1. വീടിനെയും , നാടിനെയും, വീട്ടുകാരെയും കുറിച്ച്.
അസ്സാം ആണ് സ്വദേശം, കേരളത്തിൽ 15 വർഷമായി എത്തിയിട്ട്. ഇപ്പോൾ കേരളവും എന്റെ സ്വദേശം തന്നെ ആയി കഴിഞ്ഞു. വീട്ടിൽ അമ്മ, അച്ഛൻ, രണ്ട് അനിയന്മാർ ആണെനിക്കുള്ളത്. 13 വയസ്സിൽ ആണ് ഈ ഒരു മേഖലയിലേക്ക് വന്നത്. പഠനത്തിൽ പിറകിലായതുകൊണ്ട് സ്വയം എടുത്ത തീരുമാനം ആയിരുന്നു അത്. ഇപ്പോൾ താമസം കൊച്ചിയിൽ ആണ്.
2. അസ്സാമിനെയും കേരളത്തിനെയും താരതമ്യം ചെയ്യുമ്പോൾ.
അസ്സമും കേരളവും ഒരുപോലെ തന്നെ ആണ് പല കാര്യങ്ങളിലും . വ്യത്യാസമുള്ളത് രണ്ടേ രണ്ട് കാര്യത്തിൽ ആണ് ഭക്ഷണത്തിലും ഭാഷയിലും. ആളുകളുടെ സ്വഭാവവും മറ്റെല്ലാ കാര്യങ്ങളും ഒരുപോലെ ആയതിനാൽ കേരളം മറ്റൊരിടം എന്നൊരിക്കലും തോന്നിയിട്ടില്ല.
4. കേരളത്തിലെ ആദ്യത്തെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ മാഡം എങ്ങിനെ ആണ് ഈ മേഖലയിലേക്ക് കടന്ന് വന്നത്?
ബന്ധുക്കൾ എല്ലാം കലാകാരന്മാരും ഉദ്യോഗസ്ഥരും ആണ്, അച്ഛൻ റെയിൽവേ ഉദ്യോഗസ്ഥനാണ്, അതുപോലെ അച്ഛന്റെ കുടുംബത്തിൽ എല്ലാവരും പഠിപ്പുള്ളവർ ആണ്. ചെറുപ്പം മുതൽ പഠനത്തിൽ കാര്യമായി മുന്നേറ്റം ഒന്നും ഇല്ലാതിരുന്ന എന്നെ കുറിച്ച് എല്ലാവർക്കും ആശങ്ക ഉണ്ടായിരുന്നു അപ്പോൾ ഞാൻ സ്വയം എന്റെ 13 ആം വയസ്സിൽ തിരഞ്ഞെടുത്ത മേഖല ആണിത്. ആന്റി സിനിമ ആർട്ടിസ്റ്റ് ആയിരുന്നു അവരുടെ മകൾ അസ്സാം സിനിമയിലെ സൂപ്പർ സ്റ്റാറുമായതിനാൽ ഈ മേഖലയിലേക്ക് വന്നപ്പോൾ പിന്തുണയ്ക്കാൻ അവരെല്ലാം ഉണ്ടായിരുന്നു. കസിൻസ് പലരും സിനിമ മേഖലയിൽ ഉള്ളവർ ആണ് അപ്പോൾ അവരോടൊപ്പം ഒക്കെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ പോവാറുണ്ട്, അങ്ങനെ ആദ്യം ഞാൻ മലയാളത്തിൽ ചെയ്ത വർക്ക് വനിത മാസികയുടെ കവർ പേജിലേക്ക് വേണ്ടി നടി ലിസ്സി പ്രിയദർശനെ മേക്കപ്പ് ചെയ്തതാണ്. പിന്നീട് ഒരുപാട് വർക്കുകൾ ചെയ്തു.
5. ഇപ്പോൾ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിലുപരി ഒരു സെലിബ്രിറ്റി ആയപ്പോൾ എന്ത് തോന്നുന്നു?
ഞാൻ ഒരു സാധാരണ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്. ഞാൻ ചെയ്യുന്ന മേഖല എന്റെ തൊഴിൽ ആണ് അതിൽ അഹങ്കരിക്കേണ്ടതോ പെരുമ തോന്നേണ്ടതോ ആയ ആവശ്യം ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ചായം ഇടുന്നത് ഒരു സാധാ വധുവിനായാലും ഒരു നടിക്ക് ആയാലും രണ്ടും ഒന്ന് പോലെയാണ് കാണുന്നത്. ആളുകൾ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു ഒരുപാട് പിന്തുണ നൽകുന്നു, ഒരിക്കലും ഞാൻ ആ സ്നേഹം ദുരുപയോഗം ചെയ്യില്ല, ഇതെല്ലാം എനിക്ക് ദൈവം നൽകിയ വലിയ അനുഗ്രഹങ്ങളായി കാണുന്നു.
6. ഒരു വനിതാ സംരംഭക എന്ന നിലവിലുള്ള യാത്രയെ കുറിച്ച് .
