1- നാട്, പഠനം, കുടുംബം എന്നിവയെ കുറിച്ച് പറയുകയാണെങ്കിൽ…
ഞാൻ ജനിച്ചതും വളർന്നതും കൊല്ലം ജില്ലയിലെ പുന്തലത്താഴം എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. സ്കൂൾ പഠനം മീനാക്ഷി വിലാസം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞു, കോളേജ് പഠനം പൂർത്തീകരിച്ചത് ഫാത്തിമ മാതാ കോളേജ് കൊല്ലത്തു നിന്നാണ്. അമ്മ അച്ഛൻ രണ്ട് സഹോദരന്മാർ ഒരു സഹോദരി ഇതായിരുന്നു എന്റെ കുടുംബം പക്ഷെ ഇപ്പോൾ കൂടെ ഉള്ളത് അമ്മയും ഒരു സഹോദരനും മാത്രമാണ് ബാക്കി ഉള്ളവരെല്ലാം ഈ ലോകത്തോട് വിട പറഞ്ഞു പോയി.
2- വരുമാന മാർഗ്ഗം എന്നതിലുപരി ഒരു പാഷൻ ആയി മാറി ചമയ മേഖല എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നെല്ലോ… എങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തിപ്പെട്ടത്?
ചമയ ലോകത്തേക്ക് വളരെ യാദൃശ്ചികമായി വന്നു പെട്ട ഒരാളാണ് ഞാൻ. ആ ഒരു കാലത്ത് എന്റെ സത്വത്തെ എനിക്ക് തിരിച്ചറിയാൻ പറ്റാത്തൊരു കാലം ആയിരുന്നു, അത് പ്രകടിപ്പിക്കാനോ സ്വയം പര്യാപ്തയാകാനോ പറ്റാത്തൊരു കാലം ആയിരുന്നു അപ്പോൾ എന്ത് ചെയ്ത് ജീവിക്കും എന്നുള്ളത് എന്റെ മുന്നിലെ വലിയൊരു ചോദ്യം ആയിരുന്നു. പല മേഖലകളും ഒന്ന് പരീക്ഷിച്ചു നോക്കി അങ്ങനെ ഓരോ തലങ്ങളിലൂടെ പോകവേ യാദൃശ്ചികമായി വന്നെത്തിയതാണ് ചമയ ലോകത്ത്. പിന്നെ ഒരുപാട് കാലം ഇതൊരു ഉപജീവനമാർഗമയാണ് കണ്ടിരുന്നത് പക്ഷെ പോകെ പോകെ ഈ ഒരു കല എന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെ ആയി മാറികൊണ്ടിരുന്നു. അങ്ങനെ ആദ്യമെല്ലാം സാമ്പത്തികത്തിനു വേണ്ടി മാത്രം മേക്കപ്പ് ചെയ്തു നൽകിയിരുന്നു ഞാൻ പിന്നീട് അതിൽ സാമ്പത്തികം നോക്കാതെയും ചെയ്യാൻ തുടങ്ങി, അത്രത്തോളം ജീവനാണിപ്പോൾ ചമയ കല എന്ന് പറയുന്നത്.
3- ഈ ഒരു മേഖലയിൽ വളരെ ഏറെ മത്സരങ്ങൾ നിലനിൽക്കുമ്പോഴും ഒരു ട്രാൻസ് വിമൻ എന്ന നിലയിൽ എങ്ങനെയാണ് പിടിച്ചു നിന്നത്? എന്തൊക്കെ വെല്ലുവിളികൾ ആയിരുന്നു നേരിടേണ്ടി വന്നത്? പിന്തുണച്ചവർ ആരെല്ലാം ആയിരുന്നു ?
