം കഴിഞ്ഞ ആശ സോഫ്റ്റ്വെയർ ഫീൽഡിൽ ജോലി ചെയ്തു വരികെ മകനെ
നോക്കുന്നതും ജോലിയും ഒരുപോലെ കൊണ്ടുപോവുക എന്നത് വെല്ലുവിളിയായി വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ചു കുഞ്ഞിനെ നോക്കാനായി മാത്രം തന്റെ ചുറ്റുപാടുകൾ വീട്ടിൽ മാത്രമായി ഒതുക്കിയത്.
വീട്ടിലിരുന്ന സമയങ്ങളിലും പ്രോഡക്റ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്നുള്ള ചിന്ത തന്നെ അലട്ടി കൊണ്ടേയിരുന്നു. അങ്ങനെ ചില പ്രത്യേക പഠന വിഷയങ്ങൾ കേന്ദ്രീകരിച്ച് സ്വന്തമായി വീഡിയോ എടുത്ത് യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി, 2014 -15 സമയങ്ങളിൽ യൂട്യൂബ് അത്രത്തോളം സജീവമാവാതിരുന്ന കാലം എഡിറ്റിംഗ് കാര്യങ്ങൾ വലിയ രീതിയിൽ ഒന്നും ചെയ്തിരുന്നില്ല. മൊബൈലിൽ തന്നെയായിരുന്നു വീഡിയോ എടുത്തിരുന്നത്. സബ്സ്ക്രൈബേഴ്സ് ഒക്കെ വളരെ കുറവായിരുന്ന സമയത്തുപോലും ക്ലാസുകൾ എല്ലാം മുടക്കം കൂടാതെ അപ്ലോഡ് ചെയ്തു കൊണ്ടേയിരുന്നു. മാസങ്ങൾക്കിപ്പുറം പലരിൽ നിന്നും അന്വേഷണങ്ങളും, ക്ലാസ്സുകൾ എങ്ങനെ ഓഫ്ലൈനായി കിട്ടും എന്നുള്ള ചോദ്യങ്ങളും വന്നു തുടങ്ങി. ഇതെല്ലാം നല്ലൊരു സംരംഭ ആശയത്തിന് തുടക്കം ആവുകയും ചെയ്തു.
രണ്ട് സ്വർണ്ണ വള പണയപ്പെടുത്തി കിട്ടിയ തുകയിൽ വീടിനടുത്തായി കാക്കനാട് തന്നെ മുപ്പതിനായിരം രൂപ മൂലധനത്തിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി.
വിലക്കുറവിൽ ഉപയോഗിച്ച ഫർണിച്ചറുകളും വാങ്ങി,ചുരുങ്ങിയ ചിലവിൽ ഒരു സ്ഥാപനം പ്രവർത്തനമാരംഭിച്ചു.
കരിയറും കുടുംബവും ഒരുപോലെ കൊണ്ടുപോവുക എന്ന കടമ്പ കടന്നതും നിശ്ചയദാർഢ്യം കൊണ്ട് തന്നെയായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലീനിങ് മുതൽ ക്ലാസ് എടുക്കുന്നതുവരെയുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നതിൽ നേരിട്ട ബുദ്ധിമുട്ടിൽ നിന്നും കുറച്ചുകൂടി സ്റ്റാഫുകളെ നിയമിക്കണം എന്ന തീരുമാനത്തിലെത്തി. ഓൺലൈൻ വിദ്യാഭ്യാസം അത്രപ്രചാരത്തിൽ അല്ലായിരുന്ന കാലത്ത്, മൊബൈല് ആപ്ലിക്കേഷൻ 2016 ലോഞ്ച് ചെയ്തു. പിന്നീടുള്ള വളർച്ച ദ്രുതഗതിയിൽ ആയിരുന്നു. വെറും മൂന്ന് സബ്സ്ക്രൈബേഴ്സ് ആയി തുടങ്ങിയ യൂട്യൂബ് ചാനൽ 55ലക്ഷത്തിൽ എത്തിനിൽക്കുന്നു.
നിലവിൽ ഊർജ്ജസ്വലരായ മികച്ച സഹപ്രവർത്തകരുള്ള ഒരു സ്ഥാപനമാണിന്നിത്.
സെന്ററുകളിലെ ക്ലാസ്സുകൾക്ക് പുറമേ വെബ്സൈറ്റ് വഴി ഓൺലൈനായും ക്ലാസുകൾ നൽകുന്നു.
നിലവിൽ മൂന്ന് മുതൽ 60 വയസ്സുവരെയുള്ളവർക്ക് ഏതു കോഴ്സും അഭിരുചിക്കനുസരിച്ച് പ്രായഭേദമന്യേ സമയാനുസരണം എപ്പോൾ വേണമെങ്കിലും പഠിക്കാവുന്ന രീതിയിൽ ലഭ്യമാണ് ഇവിടെ.
വിലമതിക്കാനാവാത്ത നേട്ടങ്ങൾ എന്നു പറയുന്നത് കുട്ടികൾ കൊയ്തെടുക്കുന്ന വിജയം തന്നെയാണ്. കോമ്പറ്റേറ്റിവ് ക്രാക്കർ വഴി ഒട്ടനവധി ഉദ്യോഗാർത്ഥികൾ ഇന്ന് പല ഗവൺമെന്റ് പോസ്റ്റുകളിലും ഇരിപ്പിടം ഉറപ്പിച്ചിരിക്കുന്നു.
ഓരോരുത്തരെയും പ്രത്യേകമായി പരിഗണിച്ചുകൊണ്ട് പഠനത്തിലെ ബുദ്ധിമുട്ടുകളും മറ്റും പരിഹരിച്ച് പരീക്ഷ ഹാൾ വരെ ആത്മവിശ്വാസത്തോടെ കൂടെ നിൽക്കുന്നതിനാൽ ഊഷ്മളമായ ബന്ധങ്ങൾ ഇന്നും നിലനിൽക്കുന്നു. കൂടാതെ മാർക്കറ്റിംഗ് ഒന്നും ചെയ്യാതെ പഠിച്ചിറങ്ങിയ പലരുടെയും റഫറൻസ് വഴി ഒരുപാട് പേരെത്തുന്നുണ്ട് ഇവിടെ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനവും നൽകുന്നുണ്ട്.
പണത്തിന്റെ പരിമിതികളിൽ ഒതുങ്ങിക്കൂടി സ്വപ്നം കണ്ട സ്ഥാനമാനങ്ങളിൽ എത്തിപെടാത്തവർക്ക് തന്നാലാവുന്ന സഹായങ്ങൾ സി. സി എന്ന കോമ്പറ്റിറ്റീവ് ക്രാക്കർ ബ്രാൻഡ് നെയിമിൽ നിന്നുകൊണ്ട് ചെയ്തു വരുന്നതിൽ സന്തോഷം മാത്രം. പഠിപ്പിക്കുന്നതിനോടൊപ്പം നിലവിൽ മാർക്കറ്റിംഗ് എം. ബി. എ യും ചെയ്യുന്നുണ്ട് ആശ. ആശകൾ പൂർത്തീകരിക്കാനായി കോംപറ്റീറ്റീവ് പ്രൈവറ്റ് ലിമിറ്റഡിൽ എത്തുന്നവർക്ക് പിന്തുണയായി ആശയുമുണ്ട് കൂടെ.