ജാന്മണി ദാസ് ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോ എന്ന സ്ഥാപനം കോറോണയുടെ മുൻപ് തുടങ്ങിയ ഒന്നായിരുന്നു, കൊറോണ വന്നപ്പോൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. പിന്നീട് ഒരു തിരുച്ചു വരവ് സുഹൃത്തുക്കളെയും കൂട്ടി നടത്തി, അതിൽ ഒരു അക്കാഡമി ആയി സ്ഥാപനത്തെ ഉയർത്തി എടുത്തു. നിലവിൽ ഇവോൾവ് ഫാഷൻ അക്കാഡമിയിൽ മേക്കപ്പ്, മോഡലിങ്ങ്, ഫാഷൻ ഡിസൈനിങ്ങ്, ഫോട്ടോഗ്രാഫി തുടങ്ങിയവ ഹ്രസ്വ കാല കോഴ്സുകളായി അക്കാഡമിയിൽ നൽകുന്നു. ക്ലാസ്സുകളിൽ പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഉൾപ്പടെ ഉള്ള കാര്യങ്ങളും നൽകുന്നുണ്ട്.
7. ഈ ഒരു മേഖലയിൽ 15 കൊല്ലത്തിലേറെ പരിചയമുള്ള ആൾ എന്ന നിലയിൽ പണ്ടുകാലത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഇപ്പോൾ ഈ മേഖലയിൽ വന്ന മാറ്റങ്ങൾ എന്തെല്ലാം ആണ്?
ഞാൻ ഇതിൽ എത്തിയ സമയത്ത് ഒരു ട്രാൻസ് പേഴ്സൺ ഈ ഒരു മേഖലയിൽ ജോലി ചെയ്യുന്നത് വളരെ വിരളമായിരുന്നു കൂടാതെ എല്ലാവർക്കും കൗതുകവും ആയിരുന്നു . ഇപ്പോൾ ആ ഒരു കാഴ്ചപ്പാടൊക്കെ മാറി. എനിക്ക് ഒരിക്കലും ഒരു തരത്തിലുമുള്ള തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. കേരളത്തിൽ പ്രൊഫഷണലിയും പഴ്സണലിയും ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന ഒരുപാട് നല്ല വ്യക്തികൾ ഉണ്ട്. വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ആണ് കേരളത്തിൽ ഉള്ളത് അതുകൊണ്ട് തന്നെ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് ഇവിടെ സ്വീകാര്യത ഏറെ ആണ്.
8. ആരാണ് ഈ മേഖലയിലെയും ജീവിതത്തിലെയും വലിയ ശക്തി ? ഈ മേഖലയിലെ ഗുരുവിനെ കുറച്ച്…
എന്റെ ശക്തി എന്റെ കൂടെ നിൽക്കുന്ന ആളുകളാണ്, എന്നോടൊപ്പം ഉള്ളവരെല്ലാം എന്ത് തന്നെ സംഭവിച്ചാലും എന്റെ കൂടെ ഉറച്ചു നിൽക്കുന്നവരാണ്. എന്നെ ഉപദേശിച്ചാലും വഴക്ക് പറഞ്ഞാലും തിരികെ വന്നു എന്നെ സന്തോഷിപ്പിക്കുന്നവരാണ്. ഇനി ഒരു ജന്മം കൂടെ ലഭിച്ചാൽ ഇതേ കേരളത്തിൽ ഇതേ ആളുകളുടെ കൂടെ തന്നെ ജീവിക്കാനാണ് ആഗ്രഹം. ഈ മേഖലയിൽ എനിക്ക് മൂന്ന് ഗുരുക്കളാണ് ഉള്ളത് – രറ്റുൽ ബോറോ, ദിലി പോക്കൻ, വിജയിത് ചൗക്ക്യ. ഇവരെല്ലാം സ്വന്തം മേക്കപ്പ് കിറ്റ് എനിക്ക് നൽകി എന്നെ ഈ മേഖലയിലേക്ക് കൈ പിടിച്ചു ഉയർത്തി കൊണ്ട് വന്നവരാണ്. ഇവർ ആണ് എന്നെ ഇന്ന് എല്ലാവരും കാണുന്ന ജാന്മണി ദാസ് ആക്കി മാറ്റിയത്. ഇവരൊക്കെയാണ് എന്റെ ജീവിതത്തിലെ വലിയ ശക്തികൾ.
9. ഭാവിയിലെ പദ്ധതികൾ…
ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടാൻ ആഗ്രഹമുണ്ട് കൂടെ എന്റെ അക്കാദമി വളർത്തി എടുക്കാനുള്ള പദ്ധതികൾ ഉണ്ട്. സ്വന്തമായി ജാന്മണി ദാസ് എന്ന ഒരു ബ്രാൻഡ് തന്നെ സൃഷ്ടിക്കാൻ ആലോചിക്കുന്നുണ്ട്. നിലവിൽ അതിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഒരു സിനിമയിൽ അഭിനയിക്കാനും കഴിഞ്ഞു.
10. ഇനി വരുന്ന തലമുറയോട് പറയാനുള്ളത്.
ഇപ്പോഴുള്ള തലമുറ കൂടുതലും സോഷ്യൽ മീഡിയയുടെ പിറകെയാണ്. ജോലിക്ക് പ്രാധാന്യം നല്കാത്തവരാണ് ഏറെയും എന്ന് തോന്നിയിട്ടുണ്ട് പക്ഷെ പെട്ടന്ന് പണം ഉണ്ടാക്കാനും പ്രശസ്തരാവാനും അതിയായ ആഗ്രഹം ഉള്ളവരുമാണ്. അവരോട് പറയാൻ ഉള്ളത് സ്വന്തം ജോലി അല്ലെങ്കിൽ കർത്തവ്യം വളരെ ഭംഗി ആയി ആദ്യം ചെയ്യൂ പണവും പ്രശസ്തിയും പിന്നാലെ വരും എന്നാണ്…