ഒരു പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ലേബലിൽ ആയിരുന്നു ഈ മേഖലയിലേക്ക് കടന്ന് വന്നത്. ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നു എല്ലാം പ്രകടിപ്പിക്കാൻ കഴിയാത്ത അത്രയും തീർവ്രമായിരുന്നു എങ്കിൽ കൂടി എന്നെ പിന്തുണയ്ക്കാൻ ഒരു പറ്റം ഫീമെയിൽ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു, ഇന്നും ഞാൻ അവരെ വളരെ നന്ദിയോടെ ഓർക്കുന്നു. സിനിമ ഇൻഡസ്ട്രിയിൽ മേക്കപ്പ് ആർട്ടിസ്റ് ആയി അരങ്ങേറുന്നതിന് മുന്നേ ഞാൻ നൃത്ത ലോകത്ത് അത്യാവശ്യം പേരുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. ഒരു മേക്കപ്പ് ആർട്ടിസ്റ്റ് അവനുള്ള പ്രധാന കാരണം ആർ എൽ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിന്റെ കുട്ടികളെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലൊക്കെ മേക്കപ്പ് ചെയ്താണ് ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന രീതിയിൽ പ്രശസ്തി ആർജിക്കാൻ പറ്റിയത്. പിന്നീട് സിനിമ മേഖലയിൽ വന്നപ്പോഴായിരുന്നു കൂടുതൽ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നത്. പുരുഷ മേധാവിത്തം ഉള്ള ഒരു മേഖല ആയിരുന്നതുകൊണ്ട് തന്നെ അവിടേക്ക് ചെന്നെത്തിയപ്പോൾ ഒരു ട്രാൻസ് വിമൻ എന്ന നിലയിൽ എന്റെ സ്ത്രെയിണത ചോദ്യം ചെയ്യപ്പെട്ടിരുന്നു. പിന്നീട് പല രീതിയിലും എന്നെ പരിഹസിക്കുന്ന തരത്തിൽ ആയിരുന്നു കാര്യങ്ങൾ പക്ഷെ അതിലെല്ലാം ഞാൻ പിടിച്ചു നിന്നത് ഈ ഭൂമി എന്റേത് കൂടിയാണ് എന്ന ഉറച്ച തോന്നലുള്ളത് കൊണ്ടായിരുന്നു. ഇപ്പോൾ ഈ മേഖലയിൽ എന്റെ സ്ഥാനം ഉറപ്പിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുമ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് ഈ മേഖലയിലൂടെ ആണെന്നുള്ളത് തന്നെയാണ് എന്റെ ഏറ്റവും വലിയ വിജയമായി ഞാൻ വിശ്വസിക്കുന്നത്.
4- മേക്കപ്പ് ആർട്ടിസ്റ്റ് ആവുക അതിലൂടെ ഒരു സംരംഭക ആവുക എന്നത് സ്വപ്നം കണ്ടിരുന്ന ഒന്നായിരുന്നോ?
ഒരിക്കലും ഒരു മേക്കപ്പ് ആവും എന്നും അതിലൂടെ ഒരു സംരംഭം സൃഷ്ടിക്കാൻ കഴിയും എന്നും ഒന്നും പ്രതീക്ഷിച്ചിരുന്ന ഒരു കാര്യം അല്ല. പഠിക്കുമ്പോൾ പോലും ആഗ്രഹത്തെ കുറിച്ച് ചോദിക്കുമ്പോൾ പൈലറ്റ് ആവണം എന്നായിരുന്നു ഞാൻ പറയാറ്. അമ്മക്ക് ഞാൻ ഒരു വക്കീൽ ആയി കാണാനായിരുന്നു ആഗ്രഹം. ഒരു സംരംഭക ആവുക എന്നത് തീർത്തും വിചാരിക്കാത്ത ഒന്നായിരുന്നു.
5- മേക്കപ്പ് ആർട്ടിസ്റ്റ് ആകുന്നതിനു വേണ്ടി പ്രത്യേകിച്ചു കോഴ്സുകൾ എന്തെങ്കിലും പിടിച്ചിരുന്നോ? ഈ മേഖലയിലെ ഗുരു ആരായിരുന്നു?
ചൂണ്ടികാണിക്കാൻ എനിക്ക് ഇതിൽ ഒരു ഗുരു ഇല്ല പക്ഷെ ഒരു ഗുരു വേണം എന്ന് അത്യധികം ആഗ്രഹിച്ചിരുന്നു. ആ തീവ്രമായ ആഗ്രഹം 2006 പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ അംബിക പിള്ളയുടെ അടുത്ത് എന്നെ എത്തിച്ചു. 2006ൽ ഡൽഹിയിൽ നടന്ന വിൽസ് ഇന്ത്യ ഫാഷൻ വീക്കിൽ അംബിക പിള്ളയുടെ മേക്കപ്പ് ടീമിൽ അസ്സിസ്റ്റ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. 5 ദിവസം നീണ്ട് നിന്നാൽ പരിപാടിയിൽ ദീപിക പതുകൊൺ, ദിയ മിർസ തുടങ്ങി ഒരുപാട് സ്റ്റാറുകൾ അടങ്ങുന്ന ടീമിനെ മേക്കപ്പ് ചെയ്യാനും അങ്ങനെ ഒരു വലിയ എക്സ്പീരിയൻസ് ലഭിച്ചു. അതായിരുന്നു ജീവിതത്തിലെ ഒരു വലിയ വഴിതിരിവ്. അവിടെ നിന്നുമാണ് എനിക്ക് ഇനിയും എന്റെ ഈ മേഖലയിലെ കഴിവുകൾ മെച്ചപ്പെടുത്തണമെന്നും അറിവ് വർധിപ്പിക്കണമെന്നും ഉള്ള ചിന്ത ഉണ്ടാകുന്നത്.
6- ഡോറ ബ്യൂട്ടി വേൾഡ് എന്ന ആശയത്തിൽ എത്തിയത്?
ഒരിക്കലും പ്ലാൻ ചെയ്ത ഒന്നായിരുന്നില്ല ഡോറ എന്ന സ്ഥാപനം. ഒരു മേക്കപ്പ് അക്കാദമി എപ്പോഴെങ്കിലും തുടങ്ങണം എന്ന ഒരു മോഹം ഉണ്ടായിരുന്നെങ്കിലും അതിന് വേണ്ട ഒരു ക്വാളിറ്റി എനിക്ക് ഇല്ല എന്ന് ഞാൻ സ്വയം വിശ്വസിച്ചു പോന്നു. എങ്കിലും കഴിഞ്ഞ 18 കൊല്ലമായി കേരളത്തിൽ അങ്ങോലം ഇങ്ങോളമായി പല ഇടങ്ങളിലും ഞാൻ സെമിനാറുകളും വർക്ഷോപ്പുകളും എടുക്കാറുണ്ടായിരുന്നു. അങ്ങനെ പഠിപ്പിച്ച് പഠിപ്പിച്ച് ആണ് എനിക്ക് എന്റെ അറിവ് വർധിപ്പിക്കാൻ കഴിഞ്ഞത്. ഒരു ലക്ഷത്തിൽ പരം ആളുകൾക്ക് ഞാൻ സെമിനാറുകളും വർക്ഷോപ്പുകളും നൽകിയിട്ടുണ്ട് ഈ ഒരു കാലത്തിനുള്ളിൽ. അങ്ങനെ എനിക്കെന്റെ മേക്കപ്പ് ക്വാളിറ്റി അപ്ഗ്രേഡ് ചെയ്യാൻ കഴിഞ്ഞു.
ഒരു സുഹൃത്ത് വഴിയാണോ ഡോറ എന്ന ആശയത്തിലേക്കുള്ള വാതിൽ തുറക്കുന്നത്, അതും ഒരു സലൂൺ ആയോ അക്കാദമി ആയോ ഒന്നും അല്ലായിരുന്നു. ചൈനയിൽ നിന്നും പാർലറുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ സ്റ്റോർ ചെയ്യുക അത് കേരളത്തിലുള്ള പാർലറുകൾക്ക് വിതരണം ചെയ്യുക. ഇതായിരുന്നു ഡോറയുടെ യഥാർത്ഥ ആശയം. പിന്നീട് എപ്പോഴൊക്കെയോ സംസാരിച്ച് വഴിതിരിഞ്ഞാണ് ഡോറ ഒരു സലൂൺ ആയി ഉത്ഭവിക്കുന്നത്, പിന്നീട് അത് ഡോറ ബ്യൂട്ടി അക്കാദമി ആയും മാറി. നിലവിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഡോറ പ്രവർത്തിച്ച് വരുന്നു.
7- ഡോറയിൽ നൽകുന്ന സർവീസുകൾ?
എല്ലാ വിധ സെർവിസിക്കളും ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു സലൂൺ തന്നെയാണ് ഇന്ന് ഡോറ ബ്യൂട്ടി വേൾഡ്. ഡോറ ബ്യൂട്ടി അക്കാഡമിയിൽ അഡ്വാൻസ്ഡ് ബ്യൂട്ടീഷ്യൻ കോഴ്സ് കൂടാതെ കോസ്മറ്റോളജി കോഴ്സ്, സ്കിൻ അനാടോമി, മൈക്രോ ബ്ലേഡിങ്, പെർമനെന്റ് ഐ ലാഷ് ഫിറ്റിങ്ങ് അങ്ങനെ ഓരോ സെഷൻ ബേസ് ആയിട്ടുള്ള കോഴ്സുകളും നൽകുന്നുണ്ട്.
8- ഡോറയുടെയും മാഡത്തിന്റെയും ഭാവി പദ്ധതികളെ കുറിച്ച്.
എന്റെ നിലവിലെ ആഗ്രഹം ദുബൈയിൽ സ്ഥിര താമസം ആക്കുക എന്നുള്ളതാണ്. ദുബൈയിയിൽ ഡോറയുടെ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്, ഒരു ബ്രാഞ്ച് കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിൽ ഓര്ഡ് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് വഴി തെളിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. ഇനിയുള്ള കാലം സ്വയം നോക്കണം സ്വന്തം കരിയർ നോക്കണം അതിനൊരു സ്വസ്ഥമായ ഇടം ദുബായ് ആണ്. അക്കാദമി കേരളത്തിലെ തന്നെ ഏറ്റവും മികച്ച ബ്യൂട്ടി അക്കാദമി ആക്കണം. കൂടാതെ ഭാവിയിൽ ഒരു കോസ്മറ്റോളജി കോളേജ് തുടങ്ങണം എന്നുണ്ട് ദൈവം അനുഗ്രഹിച്ചാൽ ഉടൻ തന്നെ അതുണ്ടാകും.
9- ഇന്നത്തെ സമൂഹത്തിനോടും ചമയ മേഖലയിലേക്ക് കടന്നു വരുന്നവരോട് പറയാനുള്ളത്…
സ്വന്തം മേഖല എപ്പോഴും തുടച്ച് മിനുക്കി മാണിക്യം പോലെ കാത്തു സൂക്ഷിക്കുക. പുതിയ ഉൽപ്പന്നങ്ങളെ കുറിച്ച് പഠിക്കുക എപ്പോഴും അപ്ഗ്രേഡ് ആവാൻ ശ്രദ്ധിക്കുക. അറിവ് വർധിപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളിൽ ഏർപ്പെടുക. ആത്മാർത്ഥത പുലർത്തുക. കോമൺ സെൻസ് വളരെ അത്യാവശ്യമാണ് ഈ ഒരു മേഖലയിൽ, കൂടാതെ സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ഇവയെല്ലാം കൃത്യമായി പാലിക്കുക.